Image

അതിസമര്‍ഥമായി അഴിച്ചുവിട്ട ഒരുതരം വൈറസാണ് ലൌ ജിഹാദ്

Published on 24 July, 2012
അതിസമര്‍ഥമായി അഴിച്ചുവിട്ട ഒരുതരം വൈറസാണ് ലൌ ജിഹാദ്
കൊടപ്പനയ്ക്കല്‍ തറവാട്ടിലെ വീട്ടുമുറ്റത്തെ പുല്ലുകണ്ടാണ് ഉമ്മന്‍ചാണ്ടിയുടെയും മന്ത്രി ആര്യാടന്റെയും ആലയിലെ പശുക്കളെ പോറ്റുന്നത് എന്ന വല്ലവിചാരവും വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ കോണ്‍ഗ്രസ്സിലെ 'കാക്കാത്തി'കള്‍ക്കുണ്േടാ ആവോ?

വിദ്യാഭ്യാസവകുപ്പിനെ മറയാക്കി ഭരണത്തിലെ മുഖ്യഘടകകക്ഷിയായ മുസ്ലിം ലീഗിനെതിരേ ആര്‍.എസ്.എസിന്റെ നാഗ്പൂര്‍ സൈറ്റില്‍നിന്ന് ഡൌണ്‍ലോഡ് ചെയ്തെടുത്തത് എന്നു പ്രത്യക്ഷത്തില്‍ തന്നെ തോന്നാവുന്ന കാളകൂടവിഷത്തിന്റെ കാര്‍ബണുകള്‍ പ്രമേയരൂപത്തിലവതരിപ്പിച്ച കോണ്‍ഗ്രസ്സിലെ പെണ്േടാട്ടികളുടെ അധികപ്രസംഗം കാണുമ്പോള്‍ ആര്‍ക്കും ചോദിക്കാന്‍ തോന്നുന്ന ഒരു ചോദ്യമുണ്ട്; വല്ലാതെ ഇടങ്ങേറാക്കിയാല്‍ അന്ന് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ മുഹമ്മദ് കോയയോട് പറഞ്ഞപോലെ ഭരണത്തിന്റെ തൊപ്പി തോട്ടിലെറിഞ്ഞ് ഇറങ്ങിപ്പോരാന്‍ കുഞ്ഞാലിക്കുട്ടിയോടു മുസ്ലിം ലീഗ് നേതൃത്വം പറഞ്ഞാല്‍ സെക്രട്ടേറിയറ്റിനു മുമ്പിലെ സ്റോപ്പില്‍ ഇറങ്ങിനിന്നു പുതുപ്പള്ളി ബസ്സിന് കൈകാട്ടി അതിവേഗം വീടണയുകയല്ലാതെ മറ്റെന്തു പോംവഴിയാണ് ഉമ്മന്‍ചാണ്ടിയുടെ മുമ്പിലവശേഷിക്കുക? ശെല്‍വരാജിനെ അടര്‍ത്തിയെടുത്തപോലെ നാല് എം.എല്‍.എമാരെക്കൂടി എല്‍.ഡി.എഫില്‍നിന്നു പൊക്കുന്നതില്‍ പി സി ജോര്‍ജ് വിജയിച്ചു എന്നുതന്നെ കരുതുക. എന്നാല്‍പോലും 39നോട് നാലു കൂട്ടിയാല്‍ 72 ആവുന്ന വിദ്യ ഏതാണ്?

ഘടകകക്ഷികള്‍ പരസ്പരം പാലിക്കേണ്ട മാന്യതയെയും മുന്നണിമര്യാദയെയും കുറിച്ച് ഉത്തരവാദപ്പെട്ടവരെ ഉണര്‍ത്തേണ്ട ഒരു കാര്യവും പുറമെയുള്ളവര്‍ക്കില്ല. അതൊക്കെ അവരവരുടെ പാര്‍ട്ടിക്കാര്യം. പക്ഷേ, വിമര്‍ശനങ്ങള്‍ പരിധിവിടുകയും അതിന്റെ ദ്രംഷ്ടകള്‍ ബന്ധപ്പെട്ട സമുദായത്തിന്റെ നെഞ്ചില്‍ പോറലേല്‍പ്പിക്കുകയും ചെയ്യുമ്പോ ള്‍ മുസ്ലിം ലീഗുകാരെപ്പോലെ രാഷ്ട്രീയമായ മര്യാദകളും ലാഭനഷ്ടങ്ങളും കണക്കുകൂട്ടി മൌനികളാവാന്‍ എല്ലാവര്‍ക്കും ആയിക്കൊള്ളണമെന്നില്ല.

മുസ്ലിം ലീഗിന്റെ ഭരണപ്രാതിനിധ്യം ആ പാര്‍ട്ടിയുടെ മാത്രം ആഭ്യന്തരകാര്യമെന്ന് അംഗീകരിക്കുന്നു. അതിന്റേതായ ചില നീരൊഴുക്കുകള്‍ ബന്ധപ്പെട്ട സമുദായത്തിനും ലഭ്യമാവുന്നു എന്ന വസ്തുത നിഷേധിക്കുന്നില്ല. എന്നാല്‍, ഭരണപങ്കാളിത്തം വഴി മാത്രമേ സമുദായത്തിനു നിലനില്‍ക്കാനും മുമ്പോട്ടുപോവാനും ആവൂ എന്ന ധാരണ തെറ്റാണ്. മുസ്ലിംസമുദായം നൂറ്റാണ്ടുകളിലൂടെ കടന്നുപോന്ന നാള്‍വഴികള്‍ പരിശോധിച്ചാല്‍ അക്കാര്യം വ്യക്തമാവും. അതെന്തെങ്കിലുമാവട്ടെ. മുസ്ലിം ലീഗിന്റെ മുട്ടുകൈ തലയ്ക്കുവച്ചുറങ്ങുന്നവര്‍ ഉറക്കത്തില്‍ വിളിച്ചുപറയുന്നതത്രയും ബന്ധപ്പെട്ട സമുദായത്തെക്കുറിച്ച പുലഭ്യങ്ങളായിത്തീരുമ്പോള്‍ അക്കാര്യം ലീഗിന്റെയോ മുന്നണിയുടെയോ മാത്രം കാര്യമായി കേട്ടില്ലെന്നു നടിക്കാനാവതല്ല. ആ വിമര്‍ശനങ്ങളില്‍ ചിലതെങ്കിലും സമുദായത്തെ മൊത്തത്തില്‍ ബാധിക്കുന്നതും അതുകൊണ്ടുതന്നെ അത്തരം ഉരുളകള്‍ക്ക് സ്പോട്ടില്‍ വച്ചുതന്നെ ഉപ്പേരി നല്‍കേണ്ടതുമുണ്ട്.

ഉദാഹരണം, മഹിളാ കോണ്‍ഗ്രസ് ഉന്നയിച്ച ലൌ ജിഹാദ് പ്രശ്നം. മുസ്ലിം യുവാക്കള്‍ പ്രണയം നടിച്ചു അമുസ്ലിം പെണ്‍കുട്ടികളെ മതം മാറ്റുന്നു എന്ന ഏതോ കുബുദ്ധിയുടെ തലച്ചോറിന്റെ വെബ്സൈറ്റില്‍നിന്ന് സംഘപരിവാരം ഡൌണ്‍ലോഡ് ചെയ്തെടുത്ത സംഭവവുമായി മുസ്ലിം ലീഗിനെ ബന്ധിപ്പിച്ചുകാണുന്നു. പ്രശ്നം മുസ്ലിം ലീഗുമായി ബന്ധപ്പെട്ടതല്ല; വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബുമായോ ബന്ധപ്പെട്ടതല്ല. മന്ത്രിസഭയ്ക്ക് ആറാംവിരല്‍ മുളയ്ക്കും മുമ്പ് ലൌ ജിഹാദ് പ്രശ്നം അന്തരീക്ഷത്തിലുണ്ട്.

മുസ്ലിം സമുദായത്തെ വിരട്ടുകയും അതുവഴി മുസ്ലിം ചെറുപ്പക്കാരെ കാംപസുകളില്‍ മറ്റുള്ളവരുടെ ദൃഷ്ടിയില്‍ നോട്ടപ്പുള്ളികളാക്കി ഒറ്റപ്പെടുത്തുകയും ചെയ്യുക എന്ന കുടിലലക്ഷ്യത്തോടെ അതിസമര്‍ഥമായി അഴിച്ചുവിട്ട ഒരുതരം വൈറസാണ് ലൌ ജിഹാദ് എന്ന ഉലക്കയും പാന്തവും ചേര്‍ത്തുവച്ചുകൊണ്ടുള്ള പദപ്രയോഗം ലക്ഷ്യമാക്കുന്നത്. ഇക്കാര്യം ഇതിനകം അന്വേഷണോദ്യോഗസ്ഥര്‍ കണ്െടത്തിയതാണ്. കേരളത്തിന്റെ വടക്കന്‍ അതിര്‍ത്തിയോടു ചേര്‍ന്നു നില്‍ക്കുന്ന മംഗലാപുരം നഗരത്തില്‍ വളരെ പച്ചയായി പട്ടാപ്പകല്‍ മുസ്ലിം ചെറുപ്പക്കാരോടു കുശലംപറഞ്ഞ അമുസ്ലിം പെണ്‍കുട്ടികളെ വിരട്ടിയോടിച്ചതും രാത്രി പബ്ബില്‍ കയറി യുവതീയുവാക്കളെ മര്‍ദ്ദിച്ചവശരാക്കിയതുമൊന്നും വിഷയമാക്കാത്തവരാണ് തികച്ചും ചാപിള്ളയാണെന്നു തെളിഞ്ഞിട്ടും ലൌ ജിഹാദിന്റെ ജാതകവുമായി സമുദായത്തെ വേട്ടയാടുന്നത്.

മതേതരത്വം മുറുകെ പിടിക്കാന്‍ ബാധ്യസ്ഥരായ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിന്റെ മഹിളാവിഭാഗം ഇത്തരമൊരു വര്‍ഗീയ പ്ളക്കാര്‍ഡ് ഏറ്റെടുത്തതിലൂടെ പ്രത്യക്ഷത്തില്‍ ഉന്നംവയ്ക്കുന്നത് മുസ്ലിം ലീഗിനെയാണെങ്കിലും ലക്ഷ്യം മുസ്ലിം സമുദായത്തെ അവമതിക്കലാണ്. ലീഗ് മന്ത്രിമാര്‍ അവരവരുടെ വകുപ്പുകളില്‍ കാണിക്കുന്നതായി പറയുന്ന സ്വജനപക്ഷപാതിത്വവും പാര്‍ട്ടിപരമായ സങ്കുചിതത്വവും വിമര്‍ശിക്കുന്നതിനോ അതിനെതിരേ ശക്തമായി പ്രതികരിക്കുന്നതിനോ ആരും എതിരല്ല. അണ്‍എയ്ഡഡ് സ്കൂളുകള്‍ എയ്ഡഡോ എയ്ഡഡ് സര്‍ക്കാരോ ആക്കുകയോ ആക്കാതിരിക്കുകയോ ആവാം. മന്ത്രിമാരുടെ സ്റ്റാഫിനെ ജാതിയും മതവും നോക്കി നിശ്ചയിക്കുന്നതിനെയും വിമര്‍ശിക്കാം. ലീഗുകാര്‍ക്ക് മറ്റുള്ളവരുടെ കാര്യത്തിലും ഇതൊക്കെ ആവാം. സെക്രട്ടേറിയറ്റിലെയും സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ മേഖലകളിലെയും ജനസംഖ്യാനുപാതികമായ എണ്ണക്കുറവും പ്രാതിനിധ്യമില്ലായ്മയുമെല്ലാം എടുത്തു പരസ്പരം പോര്‍വിളി നടത്തുന്നതില്‍ ഒരസാംഗത്യവുമില്ല. എന്നാല്‍, ഒരു സമുദായത്തെ ഒന്നടങ്കം സംശയത്തിന്റെ മുള്‍മുനയില്‍നിര്‍ത്തി, അവരിലെ യുവാക്കളെ ഭയാശങ്കകളോടെ വീക്ഷിക്കുന്ന ഒരവസ്ഥാവിശേഷം സൃഷ്ടിച്ച് അന്തരീക്ഷം സംഘര്‍ഷഭരിതമാക്കുമ്പോള്‍ ലീഗുകാരല്ലാത്തവര്‍ക്കും അക്കാര്യത്തിലിടപെടേണ്ടിവരും. ഇങ്ങനെ പോയാല്‍ മലപ്പുറം അതിവേഗം ഒരു പാകിസ്താനായി മാറുമെന്ന് കോണ്‍ഗ്രസ്സിന്റെ വനിതാ വിഭാഗം ആശങ്കപ്പെടുമ്പോള്‍ അതു ലീഗിനെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. ഇങ്ങനെ പോയാല്‍ മലപ്പുറം മറ്റൊരു മലേസ്യയോ യു.എ.ഇയോ ഖത്തറോ ആയി മാറുമെന്നു പറയാതെ പാകിസ്താനാവും എന്നു പറയുന്നതു ബോധപൂര്‍വമാണ്. ഇന്ത്യക്കാരന്‍ കള്ളവിസ സംഘടിപ്പിച്ചും കള്ളലോഞ്ചില്‍ കയറിയും കടല്‍ നീന്തിയും ചെന്നെത്താന്‍ വെമ്പല്‍കൊള്ളുന്ന മുസ്ലിം നാടുകള്‍ക്കു പകരം പാകിസ്താനെ സവിശേഷമായി പറയുമ്പോള്‍ അതിനു രാജ്യദ്രോഹവുമായി ബന്ധപ്പെട്ട അംശങ്ങള്‍ക്കാണു മുന്‍തൂക്കം. ഒരു പ്രദേശം ഒരു പ്രത്യേക രാഷ്ട്രമായിത്തീരാന്‍ ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ടവര്‍ക്ക് ജനസംഖ്യാപരമായ ഭൂരിപക്ഷം മാത്രം ഉണ്ടായാല്‍ മതി എന്ന വിവരക്കേട് രാഷ്ട്രമീമാംസയുടെ ബാലപാഠംപോലും അറിയാത്തതുകൊണ്േടാ അല്ലെങ്കില്‍ വര്‍ഗീയതയുടെ തിമിരംമൂലമുണ്ടായ ആന്ധ്യംകാരണമോ?

ഒരു ചടങ്ങില്‍ പങ്കെടുക്കേണ്ടുന്ന അധ്യാപികമാരോടു പച്ച ബ്ളൌസ് ധരിക്കാന്‍ ബന്ധപ്പെട്ട ഒരുദ്യോഗസ്ഥന്‍ നിര്‍ദേശിച്ചത് മഹിളാ അസോസിയേഷനെ അരിശംകൊള്ളിക്കുന്നു. എന്തിനാണ് ഉദ്യോഗസ്ഥന്‍ അങ്ങനെ നിര്‍ദേശിച്ചത് എന്നറിഞ്ഞുകൂടാ. ഇസ്ലാമിനോ ബന്ധപ്പെട്ട സമുദായത്തിനോ പച്ചവര്‍ണത്തോടു സവിശേഷമായ ഒരാഭിമുഖ്യവുമില്ല. പച്ച ഇസ്ലാമിന്റെയോ മുസ്ലിംകളുടെയോ അടയാളമല്ല. സപ്തവര്‍ണങ്ങളില്‍ ഒരു വര്‍ണം. ഏതെങ്കിലും ഒരു പ്രത്യേക വര്‍ണത്തിന് ഇസ്ലാം ഒരു പണത്തൂക്കം പ്രത്യേകത നല്‍കുന്നുവെങ്കില്‍ അതു ശുഭ്രവര്‍ണത്തിനാണ്. പച്ചയ്ക്കല്ല.

ഔദ്യോഗിക ഫങ്ഷന് പച്ച ധരിക്കാന്‍ നിര്‍ദേശിച്ചത് ജനങ്ങളെ പാക് അതിര്‍ത്തിയില്‍ കൊണ്ടുപോയി തള്ളുന്നതിനു തുല്യം. എങ്കില്‍ ചോദിക്കട്ടെ: രാജ്യത്തെ, സംസ്ഥാനത്തെ എന്തൊക്കെ ഔദ്യോഗിക കാര്യങ്ങളില്‍ ഭൂരിപക്ഷ സമുദായത്തിന്റെ അനുഷ്ഠാനങ്ങളും ആചാരങ്ങളും അനുവര്‍ത്തിക്കപ്പെടുന്നില്ല. അഥവാ ഏതൊരു സര്‍ക്കാര്‍ ചടങ്ങാണു കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഹൈന്ദവാചാരപ്രകാരമല്ലാതെ നിര്‍വഹിക്കപ്പെടുന്നത്.

പ്രധാനമന്ത്രിയടക്കമുള്ളവര്‍ സത്യപ്രതിജ്ഞയ്ക്കു പുറപ്പെടുന്നത് ജ്യോല്‍സ്യന്‍ കവടി നിരത്തി ലക്ഷണം പറഞ്ഞശേഷം, സത്യപ്രതിജ്ഞ ചെയ്യുന്നത് രാഹുവും കേതുവും വഴിമാറിയ ശേഷം. ആയുധപൂജയ്ക്ക് പോലിസ് സ്റ്റേഷനുകളിലെ ചൂലുപോലും പൂജിക്കപ്പെടുന്നു. കപ്പലുകളും ബോട്ടുകളും വെള്ളത്തിലിറക്കുന്നത് തേങ്ങ ഉടച്ചുകൊണ്ട്- എന്തിന് ഏവര്‍ക്കുമറിയാവുന്ന ഇക്കാര്യങ്ങള്‍ പരത്തിപ്പറഞ്ഞ് കടലാസ് തീര്‍ക്കണം. ഇതൊക്കെ നടക്കുമ്പോള്‍ അതിന്റെ പേരില്‍ ഇന്ത്യന്‍ സെക്കുലറിസം ഇടിഞ്ഞുപൊളിഞ്ഞുവീഴുന്നു എന്നാരും മുറവിളികൂട്ടുന്നതായി അറിയില്ല. എങ്കില്‍ പിന്നെ ഒരു ചടങ്ങില്‍ ഏതാനും സമയത്തേക്കു പച്ചനിറമുള്ള ബ്ളൌസ് ധരിക്കാന്‍ നിര്‍ദേശിച്ചതാണോ കൊടിയ പാപം. ഇഷ്ടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം അല്ലേ? ആണ്‍ കോണ്‍ഗ്രസ്സാവട്ടെ പെണ്‍ കോണ്‍ഗ്രസ്സാവട്ടെ മച്ചി കലം ഉടച്ചതുകൊണ്ടു കാര്യമില്ല.

സ്വന്തമായി ഭരിക്കാന്‍പോന്ന ഭൂരിപക്ഷം സത്യസന്ധവും ആത്മാര്‍ഥവുമായ രാഷ്ട്രീയപ്രവര്‍ത്തനത്തിലൂടെ നേടിയെടുക്കാതെ പച്ചയോ കറുത്തതോ ആയ സാമുദായിക പാര്‍ട്ടികളെ കൂട്ടുപിടിച്ച് അധികാരത്തിലേറി അവരെ പച്ച മണക്കുന്നു, കറുപ്പ് നാറുന്നു എന്നും മറ്റും ബഹളംവയ്ക്കുന്നതില്‍ ഒരര്‍ഥവുമില്ല. ഒന്നുകില്‍ ആ പച്ചനിറം വാസനിച്ചു മിണ്ടാതെ നിശ്ശബ്ദം സഹിച്ചു കഴിയുക. അല്ലെങ്കില്‍ അധികാരം വിട്ടൊഴിഞ്ഞു നേരെ കടപ്പുറത്തുപോയി മലര്‍ന്നുകിടന്നു നക്ഷത്രമെണ്ണുക. മൂന്നാമതൊരു പോംവഴിയും തല്‍ക്കാലം നിങ്ങളുടെ മുമ്പിലില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക