Image

ഫോമിലായി ഫോമ, കാത്തിരിക്കുന്നത്‌ അതിരുകളില്ലാത്ത ആഘോഷം

ജോര്‍ജ്‌ തുമ്പയില്‍ Published on 26 July, 2012
ഫോമിലായി ഫോമ, കാത്തിരിക്കുന്നത്‌ അതിരുകളില്ലാത്ത ആഘോഷം
യുഎസ്‌ മലയാളികള്‍ക്ക്‌ നൂറു കണക്കിന്‌ കണ്‍വന്‍ഷനുകളുണ്ടെങ്കിലും ഫോമയുടേതു പോലെ മറ്റൊന്നുമാവില്ലെന്നു ഇതേവരെയുള്ള ഒരുക്കവട്ടങ്ങള്‍ കാണുമ്പോള്‍ തോന്നുന്നുണ്ട്‌. ഫോമയുടെ കണ്‍വന്‍ഷന്‍ ഇത്തവണ കരയിലും കടലിലുമാണ്‌. കാര്‍ണിവല്‍ ഗ്ലോറി എന്ന അത്യാഢംബര ക്രൂസ്‌ ഷിപ്പില്‍ അഞ്ച്‌ രാത്രിയും ആറു പകലും നീളുന്ന ആഘോഷമാമാങ്കം. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അപൂര്‍വ്വാനുഭവം. കാഴ്‌ചയുടെ അതിശയിപ്പിക്കുന്ന ദന്തഗോപുരങ്ങളില്‍ നിന്നു അനന്തമായ അലകടലിന്റെ ആഘോഷത്തിരയിലേക്ക്‌. ഫോമയുടെ മൂന്നാമത്‌ അന്തര്‍ദേശീയ കണ്‍വെന്‍ഷനാണിത്‌. കാര്‍ണിവല്‍ ഗ്ലോറിയിലെ ഗോള്‍ഡണ്‍ ഡൈനിംഗ്‌ റൂംലോവര്‍ ലെവലിലാണ്‌ കണ്‍വെന്‍ഷന്‍ നടക്കുക.

മൂവായിരത്തോളം പേര്‍ക്ക്‌ കയാറാവുന്ന കാര്‍ണിവല്‍ ഗ്ലോറി 2012 ഓഗസ്റ്റ്‌ ഒന്നിനാണ്‌ ന്യൂയോര്‍ക്കില്‍ നിന്ന്‌ ഫോമാ അംഗങ്ങളുമായി യാത്രതിരിക്കുന്നത്‌. സെന്റ്‌ ജോണ്‍, ഹാലിഫാക്‌സ്‌ എന്നിവിടങ്ങളില്‍ മാത്രം സ്‌റ്റോപ്പ്‌ ഉണ്ടാകും. യാത്രയും കണ്‍വെന്‍ഷനും താമസവും എല്ലാം ഒന്നിച്ച്‌. വലിപ്പമേറിയ രണ്ട്‌ ആഡംബര പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഒരുമിച്ചു ചേരുന്ന വലിപ്പമാണ്‌ കപ്പലിന്‌. (നീളം 910 അടി. അഥവാ രണ്ടു ഫര്‍ലോംഗോളം, ഉയരം 13 നില). കപ്പലില്‍ 1200 ജോലിക്കാരുണ്ട്‌. അവരില്‍ രണ്ടു ഡസന്‍ മലയാളികള്‍. യുഎസ്‌ മലയാളിയുടെ കുടിയേറ്റകഥയിലെ വലിയൊരു ചരിത്രസംഭവമായി ഫോമ കണ്‍വന്‍ഷന്‍ മാറുമെന്നുറപ്പ്‌.

പത്തു മണിക്ക്‌ കപ്പലില്‍ കയറാം. ഉദ്‌ഘാടനസമ്മേളനം ഉച്ചയോടെ നടക്കും. ഓഗസ്റ്റ്‌ ഒന്ന്‌ വൈകിട്ട്‌ അഞ്ചുമണിക്ക്‌ ന്യൂയോര്‍ക്കില്‍ നിന്നു യാത്ര തിരിക്കുന്ന കപ്പല്‍ കാനഡയിലെത്താന്‍ രണ്ടു ദിവസത്തിലേറെയെടുക്കും. ഈ സമയമത്രയും വിനോദത്തിന്റെ വിവിധ സാധ്യതകളാണ്‌ കപ്പല്‍ കമ്പനി ഒരുക്കിയിരിക്കുന്നത്‌. പുറമേ, ഫോമയുടെ കണ്‍വന്‍ഷനും അതിനോടനുബന്ധിച്ചുള്ള വിനോദങ്ങളും കലാപരിപാടികളും. കാസിനോ, കുട്ടികള്‍ക്കായി കപ്പലില്‍ കളിക്കളങ്ങള്‍, തീയേറ്ററുകള്‍ തുടങ്ങി 1500 പേര്‍ക്കിരിക്കാവുന്ന വമ്പന്‍ ഓഡിറ്റോറിയവും ഭക്ഷണശാലയുമാണ്‌ കാര്‍ണിവല്‍ ഗ്ലോറിയിലുള്ളത്‌. കപ്പലിലെ മുകളിലത്തെ ഡക്കില്‍ തീയേറ്ററുണ്ട്‌. വമ്പന്‍ സ്‌ക്രീന്‍. നക്ഷത്രനിബിഡമായ ആകാശത്തിനു കീഴില്‍ കടല്‍ കണ്ട്‌ ഈ ഓപ്പണ്‍ എയര്‍ തീയേറ്ററില്‍ പരിപാടികള്‍ കാണാം. കണ്‍വന്‍ഷന്‍ അറ്റ്‌ സീ അത്ഭുതങ്ങളുടെ വാതായനമൊരുക്കുന്നതില്‍ ഈ ആഢംബരകപ്പലിന്‌ ഉള്ള പങ്ക്‌ ചെറുതല്ല.

എപ്പോള്‍ വേണമെങ്കിലും ഭക്ഷണം. അതും തികച്ചും സൗജന്യം. റൂമില്‍ വേണമെങ്കില്‍ അങ്ങനെ. ഇന്ത്യന്‍ ഫുഡ്‌ പ്രേമികള്‍ക്കായി നാന്‍, ചോറ്‌, പരിപ്പുകറി എന്നിവയും സുലഭം.

മൂന്നു വ്യത്യസ്‌ത മുറികളാണ്‌ കപ്പലില്‍ യാത്രികര്‍ക്കായി സജ്ജീകരിച്ചിരിക്കുന്നത്‌. നാലുപേര്‍ക്ക്‌ താമസിക്കാവുന്ന ബാല്‍ക്കണിയോടുകൂടിയ സ്‌റ്റേറ്റ്‌ റൂം. ഇവിടെ നിന്ന്‌ കടല്‍യാത്ര ആസ്വദിക്കാം. ഓഷ്യന്‍വ്യൂ റൂമില്‍ ബാല്‍ക്കണി ഇല്ലെങ്കിലും ജനാല തുറന്നാല്‍ കടല്‍ കാണാം. കടല്‍ക്കാറ്റേറ്റ്‌ സുന്ദരമായി പ്രകൃതിയുടെ മറ്റൊരു അനുഭവം നുകരാം. ഇനിയുള്ളത്‌ ഇന്‍ സൈഡ്‌ റൂം. നാലുപേര്‍ക്ക്‌ താമസിക്കാം. ജനാലയില്ലാത്തതിനാല്‍ പുറംലോകം കാണാനാവില്ലെന്ന പ്രശ്‌നമുണ്ട്‌. എന്നാല്‍, എപ്പോഴും മുറിയിലിരിക്കുന്നില്ലല്ലോ. ഇതു ധാരാളം !

കേന്ദ്ര പ്രവാസി കാര്യ വകുപ്പ്‌ മന്ത്രി വയലാര്‍ രവി, അംബാസിഡര്‍ നിരുപമ റാവു, യു.എസ്‌ സ്‌റ്റേറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റിലെ സീനിയര്‍ അഡൈ്വസര്‍ മിഥുല്‍ ദേശായി, ന്യൂജേഴ്‌സി അസംബ്ലിമാന്‍ ഉപേന്ദ്ര ചിവുക്കുള, മുന്‍മന്ത്രി മോന്‍സ്‌ ജോസഫ്‌, കോണ്‍ഗ്രസ്‌ നേതാവ്‌ എം. മുരളി, അംബാസിഡര്‍ ടി.പി. ശ്രീനിവാസന്‍, ഡോ. ഡി. ബാബു പോള്‍ എന്നിവരാണ്‌ ഓഗസ്റ്റ്‌ ഒന്നാം തീയതി നടക്കുന്ന ഉദ്‌ഘാടന സമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രമുഖര്‍. ചിരിയുടെ പൂരമൊരുക്കാന്‍ കല്‍പ്പന, ഇന്ദ്രന്‍സ്‌, കലാഭവന്‍ പ്രജോദ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള സൂപ്പര്‍ കോമഡി താരങ്ങളുമുണ്ടാവും. ഫോമയുടെ 2012-14 ഭരണസമിതിക്കുവേണ്ടിയുള്ള തെരഞ്ഞെടുപ്പ്‌ ഓഗസ്റ്റ്‌ രണ്ടാം തീയതി നടക്കും. രാവിലെ 9 മണിക്ക്‌ നടക്കുന്ന നാഷണല്‍ അഡൈ്വസറി കൗണ്‍സിലിന്റെ മീറ്റിംഗോടെ തെരഞ്ഞെടുപ്പ്‌ പ്രക്രിയകള്‍ ആരംഭിക്കുക. 10 മണിക്ക്‌ ജനറല്‍ബോഡി മീറ്റിംഗും തുടര്‍ന്ന്‌ ഇലക്ഷനും എന്ന രീതിയിലാണ്‌ ക്രമീകരണങ്ങള്‍ നടത്തിയിരിക്കുന്നത്‌.

കാനഡയിലുള്ള സെന്റ്‌ ജോണിലാണ്‌ ആദ്യ സ്‌്‌റ്റോപ്പ്‌. പ്രകൃതിരമണീയമായ ഈ സ്ഥലത്ത്‌ ഒരിക്കലെങ്കിലുമെത്തിയില്ലെങ്കില്‍ നഷ്ടങ്ങള്‍ പലതായേനെ എന്നു ഓരോ യാത്രികനും വിചാരിച്ചു പോകുന്ന അനുഭവക്കാഴ്‌ചകള്‍. രാവിലെ സെന്റ്‌ ജോണിലെത്തുന്ന കപ്പല്‍ വൈകിട്ട്‌ നാലിന്‌ വീണ്ടും പുറപ്പെടും. രാത്രി മുഴുവന്‍ കടല്‍യാത്ര. പിറ്റേന്ന്‌ രാവിലെ 9ന്‌ ഹാലിഫാക്‌സ്‌. ചരിത്രഗന്ധിയുടെ സൗഗന്ധികം പരത്തുന്ന അതിമനോഹരമായ ഹാലിഫാക്‌സ്‌. ഇവിടെയും ഒരു പകല്‍ കറങ്ങാന്‍ സമയമുണ്ട്‌. നാലാംദിനം വീണ്ടും കടലില്‍. അഞ്ചാം പകല്‍ ന്യൂയോര്‍ക്കിലെത്തുന്നതോടെ, കണ്‍വന്‍ഷന്‍ അറ്റ്‌ സീ-യ്‌ക്ക്‌ സമാപനമാകും.
ഫോമിലായി ഫോമ, കാത്തിരിക്കുന്നത്‌ അതിരുകളില്ലാത്ത ആഘോഷംഫോമിലായി ഫോമ, കാത്തിരിക്കുന്നത്‌ അതിരുകളില്ലാത്ത ആഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക