Image

അനഘയും അഭയയും സി.ബി.ഐയുടെ കളികളും

Published on 24 July, 2012
അനഘയും അഭയയും സി.ബി.ഐയുടെ കളികളും
`കൊണ്ടു നടന്നതും നീയേ, കൊല്ലിച്ചതും നീയേ ചാപ്പാ..' എന്നു വടക്കന്‍ പാട്ടില്‍ പറയുന്നതുപോലെയാണ്‌ കാര്യങ്ങള്‍.

അനഘയെ പിതാവ്‌ പീഡിപ്പിച്ചുവെന്ന്‌ സി.ബി.ഐയുടേതായി ആദ്യം റിപ്പോര്‍ട്ട്‌ വന്നു. ഇപ്പോള്‍ ചില പത്രങ്ങളില്‍ വന്ന വാര്‍ത്ത പ്രകാരം സി.ബി.ഐ അതില്‍ ഉറച്ചുനില്‍ക്കുന്നു. മറ്റു ചിലതു പ്രകാരം തങ്ങള്‍ അങ്ങനെ പറഞ്ഞിട്ടേയില്ലെന്ന്‌ സി.ബി.ഐ. പകരം നന്ദകുമാര്‍ എന്ന ക്രൈം പത്രാധിപര്‍ കേസ്‌ വഴിതെറ്റിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണവും. സി.പി.എം നേതാക്കളുടേയോ മക്കളുടേയോ പേര്‌ അനഘയുടെ പേരുമായി ബന്ധപ്പെടുത്താന്‍ കേസിലെ പ്രതി ലതാ നായര്‍ക്ക്‌ അങ്ങേര്‍ ഒരുകോടി രൂപ വാഗ്‌ദാനം ചെയ്‌തുവത്രേ!

അങ്ങനെ ചെയ്‌തതിന്‌ തെളിവുണ്ടെങ്കില്‍ സി.ബി.ഐയ്‌ക്ക്‌ തന്നെ അയാളെ അറസ്റ്റ്‌ ചെയ്യാന്‍ പാടില്ലേ? ഒരാള്‍ കേസില്‍ സ്വാധീനിക്കാന്‍ ശ്രമിക്കുന്നത്‌ കുറ്റമല്ലേ? അക്കാര്യം കോടതിയില്‍ പറഞ്ഞ്‌ കോടതിയോട്‌ ദീര്‍ഘകാലം കഴിഞ്ഞ്‌ നടപടിയെടുക്കാന്‍ ആവശ്യപ്പെടുന്നതിലെ കേസന്വേഷണ വൈദഗ്‌ധ്യം എവിടെ നിന്നു പഠിച്ചു?

ഇനി നന്ദകുമാര്‍ എന്ന വിദ്വാന്‌ ഈ ഒരു കോടി രൂപ എവിടെ നിന്നു കിട്ടും? കൊടുക്കാന്‍ ആരെങ്കിലും ഉണ്ടാവുമല്ലോ? അവര്‍ ആര്‌? അതു കണ്ടുപിടിക്കാന്‍ സി.ബി.ഐ വല്ലതും ചെയ്‌തോ?

ഇതൊന്നും ചെയ്യാതെ ഉണ്ടയില്ലാത്ത വെടി വെടിവെയ്‌ക്കുന്നതാണോ ഇന്ത്യയിലെ ഏറ്റവും വലിയ കുറ്റാന്വേഷണ ഏജന്‍സി നടത്തേണ്ടത്‌? അനഘയെ അച്ഛന്‍ പീഡിപ്പിച്ചെന്ന കള്ളക്കഥ തകര്‍ന്നതിലുള്ള ദേഷ്യം തന്നോട്‌ തീര്‍ക്കുന്നതാണെന്ന്‌ നന്ദകുമാര്‍ പത്ര സമ്മേളനം നടത്തി പറയുന്നു. താന്‍ തുകയൊന്നും ലതാ നായര്‍ എന്ന പ്രതിക്ക്‌ വാഗ്‌ദാനം ചെയ്‌തിട്ടില്ലെന്നും.

ദാരുണമായി സകുടുംബം മരണം ഏറ്റുവാങ്ങിയ ഒരു പാവം നമ്പൂതിരിയെപ്പറ്റി അപവാദം പരത്തുന്നതിനു മുമ്പ്‌ അത്‌ സത്യമാണോ എന്ന്‌ സി.ബി.ഐ ഉറപ്പുവരുത്തിയോ? ഇല്ല. ഒരു ഊഹം പറഞ്ഞുവെന്നുമാത്രം. മൂന്നു ദിവസമായി അനഘ വീടിനു പുറത്തു പോയിട്ടില്ല, വീട്ടില്‍ ആരും വന്നിട്ടുമില്ല. അതുകൊണ്ട്‌ ഇത്തരം ഒരു കാര്യം നടന്നുവെന്ന്‌ ഉറപ്പിക്കാമോ? അത്തരം ഒരു കാര്യം ചെയ്യാന്‍ അറപ്പില്ലാത്ത ആള്‍ ലതാ നായരെ വീട്ടില്‍ ഒളിപ്പിച്ചത്‌ ജനം അറിഞ്ഞാലോ എന്ന കാരണത്താല്‍ കൂട്ട ആത്മഹത്യയ്‌ക്ക്‌ മുതിരുമോ?

സിബി.ഐ ഇങ്ങനെയൊന്നും ചെയ്യരുത്‌. ഇത്തരം നിന്ദ്യമായ കേട്ടുകേള്‍വി പോലുമില്ലാത്ത ഹീനകാര്യങ്ങള്‍ മരിച്ചുപോയ ഒരാളുടെ പേരില്‍ ആരോപിക്കുമ്പോള്‍ വീണ്ടും കൊല്ലുന്നതിനേക്കാള്‍ കഷ്‌ടമാകുന്നു.

കേസും കോടതിയുമായി ബന്ധപ്പെട്ട കാര്യമാണ്‌ ഇതൊക്കെ. വിചാരണയ്‌ക്ക്‌ മുമ്പ്‌ അത്‌ എങ്ങനെ മാധ്യമങ്ങള്‍ക്ക്‌ ചോര്‍ന്നുകിട്ടുന്നു? കേരളത്തിലെ മദമിളകിയ മാധ്യമങ്ങളാകട്ടെ കിട്ടിയതെന്തും ഉളുപ്പില്ലാതെ ഏറ്റുപാടുന്നു.

സിബിഐയുടെ അടുത്ത കളിയാണ്‌ അഭയ കേസില്‍. ഇപ്പോഴിതാ ബിഷപ്പിനെതിരേ ആരോപണം ഉന്നയിച്ചിരിക്കുന്നു. അത്‌ മാധ്യമങ്ങളിലാണ്‌ ആദ്യം വന്നത്‌. എന്നാല്‍ പിന്നെ കോടതിയും വിചാരണയും ഒന്നും വേണ്ടല്ലോ.

ബിസിഎം കോളജിലെ പ്രൊഫസര്‍ ത്രേസ്യാമ്മ എന്ന പുതിയ കഥാപാത്രത്തിന്റെ വെളിപ്പെടുത്തലിലാണ്‌ `അടുത്ത ബന്ധ'ത്തിന്റെ കഥകള്‍ പുറത്തുവന്നത്‌. സാക്ഷി വെളിപ്പെടുത്തുന്നത്‌ മാധ്യമങ്ങള്‍ എങ്ങനെ അറിഞ്ഞു എന്നതു മറ്റൊരു കാര്യം.

അടുത്ത ബന്ധം എന്നാല്‍ അവിഹിത ബന്ധം ആകണോ? എന്താണ്‌ അടുത്ത ബന്ധം? ഒരു മുറിയില്‍ ഇരുന്ന്‌ സംസാരിച്ചതോ, ഇടയ്‌ക്കിടയ്‌ക്ക്‌ കണ്ടുവെന്നതോ? ഇത്തരമൊരു ആരോപണം ഉന്നയിച്ച വ്യക്തിക്ക്‌ എന്തെങ്കിലും നിക്ഷിപ്‌ത താത്‌പര്യമുണ്ടോ?

ബിഷപ്പുമാരും വൈദീകരുമൊക്കെ പുണ്യവാളന്മാരാണെന്നോ തെറ്റ്‌ ചെയ്യാത്തവരാണെന്നോ ഒന്നും ഇവിടെ അവകാശപ്പെടുന്നില്ല. പക്ഷെ ഒരാള്‍ പറഞ്ഞു എന്ന പേരില്‍ മറ്റൊരാളെ തേജോവധം ചെയ്യാമോ? അതിനു സിബിഐ കൂട്ടുനില്‍ക്കാമോ? പ്രൊഫ. ത്രേസ്യാമ്മ പറഞ്ഞതു ശരിയെങ്കില്‍ അതിനു തെളിവു കാണിക്കട്ടെ. അല്ലെങ്കില്‍ വിചാരണയില്‍ തെളിയിക്കട്ടെ. അല്ലാതെ മാധ്യമങ്ങള്‍ക്ക്‌ ചോര്‍ത്തി നല്‍കി ഒരുകൂട്ടം ദുഷിച്ച മാധ്യമങ്ങളില്‍ക്കൂടി വിഷം ചീറ്റാന്‍ ഇടനല്‍കുന്നതാണോ കുറ്റാന്വേഷണം?

`അടുത്ത ബന്ധം' ഉണ്ടെന്നു പറഞ്ഞ കന്യാസ്‌ത്രീ എന്നൊരു കഥാപാത്രം ഇല്ലായിരുന്നുവെന്ന്‌ രൂപതാ അധികൃതര്‍ പറയുന്നു. അപ്പോള്‍ പിന്നെ അടിസ്ഥാനപരമായ `ഫാക്‌ട്‌ ചെക്കിംഗ്‌' പോലും സിബിഐയ്‌ക്കില്ലേ?

അഭയ കേസില്‍ വൈദീകനെ അറസ്റ്റ്‌ ചെയ്‌ത്‌ നാട്ടിലൂടെ പരേഡ്‌ നടത്തിയപ്പോള്‍ സിബിഐ ഓരോ മിനിറ്റിലും ഏതാനും മാധ്യമങ്ങള്‍ക്ക്‌ വിവരം കൊടുത്തുകൊണ്ടിരുന്നതും, നിന്ദ്യമായ മുഖപ്രസംഗങ്ങളും, റിപ്പോര്‍ട്ടുകളും വന്നതും മറക്കാന്‍ സമയമായിട്ടില്ല.

അടുത്ത ബന്ധമോ അവിഹിതബന്ധമോ കുറ്റമൊന്നും അല്ലെന്ന്‌ സിബിഐ മറക്കുന്നു. പ്രായപൂര്‍ത്തിയായ സ്‌ത്രീയും പുരുഷനും തമ്മിലുള്ള ബന്ധത്തില്‍ ഒളിഞ്ഞു നോക്കേണ്ട കാര്യം ആര്‍ക്കുമില്ല. അതില്‍ ഒരാള്‍ ആദരണീയനായ വ്യക്തിയാണെങ്കില്‍ അവരുടെ നടപടി ചോദ്യംചെയ്യാന്‍ വിശ്വാസികളും സഭാ ചട്ടങ്ങളുമുണ്ട്‌.

വൈദികരോ ബിഷപ്പുമാരോ കുറ്റം ചെയ്‌തിട്ടുണ്ടെങ്കില്‍ കോടതിയില്‍ കേസ്‌ കൊടുക്കുക. വിചാരണ നടത്തുക. കുറ്റക്കാരെ ശിക്ഷിക്കുക. അതിനു പകരം ഒരു സ്‌ത്രീയുടെ കന്യകാത്വ പരിശോധന നടത്തുകയും അത്‌ മാധ്യമങ്ങളില്‍ കൊട്ടിഘോഷിക്കുകയും ചെയ്യുന്നത്‌ എത്ര കിരാതമായ നടപടിയാണ്‌? സംസ്‌കാരമുള്ള ഏതെങ്കിലും വ്യക്തികള്‍ കന്യകാത്വ പരിശോധനയ്‌ക്ക്‌ ഉത്തരവിടുമോ? സിബിഐയിലും കാണും ഞരമ്പുരോഗികള്‍ എന്ന്‌ അതില്‍ നിന്ന്‌ ഊഹിക്കാം.

കൊട്ടിഘോഷിച്ച്‌ നാര്‍ക്കോ അനാലിസിസ്‌ പരിശോധന നടത്തി. എന്നിട്ടെന്തുകിട്ടി? അത്‌ ഉളുപ്പില്ലാതെ മാധ്യമങ്ങള്‍ക്കെല്ലാം ചോര്‍ത്തിക്കൊടുത്തു.

എന്തായാലും ഇതൊന്നും സിബിഐയ്‌ക്ക്‌ ഭുഷണമല്ല. കേരള പോലീസ്‌ പോലും ഇത്ര തരംതാഴില്ല. സിബിഐ അവരുടെ ജോലി പ്രൊഫഷണലായി ചെയ്യണം. ആരേയും പേടിക്കാതെ, ആര്‍ക്കും പ്രത്യേക ആനുകൂല്യം നല്‍കാതെ, ആരേയും പ്രത്യേകിച്ച്‌ ദ്രോഹിക്കണമെന്ന താല്‍പര്യമില്ലാതെ.

അതിനുപകരം ഊഹിക്കാനും അപവാദ പ്രചാരണം മാധ്യമങ്ങളിലൂടെ നടത്താനും തുനിഞ്ഞാല്‍ ആ സ്ഥാപനത്തിന്റെ വിശ്വാസ്യത തകരും.

നിരീക്ഷകന്‍

മാര്‍ക്കറ്റില്‍ പറഞ്ഞുകേള്‍ക്കുന്നത് അന്വേഷണറിപ്പോര്‍ട്ടാക്കാന്‍ സിബിഐ വേണോ?

രാജ്യത്തെ പരമോന്നത അന്വേഷണ ഏജന്‍സികളില്‍ ഒന്നായ സിബിഐ പൗരന്മാരുടെ അവസാനത്തെ ആശ്രയങ്ങളില്‍ ഒന്നായാണ് വിലയിരുത്തപെടുന്നത്. പോലീസ് മുതല്‍ ഏത് അന്വേഷണ ഏജന്‍സികളും തള്ളികളഞ്ഞ കേസ്സുകളും സിബിഐ അന്വേഷിച്ചാല്‍ തെളിയും എന്നുള്ളത് ജനങ്ങളുടെ ഒരു വിശ്വാസം കൂടിയാണ് .

സിബിഐയിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഗല്‍ഭ്യം മാത്രമല്ല അതിന് കാരണം .കേന്ദ്രസര്‍ക്കാരിന്‍റെ നിയന്ത്രണം ഉണ്ടെങ്കില്‍ പോലും അതൊരു സ്വതന്ത്ര അന്വേഷണ ഏജന്‍സിയാണ് എന്നുള്ളത് തന്നെയാണ് അതിന്‍റെ മെരിറ്റ്.

സാധാരണഗതിയില്‍ കേന്ദ്രസര്‍ക്കാരുകള്‍ സിബിഐയെ നിയന്ത്രിക്കാന്‍ ശ്രമിക്കാറില്ല. ഭൂരിപക്ഷം സന്ദര്‍ഭങ്ങളിലും സിബിഐ അതിന്‍റെ വിശ്വാസ്യത കാത്തു സൂക്ഷിച്ചിട്ടുമുണ്ട്.


എന്നാല്‍ കഴിഞ്ഞ രണ്ടു ദിവസമായി കേരളത്തില്‍ സംഭവിച്ച രണ്ടു കേസ്സുകളുടെ അന്വേഷണവുമായി ബന്ധപെട്ട് ആശാസ്യകരമല്ലാത്ത ചില കാര്യങ്ങള്‍ ഇവരുടെ പക്കല്‍നിന്നും സംഭവിച്ചു. രണ്ടും കേരളം ഇളക്കി മറിച്ച സംഭവങ്ങളാണ്. അഭയാകേസും അനഘാകേസും.

കവിയൂര്‍ പീഡനകേസ്സില്‍ ഒരു ക്ഷേത്രത്തിലെ പൂജാരിയായിരുന്ന നാരായണന്‍ നമ്പൂതിരി സ്വന്തം മകളെ പീഡിപ്പിച്ചിട്ടില്ലെന്നാണ് ഇന്നലെ സിബിഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത് .

എന്നാല്‍ നേരെത്തെ നല്‍കിയ മറ്റൊരു റിപ്പോര്‍ട്ടില്‍ പിതാവ്‌ മകളെ പീഡിപ്പിച്ചതായി സിബിഐ പറഞ്ഞിരുന്നു. എന്നാല്‍ അത് ലതാ നായരുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നെന്നാണ് സിബിഐ ഇന്നലെ കോടതിയില്‍ പറഞ്ഞത്. അതായത് ആദ്യം കോടതിയില്‍ പറഞ്ഞ കാര്യം സിബിഐക്ക് തിരുത്തേണ്ടി വന്നു.

ഇതേ സംഭവം തന്നെയാണ് അഭയാകേസ്സിലും സംഭവിച്ചിരിക്കുന്നത്. ഈ കേസ്സില്‍, പ്രതികളായ വൈദികര്‍ ശുശ്രൂഷ ചെയ്തിരുന്ന സഭയിലെ ബിഷപ്പ് കോട്ടയത്തെ ഒരു കോളേജിലെ അധ്യാപികയായ കന്യാസ്ത്രീയുമായി അവിഹിതബന്ധം പുലര്‍ത്തിയിരുന്നെന്നാണ് സിബിഐ കഴിഞ്ഞ ദിവസം നല്‍കിയ റിപ്പോര്‍ട്ടിലുള്ളത് .

അതും മറ്റൊരു മൊഴിയാണ്. കവിയൂര്‍ കേസ്സില്‍ പിതാവിന്‍റെ പീഡനത്തെക്കുറിച്ച്‌ മൊഴി നല്‍കിയത് ഒന്നാം പ്രതിയായ ലതാ നായര്‍ ആണെങ്കില്‍ അഭയാകേസ്സില്‍ സിബിഐ നല്‍കിയ റിപ്പോട്ടിലെ മൊഴി അന്വേഷണ ഉദ്യോഗസ്ഥരുടെ അടുത്തേയ്ക്ക് ക്ഷണിക്കാതെ കയറി വന്ന് ചില ആരോപണങ്ങള്‍ ഉന്നയിച്ചു പോയ ഫെമിനിസ്റ്റ്‌ സ്വഭാവരീതികളുള്ള അവിവാഹിതയായ ഒരു മുന്‍ പ്രൊഫസ്സറുടെ മൊഴിയാണ്.

അവര്‍ ഈ കേസ്സില്‍ ഏതെങ്കിലും വിധത്തിലുള്ള ഒരു സാക്ഷിയല്ല. സംഭവത്തെ കുറിച്ച് കണ്ടോ പറഞ്ഞുകേട്ടോ അവര്‍ക്കറിവില്ല .അവര്‍ പറഞ്ഞത് ആ സഭയിലെ ഒരു ബിഷപ്പിനെതിരായ ആരോപണം മാത്രമാണ്

കേസുമായി അവര്‍ പറഞ്ഞ കാര്യങ്ങള്‍ക്കുള്ള ആകെയുള്ള ബന്ധം കേസ് ഒതുക്കിത്തീര്‍ക്കാന്‍ ബിഷപ്പ് ഒരുന്നത നേതാവിന്‍റെ സഹായം തേടി എന്നത് മാത്രമാണ് .മൊഴിയില്‍ പറഞ്ഞ കാര്യങ്ങളുടെ വസ്തുത അന്വേഷിച്ചതായി പറയുന്നുമില്ല .ഇങ്ങനെ ആരെങ്കിലും ഒരാരോപണം ഉന്നയിച്ചാല്‍ അതെഴുതി കോടതിയില്‍ കൊടുത്ത് വാര്‍ത്ത സൃഷ്ടിക്കലാണോ സിബിഐയുടെ ജോലി.

വഴിയോരത്ത് പറഞ്ഞ കാര്യങ്ങള്‍ എഴുതി കോടതിയില്‍ കൊടുക്കാനാണെങ്കില്‍ അതിന് സിബിഐ വേണോ? അതിന്‍റെ നിജസ്ഥിതി അന്വേഷിക്കാതെ അത് പരസ്യപെടുത്തിയിട്ട് പിന്നീട് അത് പിന്‍വലിച്ചതുകൊണ്ട് അത് കേള്‍ക്കേണ്ടിവന്നവരുടെ മാനഹാനി മാറുമോ?

അഭയ കേസ്സില്‍ അഭയുടെ കൊലപാതകം അന്വേഷിക്കലാണ് സിബിഐയുടെ ദൗത്യം. അല്ലാതെ കോട്ടയം കത്തോലിക്കരില്‍ ആരൊക്കെ എവിടെയൊക്കെ വ്യഭിചരിച്ചിട്ടുണ്ടെന്നും മറ പൊളിച്ചിട്ടുണ്ടെന്നും അന്വേഷിക്കലല്ല. കോട്ടയം മാര്‍ക്കറ്റിലെ ചുമട്ടുകാരോട് ചോദിച്ചാല്‍ പറയുന്ന കാര്യങ്ങള്‍ എഴുതിക്കൊടുക്കാന്‍ സിബിഐയുടെ ആവശ്യമില്ല.

എന്നുമാത്രമല്ല കോട്ടയം രൂപത ഇന്ന് ആരോപിച്ചിട്ടുള്ളതുപോലെ അഭയ കേസുമായി ബന്ധപെട്ട് ഇങ്ങനൊരു മൊഴി ഏച്ചുകെട്ടി കൊണ്ടുവന്നത് ആരാധ്യനായ ഒരു സഭാധ്യക്ഷനെ മനപൂര്‍വ്വം അവഹേളിക്കാന്‍ വേണ്ടിയായിരുന്നോ എന്ന് സംശയിച്ചാല്‍ എങ്ങനെ കുറ്റം പറയും. നേരെത്തെ രണ്ടു വൈദികരെയും ഒരു സിസ്റ്ററെയും സംബന്ധിച്ച് ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ ജനം അത് വിശ്വസ്സിചിരിക്കുന്നത് അവര്‍ക്ക് ആ കേസുമായി ബന്ധമുള്ള കാര്യം സംശയിക്കുന്നതിനാലാണ്.

എന്നാല്‍ ബിഷപ്പിന്‍റെ കാര്യത്തില്‍ അങ്ങനൊരു ബന്ധത്തെപറ്റി സിബിഐ പറയുന്നില്ല .പിന്നെന്തിന് ഈ കേസ്സിലെയ്ക്ക് ഇങ്ങനെയുള്ള ആരോപണം കൊണ്ടുവന്നു എന്ന കാര്യം അന്വേഷിക്കണം.

അതില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ താല്‍പ്പര്യം എന്തായിരുന്നു എന്നറിയാന്‍ ജനങ്ങള്‍ക്ക്‌ താല്‍പ്പര്യം ഉണ്ട്. ആരോപണങ്ങളെല്ലാം സത്യങ്ങളാകണം എന്നില്ലല്ലോ. തെളിയിക്കപ്പെടുംവരെ അവ ആരോപണങ്ങള്‍ മാത്രമാണ്.

തെളിയിക്കപെടാതെ വന്നാല്‍ അവ സിബിയ്ക്ക് തിരുത്താം. പക്ഷെ അതിന്‍റെ പേരില്‍ മാനം നഷ്ടപെട്ടവന്റെ അവസ്ഥ എന്തായിരിക്കും? ഒരു ബിഷപ്പ് എന്നാല്‍ അദ്ദേഹം ഒരു വ്യക്തിയല്ല, ഒരു സമൂഹത്തിന്‍റെ ആകെ പ്രതിനിധിയാണ്. അതിനാല്‍ ബിഷപ്പിനെതിരെയുള്ള ആരോപണം ആ സമൂഹത്തെ കൂടി അവഹേളിക്കുന്നതിന് തുല്യമാണ് .

അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതുപോലെ ആരോപണങ്ങള്‍ക്ക് പിന്നാലെ പോയാല്‍ രാജ്യത്തിന്‍റെ അവസ്ഥ എന്തായിരിക്കും? പൌരസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണിത്. ഇത്തരം രീതികള്‍ സിബിഐയുടെ വിശ്വാസ്യത കളഞ്ഞുകുളിക്കും. അതാവര്‍ത്തിക്കാന്‍ അനുവദിക്കരുത്.

മതമേലധ്യക്ഷനെ തേജോവധം ചെയ്യാന്‍ ശ്രമം നടന്നതായി ആരോപണം

Posted: 27 Jul 2012 04:37 AM PDT

അഭയ കേസ്സ് അന്വേഷണത്തിന്‍റെ മറവില്‍ കോട്ടയം രൂപത മുന്‍ ബിഷപ്പിനെ വ്യക്തിപരമായി തേജോവധം ചെയ്യാന്‍ ശ്രമം നടന്നതായി ആരോപണം .

സി ബി ഐ ക്ക് മാസങ്ങള്‍ മുന്‍പ് ഒരു മുന്‍ പ്രൊഫസ്സര്‍ നല്‍കിയ മൊഴി അന്വേഷണ റിപ്പോര്‍ട്ട്‌ എന്ന പേരില്‍ പുറത്ത്‌ വിട്ടാണ് ബിഷപ്പിനെ വ്യക്തിഹത്യ ചെയ്യാന്‍ ശ്രമം നടന്നിരിക്കുന്നത്. കേസ് അന്വേഷിക്കുന്ന സി ബി ഐ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഇക്കാര്യത്തില്‍ വന് വീഴ്ചയുണ്ടായതായി ആരോപണം ഉയര്‍ന്നു കഴിഞ്ഞു .

കേസ്സില്‍ തങ്ങളെ കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപെട്ട് കേസിലെ പ്രതികളായ ഫാ: തോമസ്‌ കോട്ടൂരും ഫാ: ജോസ്‌ പിത്രുക്കയിലും സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിക്കെതിരെ സി ബി ഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കേസുമായി നേരിട്ട് ബന്ധമില്ലാത്ത ഒരു മൊഴി പുറത്ത് വിടുകയും ഇതിന് ചില ഒറ്റപെട്ട ചാനലുകള്‍ വന്‍ പ്രചരണം നല്‍കുകയും ചെയ്തത്.


കോട്ടയം ബി സി എം കോളെജിലെ മുന്‍ പ്രൊഫ: ത്രേസ്സ്യാമ്മയുടെതാണ് മൊഴി. ഇതേ കോളേജിലെ ഒരു മുന്‍ അദ്ധ്യാപികയായിരുന്ന കന്യാസ്ത്രീയുമായി പിതാവിന് വഴിവിട്ട ബന്ധം ഉണ്ടായിരുന്നെന്നാണ് മൊഴി. ബി സി എം കോളെജ് മാനേജ്മെന്റുമായി അകല്‍ച്ചയിലായിരുന്ന അധ്യാപിക ഏതാനും മാസങ്ങള് മുന്‍പ് മാത്രമാണ് സി ബി ഐ ഉദ്യോഗസ്ഥരെ അങ്ങോട്ട്‌ ചെന്ന് ബന്ധപ്പെട്ടു ചില ആരോപണങ്ങള്‍ ഉന്നയിച്ചത്.

അധ്യാപികയുടെ ശത്രുത ബിഷപ്പുമായാണ്. അതിനാലാണ് ബിഷപ്പിനെതിരെ ഇവര്‍ ആരോപണം ഉന്നയിച്ചത്. എന്നാല്‍ ബിഷപ്പിന് കൊലപാതകവുമായി ബന്ധമുണ്ടെന്ന് അഭയ കേസ്സിന്‍റെ ഒരു ഘട്ടത്തിലും ആരോപണം പോലും ഉയര്‍ന്നതല്ല. അദ്ധ്യാപിക നല്‍കിയ മൊഴിയിലും ഇത്തരം ആരോപണം ഇല്ല.

എന്നിട്ടും ബിഷപ്പിനെതിരായ മൊഴി പ്രതികള്‍ക്കെതിരെയുള്ള വാദത്തിനിടയില്‍ കോടതിയില്‍ ഹാജരാക്കിയതില്‍ ദുരൂഹതയുണ്ട്. അധ്യാപികയുടെ മൊഴിയില്‍ കൊലപാതകവുമായി ബിഷപ്പിനുള്ള ബന്ധം പറയുന്നത് കേസ്സ് ഒതുക്കിത്തീര്‍ക്കാന്‍ കേരളാകോണ്‍ഗ്രസ് നേതാവിനെ കൂട്ടുപിടിച്ച് ബിഷപ്‌ ശ്രമം നടത്തി എന്നത് മാത്രമാണ് .

എന്നാല്‍ പുറത്ത്‌ പ്രചാരം നല്‍കിയത് ബിഷപ്പിനെതിരെയുള്ള സദാചാരവിരുദ്ധ ആരോപണത്തിന് മാത്രമാണ്. ഈ ആരോപണവും കൊലപാതകകേസും തമ്മില്‍ ബന്ധമുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നില്ല. എന്നുമാത്രമല്ല അധ്യാപികയുടെ മൊഴി അവര്‍ നേരില്‍കണ്ട കാര്യങ്ങളുടെ സാക്ഷിമൊഴിയല്ല. അത് കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ അവര്‍ ഉന്നയിച്ച ആരോപണങ്ങള്‍ മാത്രമാണ്.

അന്വേഷണം നടക്കുന്ന കൊലക്കേസുമായി ബന്ധമില്ലാത്ത അപ്രസക്തമായ ഇത്തരം ഒരു ആരോപണം പ്രചരിപ്പിച്ചത് എന്തിനെന്ന് വ്യക്തമല്ല. ഇക്കാര്യത്തില്‍ സി ബി ഐ യുടെ താല്‍പ്പര്യം എന്താണെന്നും സംശയിക്കുന്നു.

എന്തായാലും സംഭവത്തില്‍ സി ബി ഐ ക്കെതിരെ മാനനഷ്ട്ടത്തിന് കേസ് ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ് കോട്ടയം അതിരൂപത. സംഭവത്തില്‍ അന്വേഷണം ആവശ്യപെട്ട് സി ബി ഐ മേധാവികള്‍ക്കും പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവര്‍ക്കും പരാതി നല്‍കാനും തീരുമാനമുണ്ട്.

ആരാണ് ക്നാനായക്കാരന്റെ വക്താവ്?

Posted: 26 Jul 2012 05:50 PM PDT

ഏഷ്യാനെറ്റിന്റെയും മറ്റു ചാനലുകളുടെയും സംവാദങ്ങളില്‍ കോട്ടയം അതിരൂപതയുടെ വക്താവായി പലപ്പോഴും പ്രത്യക്ഷപ്പെടുന്നത് അജി കോയിക്കല്‍ എന്ന യുവവക്കീലാണ്.

അദ്ദേഹം വക്താവാണ് എന്ന് സ്വയം അവകാശപ്പെടുന്നതാണോ, അതോ യഥാര്‍ത്ഥത്തില്‍ നമ്മുടെ വക്താവ് തന്നെയാണോ? അദ്ദേഹത്തിന്റെ പ്രകടനം കണ്ട് പലരും മൂക്കത്ത് വിരല്‍ വയ്ക്കുന്നു. അല്പം കൂടി ഭേദപ്പെട്ട ഒരു വക്താവ് നമ്മുടെ സമുദായത്തില്‍ ഇല്ലേ എന്ന് ചോദിക്കുന്നവരെ കുറ്റം പറയാനാവില്ല.

നമ്മുടെ ഭാഗ്യം, നമുക്ക് വേറെയും പല വക്താവുണ്ട്. UCA News എന്ന സൈറ്റില്‍ വന്ന വാര്‍ത്തഅനുസരിച്ച് ഫാ. എബ്രഹാം പറമ്പേട്ട് ആണ് നമ്മുടെ വക്താവ്. പക്ഷെ, അങ്ങനെയങ്ങ് തീര്‍ച്ചപ്പെടുത്താന്‍ വരട്ടെ. Khaleej Times-ല്‍ വന്ന വാര്‍ത്തയാണ് വിശ്വസിക്കേണ്ടതെങ്കില്‍ സാബു കുര്യന്‍ ആണ് നമ്മുടെ വക്താവ്.

ഇതില്‍ ഏതെങ്കിലും ഒരു വക്താവ്, ആരാണ് ഞങ്ങളുടെ ശരിയായ വക്താവ് എന്ന് ഒന്ന് പറഞ്ഞുതരുമോ?

പ്ലീസ്..... 

ബുഷിനെ ഷൂസെറിഞ്ഞപ്പോള്‍!

Posted: 26 Jul 2012 11:30 AM PDT


അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജൂനിയര്‍ ബുഷിനെ പത്രസമ്മളേന വേദിയില്‍വച്ച് ഒരു ജേര്‍ണലിസ്റ്റ് ഷൂസെടുത്തെറിഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. ചില മുസ്ലീം തീവ്രവാദികള്‍ അയാള്‍ക്ക് പാരിതോഷികവും പ്രഖ്യാപിച്ചു. വാര്‍ത്താപ്രാധാന്യം നേടിയ ആസംഭവം ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. കേരളത്തിലെ വാര്‍ത്താചാനലുകള്‍ നന്നായി തന്നെ അത് ആഘോഷിച്ചു ചര്‍ച്ചയില്‍ പങ്കെടുത്ത ഇടതുപക്ഷനേതാക്കള്‍ അതിനെ വാഴ്ത്തിപാടി. മറ്റുള്ളവര്‍ ആ സംഭവത്തെ ഒരു പ്രതിഷേധ പ്രകടനമായി തന്നെ അംഗീകരിച്ചു.

അതവിടംകൊണ്ടവസാനിച്ചില്ല. രാജ്യങ്ങളിലെ പല നേതാക്കളേയും ഷൂസും ചെരിപ്പും കൊണ്ട് പലരും നേരിട്ടു. ഇറാക്കില്‍ ജഡ്ജിക്കുനേരെയും ചെരിപ്പു വന്നുവീണു. ഇന്‍ഡ്യയിലെ ആഭ്യന്തരമന്ത്രിക്കു നേരെയും ശരത് പവാറിനു നേരെയും ചെരിപ്പെറിഞ്ഞു, കേരളത്തില്‍ ഇടതുപക്ഷനേതാവിനു നേരെയും ചെരിപ്പെറിഞ്ഞു. അന്നേരമാണ് ഇവിടെ പലരുടേയും കണ്ണു തുറന്നത്. ആരാന്റെ അമ്മക്കു ഭ്രാന്തുവന്നാല്‍ കണ്ടു നില്ക്കാന്‍ നല്ല രസമാണല്ലോ.

വന്ദ്യവയോധികനായ ആര്‍ച്ചുബിഷപ്പ് മാര്‍ കുര്യാക്കോസ് കുന്നശ്ശേരിക്കുനേരെ മനോനില തെറ്റിയ ഒരു സ്ത്രി നടത്തിയ ജല്പനങ്ങള്‍ ആഘോഷിച്ചവര്‍ പലരാണ്. അവര്‍ സഹപ്രവര്‍ത്തകര്‍ക്കു നേരെയും ഈ വിധം ആരോപണങ്ങള്‍ ഉന്നയിച്ചു കേസും കേസിന്റെമേല്‍ കേസുമായി കഴിഞ്ഞുകൂടുകയായിരുന്നു. അങ്ങനെ ഇരിക്കുബോഴാണ് സി.ബി.ഐയുടെ അന്വേഷിച്ചുവരവ്. ഇടിവെട്ടുപോലെ അവര്‍ മൂന്നുകൊല്ലം മുന്‍പ് പറഞ്ഞത് സി.ബി.ഐയുടെ ശ്രദ്ധയില്‍ പെടാതെ കിടക്കുകയായിരുന്നു. അഭയകേസിലെ കുറ്റാരോപിതരുടെ വിടുതല്‍ ഹര്‍ജിക്ക് എതിരായി തടസ്സഹര്‍ജി കൊടുക്കാത്തതിനെ സി.ബി.ഐയെ കേടതി ശാസിച്ചപ്പോഴാണ് മെത്രാനെതിരെ പറഞ്ഞ പ്രഫ: ത്രേസ്യാമ്മയുടെ വാക്കുകള്‍ ഓര്‍ത്തത് അതുമായി കോടതിയിലേക്കൊരോട്ടം. എല്ലാം വിചാരിച്ചതിലും അധികം കലക്കി.

ഏതു പുരുഷനെതിരെയും ഒരു സ്ത്രീക്ക് ഇത്തരം ആരോപണം നടത്തി തേജോവധം ചെയ്യാമെന്നു വരുന്നത് അപകടമാണ്. കേന്ദ്രസര്‍ക്കാര്‍ അഞ്ചു കൊല്ലം മുന്‍പ് പാസാക്കിയ സ്ത്രിപക്ഷനിയമം വളരെയേറെ ദുരുപയോഗിക്കപ്പെടുന്നുണ്ട്. പലതും പിടിക്കപ്പെടുന്നുണ്ട്. ഒരു മെത്രാനെതിരെ ദുരാരോപണം വന്നപ്പോള്‍ വാര്‍ത്താപ്രാധാന്യം നേടിയെന്നേയുള്ളു.

സൂക്ഷിക്കുക! തേജോവധം ചെയ്യപ്പെടുന്ന വ്യക്തി ആരായാലും ഉടനെ അയാള്‍ക്കെതിരെ ചാടി പുറപ്പടരുത്; ഒരുനിമിഷം ചിന്തിക്കുക! ഞാന്‍ നഗ്നനായിരുന്നു നിങ്ങളെന്നെ ഉടുപ്പിച്ചു എന്നാണല്ലോ കര്‍ത്താവ് പറഞ്ഞത്, ഉടുപ്പിക്കാത്തവനെക്കുറിച്ചും യേശു എടുത്തുപറയുന്നുണ്ട്. മറ്റുള്ളവരാല്‍ നഗ്നനാക്കപ്പെട്ടവന്റെ നാണം മറയ്ക്കാന്‍ സഹായിച്ചില്ലെങ്കിലും ഉള്ളതുകൂടി ഉരിഞ്ഞുമാറ്റാന്‍ ശ്രമിക്കരുത്. നാളെ ആ സ്ഥാനത്ത് ആരാണ് വരുന്നതെന്ന് ആര്‍ക്കറിയാം.

ഡോമിനിക്ക് സാവിയോ വാച്ചാച്ചിറയില്‍

കെ.സി.വൈ.എല്‍. പ്രസ്താവന


സി. അഭയാ കേസിന്റെ നാള്‍വഴി



One India (Malayalam) എന്ന വെബ്‌സൈറ്റില്‍ കഴിഞ്ഞ പന്ത്രണ്ടു വര്‍ഷങ്ങളായി അഭയാ വിഷയത്തില്‍ വന്ന വാര്‍ത്തകള്‍ സമാഹരിച്ചിട്ടുണ്ട്.

മുന്‍വാര്‍ത്തകളുടെ ലിങ്കുകള്‍ കാണാന്‍ ഇവിടെക്ലിക്ക് ചെയ്യുക.
Join WhatsApp News
netrockdeals 2019-05-23 01:29:21
such a wonderful blog
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക