Image

കേരളീയ ചികിത്സകളും പഞ്ചകര്‍മവും

Published on 28 July, 2012
കേരളീയ ചികിത്സകളും പഞ്ചകര്‍മവും
വ്യായാമ ക്ഷുണ്ണവ പുഷാം
പദ്ഭ്യാം സമ്മര്‍ദ്ദിതം തഥാ
വ്യാധയോ നോപസര്‍പ്പന്തി
വൈനതേയോ മിവോരഗാഃ
(ശ്ലോകം - അഷ്ടാംഗഹൃദയം)

അര്‍ത്ഥം
അദ്ധ്വാനം കൊണ്ടു ക്ഷീണിച്ച ദേഹത്തില്‍ ഉഴിച്ചില്‍ ചെയ്താന്‍ രോഗം പരുന്തിനെ കണ്ട പാമ്പിനെപ്പോലെ അകന്നുപോകുന്നതാണ്.ആയുര്‍വേദമെന്നാല്‍ മസാജിങ് എന്നാണ് ഇന്നു പലരുടെയും ധാരണ. ആയുര്‍വേദ ചികിത്സയ്ക്കു പോകും മുമ്പ് നമ്മുടെ നാട്ടില്‍ ലഭ്യമായ ചികിത്സകളെപ്പറ്റി പൊതുവായി അറിഞ്ഞിരിക്കുക.

ഭാരതത്തിലുടനീളം ആയുര്‍വേദത്തിനു പ്രചാരമുണ്ടായിരുന്നു. കേരളത്തില്‍ മറ്റുസ്ഥാനങ്ങളില്‍ പ്രചാരത്തിലില്ലാത്ത പല ചികിത്സകളും വൈദ്യന്മാര്‍ നടത്തിവരുന്നുണ്ട്. ഇവയാണു കേരളീയ ചികിത്സകള്‍ എന്നറിയപ്പെടുന്നത്. പ്രധാനമായി കര്‍ക്കടകമാസത്തില്‍ ചെയ്യുന്നതും. സാധാരണ ആയുര്‍വേദ ചികിത്സ അഥവാ പഞ്ചകര്‍മ ചികിത്സ എന്നാല്‍ ഉഴിച്ചില്‍ അല്ലെങ്കില്‍ പിഴിച്ചില്‍ എന്ന ധാരണ ശരിയല്ല. ശരീരത്തെ ശുദ്ധീകരിക്കാന്‍ ആവിഷ്‌കരിച്ചിട്ടുള്ള അഞ്ചു ചികിത്സകളാണു പഞ്ചകര്‍മങ്ങള്‍. പഞ്ചകര്‍മങ്ങള്‍ക്കായി ശരീരത്തെ പാകപ്പെടുത്തുന്ന പൂര്‍വകര്‍മങ്ങളാണ് ഉഴിച്ചിലും പിഴിച്ചിലും മറ്റും.

ചികിത്സയ്ക്കു മുമ്പ് അറിയുക
* ചികിത്സയുടെ പൂര്‍ണഫലപ്രാപ്തിക്കു വിശ്രമം അനിവാര്യമാണ്.

* ഉള്ളിലേക്ക് ഔഷധം കഴിച്ചുകൊണ്ടു വേണം കിഴി, പിഴിച്ചില്‍ തുടങ്ങിയ ചികിത്സകള്‍ക്ക് വിധേയനാകാന്‍. എങ്കിലേ ശരീരമാലിന്യങ്ങളെ വേണ്ടവിധം ബഹിഷ്‌കരിക്കാനാവൂ.

* ചവിട്ടിത്തിരുമ്മല്‍ തുടങ്ങിയ ചികിത്സാവിധികള്‍ ആയുര്‍വേദ ചികിത്സകളില്‍ പെടുന്നതല്ല. കേരളത്തിലെ ആയോധനകലയായ കളരിയുടെ ഭാഗമായ കളരി ചികിത്സയില്‍ ഉള്‍പ്പെട്ടതാണ്. ആയുര്‍വേദവും കളരിചികിത്സയും ഒന്നല്ല.

* ചികിത്സാകാലത്തു സസ്യാഹാരം കഴിക്കണം.

* അല്പം മാത്രം പഠിച്ചവരെക്കൊണ്ടോ തിരുമ്മുകാരെക്കൊണ്ടോ ചികിത്സ ചെയ്യിക്കുന്നതു ശാസ്ത്രീയമല്ല. യോഗ്യതയുള്ള ആയുര്‍വേദ ഡോക്ടറുടെ മേല്‍നോട്ടത്തില്‍ വേണം ചികിത്സകള്‍ ചെയ്യാന്‍.

* പാര്‍ശ്വഫലങ്ങളില്ല എന്നു കരുതരുത്. പഞ്ചകര്‍മ ചികിത്സകള്‍ ശരിയായ രീതിയില്‍ ചെയ്തില്ലെങ്കില്‍ ശരീരത്തെ പ്രതികൂലമായി ബാധിക്കും. ഉദാ: മര്‍ശന നസ്യം ചെയ്ത ശേഷം വെയില്‍ ഏറ്റാല്‍ ജലദോഷം, പനി ഇവയുണ്ടാകും.

കേരളീയ ചികിത്സകള്‍
ധാര - പലതരം രോഗങ്ങള്‍ക്ക്
ഔഷധയുക്തമായ ദ്രാവകം ശരീരത്തിന്റെ പ്രത്യേകഭാഗത്ത് പ്രവഹിപ്പിക്കുന്ന ചികിത്സയാണു ധാര. നിശ്ചിതമായ ഉയരത്തില്‍ നിന്ന് ആവശ്യമായ സമയത്തേക്ക് ധാര ഇടമുറിയാതെ പ്രവഹിപ്പിക്കുന്നു. ശരീരം മുഴുവനായി ധാര ചെയ്യാം. ഇതാണു സര്‍വാംഗധാര. ഏതെങ്കിലും ശരീരഭാഗങ്ങളില്‍ മാത്രമായി ചെയ്യുന്നത് ഏകധാരയാണ്. ധാരകള്‍ വിവിധ രീതികളില്‍ ഉണ്ടെങ്കിലും അവയില്‍ പ്രധാനം ശിരോധാരയാണ്.

ശിരോധാര
ശിരസില്‍ മാത്രമായി ചെയ്യാവുന്ന ധാരയാണു ശിരോധാര. തൈലധാര, തക്രധാര, ക്ഷീരധാര എന്നിവയാണു ശിരോധാരകളില്‍ പ്രധാനം. 

ഔഷധങ്ങളിട്ടു നിര്‍മിച്ച തൈലമുപയോഗിച്ചു ചെയ്യുന്ന ധാരയാണു തൈലധാര. ധാന്വന്തരം തൈലം, ക്ഷീരബലതൈലം, കാര്‍പ്പാസാസ്യാദി തൈലം തുടങ്ങിയവയാണ് ഉപയോഗിക്കുന്നത്. സെറിബ്രല്‍ അട്രോഫി, പാര്‍ക്കിന്‍സോണിസം, നാഡീവ്യൂഹ തകരാറുകള്‍, തലച്ചോറിലെ ആഘാതം മുതലായവയില്‍ തൈലധാര പ്രയോജനപ്രദമാണ്.

മോര് ഉപയോഗിച്ചുള്ള ധാരയാണു തക്രധാര. ഔഷധങ്ങളിട്ടു കാച്ചിയ പാല് തൈരാക്കി, കടഞ്ഞ് നെയ്യ് മാറ്റി മോരാക്കി അതുകൊണ്ടാണു തക്രധാര ചെയ്യുന്നത്. സോറിയാസിസ്, എക്‌സിമ, പ്രമേഹം, ഉറക്കക്കുറവ്, ചിലതരം മാനസിക രോഗങ്ങള്‍ എന്നിവയില്‍ അതീവ ഫലപ്രദമാണു തക്രധാര.

ഔഷധങ്ങള്‍ ചേര്‍ത്തു സംസ്‌കരിച്ച പാലുകൊണ്ട് ചെയ്യുന്ന ധാരയാണു ക്ഷീരധാര. കുറുന്തോട്ടി, ഇരുവേലി, രാമച്ചം, ചന്ദനം, ഇരട്ടിമധുരം തുടങ്ങിയ ഔഷധങ്ങളാണ് ഉപയോഗിക്കാറുള്ളത്. വിവിധയിനം തലവേദനകള്‍, ഉറക്കക്കുറവ്, മാനസികരോഗങ്ങള്‍ എന്നിവയില്‍ ഫലപ്രദമാണു ക്ഷീരധാര.

പിഴിച്ചില്‍ - തൈലം പിഴിഞ്ഞു വീഴ്ത്തുന്ന ചികിത്സ
തൈലത്തിലോ കുഴമ്പിലോ തുണിക്കഷണങ്ങള്‍ മുക്കി എടുത്തു രോഗിയുടെ ശരീരത്തില്‍ നിശ്ചിത ഉയരത്തില്‍ നിന്ന് പിഴിഞ്ഞു വീഴ്ത്തുന്ന ചികിത്സയാണു പിഴിച്ചില്‍. തൈലത്തിന് സഹിക്കാവുന്ന ചൂട് ആയിരിക്കണം. നിശ്ചിത വലിപ്പത്തിലുള്ള തുണിക്കഷണങ്ങള്‍ വേണം ഉപയോഗിക്കാന്‍. തൈലം ദേഹത്തു പിഴിഞ്ഞു വീഴ്ത്താന്‍ തുടങ്ങുന്നതിനൊപ്പം മൃദുവായി തുടയ്ക്കുകയും ചെയ്യുന്നു.

പിഴിച്ചില്‍ ചെയ്യുമ്പോള്‍ രോഗിയുടെ ശരീരത്തിന്റെ എല്ലാ ഭാഗത്തും പിഴിഞ്ഞു പകരുകയും തടവുകയും വേണം. അതിനു രോഗിയെ ഏഴു വ്യത്യസ്ത പൊസിഷനുകളില്‍ ഇരുത്തിയും കിടത്തിയുമാണ് ചികിത്സ ചെയ്യുന്നത്. പിഴിച്ചിലിനു മാത്രമല്ല അഭ്യംഗം (മസാജ്), നാരങ്ങാക്കിഴി, ഇലക്കിഴി തുടങ്ങിയവ ചെയ്യുമ്പോഴും ഈ ഏഴു പൊസിഷനുകള്‍ സ്വീകരിക്കും. രോഗാവസ്ഥയ്ക്കും ശരീരപ്രകൃതിയ്ക്കുമനിസൃതമായി ഏഴു ദിവസമോ 14 ദിവസമോ 21 ദിവസമോ പിഴിച്ചില്‍ ചെയ്യാം.

പക്ഷാഘാതം, കേന്ദ്രനാഡീവ്യൂഹത്തെ ബാധിക്കുന്ന അപചയ രോഗങ്ങള്‍, സന്ധിവാതം, അസ്ഥി രോഗങ്ങള്‍, നട്ടെല്ലിലെ കശേരുക്കള്‍ക്കും ഡിസ്‌ക്കുകള്‍ക്കും സ്ഥാനം തെറ്റുന്ന അവസ്ഥ, ശരീരത്തിലെ സന്ധികള്‍ക്കിടയിലെ ജലാംശം കുറവുള്ള അവസ്ഥ എന്നിവയില്‍ ഫലദായകമാണു പിഴിച്ചില്‍.

എല്ലാവര്‍ക്കും എല്ലാ അവസ്ഥകളിലും ചെയ്യാവുന്നതല്ല പിഴിച്ചില്‍. ഉദാഹരണമായി ശരീരത്തില്‍ നീരും വേദനയുമുള്ളപ്പോള്‍ പിഴിച്ചില്‍ ചെയ്യരുത്. നീരും വേദനയും വര്‍ധിക്കാം.

ഉഴിച്ചില്‍- ശരീരത്തിന് അയവു കിട്ടാന്‍
ഉഴിച്ചില്‍ ചികിത്സയില്‍ ആദ്യം ശിരസില്‍ യുക്തമായ എണ്ണ തേക്കുന്നു. അതിനുശേഷം കഴുത്തു മുതല്‍ ദേഹം മുഴുവന്‍ കര്‍പ്പൂരാദിതൈലം, പ്രഭജ്ഞനം തൈലം തുടങ്ങി ഏതെങ്കിലും തൈലമോ കുഴമ്പോ തേച്ചിട്ടു കൈകൊണ്ട് ഉഴിയുന്നു.

ഉഴിച്ചില്‍ പലവിധമുണ്ട്. ശരീരത്തിന് അയവുണ്ടാക്കുകയാണ് എല്ലാ ഉഴിച്ചിലുകളുടെയും ലക്ഷ്യം. കളരി പഠനം, കഥകളി പഠനം ഇവയില്‍ മെയ്‌വഴക്കത്തിനായി ഉഴിച്ചില്‍ ചെയ്യുന്നു. മസാജ് എന്നറിയപ്പെടുന്നത് ഉഴിച്ചിലിന്റെ ഒരു വകഭേദമാണ്.

വാതരോഗങ്ങളെയും ത്വക് രോഗങ്ങളെയും അകറ്റാന്‍ ഫലപ്രദമാണ് ഉഴിച്ചില്‍. പേശികളുടെയും നാഡികളുടെയും ആരോഗ്യം വര്‍ധിക്കുന്നതിനു വര്‍ഷത്തിലൊരിക്കല്‍ ഉഴിച്ചില്‍ ചെയ്യുന്നതു നല്ലതാണ്. ഉഴിച്ചില്‍ ചെയ്യുമ്പോള്‍ രക്തപ്രവാഹം വര്‍ധിക്കുന്നു. നാഡികള്‍ ഉത്തേജിതമാവുന്നു. മാംസപേശികളുടെ മെലിച്ചില്‍, അംഗവൈകല്യങ്ങള്‍, ത്വക് രോഗങ്ങള്‍ തുടങ്ങിയവ ഒരു പരിധിവരെ പരിഹരിക്കാനും സാധിക്കുന്നു.

ഉദ്വര്‍ത്തനം - ദുര്‍മേദസ് കുറയ്ക്കാന്‍
നവധാന്യങ്ങളോ നിര്‍ദ്ദിഷ്ഠ ഔഷധങ്ങളോ പൊടിപ്പിച്ച് അതുകൊണ്ടു താഴെ നിന്നു മുകളിലേക്കു ശരീരത്തില്‍ തടവി പിടിപ്പിക്കുന്നതാണ് ഉദ്വര്‍ത്തനം. അമിതവണ്ണമുള്ളവര്‍ക്കു ദുര്‍മേദസ് കുറയ്ക്കാന്‍ ഫലപ്രദമാണ്.

തലപൊതിച്ചില്‍
അരച്ചെടുത്ത ഔഷധങ്ങള്‍ തലയിലാകെ തേച്ചു പിടിപ്പിക്കുന്ന രീതിയാണു തല പൊതിച്ചില്‍. ഉണക്ക നെല്ലിക്ക, മുത്തങ്ങ, ഇരട്ടി മധുരം തുടങ്ങിയ ഔഷധങ്ങള്‍ മോരില്‍ പുഴുങ്ങി വറ്റിച്ച് വെള്ളം തൊടാതെ നല്ലവണ്ണം അരച്ചു മൂര്‍ധാവില്‍ പൊതിഞ്ഞു കെട്ടിവയ്ക്കണം. ഉറക്കക്കുറവ്, ത്വക് രോഗങ്ങള്‍, മാനസിക രോഗങ്ങള്‍ ഇവയ്ക്കു ഫലപ്രദമായ ചികിത്സയാണിത്. 

നവരക്കിഴി
ഔഷധവീര്യമുള്ള നവരയരി ആവശ്യമായ അളവില്‍ മൂന്നിരട്ടി പാലും കുറുന്തോട്ടി കഷായവും കൂടി ചേര്‍ത്തു വേവിച്ചു പറ്റിക്കണം. ഇങ്ങനെ വേവിച്ച നവരയരിച്ചോറുപയോഗിച്ചു ചെയ്യുന്ന കിഴിയാണു നവരക്കിഴി. കിഴി ചെയ്തശേഷം രോഗിയെ പാത്തിയില്‍ എഴുന്നേല്‍പ്പിച്ചിരുത്തി ദേഹമാസകലമുള്ള നവരച്ചോറിന്റെ പശ, ഓലപ്പാളി കൊണ്ടു വടിച്ചു കളയുന്നു.

പഞ്ചകര്‍മ ചികിത്സ
ആയുര്‍വേദത്തില്‍ ശരീരമാലിന്യങ്ങളെ പുറന്തള്ളാന്‍ രൂപപ്പെടുത്തിയിട്ടുള്ള അഞ്ചുതരം ചികിത്സകളാണു പഞ്ചകര്‍മ്മങ്ങള്‍. വമനം (ഔഷധം നല്‍കി ഛര്‍ദിപ്പിക്കുന്ന ക്രിയ), വിരേചനം (ഔഷധം നല്‍കി വയറിളക്കുന്ന ക്രിയ), വസ്തി (ഔഷധം മലദ്വാരത്തിലൂടെ നല്‍കി അല്പസമയംനിറുത്തിയശേഷം പുറത്തു കളയുന്നതുമായ പ്രയോഗം), നര്യം (മൂക്കിലൂടെ മരുന്നൊഴിച്ച് ശിരസിന്റെ ഭാഗത്തുള്ള കഫത്തെ പുറത്തു കളയുന്ന ക്രിയ, രക്തമോക്ഷം (ശരീരത്തിലെ ദുഷിച്ച രക്തത്തെ പുറത്തുകളയുന്ന ക്രിയ) എന്നിവയാണു പഞ്ചകര്‍മങ്ങള്‍. 

ഈ ചികിത്സകള്‍ ഒരു വ്യക്തിയില്‍ ആദ്യം തന്നെ ചെയ്യാന്‍ പാടില്ല. ഈ ക്രിയകളില്‍ ഏതെങ്കിലും ഒന്നോ അതില്‍ കൂടുതലോ ചെയ്യണമെങ്കില്‍ ശരീരത്തെ പാകമാക്കണം. അതിനായി ചെയ്യുന്ന ക്രിയകളെ പൂര്‍വകര്‍മങ്ങള്‍ എന്നു പറയുന്നു. സ്‌നേഹനം, സ്വേദം എന്നിവയാണവ. എണ്ണ, നെയ്യ് മുതലായ സ്‌നിഗ്ധപദാര്‍ഥങ്ങളെ അകത്തും പുറത്തും ഉപയോഗിച്ചു ശരീരത്തിനു സ്‌നിഗ്ധത വരുത്തുന്ന പ്രക്രിയയാണു സ്‌നേഹനം. ശരീരം നല്ലപോലെ വിയര്‍പ്പിക്കലാണ് സ്വേദനം. വിവിധ തരം കിഴികളും, പിഴിച്ചില്‍, ഉഴിച്ചില്‍ തുടങ്ങിയവയും സ്വേദനത്തിന്റെ വിവിധ മാര്‍ഗമാണ്.

1. വമനം
 വമനം എന്ന വാക്കിന്റെ അര്‍ഥം ഛര്‍ദി എന്നാണ്. കഫദോഷം മൂലമുള്ള രോഗങ്ങളുടെ ഉന്മൂലനത്തിനു ഫലപ്രദമായ ചികിത്സയാണു വമനം. വിഷഭക്ഷണം, ദഹനക്കേട്, ത്വക് രോഗം, ശ്വാസം മുട്ടല്‍, ചുമ പ്രമേഹം, നെഞ്ചു കലിപ്പ്, മുലപ്പാലിനുണ്ടാകുന്ന ദോഷങ്ങള്‍ എന്നിവയിലും വളരെ ഫലം ചെയ്യും. വമനം ചെയ്യുന്നതിന്റെ തലേന്ന് ശരീരത്തിലെ കഫം വര്‍ധിക്കുന്നതിനുള്ള ആഹാരങ്ങള്‍ (മധുരപലഹാരം, മത്സ്യം, ഉഴുന്ന് ചേര്‍ത്ത ആഹാരങ്ങള്‍) നല്‍കുന്നു. അടുത്ത ദിവസം രാവിലെ കഴിച്ച ആഹാരം ദഹിച്ചെന്നുറപ്പുവരുത്തിയ ശേഷം ഛര്‍ദ്ദി ഉണ്ടാക്കുന്ന പ്രത്യേക ഔഷധം നല്‍കുന്നു. ഒപ്പം ധാരാളം പാലു കുടിപ്പിച്ചു ഛര്‍ദ്ദിപ്പിക്കുന്നു. കരുതലോടെ ചെയ്യേണ്ടതായ പ്രയോഗമാണു വമനം. സോറിയാസിസ്, എക്‌സിമ (ത്വക് രോഗങ്ങള്‍) ഇവയ്ക്കു ഫലപ്രദമാണ്. ഹൃദ്രോഗികള്‍ക്കും ഗര്‍ഭകാലത്തും ബാല്യത്തിലും വാര്‍ധക്യത്തിലും വമനം ചെയ്യരുത്.

2. വിരേചനം
ഔഷധം നല്‍കി വയറിളക്കുന്ന ക്രിയയാണു വിരേചനം. ഇതു വഴി ശരീരത്തിനുള്ളിലെ രോഗകാരികളായ മാലിന്യങ്ങളെ പുറംതള്ളുന്നു. ആഹാരശൈലിയിലെ മാറ്റങ്ങളും പാചകരീതിയില്‍ സംഭവിച്ച വ്യതിയാനങ്ങളും ദിനചര്യയിലെ ക്രമക്കേടുകളും കാരണമുള്ള ഉദരരോഗങ്ങള്‍ക്കു വളരെ നല്ല പരിഹാരമാണു വിരേചനം.

നാരങ്ങാക്കിഴി, ഇലക്കിഴി തുടങ്ങിയ കിഴികള്‍ക്കു ശേഷവും പിഴിച്ചില്‍, ഞവര തുടങ്ങിയവയ്ക്കു ശേഷവും വിരേചനം നിര്‍ബന്ധമായും ചെയ്യണം. അല്ലെങ്കില്‍, പൂര്‍വകര്‍മങ്ങളാല്‍ ഇളക്കപ്പെട്ട ശരീരമാലിന്യങ്ങള്‍ പുറംതള്ളപ്പെടാതെ കാലാന്തരത്തില്‍ രോഗകാരണമാവും. ഏഴു ദിവസം കിഴിയോ പിഴിച്ചിലോ നടത്തിയാല്‍ എട്ടാം ദിവസം വിരേചനം നടത്തണം. മൂന്നു ദിവസത്തെ വെറും മസാജിങ്ങാണു ചെയ്യുന്നതെങ്കില്‍ പോലും നാലാം ദിവസം ചെറിയ വിരേചനം ചെയ്തിരിക്കണം.

3. വസ്തി
അനുയോജ്യമായ ഔഷധങ്ങളിട്ടു സംസ്‌കരിച്ചെടുത്ത കഷായമോ തൈലമോ വസ്തിനിയന്ത്രണം എന്ന ഉപകരണമുപയോഗിച്ചു മലദ്വാരത്തിലൂടെ പ്രവേശിപ്പിക്കുന്ന പ്രക്രിയയാണു വസ്തി. ഉപയോഗിക്കുന്ന ഔഷധത്തിനനുസരിച്ചു വസ്തിക്രിയ സ്‌നേഹവസ്തി എന്നും കഷായവസ്തി എന്നും രണ്ടു വിധത്തത്തിലുണ്ട്. സ്‌നേഹവസ്തി ഭക്ഷണശേഷമാണു ചെയ്യേണ്ടതത്.

കഷായവസ്തിയാകട്ടെ വെറും വയറ്റില്‍ വേണം ചെയ്യാന്‍. ആശുപത്രിയില്‍ കിടത്തി പ്രത്യേക കരുതലോടെ ചെയ്യേണ്ട ചികിത്സാക്രമാണു വസ്തി. ആരോഗ്യപരമായ കാരണത്താല്‍ വസ്തി ചെയ്യാന്‍ സാധിക്കാതെ വരുന്ന അവസരത്തില്‍ വിരേചനം ചെയ്ത് അവസാനിപ്പിക്കുകയാണു പതിവ്.

4. നസ്യം
രോഗശമനത്തിനായി ഔഷധ ദ്രവ്യങ്ങളോ ഔഷധീകരിച്ച തൈലങ്ങളോ മൂക്കിലൂടെ ഉപയോഗപ്പെടുത്തു ന്നതാണ് നസ്യം. അര്‍ദ്ദിതം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങളില്‍ നസ്യം നല്ല ഫലം ചെയ്യുന്നു. നസ്യത്തിനുപയോഗിക്കുന്ന ഔഷധത്തിന്റെ അളവിലെ വ്യത്യാസമനുസരിച്ചു മര്‍ശം, പ്രതിമര്‍ശം എന്നു രണ്ടു വിധമുണ്ട്. 

മദ്യപിച്ചിരിക്കുന്നവര്‍, ജല ദോഷം തുടങ്ങിയ ആദ്യത്തെ രണ്ടു നാളുകളിലും, ഊണ്, കുളി എന്നിവ കഴിഞ്ഞ ഉടനെയും മര്‍ശനസ്യം ചെയ്യരുത്. നസ്യം ചെയ്ത ഉടനെ കുളിക്കാനും പാടില്ല. പൂര്‍വകര്‍മങ്ങള്‍ ഒന്നും കൂടാതെ ചെറിയ അളവില്‍ (2-3 തുള്ളി വീതം) ദിവസവും പ്രയോഗി ക്കുന്നതാണു പ്രതിമര്‍ശനസ്യം, ഇതിനു പഥ്യവും ആവശ്യ മില്ല. സൈനസൈറ്റിസ്, മൈഗ്രെന്‍, കണ്ഠരോഗം, മൂക്കൊലിപ്പ്, മൂക്കടപ്പ് തുടങ്ങിയവയില്‍ വളരെ ഫലപ്രദമാണു നസ്യപ്രയോഗം.

5. രക്തമോക്ഷം
ശരീരത്തിലെ ദുഷിച്ച രക്തത്തെ പുറത്തു കളയുന്ന ചികിത്സയാണു രക്തമോക്ഷം. സിരകള്‍ മുറിച്ച്, അണുവിമുക്തമാക്കിയ അട്ടയെ ഉപയോഗിച്ച്, പ്രച്ഛാനം (സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച് രക്തം കൊത്തിക്കളയുക)- ഈ മൂന്നു രീതികളില്‍ ഈ ചികിത്സ ചെയ്യാം. 

വിവരങ്ങള്‍ക്കു കടപ്പാട് : ഡോ. രാമകൃഷ്ണന്‍ ദ്വരസ്വാമി

കേരളീയ ചികിത്സകളും പഞ്ചകര്‍മവുംകേരളീയ ചികിത്സകളും പഞ്ചകര്‍മവുംകേരളീയ ചികിത്സകളും പഞ്ചകര്‍മവുംകേരളീയ ചികിത്സകളും പഞ്ചകര്‍മവുംകേരളീയ ചികിത്സകളും പഞ്ചകര്‍മവുംകേരളീയ ചികിത്സകളും പഞ്ചകര്‍മവുംകേരളീയ ചികിത്സകളും പഞ്ചകര്‍മവുംകേരളീയ ചികിത്സകളും പഞ്ചകര്‍മവുംകേരളീയ ചികിത്സകളും പഞ്ചകര്‍മവുംകേരളീയ ചികിത്സകളും പഞ്ചകര്‍മവുംകേരളീയ ചികിത്സകളും പഞ്ചകര്‍മവും
Join WhatsApp News
Rajeev 2019-07-13 03:21:15
തലയിൽ നീർക്കെട്ട് ചെവി അടപ്പ്, മൂക്കടപ്പ്, തല വേദന, തലയ്ക്കു ഭാരം, കുഴച്ചിൽ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക