Image

സേവനം ഔദാര്യമല്ല; ഇനി അവകാശം

ഉമ്മന്‍ചാണ്ടി (കേരളാ മുഖ്യമന്ത്രി) Published on 28 July, 2012
സേവനം ഔദാര്യമല്ല; ഇനി അവകാശം
നടന്നുനടന്ന്‌ ചെരിപ്പുതേഞ്ഞു, സര്‍ക്കാര്‍ കാര്യംമുറപോലെ തുടങ്ങിയ പരമ്പരാഗത ചൊല്ലുകള്‍ക്ക്‌ വിട. ഇന്നലെവരെ തലകുനിച്ച്‌ സര്‍ക്കാര്‍ ഓഫിസുകളില്‍ കയറിയിറങ്ങിയവര്‍ക്ക്‌ ഇനി ആത്മവിശ്വാസത്തോടെ അവിടേക്കു കയറിച്ചെല്ലാം. സേവനം ആരുടെയും ഔാര്യമല്ല, മറിച്ച്‌ അവകാശമാണ്‌. തങ്കലിപികളില്‍ കോറിയിടേണ്ട മുഹൂര്‍ത്തമാണിത്‌.

കേരള സംസ്ഥാന സേവനാവകാശ നിയമത്തിന്‍െറ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ ആര്‍ക്കും എതിരഭിപ്രായമില്ല. കുറച്ചുകൂടി വ്യാപ്‌തി വേണമായിരുന്നു എന്നാണ്‌ പൊതുവേയുള്ള ആവശ്യം. ഇതൊരു നല്ല തുടക്കമായി കണ്ടാല്‍ മതി. മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു മാത്രമേ മുന്നോട്ടുപോകൂ.

സ്വാതന്ത്ര്യം നേടി ദശകങ്ങള്‍ കഴിഞ്ഞിട്ടും സാധാരണക്കാരന്‌ പൊലീസ്‌ സ്‌റ്റേഷനിലേക്കോ സര്‍ക്കാര്‍ ഓഫിസിലേക്കോ ആത്മവിശ്വാസത്തോടെ കടന്നുചെല്ലാനാകുന്നില്ല. ഒന്നുകില്‍ ശിപാര്‍ശ, അല്ലെങ്കില്‍ കൈമടക്ക്‌, അതുമല്ലെങ്കില്‍ ഇടനിലക്കാരന്‍. ഇതാണ്‌ നാട്ടുനടപ്പ്‌. ഇതാണ്‌ അഴിമതിയുടെ പ്രജനനകേന്ദ്രം. അഴിമതി ഇല്ലാതാക്കാന്‍ വിജിലന്‍സ്‌ ആന്‍ഡ്‌ ആന്‍റി കറപ്‌ഷന്‍പോലെയുള്ള സംവിധാനങ്ങളും മറ്റുമുണ്ട്‌. പക്ഷേ, പഴുതുകള്‍ തുറന്നു കിടക്കുന്നിടത്തോളം കാലം അഴിമതിയുണ്ടാകും. അഴിമതിക്കെതിരായ ഏറ്റവുംവലിയ യുദ്ധം അഴിമതിക്കുള്ള അവസരങ്ങള്‍ ഇല്ലാതാക്കുക എന്നതാണ്‌. സേവനാവകാശനിയമം പഴുതുകള്‍ അടക്കുമെന്നുതന്നെ കരുതാം.

ജനസമ്പര്‍ക്ക പരിപാടി എന്‍െറ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അനുഭവമായിരുന്നു. ലക്ഷക്കണക്കിന്‌ സാധാരണക്കാരായ ആളുകളെ നേരില്‍ക്കണ്ട്‌ അവരുടെ അനുഭവങ്ങളും പ്രയാസങ്ങളും മനസ്സിലാക്കാന്‍ ഇതിലൂടെ എനിക്കു സാധിച്ചു. സര്‍ക്കാര്‍ ഓഫിസുകളില്‍നിന്ന്‌ സേവനങ്ങള്‍ കിട്ടുന്നില്ലെന്ന പരാതിയുമായി വന്നവര്‍ ഏറെയുണ്ടായിരുന്നു. പലതിനും അവിടെവച്ചുതന്നെ പരിഹാരം കണ്ടെത്തി. അപ്പോള്‍ മുഖ്യമന്ത്രി ക്‌ളര്‍ക്കിന്‍െറ പണിയാണു ചെയ്യുന്നതെന്ന്‌ ആക്ഷേപമുയര്‍ന്നു. ഇതിനൊരു ശാശ്വതപരിഹാരം എത്രയും വേഗം അനിവാര്യമാണെന്ന്‌ എനിക്കും ബോധ്യപ്പെട്ടു.

യഥാര്‍ഥത്തില്‍ ഇത്‌ അവകാശങ്ങളുടെ കാലമാണ്‌. അവകാശങ്ങള്‍ക്കു വേണ്ടിയുള്ള മുറവിളികളാണ്‌ എവിടെയും ഉയരുന്നത്‌. അതിനോട്‌ ക്രിയാത്മകമായി പ്രതികരിച്ച്‌ യു.പി.എ സര്‍ക്കാര്‍ അവകാശങ്ങളുടെ കെട്ടഴിച്ചുവിട്ടു. രഹസ്യങ്ങളുടെ മാറാപ്പു നീക്കിയ വിവരാവകാശ നിയമം 2005, തൊഴിലിനുള്ള അവകാശം ഉറപ്പിച്ച മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു നിയമം 2005, ആദിവാസികള്‍ക്ക്‌ കാടിന്മേലുള്ള അവകാശം ഉറപ്പാക്കിയ വനാവകാശ നിയമം 2006, എല്ലാവര്‍ക്കും വിദ്യാഭ്യാസം ഉറപ്പാക്കുന്ന വിദ്യാഭ്യാസ അവകാശനിയമം 2009, ഭക്ഷണം ഉറപ്പാക്കുന്ന ഭക്ഷ്യസുരക്ഷാ നിയമം 2012 തുടങ്ങിയ നിയമങ്ങളാണ്‌ പിറവിയെടുത്തത്‌.

ഇവ ജനങ്ങളുടെ അവകാശത്തെ സംരക്ഷിക്കുകയും സമാധാനപരമായ അന്തരീക്ഷത്തില്‍ രാജ്യത്തിനു മുന്നേറാന്‍ വഴിയൊരുക്കുകയും ചെയ്‌തു.

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വിപ്‌ളവകരമായ നിയമം എന്നു വിശേഷിപ്പിക്കപ്പെടുന്ന വിവരാവകാശ നിയമത്തിന്‍െറ തുടര്‍ച്ചയായി വേണം സേവനാവകാശ നിയമത്തെ കാണാന്‍. ഒരാള്‍ നല്‍കിയ അപേക്ഷയില്‍ എന്തുനടപടി സ്വീകരിച്ചുവെന്ന്‌ വിവരാവകാശ നിയമപ്രകാരം ചോദിക്കുമ്പോള്‍, ഒന്നും ചെയ്‌തില്ലെന്ന മറുപടി ലഭിച്ചാലും അതിനെതിരെ നടപടി സ്വീകരിക്കാന്‍ ജനത്തിനു കഴിയാത്തതായിരുന്നു അവസ്ഥ. 1997 മുതല്‍ രാജ്യത്ത്‌ പൗരാവകാശരേഖ നിലവിലുണ്ട്‌. കേരളത്തിലെ ഒട്ടുമിക്ക വകുപ്പുകളും പൗരാവകാശ വിളംബരങ്ങള്‍ നടത്തിയിട്ടുണ്ട്‌. ഓരോ സേവനവും കാലപരിധി നിശ്ചയിച്ച്‌ പ്രഖ്യാപിച്ചിട്ടുള്ളതാണ്‌ ഈ വിളംബരങ്ങള്‍. പക്ഷേ, പൗരാവകാശരേഖ നടപ്പാക്കാനോ സേവനം ലഭ്യമാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനോ വ്യവസ്ഥയില്ല. പൗരാവകാശരേഖ അങ്ങനെ ഇന്നും ഏട്ടിലെ പശുവായി തുടരുന്നു.

കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച പൊതുജനാവകാശ പരാതി പരിഹാര ബില്ലിന്‍െറ ചുവടുപിടിച്ച്‌ രാജ്യത്തെ 11 സംസ്ഥാനങ്ങള്‍ ഇതിനകം സേവനാവകാശ നിയമം പാസാക്കി. 2010 ആഗസ്റ്റില്‍ മധ്യപ്രദേശാണ്‌ തുടക്കമിട്ടത്‌. ഉത്തര്‍പ്രദേശ്‌, ദല്‍ഹി, ജമ്മുകശ്‌മീര്‍, ബിഹാര്‍, രാജസ്ഥാന്‍, ഉത്തരഖണ്ഡ്‌, ഹിമാചല്‍ പ്രദേശ്‌, പഞ്ചാബ്‌, ഝാര്‍ഖണ്ഡ്‌, ഛത്തിസ്‌ഗഢ്‌ എന്നീ സംസ്ഥാനങ്ങള്‍ 2011ല്‍ ഈ നിയമം പാസാക്കി. കര്‍ണാടക, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങള്‍ തയാറായി നില്‍ക്കുന്നു. സേവനാവകാശ നിയമത്തില്‍നിന്ന്‌ ഇനി ഒരു സംസ്ഥാനത്തിനും മാറിനില്‍ക്കാനാവില്ല. കാലത്തിന്‍െറ ചുവരെഴുത്ത്‌ എല്ലാവരും വായിച്ചിരിക്കുന്നു.

കേരളം എളിയ തോതിലാണ്‌ തുടക്കമിടുന്നത്‌. നിയമം വിജയകരമായി നടപ്പാക്കാന്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്‌. നിര്‍ദിഷ്ട ഉദ്യോഗസ്ഥരെയും അപ്പീല്‍ ഉദ്യോഗസ്ഥരെയും നിയമിക്കണം. അതു നടപ്പാക്കുന്ന മുറക്ക്‌ സെക്രട്ടേറിയറ്റ്‌ ഉള്‍പ്പെടെ കൂടുതല്‍ സേവന മേഖലകളെ ഉള്‍പ്പെടുത്തും.

ഏറ്റവും അത്യാവശ്യമുള്ള ജനന സര്‍ട്ടിഫിക്കറ്റ്‌, ജാതി സര്‍ട്ടിഫിക്കറ്റ്‌, വരുമാന സര്‍ട്ടിഫിക്കറ്റ്‌, വാസസ്ഥല സര്‍ട്ടിഫിക്കറ്റ്‌, മരണ സര്‍ട്ടിഫിക്കറ്റ്‌, വീടുകള്‍ക്കും കടകള്‍ക്കുമുള്ള വൈദ്യുതി കണക്ഷന്‍, വീടുകള്‍ക്കുള്ള ജലവിതരണ കണക്ഷന്‍, റേഷന്‍ കാര്‍ഡ്‌ തുടങ്ങിയ സര്‍വീസുകളാണ്‌ ആദ്യഘട്ടത്തില്‍ സേവനാവകാശ നിയമത്തില്‍ ഉള്‍പ്പെടുന്നത്‌. പൊലീസ്‌ സ്‌റ്റേഷനില്‍ നല്‍കുന്ന പരാതിക്ക്‌ രസീത്‌, എഫ്‌.ഐ.ആര്‍ പകര്‍പ്പ്‌, ഗുരുതര കുറ്റകൃത്യങ്ങളില്‍ പൊലീസിന്‍െറ സത്വര ഇടപെടല്‍, സമയബന്ധിതമായ പാസ്‌പോര്‍ട്ട്‌ വെരിഫിക്കേഷന്‍, സമയബന്ധിതമായ ജോലി വെരിഫിക്കേഷന്‍, കുറ്റകൃത്യം നടക്കുന്ന സ്ഥലത്ത്‌ എത്തിച്ചേരല്‍, പരാതികളില്‍ സമയബന്ധിതമായി നടപടി, ജാഥക്കും ഉച്ചഭാഷിണിക്കുമുള്ള അനുമതി, ആയുധങ്ങള്‍ക്കും സ്‌ഫോടകവസ്‌തുക്കള്‍ക്കുമുള്ള ലൈസന്‍സ്‌, പൊലീസ്‌ ക്‌ളിയറന്‍സ്‌ റിപ്പോര്‍ട്ടിന്‍െറ സര്‍ട്ടിഫിക്കറ്റ്‌, പോസ്റ്റ്‌മോര്‍ട്ടം പകര്‍പ്പ്‌ നല്‍കല്‍, കളഞ്ഞുപോയതും കിട്ടിയതുമായ സാധനങ്ങള്‍ക്ക്‌ സ്‌റ്റേഷനില്‍നിന്നു രസീത്‌, കസ്റ്റഡിയിലുള്ള വാഹനങ്ങള്‍ മോചിപ്പിക്കല്‍, പട്ടികജാതി/വര്‍ഗ നഷ്ടപരിഹാര ശിപാര്‍ശ നല്‍കല്‍ തുടങ്ങിയവയാണ്‌ നിയമത്തിന്‍െറ പരിധിയില്‍ വരുന്ന പൊലീസ്‌ സേവനങ്ങള്‍.

സേവനങ്ങള്‍ യഥാസമയത്തു നല്‍കാത്ത ഉദ്യോഗസ്ഥരില്‍നിന്ന്‌ 500 രൂപ മുതല്‍ 5000 രൂപവരെ പിഴ ഈടാക്കും. സേവനങ്ങള്‍ നല്‍കേണ്ട സമയപരിധി ഗെസറ്റില്‍ വിജ്ഞാപനം ചെയ്യും. ഈ സമയത്തിനകം സേവനം ലഭിക്കാതിരിക്കുകയോ അപേക്ഷ നിരസിക്കപ്പെടുകയോ ചെയ്‌താല്‍ 30 ദിവസത്തിനകം അപ്പീല്‍ ഫയല്‍ ചെയ്യാം. മതിയായ കാരണമുണ്ടെന്ന്‌ ഒന്നാം അപ്പീല്‍ അധികാരിക്കു ബോധ്യപ്പെട്ടാല്‍ 30 ദിവസം കഴിഞ്ഞും അപ്പീല്‍ സ്വീകരിക്കാം. ഒന്നാം അപ്പീല്‍ നിരസിച്ചാലും രണ്ടാം അപ്പീല്‍ നല്‍കാം. ഇത്‌ ആദ്യ അപ്പീല്‍ നിരസിച്ച്‌ 60 ദിവസത്തിനുള്ളില്‍ ആയിരിക്കണം. ഈ നിയമപ്രകാരം എടുത്ത നടപടികള്‍ സിവില്‍ കോടതിയില്‍ ചോദ്യംചെയ്യാനാവില്ല.

വലിയതോതില്‍ അപ്പീല്‍ അപേക്ഷകള്‍ ഉണ്ടാകുന്നില്ലെന്ന്‌ സേവനാവകാശ നിയമം നടപ്പാക്കിയ അഞ്ചു സംസ്ഥാനങ്ങളിലെ പഠനം വ്യക്തമാക്കുന്നു. മധ്യപ്രദേശില്‍ വിരലിലെണ്ണാവുന്ന അപ്പീലുകളേ ഉണ്ടായുള്ളൂ. രാജസ്ഥാനില്‍ 17 എണ്ണം. നിയമത്തോട്‌ ജീവനക്കാര്‍ പൊതുവെ സഹകരിക്കുന്നതിന്‍െറ പ്രതിഫലനമാണിത്‌.

യു.ഡി.എഫ്‌ സര്‍ക്കാര്‍ സുതാര്യമായ ഭരണമാണ്‌ ജനങ്ങള്‍ക്കു വാഗ്‌ദാനം ചെയ്‌തത്‌. സര്‍ക്കാറിന്‍െറ എല്ലാ നടപടികളും ജനങ്ങളുടെ മുമ്പാകെ തുറന്നിട്ടിരിക്കുന്നു. സേവനാവകാശ നിയമം സുതാര്യതയുടെ പ്രോജ്ജ്വലമായ മറ്റൊരു മുഖമാണ്‌.

സേവനാവകാശ നിയമം ജനങ്ങളുടെ മാഗ്‌നാകാര്‍ട്ടയാണ്‌. എല്ലാത്തിനും മുകളില്‍ ജനങ്ങളുടെ അവകാശങ്ങള്‍ പ്രതിഷ്‌ഠിക്കുന്നു. നീതിയും സേവനവും സമയബന്ധിതമാകുകയാണ്‌. ഭരണാധികാരികളും സര്‍ക്കാര്‍ ജീവനക്കാരും അക്ഷരാര്‍ഥത്തില്‍ ജനങ്ങളുടെ സേവകരായി മാറേണ്ടിവരും. ജനാധിപത്യഭരണ സമ്പ്രദായത്തിലുള്ള ജനങ്ങളുടെ വിശ്വാസം ഉയരാന്‍ ഇതു വഴിയൊരുക്കും. (കടപ്പാട്‌: മാധ്യമം)
സേവനം ഔദാര്യമല്ല; ഇനി അവകാശം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക