Image

സ്വാശ്രയ നഴ്‌സിംഗ് കോളജുകളില്‍ കൂട്ടക്കുരുതി

Published on 29 July, 2012
സ്വാശ്രയ നഴ്‌സിംഗ് കോളജുകളില്‍ കൂട്ടക്കുരുതി
സംസ്ഥാനത്ത് സ്വാശ്രയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നഴ്‌സിംഗ് കോളജുകളില്‍ കൂട്ടത്തോല്‍വി. ചില കോളജുകള്‍ വിജയശതമാനത്തില്‍ സംപൂജ്യരായി. പാരാമെഡിക്കല്‍ കോഴ്‌സുകളുടെ നിലവാര തകര്‍ച്ചയുടെ പ്രതീകങ്ങളായി മാറി. സ്വാശ്രയ മേഖലയിലാണ് വന്‍ നിലവാര തകര്‍ച്ചയെന്ന് മെഡിക്കല്‍ സര്‍വകലാശാല നല്‍കിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ബിഎസ്‌സി നഴ്‌സിങ്ങിന്റെ വിജയം 28.14% വും ഫിസിയോതെറാപ്പിയുടേത് അഞ്ചുമാണ്. ചില സ്വകാര്യ സ്വാശ്രയ കോളജുകളില്‍ പരീക്ഷ എഴുതിയ ആരും വിജയിച്ചില്ല.

നഴ്‌സിങ്, ബിഫാം, ഫിസിയോതെറാപ്പി കോഴ്‌സുകളിലെ വിജയശതമാനമാണ് പഠന, അധ്യയന നിലവാരത്തെ കുറിച്ച് വലിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത്. മെഡിസിന്‍ കഴിഞ്ഞാല്‍ ഏറ്റവും അധികം കുട്ടികള്‍ എത്തുന്ന ബിഎസ്‌സി നഴ്‌സിങ് കോഴ്‌സില്‍ ആകെ വിജയിച്ചത് 28.14 ശതമാനം പേര്‍മാത്രമാണ്.4460 എഴുതിയ ബിഎസ്‌സി നഴ്‌സിങ് പരീക്ഷയില്‍ 1255 പേര്‍മാത്രമാണ് ജയിച്ചത് . ആരും ജയിക്കാത്ത നാല് കോളജുകളാണുള്ളത്. തിരുവനന്തപുരത്തെ കാരക്കോണം, കണ്ണൂരിലെ ധനലക്ഷി, കോഴഞ്ചേരിയിലെ പൊയാനില്‍, എറണാകുളത്തെ വെല്‍കെയര്‍ എന്നീ നഴ്‌സിങ് കോളജുകളാണിവ. 70 ശതമാനത്തിന് മുകളില്‍ വിജയശതമാനം ഉള്ളത് ആകെ രണ്ട് കോളജുകളില്‍ മാത്രം, തൃശൂര്‍, കോഴിക്കോട് ഗവണ്‍മെന്റ് കോളജുകള്‍. 90 കോളജുകളുടെ ഫലം പരിശോധിച്ചാല്‍ പത്തിനും 17നും ഇടയിലേക്ക് വിജയം താണത് 18 കോളജുകളാണ്, എട്ടു കോളജുകളിലാകട്ടെ വിജയശതമാനം രണ്ടിനും എട്ടിനും ഇടയിലാണ്.

27 ബിഫാം കോളജുകളിലെ വിജയം 31.80 ശതമാനമാണ്. ഒരു കോളജില്‍ ആരും ജയിച്ചില്ല. 60ശതമാനത്തിനു മുകളിലെത്തിയത് കോഴിക്കോട് ഗവണ്‍മെന്റ് കോളജ് മാത്രം. എട്ട് ഫിസിയോ തെറാപ്പി കോളജുകളില്‍ 5.75 ശതമാനമാണ് ജയിച്ചവര്‍. മൂന്നുകോളജുകളില്‍ ആരും ജയിച്ചില്ല , മാത്രമല്ല എല്ലാ കോളജുകളിലും വിജയം 15 ശതമാനത്തിന് താഴെയുമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക