Image

നരകയാതനയില്‍ നിന്നും മോചനം കാത്ത് പതിനാറുകാരി കാരുണ്യം തേടുന്നു...

Published on 29 July, 2012
നരകയാതനയില്‍ നിന്നും മോചനം കാത്ത് പതിനാറുകാരി കാരുണ്യം തേടുന്നു...
മഞ്ചേശ്വരം : നിര്‍ദ്ധന കുടുംബത്തിലെ പതിനാറുകാരി നരകയാതനയില്‍ നിന്ന് മോചനത്തിനായി കാരുണ്യമതികളുടെ സഹായത്തിനു കൈനീട്ടുന്നു...

മഞ്ചേശ്വരം വൊര്‍ക്കാടി ഗ്രാമപഞ്ചായത്തിലെ കെദുംപാടിയിലെ പൂവപ്പ വെളിപ്പാടന്റെയും ചന്ദ്രാവതിയുടെയും മകള്‍ പവിത്ര (16) യാണ് തലയില്‍ മുഴ വന്ന് ദുരിതത്തില്‍ കഴിയുന്നത്. പഠനത്തില്‍ മിടുക്കിയായ പവിത്ര നിര്‍ദ്ധനകുടുംബത്തിലെ അംഗമാണ്. പവിത്രയുടെ സഹോദരനും പഠനത്തില്‍ നല്ല നിലവാരം പുലര്‍ത്തുന്നു. രണ്ടു മക്കളിലൂടെ നല്ല ഭാവി സ്വപ്‌നം കണ്ട കൂലിപ്പണിക്കാരനായ പൂവ്വപ്പയുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായാണ് ദുരന്തം വിതച്ചത്. മകള്‍ പവിത്രയുടെ തലയില്‍ മുഴ വന്നത് ചികിത്സിക്കാന്‍ ജീവിതത്തില്‍ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുന്ന പൂവപ്പയ്ക്ക് ഏറെ കഷ്ടപ്പെടേണ്ടി വന്നു.

കുഞ്ചത്തൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ എസ് എസ് എല്‍ സി പഠിക്കുന്നതിനിടയിലാണ് പവിത്രയുടെ തലയില്‍ ചെറിയൊരു മുഴ പ്രത്യക്ഷപ്പെട്ടത്. മഞ്ചേശ്വരത്തെ ആശുപത്രിയില്‍ ആദ്യം ചികിത്സ നടത്തിയെങ്കിലും നാള്‍ക്കു നാള്‍ മുഴയുടെ വലിപ്പം കൂടി കൂടി വരികയായിരുന്നു. പിന്നീട് മംഗലാപുരത്തെ ആശുപത്രിയില്‍ കൊണ്ടുപോവുകയും, ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. തുടര്‍ന്നു ഉണ്ടായിരുന്ന സമ്പാദ്യം മുഴുവന്‍ മകള്‍ക്കു വേണ്ടി ചെലവാക്കി ഓപ്പറേഷന്‍ നടത്തുകയും ചെയ്തു. ഓപ്പറേഷന്‍ പവിത്രയ്ക്ക് ചെറിയൊരു ആശ്വാസം പകര്‍ന്നെങ്കിലും മാസങ്ങള്‍ക്കകം മുഴ വീണ്ടും വരികയും, ദിവസം തോറും വലുതായിക്കൊണ്ടിരിക്കുകയും ചെയ്തു. ഇപ്പോള്‍ അസഹനീയമായ വേദന കടിച്ചമര്‍ത്തുന്ന പവിത്രയ്ക്ക് തല അനക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണുള്ളത്. അധികം നടക്കാനോ, കിടക്കാനോ കഴിയാത്ത പവിത്ര ഇപ്പോള്‍ പൊട്ടിപ്പൊളിഞ്ഞ വീട്ടിനകത്ത് ചുമര്‍ ചാരി ഇരിക്കുന്ന ദയനീയ ചിത്രം ആരുടേയും കരളലയിപ്പിക്കുന്നതാണ്.

ഡോക്ടര്‍മാര്‍ സര്‍ക്കോമ ഓഫ് സ്‌കള്‍ എന്ന രോഗമാണ് പവിത്രയ്ക്ക് പിടിപ്പെട്ടതെന്ന് വിധിയെഴുതിയിട്ടുണ്ട്. കൂടുതല്‍ വിദഗ്ധ ചികിത്സ നടത്തിയില്ലെങ്കില്‍ പവിത്രയുടെ ജീവന്‍ അപകടത്തിലാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വീണ്ടും ശസ്ത്രക്രിയയ്ക്കായി ബാംഗ്ലൂരിലെ നിമാന്‍സ് ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

നിത്യനിവൃത്തിക്കുപോലും കഷ്ടപ്പെടുന്ന പൂവ്വപ്പയുടെ കുടുംബത്തിന് മകളുടെ ചികിത്സ എങ്ങനെ നടത്തുമെന്ന ചിന്തയാണ് അലട്ടുന്നത്. കുടുംബത്തിന്റെ പട്ടിണിയകറ്റാനും, ഏക സഹോദരിയുടെ ചികിത്സയ്ക്കുമായി പവിത്രയുടെ സഹോദരന്‍ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കാതെ അച്ഛനോടൊപ്പം കൂലിപ്പണിക്കിറങ്ങിയിരിക്കുകയാ
ണ്. എങ്ങനെയെങ്കിലും മകളുടെ ജീവന്‍ രക്ഷിക്കണമെന്ന ഒറ്റ ചിന്തയാണ് ഇപ്പോള്‍ പൂവ്വപ്പയ്ക്കും കുടുംബത്തിനും. അതിനായി കാരുണ്യമതികളുടെ സഹായത്തിന് കാത്തു കഴിയുകയാണ് പവിത്രയും, കുടുംബവും...

പവിത്രയെ സഹായിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ സിന്‍ഡിക്കേറ്റ് ബാങ്കിന്റെ (Code SYNB 0004228) വൊര്‍ക്കാടി ശാഖയിലെ (A/CNo.42282200069753 ) എന്ന ബാങ്ക് അക്കൗണ്ടില്‍ പണമയക്കാവുന്നതാണ്.

ചന്ദ്രാവതി, w/o. പൂവപ്പ വെളിപ്പച്ചാടന്‍, കെദുംപാടി ഹൗസ്, മഞ്ചേശ്വരം (പി ഒ), കാസര്‍കോട് 671 323 എന്ന വിലാസത്തിലോ, 09447287098 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക