Image

ബ്രൂക്ക്‌ലിന്‍ ഡി.എ ആയി ഏബ്‌ ജോര്‍ജ്‌ മത്സര രംഗത്ത്‌

Published on 28 July, 2012
ബ്രൂക്ക്‌ലിന്‍ ഡി.എ ആയി ഏബ്‌ ജോര്‍ജ്‌  മത്സര രംഗത്ത്‌
ന്യൂയോര്‍ക്ക്‌: ഏബ്‌ ജോര്‍ജിനു പത്തു വയസുള്ളപ്പോഴാണ്‌ ബ്രൂക്ക്‌ലിന്‍ ഡിസ്‌ട്രിക്‌ട്‌ അറ്റോര്‍ണിയായി ചാള്‍സ്‌ ജെ. ഹൈന്‍സ്‌ (77) തെരഞ്ഞെടുക്കപ്പെട്ടത്‌. 24 വര്‍ഷത്തിനുശേഷം അടുത്തവര്‍ഷം ഹൈന്‍സിനെതിരേ മത്സരിക്കാന്‍ ജോര്‍ജ്‌ ഒരുങ്ങുന്നു.

ന്യൂയോര്‍ക്ക്‌ നഗരത്തിന്റെ ഭാഗമാണെങ്കിലും ബ്രൂക്ക്‌ലിന്‍ മാത്രം എടുത്താല്‍ അമേരിക്കയിലെ ഏഴാമത്തെ വലിയ നഗരമാണ്‌. കറുത്തവര്‍ കൂടുതലുള്ള ബോറോ. ഡിസ്‌ട്രിക്‌ട്‌ അറ്റോര്‍ണിയാണ്‌ നഗരത്തിലെ ക്രമസമാധാനപാലനത്തിന്റെ പ്രധാന അധികാരി. ന്യൂയോര്‍ക്ക്‌ സിറ്റിയുടെ മൊത്തം സമാധാന ചുമതല മേയറുടെ കീഴിലുള്ള പോലീസ്‌ ഡിപ്പാര്‍ട്ട്‌മെന്റിനാണെങ്കിലും കേസുകള്‍ പ്രോസിക്യൂട്ട്‌ ചെയ്യുന്നത്‌ ഡിസ്‌ട്രിക്‌ട്‌ അറ്റോര്‍ണിയാണ്‌.

തിരുവനന്തപുരം സ്വദേശികളായ മാതാപിതാക്കളുടെ
ഇളയ പുത്രനായ ജോര്‍ജ്‌ എട്ടുവര്‍ഷം മന്‍ഹാട്ടനില്‍ അസിസ്റ്റന്റ്‌ ഡിസ്‌ട്രിക്‌ട്‌ അറ്റോര്‍ണിയായിരുന്നു. അടുത്തവര്‍ഷത്തെ ഡെമോക്രാറ്റിക്‌ പ്രൈമറിയില്‍ മത്സരിക്കാന്‍ ജോലി വിട്ടു.

ഹൈന്‍സിന്റെ കീഴില്‍ നഗരത്തിലെ ക്രമസമാധാന നില ഒട്ടും മെച്ചമല്ലെന്ന്‌ ഏബ്രഹാം ആരോപിക്കുന്നു. വലിയ കുറ്റങ്ങളല്ല ചെറിയതരം മയക്കുമരുന്ന്‌ കേസുകളാണ്‌ ഹൈന്‍സ്‌ പ്രധാനമായും പ്രോസിക്യൂട്ട്‌ ചെയ്യുന്നത്‌. അതുപോലെ തന്നെ കടുത്ത യാഥാസ്ഥിതികരായ ഹസിഡിക്‌ യഹൂദ വിഭാഗത്തിലെ പുരോഹിതന്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നതിനെതിരേ ശക്തമായ നടപടികള്‍ എടുക്കില്ലെന്നും
ജോര്‍ജ്‌ ചൂണ്ടിക്കാട്ടുന്നു. അവരുടെ പേര്‌ പരസ്യപ്പെടുത്താന്‍ പോലും ഡി.എ തയാറാകുന്നില്ല. വോട്ട്‌ ബാങ്ക്‌ ലക്ഷ്യമാക്കിയാണിത്‌. അതുപോലെതന്നെ ന്യൂയോര്‍ക്ക്‌ പോലീസിന്റെ `സ്റ്റോപ്പ്‌ ആന്‍ഡ്‌ ഫ്രിസ്‌ക്‌' നയത്തോട്‌ ഏബ്രഹാം എതിര്‍പ്പ്‌ പ്രകടിപ്പിക്കുന്നു. കാരണമില്ലാതെ ആരേയും തടഞ്ഞുനിര്‍ത്തി പോലീസ്‌ പരിശോധന നടത്തുന്നത്‌ പൗരാവകാശ ലംഘനമാണെന്നും ജോര്‍ജ്‌ ചൂണ്ടിക്കാട്ടുന്നു. മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക്‌ മാരിഹ്വാനാ ഉപയോഗപ്പെടുത്തുന്നതിനേയും ഏബ്രഹാം എതിര്‍ക്കുന്നില്ല.

എന്തായാലും ഹൈന്‍സിനെതിരേ മത്സരിക്കാനിറങ്ങിയപ്പോള്‍ അമ്മ വിലക്കിയതാണ്‌. 2005-ല്‍ ന്യൂയോര്‍ക്ക്‌ ടൈംസില്‍ വന്ന ലേഖനമായിരുന്നു കാരണം. എതിരാളികളാകാന്‍ പോകുന്നവരെയൊക്കെ ഹൈന്‍സ്‌ നിയമ നടപടികളെടുത്ത്‌ കുടുക്കുമെന്നായിരുന്നു അതിന്റെ സാരാംശം. അതെന്തായാലും 2009-ല്‍ മത്സരിക്കുമ്പോള്‍ ഹൈന്‍സിന്‌ എതിരാളി ഉണ്ടായിരുന്നില്ല.

 ആരോപണങ്ങള്‍ക്ക്‌ മറുപടി പറഞ്ഞില്ലെങ്കിലും അടുത്തവര്‍ഷവും താന്‍ മത്സരിക്കുമെന്ന്‌ ഹൈന്‍സ്‌ വ്യക്തമാക്കിയിട്ടുണ്ട്‌. ഡെമോക്രാറ്റിക്‌ പാര്‍ട്ടി നേതൃത്വം കൂടെയുള്ളതിനാല്‍ ഹൈന്‍സിന്‌ പ്രചാരണത്തിന്‌ പണം പിരിക്കാനൊന്നും പ്രയാസം വരില്ലെന്ന്‌
ജോര്‍ജ്‌ പറയുന്നു. ഹൈന്‍സിനെതിരേ ബ്രൂക്ക്‌ലിനില്‍ തന്നെ ശക്തമായ എതിര്‍പ്പുണ്ട്‌. അവരുടെ പിന്തുണയും സാമ്പത്തിക സഹായവും ഏബ്രഹാം പ്രതീക്ഷിക്കുന്നു. അതിനു പുറമെ ഇന്ത്യന്‍ സമൂഹവും തന്നെ തുണയ്‌ക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു.

നാട്ടില്‍ ദന്തിസ്റ്റായിരുന്നു പരേതനായ പിതാവ്‌. ഇവിടെ കോണി ഐലന്റ്‌ ഹോസ്‌പിറ്റലില്‍ ഹോസ്‌പിറ്റല്‍ കെയര്‍ ഇന്‍വെസ്റ്റിഗേറ്ററായിരുന്നു. അമ്മ അവിടെ നഴ്‌സ്‌.

ബ്രൂക്ക്‌ലിനില്‍ ജനിച്ചുവളര്‍ന്ന
ജോര്‍ജ്‌ ന്യൂയോര്‍ക്ക്‌ പബ്ലിക്‌ സ്‌കൂളില്‍ പഠിച്ചശേഷം ന്യൂയോര്‍ക്ക്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ ബിരുദവും ഹോഫ്‌സ്ട്ര യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ നിയമബിരുദവും നേടി.

എ.ഡി.എ എന്ന നിലയില്‍ നാനാതരം കേസുകള്‍ താന്‍ കൈകാര്യം ചെയ്‌തിട്ടുണ്ടെന്ന്‌
ജോര്‍ജ്‌ പറഞ്ഞു. മാധ്യമങ്ങളില്‍ വലിയ പ്രധാന്യം കിട്ടുന്ന കേസുകള്‍ സാധാരണയായി 15 വര്‍ഷത്തിലേറെ സര്‍വീസുള്ള എ.ഡി.എമാരാണ്‌ കൈകാര്യം ചെയ്യുക. ഇത്രയും സുപധാനമായ സ്ഥാനം ഏറ്റെടുക്കാന്‍ മാത്രം പരിചയസമ്പന്നത തനിക്കുണ്ട്‌. പ്രായം കുറവാണ്‌ എന്നതൊരു പ്രശ്‌നമല്ലെന്നും ജോര്‍ജ്‌ ചൂണ്ടിക്കാട്ടുന്നു.
http://www.abegeorge2013.com/
ബ്രൂക്ക്‌ലിന്‍ ഡി.എ ആയി ഏബ്‌ ജോര്‍ജ്‌  മത്സര രംഗത്ത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക