Image

പത്രപ്രവര്‍ത്തനം വിവേകവും സത്യസന്ധതയും വീണ്ടെടുക്കണം: ഡോ. ബാബു പോള്‍

Published on 30 July, 2012
പത്രപ്രവര്‍ത്തനം വിവേകവും സത്യസന്ധതയും വീണ്ടെടുക്കണം: ഡോ. ബാബു പോള്‍
ന്യൂയോര്‍ക്ക്‌: പഴയ തനിനിറത്തിന്റെ ശൈലിയിലുള്ള ഭാഷയും, വാര്‍ത്തകളില്‍ കലര്‍ത്തുന്ന നിറങ്ങളും ചേര്‍ന്നപ്പോള്‍ മലയാള പത്രപ്രവര്‍ത്തന രംഗം മലിനമായ നിലയിലാണെന്ന്‌ ഡോ. ബാബു പോള്‍.

പണ്ടൊക്കെ വീടുകളില്‍ പറഞ്ഞാല്‍ തല്ല്‌ കിട്ടുന്ന പ്രയോഗങ്ങളാണ്‌ ഇന്ന്‌ പത്രഭാഷ. ആഖ്യാനം, ആഖ്യാനമായി നില്‍ക്കാതെ അതില്‍ വ്യാഖ്യാനം കൂടി കടന്നുകയറിയപ്പോള്‍ വാര്‍ത്തയേത്‌, സത്യമേത്‌ എന്ന ചിന്താക്കുഴപ്പത്തില്‍ വായനക്കാരെത്തുന്നു.

ഇന്ത്യാ പ്രസ്‌ ക്ലബ്‌ ന്യൂയോര്‍ക്ക്‌ ചാപ്‌റ്ററിന്റെ പ്രവര്‍ത്തനോദ്‌ഘാടനം കേരളാ സെന്ററില്‍ നിര്‍വഹിച്ചശേഷം നടത്തിയ ചിന്തോദ്ദീപകമായ പ്രസംഗത്തില്‍ മാധ്യമ രംഗത്തെ അപചയത്തിന്റെ ആഴങ്ങള്‍ അദ്ദേഹം തുറന്നുകാട്ടി.

ചെറുപ്പത്തില്‍ അല്‍പസ്വല്‍പം പത്രപ്രവര്‍ത്തനം നടത്തിയശേഷം സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ താന്‍ കഴിഞ്ഞ പത്തുവര്‍ഷമായി `മധ്യരേഖ' എന്നൊരു കോളം എഴുതുന്നു. അതിനാല്‍ എന്നെയും പത്രക്കാരനെന്ന്‌ വിളിക്കുന്നതില്‍ തെറ്റില്ല.

പത്രക്കാര്‍ വിചാരിച്ചാല്‍ എന്തും നടക്കുമെന്നതിനു തെളിവാണ്‌ അച്യുതാനന്ദന്‍- പിണറായി വിവാദം. അച്യുതാനന്ദന്‍ എന്ന വ്യക്തിയിലെ ഗുണങ്ങള്‍ ശതഗുണീഭവിച്ചും, ദോഷങ്ങള്‍ യവനികയ്‌ക്കുള്ളില്‍ മൂടിവെച്ചും പത്രങ്ങള്‍ വാര്‍ത്ത സൃഷ്‌ടിക്കുന്നു. അച്യുതാനന്ദന്‌ ഇന്നത്തെ പരിവേഷം നല്‍കിയത്‌ മനോരമയും മാതൃഭൂമിയും ചേര്‍ന്നാണ്‌. അങ്ങനെ വി.എസ്‌ ഏറ്റവും വിശിഷ്‌ടനായ വ്യക്തി എന്ന ധാരണ പരത്തി.

അതിനു ബദലായി തിന്മയുടെ എല്ലാ മൂര്‍ത്തിമദ്‌ഭാവവുമായി പിണറായിയെ അവതരിപ്പിച്ചു. അവിടെയാണ്‌ തനിക്കെതിര്‍പ്പ്‌. പിണറായി നല്ല മന്ത്രിയായിരുന്നു. നായനാര്‍ മന്ത്രിസഭയില്‍ അംഗമായിരുന്നപ്പോള്‍ നന്നേ ചെറുപ്പക്കാരനായ ജൂണിയര്‍ മന്ത്രിയായിരുന്നു അദ്ദേഹം. ഒരു ജൂണിയര്‍ മന്ത്രി കയ്യോടെ കാനഡയില്‍ പോയി ലാവ്‌ലിന്‍ കരാര്‍ ഒപ്പിടുമോ എന്നു പോലും ഒരു മാധ്യമവും അന്വേഷിച്ചില്ല.

കേരളത്തെപ്പറ്റി മോശം പറയുന്നത്‌ കേരളീയ തന്നെയാണെന്ന്‌ കപ്പല്‍ വ്യവസായ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന ആന്റണി ഫ്രാന്‍സീസ്‌ പറഞ്ഞു. അദ്ദേഹം കൊച്ചിയില്‍ നിന്ന്‌ വിജയകരമായി കപ്പലുകള്‍ ഡിസൈന്‍ ചെയ്യുന്ന സ്ഥാപനം നടത്തുന്നത്‌ ഒരു പത്രത്തിലും വാര്‍ത്തയല്ല. പക്ഷെ, ഗോവിന്ദച്ചാമി എന്നൊരു ഭിക്ഷക്കാരന്‍ ട്രെയിനില്‍ വെച്ച്‌ ബലാത്സംഗം നടത്തിയ കഥ മാധ്യമങ്ങളില്‍ വെണ്ടയ്‌ക്ക അക്ഷരത്തില്‍ അച്ചടിച്ചുവന്നു.

മാധ്യമങ്ങള്‍ക്ക്‌ ഒരു ബാങ്കിനെ തകര്‍ക്കണമെങ്കില്‍ വഴിയുണ്ട്‌. ആളുകള്‍ അവിടെ നിന്ന്‌ നിക്ഷേപം പിന്‍വലിക്കാന്‍ കൂടുതലായി വരുന്നു എന്ന്‌ തൊട്ട്‌ കുറെ ദിവസം വാര്‍ത്തകള്‍ കൊടുത്താല്‍ മതി. കൂടുതല്‍ പേര്‍ നിക്ഷേപം പിന്‍വലിക്കാനെത്തും.

തന്റെയൊക്കെ ചെറുപ്പത്തില്‍ അടിച്ചുപൊളിക്കുക എന്നാല്‍ തല്ലിപ്പൊളിക്കുക എന്നുതന്നെയായിരുന്നു അര്‍ത്ഥം. ഇന്നത്‌ മാറി. ചായക്കടയില്‍ വന്ന്‌ ഒരു വിത്തൗട്ട്‌ എന്നു പറഞ്ഞാല്‍ പഞ്ചസാരയില്ലാതെ ചായയോ കാപ്പിയോ ആണെന്ന്‌ കേരളത്തില്‍ മാത്രമേ മനസിലാകൂ. അഡ്‌മിറ്റ്‌ ചെയ്യുക എന്നത്‌ ആണ്‌ ഭാഷാപരമായി ശരി. പക്ഷെ അഡ്‌മിറ്റാകുക എന്നായി. അഡ്‌മിറ്റുക, എന്നോ, അഡ്‌മിറ്റി എന്നോ പ്രയോഗം വന്നാലും അതിശയോക്തിയില്ല.

ആസാമില്‍ അടുത്തയിടയ്‌ക്ക്‌ ബാലികയെ നടുറോഡില്‍ അക്രമിക്കുന്ന ദൃശ്യം ഏറെ പൊല്ലാപ്പുണ്ടാക്കിയതാണ്‌. ഇപ്പോള്‍ കേള്‍ക്കുന്നു അത്‌ റിപ്പോര്‍ട്ട്‌ ചെയ്‌ത ടിവിക്കാരന്‍ തന്നെയായിരുന്നു അതിനു പിന്നിലെന്ന്‌. ഇര്‍വിംഗ്‌ വാലസിന്റെ `ഓള്‍മൈറ്റി'യും ഇതേ കഥയാണ്‌ പറഞ്ഞത്‌. പത്രമുതലാളി തന്നെ വാര്‍ത്ത സൃഷ്‌ടിച്ച്‌ അത്‌ സ്‌കൂപ്പ്‌ ആക്കി വായനക്കാരെ കൂട്ടുക.

മാന്യന്മാര്‍ ഉപയോഗിക്കുന്ന ഭാഷയല്ല പട്ടി, തെണ്ടി, റാസ്‌കല്‍ തുടങ്ങിയവ. ഇന്നിപ്പോള്‍ സീരിയലിലും സിനിമയിലും നിറയെ അതാണ്‌. മമ്മൂട്ടിയും മോഹന്‍ലാലും അതു പറയുമ്പോള്‍ അംഗീകൃതമാകുന്നു. ഇങ്ങനെയൊക്കെ പറയാന്‍ പറ്റില്ലെന്നു തീരുമാനിച്ചുകൂടേ എന്ന്‌ മമ്മൂട്ടിയോട്‌ ചോദിച്ചപ്പോള്‍ `എങ്ങനെയും കഴിഞ്ഞുകൂടി പോകണ്ടെ' എന്നായിരുന്നു മറുപടി.

ഇന്ന്‌ പത്രങ്ങളെടുക്കുന്ന ഭാഷയാണ്‌ നാളെ വ്യവഹാരഭാഷയാകുന്നത്‌. വിമോചന സമരത്തെ ശക്തമായി എതിര്‍ത്ത പത്രമാണ്‌ കേരള കൗമുദി. വാര്‍ത്തയില്‍ അവര്‍ നിഷ്‌പക്ഷത പുലര്‍ത്തി. പക്ഷെ ഇന്നിപ്പോള്‍ കേരള കൗമുദി പോലും ആ നിലപാട്‌ എടുക്കുന്നുണ്ടോ എന്നു സംശയം.

പത്രങ്ങളും മാധ്യമ പ്രവര്‍ത്തകരും ധീരമായ നിലപാടുകള്‍ എടുത്താല്‍ മാറ്റങ്ങള്‍ വരാവുന്നതേയുള്ളൂ. കാമ്പസിലെ രാഷ്‌ട്രീയം റിപ്പോര്‍ട്ട്‌ ചെയ്യില്ലെന്ന്‌ പതിനഞ്ച്‌ വര്‍ഷം മുമ്പ്‌ ദീപിക തീരുമാനിച്ചു. അതിനു കുറെയൊക്കെ ഗുണങ്ങള്‍ ഉണ്ടായിട്ടുണ്ട്‌.

രാഷ്‌ട്രീയം ഒഴിവാക്കാന്‍ പത്രത്തിന്‌ പറ്റില്ലായിരിക്കാം. പക്ഷെ സത്യസന്ധത, ആര്‍ജവം, ധീരത, വിവേകം, ഭാഷാസ്‌നേഹം തുടങ്ങിയവയൊക്കെ പത്രപ്രവര്‍ത്തനത്തിന്റെ ഗുണഗണങ്ങളാണ്‌. അപ്പോഴത്‌ വിശ്വസ്‌തമായ ദൗത്യമാകും-അദ്ദേഹം പറഞ്ഞു.

ജനനി പത്രാധിപര്‍ ജെ. മാത്യൂസ് ആമുഖ പ്രഭാഷണം നടത്തി.

ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ജോസ്‌ കാടാപുറം പ്രസ്‌ ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. നാട്ടിലെ സാഹചര്യമല്ല ഇവിടെ മാധ്യമങ്ങളും, മാധ്യമ പ്രവര്‍ത്തകരും നേരിടുന്നത്‌. അതിനാല്‍ വ്യത്യസ്‌തമായ ശൈലി പിന്തുടരുമ്പോഴും തങ്ങള്‍ മാധ്യമ രംഗത്തോട്‌ സത്യസന്ധത പുലര്‍ത്താന്‍ ശ്രമിക്കുന്നു. എന്തായാലും പക്വതയുടെ കാര്യത്തില്‍ നാട്ടിലെ പത്രങ്ങളെക്കാള്‍ തങ്ങള്‍ മുന്നില്‍ തന്നെ.

കേരളത്തിലെ മികച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ ഇന്ത്യാ പ്രസ്‌ ക്ലബ്‌ നല്‍കുന്ന അവാര്‍ഡുകള്‍ കൊച്ചിയില്‍ വെച്ച്‌ വരുന്ന ജനുവരിയില്‍ വിതരണം ചെയ്യുമെന്ന്‌ നാഷണല്‍ ജനറല്‍ സെക്രട്ടറി മധു കൊട്ടാരക്കര പറഞ്ഞു. മാധ്യമ രംഗത്തെ ഏറ്റവും വലിയ അവാര്‍ഡാണിത്‌. ഒരുലക്ഷം രൂപയും അമേരിക്കന്‍ പര്യടനവുമാണ്‌ കഴിഞ്ഞ തവണത്തെ വിജയിക്ക്‌ നല്‍കിയത്‌. അടുത്ത വര്‍ഷം മുതല്‍ കൂടുതല്‍ വിഭാഗങ്ങളില്‍ അവാര്‍ഡ്‌ നല്‍കുമെന്ന്‌ മധു പറഞ്ഞു.

അമേരിക്കയില്‍ ആദ്യകാലത്ത്‌ മാസിക നടത്തിയ താന്‍ ഇപ്പോള്‍ അമേരിക്കയില്‍ നിന്നുള്ള മലയാളം ചാനലിന്റെ ഉത്ഭവത്തിനും കാരണമായതില്‍ സന്തോഷമുണ്ടെന്ന്‌ ഫോമാ പ്രസിഡന്റ്‌ ബേബി ഊരാളില്‍ പറഞ്ഞു. പ്രസ്‌ ക്ലബ്‌ തന്നെ വാര്‍ത്തയാകുന്ന സ്ഥിതിവിശേഷമുണ്ടെന്ന്‌ ഐ.എന്‍.ഒ.സി-ഐ പ്രസിഡന്റ്‌ ജോര്‍ജ്‌ ഏബ്രാഹാം വിമര്‍ശിക്കുകയും ചെയ്‌തു.

ഫൊക്കാന സെക്രട്ടറി ടെറന്‍സണ്‍ തോമസ്‌, എക്‌സി. വൈസ്‌ പ്രസിഡന്റ്‌ വി. ഉലഹന്നാന്‍, അലക്‌സ്‌ വിളനിലം, ഐ.എന്‍.ഒ.സി കേരളാ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ കളത്തില്‍ വര്‍ഗീസ്‌, പ്രസ്‌ ക്ലബ്‌ ഫിലാഡല്‍ഫിയ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ വിന്‍സെന്റ്‌ ഇമ്മാനുവേല്‍, ഡിസ്‌ട്രിക്‌ട്‌ അറ്റോര്‍ണി സ്ഥാനാര്‍ത്ഥി ഏബ്‌ ജോര്‍ജ്‌, ഗോപിയോ വൈസ്‌ പ്രസിഡന്റ്‌ സണ്ണി കുലത്താക്കല്‍, രാജു മൈലപ്ര, മനോഹര്‍ തോമസ്‌, യോഹന്നാന്‍ ശങ്കരത്തില്‍, ടി.എസ്‌. ചാക്കോ തുടങ്ങിയവരും പത്രപ്രവര്‍ത്തകരായ മൊയ്‌തീന്‍ പുത്തന്‍ചിറ, പ്രിന്‍സ്‌ മാര്‍ക്കോസ്‌ തുടങ്ങിയവരും സംസാരിച്ചു. പ്രസ്‌ ക്ലബ്‌ സെക്രട്ടറി സജി ഏബ്രഹാം നന്ദി പറഞ്ഞു.

ട്രൈസ്റ്റേറ്റ്‌ മേഖലയിലെ വിവിധ സംഘടനകളുടേയും പ്രസ്ഥാനങ്ങളുടേയും സാരഥികളടങ്ങുന്ന വമ്പിച്ച സദസ്‌ ആശംസകളുമായെത്തി.
പത്രപ്രവര്‍ത്തനം വിവേകവും സത്യസന്ധതയും വീണ്ടെടുക്കണം: ഡോ. ബാബു പോള്‍പത്രപ്രവര്‍ത്തനം വിവേകവും സത്യസന്ധതയും വീണ്ടെടുക്കണം: ഡോ. ബാബു പോള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക