Image

ജാലിയന്‍ വാലാ കൂട്ടക്കൊലക്ക് പ്രതികാരം ചെയ്ത ഉദ്ധം സിംഗിന്റെ ബലിദാന വാര്‍ഷികം ഇന്ന്‌

Published on 31 July, 2012
ജാലിയന്‍ വാലാ കൂട്ടക്കൊലക്ക് പ്രതികാരം ചെയ്ത ഉദ്ധം സിംഗിന്റെ ബലിദാന വാര്‍ഷികം ഇന്ന്‌
ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ജീവിത ത്യാഗം ചെയ്ത ഒട്ടേറെ ധീരന്‍മാരെ നമുക്ക് കാണാന്‍ കഴിയും അതില്‍ ഏറ്റവും ചങ്കൂറ്റത്തോടെ മരണം മുന്‍പില്‍ കണ്ടു കൊണ്ട് അതില്‍ പതറാതെ മരണം വരിച്ച വ്യത്യസ്തനായ ഒരു സ്വാതന്ത്ര സമര സേനാനി ആയിരുന്നു സിക്കുകാരനായ ഉദംസിംഗ് എന്ന ഷാഹിദ് ഉദംസിംഗ് കാബോജ് അദ്ദേഹത്തെ ബ്രിട്ടീഷുകാര്‍ ഇംഗ്ലണ്ടിലെ പെന്റണ്‍വില്ല ജയിലില്‍ കഴുമരത്തില്‍ കയറ്റി കൊന്നിട്ട് ഈ മാസം 31 ാം തീയതി 72 വര്‍ഷം കഴിയുന്നു. 1940 ജൂലൈ 31 നാണ് മഹത്തായ ഇന്ത്യ എന്ന രാഷ്ട്രത്തിന് വേണ്ടി രക്ത സാക്ഷിത്വം വഹിക്കാന്‍ ആ ധീര ദേശാഭിമാനിയ്ക്ക് കഴിഞ്ഞത്.

1919 ഏപ്രില്‍ 13 ാം തീയതി ലോകത്തെ തന്നെ നടുക്കിയ പഞ്ചാബിലെ ജാലിയന്‍വാല ബാഗില്‍ നടന്ന കൂട്ടക്കൊലയെപ്പറ്റി അറിയാത്തവര്‍ ആരും തന്നെ ഉണ്ടാകും എന്നു തോന്നുന്നില്ല. മനുഷ്യ മനസാക്ഷിയെ മരവിപ്പിച്ച ഈ അരും കൊലപാതകത്തെ അപലപിച്ചവരില്‍ ഇംഗ്ലീഷ് രാഷ്ട്രീയക്കാരും ഉള്‍പ്പെടുന്നു, ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെയും മഹാത്മാഗാന്ധിയെയും വളരെ പുച്ഛത്തോടെ കണ്ടിരുന്ന ഇംഗ്ലീഷ് യഥാസ്ഥിക നേതാവായ വില്‍സ്റ്റണ്‍ ചര്‍ച്ചില്‍ പോലും ഈ ക്രൂരമായ പ്രവര്‍ത്തിയെ രാക്ഷസീയമായ പ്രവര്‍ത്തി എന്നാണ് വിശേഷിപ്പിച്ചത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനികള്‍ ഒന്നടങ്കം ഈ ക്രൂരതയെ അപലപിച്ചു. ചരിത്രകാരന്‍മാര്‍ പറയുന്നത് ജാലിയന്‍വാല ബാഗില്‍ നടന്ന ഈ കൂട്ടക്കൊലയാണ് ബ്രിട്ടന്‍ എന്ന രാജ്യത്തെ ഇന്ത്യയില്‍ നിന്നും കെട്ടു കെട്ടിക്കാന്‍ തുടക്കം കുറിച്ചത് എന്നാണ്.

1919 എന്നുള്ളതിന്റെ പ്രത്യേകത ഒന്നാം ലോകമഹായുദ്ധം അവസാനിച്ചിട്ട് ഒരു വര്‍ഷം. ഈ യുദ്ധത്തില്‍ ഇന്ത്യന്‍ പട്ടാളത്തെ ബ്രിട്ടീഷുകാര്‍ മദ്ധ്യപൂര്‍വ്വ ദേശത്തും, യൂറോപ്പിലും, ആഫ്രിക്കയിലും യുദ്ധത്തിന്റെ മുന്‍നിരയില്‍ വിന്യസിച്ചിരുന്നു. കാലാവസ്ഥയും ഭാഷയും വശമില്ലായിരുന്ന ഇന്ത്യന്‍ പട്ടാളത്തിന് വലിയ ആള്‍നാശം സംഭവിച്ചു. 43000 ഇന്ത്യന്‍ പട്ടാളക്കാരാണ് ഒന്നാം ലോക യുദ്ധത്തില്‍ മരിച്ചത്. ഇത് ഇന്ത്യന്‍ പട്ടാളത്തില്‍ വളരെ അസംതൃപ്തി വളരാന്‍ കാരണമായി അതു മാത്രമല്ല യുദ്ധത്തിന് വേണ്ടി വിഭവ ശേഖരണം നടത്തിയിരുന്നത് പഞ്ചാബില്‍ നിന്നും ബംഗാളില്‍ നിന്നും ആയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഒട്ടേറെ വിപ്ലവ പ്രസ്ഥാനങ്ങള്‍ പഞ്ചാബില്‍ ഉദയം കൊണ്ടിരുന്നു അതില്‍ ഒന്നില്‍ അംഗം ആയിരുന്നു ഉദംസിംഗ്.

ബ്രിട്ടീഷ് ഭരണത്തോട് വര്‍ദ്ധിച്ചുവരുന്ന പ്രതിഷേധം അടിച്ചമര്‍ത്തുന്നതിനു വേണ്ടി ഏതു ഇന്ത്യന്‍ പൗരനെയും അറസ്റ്റ് ചെയ്ത് വിചാരണ കൂടാതെ രണ്ടു വര്‍ഷം കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ ഗവണ്‍മെന്റിന് അധികാരം നല്‍കുന്ന റോലെക്ട് ആക്റ്റ് നടപ്പിലാക്കാന്‍ ബ്രിട്ടീഷുകാര്‍ തീരുമാനിച്ചു. അതില്‍ പ്രതിക്ഷേധിക്കാന്‍ ഇന്ത്യയില്‍ ഹര്‍ത്താല്‍ നടത്താന്‍ ഗാന്ധി ഇന്ത്യയിലെ ജനങ്ങളോട് ആവശ്യപ്പെട്ടു. അതനുസരിച്ച് ഇന്ത്യയിലങ്ങോളം ഇങ്ങോളം ശക്തമായ ഹര്‍ത്താലുകളും പ്രതിഷേധങ്ങളും ഉടലെടുത്തു. ഇതിന് മുമ്പു തന്നെ പഞ്ചാബിലെ സ്വാതന്ത്ര്യ സമര സേനാനികളെ അറസ്റ്റു ചെയ്തതിനെതിരെ വിപ്ലവകാരികള്‍ പട്ടാള ചെക്ക് പോസ്റ്റുകള്‍ ആക്രമിച്ചിരുന്നു അതിനെതിരെ പട്ടാളം നിറയൊഴിച്ചു ഒട്ടേറെ ആളുകള്‍ മരിച്ചു. അതില്‍ പ്രതിഷേധിച്ച് വിപ്ലവകാരികള്‍ അഞ്ചു വെള്ളക്കാരെ കൊന്നു അതിനെ തുടര്‍ന്ന് പഞ്ചാബ് സര്‍ക്കാര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഈ നിരോധനാജ്ഞ വകവയ്ക്കാതെ പഞ്ചാബിലെ എല്ലാ മതവിഭാഗങ്ങളുടെയും ആഘോഷമായ വൈശാഖി ആഘോഷിക്കുന്നതിനു വേണ്ടി 1919 ഏപ്രില്‍ 13  തീയതി ജാലിയന്‍വാല ബാഗില്‍ 15000 നും ഇരുപതിനായിരത്തിനും ഇടയില്‍ ആളുകള്‍ തടിച്ചു കൂടി ഇത് റോലെക്ട് ആക്ടിനെതിരെയുള്ള പ്രതിഷേധം കൂടി ആയിരുന്നു. സമ്മേളനം നടന്ന സ്ഥലത്തേയ്ക്ക് 90 ഗൂര്‍ഖ പട്ടാളക്കാരെ നയിച്ച് എത്തിയ ബ്രിഗേഡിയര്‍ ജനറല്‍, റെജിനാള്‍ഡ്, എഡ്‌വേര്‍ഡ്, ഹാരി, ഡയര്‍, ജനങ്ങള്‍ക്ക് പിരിഞ്ഞു പോകാന്‍ ഒരു അവസരം പോലും നല്‍കാതെ യാതൊരു പ്രകോപനവും ഇല്ലാതെ ജനക്കൂട്ടത്തിനു നേരെ വെടി വയ്ക്കാന്‍ ഉത്തരവിട്ടു. പട്ടാളത്തിന്റെ വെടിയുണ്ടകള്‍ തീരുന്നതുവരെ വെടി വയ്പ്പ് തുടര്‍ന്നു. ഒരു വാതില്‍ മാത്രം ഉണ്ടായിരുന്ന മൈതാനത്തിന്റെ ഇടനാഴികള്‍ ബ്ലോക്ക് ചെയ്ത് പട്ടാളം നിന്നിരുന്നതുകൊണ്ട് ആളുകള്‍ക്ക് രക്ഷപ്പെടാന്‍ ഒരു വഴിയും ഇല്ലായിരുന്നു. രക്ഷപ്പെടാന്‍ വേണ്ടി പരക്കം പാഞ്ഞ ജനക്കൂട്ടം അടുത്തുള്ള കിണറ്റില്‍ ചാടിയും ചവിട്ട് ഏറ്റും വെടി കൊണ്ടും മരിച്ചു വീണു. വെടി വച്ചതിന് ശേഷം പരിക്കുപറ്റിയവരെ ആശുപത്രിയില്‍ എത്തിക്കാിീ മെഡിക്കല്‍ സൗകര്യങ്ങള്‍ നല്‍കാന്‍ പോലും ജനറല്‍ ഡയര്‍ തയ്യാറായില്ല. ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ചാണ് 379 ആളുകള്‍ ഈ നരനായാട്ടില്‍ മരിച്ചത്, എന്നാല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നടത്തിയ അന്വേഷണത്തില്‍ കുട്ടികളും സ്ത്രീകളും അടക്കം 1500 പേര്‍ മരിച്ചു എന്നാണ് കണ്ടെത്തിയത്. ഈ ക്രൂരമായ കൊലപാതകം പ്ലാന്‍ ചെയ്തത് അന്നത്തെ പഞ്ചാബ് ഗവര്‍ണര്‍ ആയിരുന്ന മൈക്കിള്‍ ഒ. ഡയര്‍ ആയിരുന്നു എന്ന് പരക്കെ ആക്ഷേപം ഉണ്ടായിരുന്നു. അതുമാത്രമല്ല ബ്രിഗേഡിയര്‍ ജനറല്‍ റെജിനാള്‍ഡ് ഡയറിന്റെ പ്രവര്‍ത്തിയെ അദ്ദഹം പരസ്യമായി ന്യായീകരിക്കുകയും പിന്‍തുണയ്ക്കുകയും ചെയ്തിരുന്നു.

ഈ നരനായിട്ടിനെപ്പറ്റി അന്വേഷിക്കാന്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് ലോഡ് വില്ല്യം ഹണ്ടറുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ പ്രതിനിധികള്‍ ഉള്‍പ്പെടെ ഒരു കമ്മറ്റിയെ നിയമിച്ചു. ഹണ്ടര്‍ കമ്മറ്റി എന്നാണ് ഈ കമ്മറ്റി അറിയപ്പെട്ടത് ഈ കമ്മറ്റിയുടെ മുന്‍പില്‍ ബ്രിഗേഡിയര്‍ റെജിനാള്‍ഡ് ഡയറെ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോള്‍ ചെയ്ത ക്രൂരതകളെ ന്യായീകരിക്കാന്‍ മാത്രമാണ് ബ്രിഗേഡിയര്‍ ഡയര്‍ ശ്രമിച്ചത് ഞാന്‍ പുറപ്പെടുമ്പോള്‍ തന്നെ അമൃതസറില്‍ ജനക്കൂട്ടത്തെ കണ്ടാല്‍ വെടി വയ്ക്കും എന്നു തീരുമാനിച്ചിരുന്നു എന്ന് അദ്ദേഹം ഹണ്ടര്‍ കമ്മറ്റിയുടെ മുന്‍പാകെ മൊഴി നല്‍കി. ബ്രിഗേഡിയര്‍ ഡയറുടെ പ്രവര്‍ത്തിയില്‍ ഒരു ന്യായവും കണ്ടെത്താത്ത കമ്മറ്റി അദ്ദേഹത്തെ പട്ടാളത്തില്‍ നിന്നും പിരിച്ചു വിടുവാന്‍ ശുപാര്‍ശ ചെയ്യുകയാണ് ചെയ്തത്. അതിന്റെ അടിസ്ഥാനത്തില്‍ പട്ടാളത്തില്‍ നിന്നും പിരിച്ചു വിട്ട ബ്രിഗേഡിയര്‍ ഡയറിന് തന്റെ നാട്ടുകാരായ ഇന്ത്യയിലെ ബ്രിട്ടീഷുകാര്‍ ഇന്ത്യയിലെ എല്ലാ ക്ലബുകളില്‍ നിന്നും പിരിച്ച് 26000  പവന്‍ നല്‍കിയാണ് ബ്രിട്ടനിലേയ്ക്ക് പറഞ്ഞു വിട്ടത്.

കാലം ജനറല്‍ ഡയറിനെ കൂടുതല്‍ നാള്‍ ജീവിക്കാന്‍ അനുവദിച്ചില്ല 1927  ല്‍ അദ്ദേഹം ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നു മരിച്ചു.

1940 ആയപ്പോഴേയ്ക്കും ജാലിയന്‍വാല ബാഗ് കൂട്ടക്കൊല പ്ലാന്‍ ചെയ്ത പഞ്ചാബ് ഗവര്‍ണര്‍ ആയിരുന്ന മൈക്കിള്‍ ഒ. ഡയര്‍ ജോലിയില്‍ നിന്നും വിരമിച്ച് ലണ്ടനില്‍ താമസമാക്കിയിരുന്നു.

ജാലിയന്‍വാല ബാഗ് കൂട്ടക്കൊലയ്ക്ക് ശേഷം ഉണ്ടായ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ വന്‍ ബോംബുകളും, പീരങ്കികളും ഒക്കെ ഉപയോഗിച്ച് പട്ടാളം അതിക്രൂരമായിട്ടാണ് ജനങ്ങളെ നേരിട്ടത്.

ജാലിയന്‍വാല ബാഗ് കൂട്ടക്കൊല നടക്കുന്ന സമയത്ത് ഉദംസിംഗ് തന്റെ അനാഥശാലയിലെ കുട്ടികള്‍ക്ക് ഭക്ഷണം വിളമ്പി കൊടുത്ത് കൊണ്ടിരിക്കുകയായിരുന്നു. ചെറുപ്പത്തില്‍ അച്ഛനും അമ്മയും മരിച്ചു പോയത് കൊണ്ട് ഉദംസിംഗും അദ്ദേഹത്തിന്റെ ജ്യേഷ്ഠനും അമൃതസറിലെ ഒരു അനാഥശാലയില്‍ ആണ് വളര്‍ന്നിരുന്നത്.

ബ്രിട്ടീഷുകാര്‍ പഞ്ചാബില്‍ നടത്തിയ ക്രൂരതകള്‍ അദ്ദേഹത്തിന്റെ മനസ്സിനെ വളരെ വേദനിപ്പിച്ചിരുന്നു. ബ്രിട്ടീഷ് ഭരണത്തിന് കീഴില്‍ പട്ടിണി അനുഭവിക്കുന്ന തന്റെ ജനങ്ങളുടെ വേദന സിംഗിന് താങ്ങാനാവുന്നതിനും അപ്പുറം ആയിരുന്നു. അദ്ദേഹം സുവര്‍ണ്ണ ക്ഷേത്രത്തില്‍ എത്തി ഒരു പ്രതിജ്ഞ എടുത്തു അത് ജാലിയന്‍വാല ബാഗ് കൂട്ടക്കൊലയുടെ യഥാര്‍ത്ഥ ഉത്തരവാദിയായിരുന്ന മൈക്കല്‍  ഒ. ഡയറിനെ വകവരുത്തും എന്നായിരുന്നു.

അമൃതസറിലെ വിപ്ലവ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചതിന്റെ പേരിലും ഒരു തോക്ക് കൈവശം വച്ചതിനും ഉദംസിംഗ് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട് അതുകൊണ്ട് തന്നെ അദ്ദേഹം പോലീസിന്റെ നോട്ടപ്പുള്ളി ആയിരുന്നു. തന്റെ പ്രതിജ്ഞ നടപ്പിലാക്കുന്നതിന്റെ ആദ്യ തുടക്കം എന്ന നിലയില്‍ അദ്ദേഹം പേരു മാറി ഇന്ത്യയിലെ മൂന്നു പ്രധാന മതങ്ങളെയും സമന്വയിപ്പിക്കുന്ന രാം, മുഹമ്മദ്, സിംഗ്, ആസദ് എന്നായി ഉദംസിംഗിന്റെ പേര്‍. അതിന് ശേഷം കാഷ്മീരിലേയ്ക്ക് രക്ഷപ്പെട്ടു അവിടെ നിന്നും ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലാന്റ്, ഓസ്ട്രിയ എന്നീ രാട്രങ്ങളിലൂടെ കറങ്ങി 1934 ല്‍ ഇംഗ്ലണ്ടില്‍ എത്തി ഇംഗ്ലണ്ടിലെ തന്റെ യാത്രയ്ക്കായി ഒരു കാറും റിവോള്‍വറും സംഘടിപ്പിച്ചു. മൈക്കിള്‍ ഒ. ഡയറിനെ പിന്തുടര്‍ന്ന സിംഗിന് അദ്ദേഹത്തെ വകവരുത്താന്‍ ഒത്തിരി അവസരം ഉണ്ടായിട്ടും ഈ കൊലപാതകം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധയിടുന്നതിന് വേണ്ടിയുള്ള ഒരു സമയത്തിന് വേണ്ടി സിംഗ് കാത്തിരുന്നു.

1940  മാര്‍ച്ച് 13 ന് ലണ്ടനിലെ 10 ക്യാക്സ്റ്റണ്‍ ഹാളില്‍ റോയല്‍ സൊസൈറ്റി ഓഫ് ഏഷ്യന്‍ അഫേഴ്‌സ് സംഘടിപ്പിച്ചിരിക്കുന്ന മീറ്റിംഗില്‍ മൈക്കിള്‍ ഒ. ഡയര്‍ ആയിരുന്നു പ്രധാന പ്രഭാഷകന്‍. ഉദംസിംഗ് വളരെ നേരത്തെ തന്നെ ഹാളില്‍ തന്റെ ദൗത്യം നടപ്പിലാക്കാന്‍ പറ്റിയ സ്ഥലം കണ്ടെത്തി നില ഉറപ്പിച്ചിരുന്നു തന്റെ റിവോള്‍വര്‍ പ്രത്യേകം തയ്യാറാക്കിയ ഒരു ബുക്കിലാണ് ഒളിപ്പിച്ചു വച്ചരിന്നത്. മീറ്റിംഗ് അവസാനിപ്പിച്ച് ചുറ്റും കൂടി നിന്നവരുടെ ഇടയില്‍ നിന്നും മൈക്കിള്‍ ഡയര്‍ മുന്‍പാട്ട് നടന്ന് അന്നത്തെ സെക്രട്ടറി ഓഫ് സ്‌റ്റേറ്റ് ഓഫ് ഇന്ത്യ സെറ്റ്‌ലാന്റിനോട് സംസാരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഉദംസിംഗ് തന്റെ റിവോള്‍വര്‍ പുറത്തെടുത്ത് ഡയറിനു നേരെ രണ്ടു തവണ കാഞ്ചി വലിച്ചു. 76 വയസ്സുകാരനായ ഡയര്‍ അവിടെ വീണ് മരിച്ചു. പിന്നീട് സെന്റ് ലാന്റിന് നേരെ രണ്ട് തവണ വെടിവച്ചു ലൂയിസ് ഡാനി, ലോഡ് ലമിംങ്ങ്ടണ്‍ എന്നിവര്‍ക്കുകൂടി വെടിയേറ്റെങ്കിലും അവര്‍ ആരും മരിച്ചില്ല.

സംഭവ സ്ഥലത്തു നിന്നും രക്ഷപെടാന്‍ ശ്രമിക്കാതിരുന്ന ഉദംസിംഗിനെ പോലീസ് അപ്പോള്‍ തന്നെ കസ്റ്റഡിയില്‍ എടുത്തു. പോലീസുകാരോട് സെന്റ് ലാന്റ് മരിച്ചില്ലെ രണ്ടു വെടി കൃത്യമായി ഞാന്‍ അവനു നേരെ വച്ചിരുന്നതാണല്ലോ എന്നു ഉദംസിംഗ് പറഞ്ഞു. അതു മാത്രമല്ല താന്‍ ചെയ്ത കൃത്യത്തില്‍ യാതൊരു കുറ്റബോധവും സിംഗ് പ്രകടിപ്പിച്ചില്ല. 1940 ഏപ്രില്‍ 1 ന് ഉദംസിംഗിന് എതിരെ ഡയറിനെ കൊന്ന കുറ്റം ചുമത്തി ബ്രിക്സ്റ്റണ്‍ ജയിലില്‍ അടച്ചു. സിംഗ് അവിടെ നിരാഹാര സമരം നടത്തി 42 ദിവസം കഴിഞ്ഞപ്പോള്‍ നിര്‍ബന്ധമായി ഭക്ഷണം നല്‍കി. 1940 ജൂണ്‍ 4 ന് ഓള്‍ഡ് ബെയിലി സെന്റര്‍ ക്രിമിനല്‍ കോടതിയില്‍ സിംഗിനെ ഹാജരാക്കി കോടതി മുന്‍പാകെ സിംഗ് ഇങ്ങനെ പറഞ്ഞു.

'ഞാന്‍ അതു ചെയ്തു എനിക്കത് അവനോട് പ്രതികാരം ചെയ്യണമായിരുന്നു. ഡയര്‍ യഥാര്‍ത്ഥ കുറ്റവാളിയാണ്. അവന്‍ എന്റെ ജനതയെ തകര്‍ക്കാന്‍ ശ്രമിച്ചു. അതുകൊണ്ട് ഞാന്‍ അവനെ തകര്‍ത്തു. കഴിഞ്ഞ 21 വര്‍ഷമായി ഞാന്‍ കൊണ്ടു നടന്ന എന്റെ പ്രതികാരം ഞാന്‍ തീര്‍ത്തു. ഇപ്പോള്‍ ഞാന്‍ സന്തോഷവാനാണ് ഞാന്‍ എന്റെ ജോലി ചെയ്തു എന്നതില്‍ അതീവ സന്തുഷ്ടനാണ്. ഞാന്‍ മരണത്തെ ഭയക്കുന്നില്ല ഞാന്‍ മരിക്കുന്നത് എന്റെ രാജ്യത്തിന് വേണ്ടിയാണ്.

ബ്രിട്ടീഷ് ഭരണത്തില്‍ എന്റെ ജനങ്ങള്‍ വിശന്നു മരിക്കുന്നത് ഞാന്‍ കണ്ടു ഞാന്‍ അതിനെതിരെ പ്രതിഷേധിച്ചു. ഞാന്‍ ചെയ്തത് എന്റെ കര്‍ത്തവ്യം ആണ് എന്നു ഞാന്‍ വിശ്വസിക്കുന്നു.

എന്റെ പ്രിയപ്പെട്ട രാജ്യത്തിന് വേണ്ടി എന്റെ ജീവന്‍ നല്‍കാന്‍ കഴിയുന്നതിലും വലിയ എന്തു ബഹുമതിയാണ് നിങ്ങള്‍ക്ക് എനിയ്ക്കു തരാന്‍ കഴിയുന്നത്.'

കോടതി സിംഗിനെ മരണ ശിക്ഷയ്ക്ക് വിധിച്ചു 1940 ജൂലൈ 31 ന് ഇംഗ്ലണ്ടിലെ പെന്റണ്‍ വില്ല ജയിലില്‍ അദ്ദേഹത്തെ തൂക്കിലേറ്റി ജയിലിന്റെ മൈതാനത്ത് തന്നെ ശവ സംസ്‌കാരവും നടത്തി.

ഇന്ത്യന്‍ യുവത്വത്തോടുള്ള വെല്ലു വിളിയാണ് സിംഗിന്റെ കൊലപാതത്തിലൂടെ ബ്രിട്ടീഷുകാര്‍ നടത്തിയിരിക്കുന്നത് എന്ന് മഹാത്മഗാന്ധി പറഞ്ഞു. ബോധം ഇല്ലാത്ത പ്രവര്‍ത്തി എന്ന് ജവഹര്‍ലാല്‍ നെഹ്‌റു പ്രതികരിച്ചു എല്ലാ ഇന്ത്യന്‍ നേതാക്കന്‍മാരും ഈ കൊലപാതകത്തെ അപലപിച്ചു.

1974 ജൂലൈ ഉദംസിംഗിന്റെ ഭൗതിക അവശിഷ്ടം കുഴിച്ചെടുത്ത് ഇന്ത്യ ഗവണ്‍മെന്റിന് നല്‍കി സിംഗിന്റെ നാടായ പഞ്ചാബിലെ എംഎല്‍എ സാധുസിംഗ് . ഉദംസിംഗിന്റെ ഭൗതിക അവശിഷ്ടം വാങ്ങി ഇന്ത്യയില്‍ കൊണ്ടു വന്ന് ശവസംസ്‌കാരം നടത്താന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന അപേക്ഷ അന്നത്തെ ഇന്ത്യന്‍ പ്രധാന മന്ത്രി ഇന്ധിരാഗാന്ധിയ്ക്ക് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ബ്രിട്ടീഷ് ഗവണ്‍മെന്റുമായി ബന്ധപ്പെട്ടാണ് ഭൗതിക ശരീരം ഇന്ത്യയില്‍ കൊണ്ടുവന്നത്. ഇന്ത്യാ ഗവണ്‍മെന്റിന്റെ പ്രത്യേക പ്രതിനിധിയെ അയച്ച് ഇന്ത്യയില്‍ കൊണ്ടുവന്ന സിംഗിന്റെ ഭൗതിക അവശിഷ്ടത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അന്നത്തെ പ്രസിഡന്റ് ശങ്കര്‍ ദയാല്‍ ശര്‍മ്മയും, പഞ്ചാബ് മുഖ്യ മന്ത്രി സെയില്‍സിംഗും ചേര്‍ന്ന് വിമാനത്താവളത്തില്‍ സ്വീകരിച്ചു. ഇന്ദിരാഗാന്ധി റീത്ത് സമര്‍പ്പിക്കുകയും ചെയ്തു. (പിന്നീട് ശങ്കര്‍ ദയാല്‍ ശര്‍മ്മയും സെയില്‍സിംഗും ഇന്ത്യയുടെ പ്രസിഡന്റുമാരായി.)

ഭൗതികാവശിഷ്ടം സിംഗിന്റെ ജന്മനാടായ പഞ്ചാബിലെ സണ്‍ത്തില്‍ ദഹിപ്പിച്ച് സുത്തി നദിയില്‍ നിമജ്ഞനം ചെയ്തു.

ഉദംസിംഗ് മൈക്കിള്‍ ഒ. ഡയറിനെ വെടിയ്ക്കാന്‍ ഉപയോഗിച്ച തോക്കും ഉണ്ടകളും ലണ്ടനിലെ സ്‌കോട്ട്‌ലാന്റ് യാര്‍ഡിന്റെ ബ്ലാക്ക് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഒരു സിക്കുകാരന്റെ ശവശരീരം സ്വീകരിച്ച് എല്ലാ ബഹുമതിയോടെയും അടക്കം ചെയ്യാന്‍ സഹായിച്ച ആ ഇന്ധിരാഗാന്ധിയെ മറ്റൊരു പഞ്ചാബിലെ കൂട്ടക്കൊലയുടെ പേരില്‍ മറ്റൊരു സിക്കുകാരനാല്‍ കൊല ചെയ്യപ്പെട്ടു എന്നത് വിധി വൈപരീത്യമായി കാണാം.

ജാലിയന്‍ വാലാ കൂട്ടക്കൊലക്ക് പ്രതികാരം ചെയ്ത ഉദ്ധം സിംഗിന്റെ ബലിദാന വാര്‍ഷികം ഇന്ന്‌ ജാലിയന്‍ വാലാ കൂട്ടക്കൊലക്ക് പ്രതികാരം ചെയ്ത ഉദ്ധം സിംഗിന്റെ ബലിദാന വാര്‍ഷികം ഇന്ന്‌ ജാലിയന്‍ വാലാ കൂട്ടക്കൊലക്ക് പ്രതികാരം ചെയ്ത ഉദ്ധം സിംഗിന്റെ ബലിദാന വാര്‍ഷികം ഇന്ന്‌ ജാലിയന്‍ വാലാ കൂട്ടക്കൊലക്ക് പ്രതികാരം ചെയ്ത ഉദ്ധം സിംഗിന്റെ ബലിദാന വാര്‍ഷികം ഇന്ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക