Image

അര്‍ത്തുങ്കല്‍ കടപ്പുറത്ത് സത്യന്‍ അന്തിക്കാട് ചിത്രം

Published on 31 July, 2012
അര്‍ത്തുങ്കല്‍ കടപ്പുറത്ത് സത്യന്‍ അന്തിക്കാട് ചിത്രം
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആലപ്പുഴ അര്‍ത്തുങ്കല്‍ കടപ്പുറത്ത് ആരംഭിച്ചു. ഐ.ജി പത്മകുമാര്‍ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വഹിച്ചുകൊണ്ടാണ് ചിത്രം ഷൂട്ടിംഗ് ആരംഭിച്ചത്.ഇത്തവണ കടലിന്റെ പശ്ചാത്തലത്തിലാണ് സത്യന്‍ തന്റെ ചിത്രത്തിന്റെ കഥ പറയുന്നത്. പന്ത്രണ്ടാം വയസില്‍ കടപ്പുറത്ത് ഒറ്റപ്പെട്ടുപോയ ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥാവികസനം. 

താമര എന്നു വിളിക്കപ്പെടുന്ന ചെന്താമരയാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രം. കടപ്പുറത്ത് കഴിയുന്ന മോഹന്‍ എന്ന യുവാവും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രമാകുന്നു. പാവപ്പെട്ട കടല്‍ മക്കളുടെ കഥയാണ് ഇവിടെ സത്യന്‍ പുതിയ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. 

ഒറ്റപ്പെട്ടു പോയെങ്കിലും താമരക്ക് അറിയാമായിരുന്നു ഈ കടലും കടലിന്റെ മക്കളും തന്നെ കൈവിടില്ലെന്ന്. അവള്‍ എന്നും ആ തീരത്തെ പ്രീയപ്പെട്ടവളായിരുന്നു. 

മോഹനന്‍ താമരയുടെ കളിക്കൂട്ടുകാരനാണ്. അവര്‍ തമ്മിലുള്ള ബന്ധം വളരെ തീവ്രമായിരുന്നു. ടി.ടി.സി കഴിഞ്ഞ അവന്റെ ജീവിതത്തിലെ ഏറ്റവും വലിയ മോഹം അധ്യാപകനാകുക എന്നതായിരുന്നു. കുട്ടികള്‍ക്ക് ട്യൂഷനെടുത്ത് അവന്‍ മോഹന്‍ മാസ്റ്ററായി. ഈ ഘട്ടത്തിലാണ് താമര തിരിച്ചറിയുന്നത് മോഹന് തന്നോട് ഇഷ്ടമാണെന്ന്. ഈ കടപ്പുറത്ത് ഇതൊരു സന്തോഷകരമായ വാര്‍ത്തയായിരുന്നു. സത്യന്‍ ചിത്രത്തിന് ഇവിടെ പുതിയൊരു വഴിത്തിരിവുണ്ടായി. 

നര്‍മ്മത്തിന്റെ മുഹൂര്‍ത്തങ്ങളിലൂടെ വികസിക്കുന്ന കഥയില്‍ അല്പം നൊമ്പരവും പ്രേക്ഷകര്‍ക്കായി കരുതിവെച്ചിട്ടുണ്ട്. നിരവധി നായികമാരെ മലയാളത്തിനു സമ്മാനിച്ച സത്യന്‍ അന്തിക്കട് ഒരു പുതിയ നായികയെ കൂടി ഈ ചിത്രഥ്തിലൂടെ അവതരിപ്പിക്കുന്നുണ്ട്. നമിതാ പ്രമോദ്. ട്രാഫിക്കിലൂടെ സിനിമയിലെത്തിയ നമിതാ പ്രമോദ് നായികയായി അഭിനയിക്കുന്ന ആദ്യ ചിത്രമാണിത്. 

യുവനായകനായ നിവന്‍പോളിയാണ് മോഹനനെ അവതരിപ്പിക്കുന്നത്. കെ.പി എന്ന ഏറെ പ്രധാന്യമുള്ള ഒരു കഥാപാത്രത്തെ നെടുമുടി വേണു അവതരിപ്പിക്കുന്നു. സിദ്ധാര്‍ഥ് ശിവ അവതരിപ്പിക്കുന്ന ആലപ്പി അപ്പച്ചന്‍ മറ്റൊരു പ്രധാന കഥാപാത്രമാണ്. 

നാടക രംഗത്തെ ഏതാനും പ്രമുഖരും ഈ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. ചെമ്പിന്‍ അശോകന്‍, നിയാസ്, ധര്‍മ്മജന്‍, കോവൂര്‍ വിനോദ്, പെരുന്ന മധു, അനിതാ സുരേഷ് എന്നിവരും മല്ലികയും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. 

ബെന്നി.പി.നായരമ്പലം ഈ ചിത്രത്തിനു തിരക്കഥയൊരുക്കുന്നു എന്നതാണ് പ്രധാന പ്രത്യേകത. ആദ്യമായാണ് ബെന്നി.പി.നായരമ്പലത്തിന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് ചിത്രമൊരുക്കുന്നത്. കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് ഇളയരാജ ഈണം പകരുന്നു. വേണു ഛായാഗ്രഹണം നിര്‍വഹിക്കുന്നു. 
ആന്‍ മെഗാ മീഡിയയുടെ ബാനറില്‍ നീറ്റാ ആന്റോ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. ആന്‍ മെഗാ മീഡിയാ റിലീസ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കും. 

അര്‍ത്തുങ്കല്‍ കടപ്പുറത്ത് സത്യന്‍ അന്തിക്കാട് ചിത്രം
അര്‍ത്തുങ്കല്‍ കടപ്പുറത്ത് സത്യന്‍ അന്തിക്കാട് ചിത്രം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക