Image

നാട് കണ്ടിട്ട് 12 വര്‍ഷം; വന്‍തുക പിഴയടക്കാന്‍ കനിവ് തേടി നാസര്‍

Published on 31 July, 2012
നാട് കണ്ടിട്ട് 12 വര്‍ഷം; വന്‍തുക പിഴയടക്കാന്‍ കനിവ് തേടി നാസര്‍
ദോഹ: അറബി നല്‍കിയ കള്ളക്കേസില്‍ കുടുങ്ങിയ മലയാളി 12 വര്‍ഷമായി നാട്ടില്‍ പോകാനാകാതെ ദുരിതത്തില്‍. എറണാകുളം ആലുവ പുറയാട് പൂക്കാട്ട് വീട്ടില്‍ അബ്ദുല്‍നാസറാ(45)ണ് സഈദ് മുബാറക് അല്‍ സുലൈതി എന്ന സ്വദേശി നല്‍കിയ കേസിനെത്തുടര്‍ന്ന് ദുരിതത്തിലായത്. കോടതിവിധിച്ച 50,560 റിയാല്‍ പിഴയടച്ച് നാട്ടിലേക്ക് മടങ്ങാന്‍ ഉദാരമതികളുടെ സഹായം തേടുകയാണ് ഇപ്പോള്‍ നാസര്‍. 

സ്വതന്ത്ര ടാക്‌സി സര്‍വീസ് നടത്താനായി 2001ല്‍ സഈദില്‍ നിന്ന് 20,000 റിയാലിന് വാഹനം വാങ്ങിയതോടെയാണ് നാസറിന്റെ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. പ്രതിമാസം ആയിരം റിയാല്‍ വീതമടച്ച് പലിശയടക്കം 38 മാസം കൊണ്ട് ഇടപാട് തീര്‍ക്കാമെന്ന ഉറപ്പിന്‍മേല്‍ പാസ്‌പോര്‍ട്ട് ഈട് നല്‍കിയാണ് വാഹനം വാങ്ങിയത്.

തവണകളായി 30,000 റിയാല്‍ നാസര്‍ അടച്ചെങ്കിലും ലഭിച്ചത് 22,600 റിയാലിന്റെ രസീതായിരുന്നു. ഇതിനിടെ വിസ പുതുക്കാനായി നാസര്‍ പാസ്‌പോര്‍ട്ട് ആവശ്യപ്പെട്ടെങ്കിലും സഈദ് നല്‍കിയില്ല. തുടര്‍ന്ന് നാസറിന്റെ സ്‌പോണ്‍സര്‍ കേസ് നല്‍കി പാസ്‌പോര്‍ട്ട് തിരിച്ചുവാങ്ങി വിസ പുതുക്കി. പാസ്‌പോര്‍ട്ട് വിട്ടുകിട്ടാന്‍ വൈകിയതിനാല്‍ വിസ പുതുക്കാന്‍ 12,000 റിയാല്‍ പിഴയടക്കേണ്ടി വന്നു. സഈദിന്റെ വീഴ്ചമൂലം തനിക്ക് ഇത്രയും തുകയുടെ നഷ്ടമുണ്ടായതിനാല്‍ വാഹന ഇടപാടിലെ ബാക്കി തുക നല്‍കാനാവില്ലെന്ന് നാസര്‍ അറിയിച്ചു.

തുടര്‍ന്നാണ് നാസറിനെതിരെ സഈദ് കോടതിയെ സമീപിച്ചത്. 2008ല്‍ മൂത്ത മകളുടെ വിവാഹത്തിന് നാട്ടില്‍ പോകാനൊരുങ്ങുമ്പോഴാണ് ഈ കേസില്‍ തനിക്ക് അരലക്ഷം റിയാലോളം കോടതി വിധിച്ചിട്ടുണ്ടെന്നും യാത്രാനിരോധമുണ്ടെന്നും നാസര്‍ അറിയുന്നത്.
ഇന്ത്യന്‍ എംബസിയുടെ ഇടപെടലിനെത്തുടര്‍ന്ന് രസീത് പ്രകാരമുള്ള 22,600 കഴിച്ച് ബാക്കി 15,400 റിയാല്‍ വാങ്ങി പ്രശ്‌നം അവസാനിപ്പിക്കാന്‍ സി.ഐ.ഡി അധികൃതര്‍ നിര്‍ദേശിച്ചെങ്കിലും സഈദ് വഴങ്ങിയില്ല.
കാര്യമായ ജോലിയൊന്നുമില്ലാത്ത നാസറിന് 50,000 റിയാലെന്നത് താങ്ങാവുന്നതിനും അപ്പുറമാണ്. ഇതിനിടെ ഒരു കണ്ണിന്റെ കാഴ്ച ഏറെക്കുറെ നഷ്ടപ്പെടുകയും ചെയ്തു.

കണ്ണിന് ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. മൂന്ന് പെണ്‍മക്കളും ഭാര്യയുമടങ്ങുന്നതാണ് നാസറിന്റെ കുടുംബം. നാസറിന്റെ അസാന്നിധ്യത്തിലായിരുന്നു രണ്ട് പെണ്‍മക്കളുടെ വിവാഹം. ഇതില്‍ അഞ്ച് ലക്ഷം രൂപയോളം കടബാധ്യതയുണ്ട്. മൂന്നാമത്തെ മകളുടെ വിവാഹത്തിനായി ആകെ സമ്പാദ്യമായ അഞ്ച് സെന്റ് സ്ഥലവും പണിതീരാത്ത വീടും വില്‍ക്കേണ്ട അവസ്ഥയാണ്.

നാസറിന്റെ ദുരിതമറിഞ്ഞ് എഡ്മാഖ് എന്ന സംഘടനയും ചില ഉദാരമതികളും ചേര്‍ന്ന് 13,000 റിയാല്‍ സമാഹരിച്ച് നല്‍കിയിരുന്നു. ബാക്കി തുക കൂടി ഉണ്ടാക്കാനുള്ള നെട്ടോട്ടത്തിലാണ് മാസങ്ങളായി നാസര്‍. നാസറിനെ സഹായിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 55062949, 55552590 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

നാട് കണ്ടിട്ട് 12 വര്‍ഷം; വന്‍തുക പിഴയടക്കാന്‍ കനിവ് തേടി നാസര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക