Image

ശില്‍പ്പ ഭദ്രതയും ഭാഷാ സൗകുമാര്യവുമുള്ള രചനകള്‍ (ജോണ്‍ വേറ്റത്തിന്റെ രചനാ ലോകം: സുധീര്‍ പണിക്കവീട്ടില്‍)

സുധീര്‍ പണിക്കവീട്ടില്‍ Published on 31 July, 2012
ശില്‍പ്പ ഭദ്രതയും ഭാഷാ സൗകുമാര്യവുമുള്ള രചനകള്‍ (ജോണ്‍ വേറ്റത്തിന്റെ രചനാ ലോകം: സുധീര്‍ പണിക്കവീട്ടില്‍)
ഒരു എഴുത്തുകാരനായി അമേരിക്കന്‍ മലയാളികള്‍ അറിയുന്നതിനു മുമ്പ്‌ തന്നെ ശ്രീ ജോണ്‍ വേറ്റം കേരളത്തിലും അദ്ദേഹത്തിന്റെ ജോലി സ്‌ഥലമായ വടക്കെ ഇന്ത്യയിലും സാഹിത്യകാരന്‍ എന്ന നിലയില്‍ സുപരിചിതനായിരുന്നു. ശ്രീ വേറ്റത്തിന്റെ രചനലോകം നാല്‌ പതിറ്റാണ്ടുകളായി പരന്ന്‌ കിടക്കുന്ന ഒരു ബ്രുഹത്‌ മേഖലയാണ്‌. ചെറുപ്പം മുതല്‍ അദ്ദേഹത്തെ ആകര്‍ഷിച്ച സര്‍ഗ്ഗവ്യാപാരത്തില്‍ അദ്ദേഹം ഇന്നും മുഴുകിയിരിക്കുന്നു. ജന്മസിദ്ധമായ കലാ വാസന വൈവിദ്ധ്യമാര്‍ന്ന രചനകളിലൂടെ അദ്ദേഹം പരിപോഷിപ്പിച്ചു. തന്മൂലം അദ്ദേഹം സാഹിത്യത്തിലെ ഒരു ശാഖയില്‍ തന്നെ ഒതുങ്ങി നിന്നില്ല. കഥകളും, നാടകങ്ങളും, ഗാനങ്ങളും, കവിതകളും, നിരൂപണങ്ങളും, നോവലും അദ്ദേഹം എഴുതി.. ഇംഗ്ലീഷില്‍ നിന്നും ധാരാളം രചനകള്‍ മലയാളത്തിലേക്ക്‌ മൊഴിമാറ്റം ചെയ്‌തിട്ടുണ്ട്‌.

ശ്രീ വേറ്റത്തിന്റെ പ്രസിദ്ധീകരിച്ച നാലു പുസ്‌തകങ്ങളില്‍ ഒന്നിന്റേയും കോപ്പികള്‍ ഇപ്പോള്‍ ലഭ്യമല്ല. ഏകദേശം നാല്‍പ്പത്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ എഴുതപ്പെട്ട ആ ക്രുതികള്‍ക്ക്‌ പുതിയ പതിപ്പുകള്‍ ഉണ്ടായില്ല. ആ ക്രുതികളെ കുറിച്ച്‌ വായനകാരന്‌ ത്രുപ്‌തിയാകുന്ന വിധത്തില്‍ല്‌പഒരു ഏകദേശ രൂപം നല്‍കാന്‍ തന്മൂലം കഴിയുകയില്ല. പുസ്‌തകത്തിന്റെ കീറിപ്പോയ ചട്ടകള്‍ മാത്രമണ്‌ ഈ രചനകള്‍ ഒരു കാലത്ത്‌ പ്രചാരത്തിലിരുന്നിരുന്നു എന്നതിനു തെളിവായിട്ടുള്ളത്‌.. (അവയുടെ ഫോട്ടോസ്‌റ്റാറ്റ്‌ കോപ്പികള്‍ ഈ പേജുകളില്‍ വായനകാര്‍ക്കുവേണ്ടി ഒട്ടിച്ച്‌ വച്ചിരിക്കുന്നു) കൂടാതെ ആ പുസ്‌തകങ്ങളെ കുറിച്ച്‌ അന്നും ഇന്നും ഉന്നത നിലവാരം പുലര്‍ത്തുന്ന മാത്രുഭൂമിയില്‍ വന്ന നിരൂപണങ്ങളും പുസ്‌തകങ്ങളെ കുറിച്ച്‌ ഗവേഷണം നടത്താന്‍ ആഗ്രഹമുള്ളവര്‍ക്ക്‌ സഹായകമാകും. അന്നു കാലത്ത്‌ നിരൂപണങ്ങള്‍ മാദ്ധ്യമങ്ങളില്‍ എങ്ങനെ പ്രത്യക്ഷപ്പെട്ടിരുന്നു എന്ന്‌ ഇവിടെ വായനക്കാര്‍ക്ക്‌ കാണാന്‍ വേണ്ടി അവശേഷിച്ച പുറങ്ങളുടെ കോപ്പി ഈ പേജില്‍ കൊടുക്കുന്നു. മാത്രുഭൂമിയുടെ വളരുന്ന സാഹിത്യം എന്ന പംക്‌തിയില്‍ ഓളങ്ങള്‍ എന്ന നോവലിനെകുറിച്ചും; `മൃഗശാല'' എന്ന കഥസമാഹാരത്തെപ്പറ്റി നിരൂപണം വന്നിരുന്നു. അനുനിമിഷം പരീക്ഷണങ്ങള്‍ക്കും പരിണാമങ്ങള്‍ക്കും വിധേയമായി കൊണ്ടിരിക്കയാണ്‌ സാഹിത്യ പ്രസ്‌ഥാനം. അതുകൊണ്ട്‌ ശ്രീ വേറ്റത്തിന്റെ അന്നു കാലത്ത്‌ എഴുതിയ കൃതികളെ കുറിച്ച്‌ ഒരു വിലയിരുത്തല്‍ നടത്തുമ്പോള്‍ സൂക്ഷിക്കേണ്ട ഒരു കാര്യമാണ്‌ കാലാന്തരങ്ങളുടെ സ്വാധീനം. മലയാളത്തിലെ ആദ്യ ചെറുകഥ വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍ എഴുതിയ `വാസനാവിക്രുതി''യായി കരുതി വരുന്നു. സ്വന്തം പേരു പോയിട്ട്‌ ഒരു പേരും വക്കാതെയാണ്‌ വിദ്യവിനോദിനി എന്ന മാസികയില്‍ ഈ കഥ വന്നത്‌. അമേരിക്കന്‍ മലയാളി എഴുത്തുകാരില്‍ പലര്‍ക്കും തൂലിക നാമത്തിലോ പേരില്ലാതെയോ ഒരു എഴുത്തുകാരനു എഴുതാമെന്ന്‌ അറിയില്ലെന്നുള്ളത്‌ സാഹിത്യ്‌ലോകവുമായി അവര്‍ക്കുള്ള പാമരത്വം പ്രകടിപ്പിക്കുന്നു. മലയാളത്തിലെ ആദ്യ കഥ `വാസനാവിക്രുതി' 1891 ല്‍ വന്നതിനുശേഷം 1930 വരെ അനവധി കഥകള്‍ പ്രത്യക്ഷട്ടെങ്കിലും 1930 കള്‍ക്ക്‌ ശേഷം കഥകള്‍ക്ക്‌ പുതിയ ഒരു രൂപവും ഭാവവും കാണപ്പെട്ടു. ഇക്കാലത്താണ്‌ തകഴി, ദേവ്‌, പൊറ്റേക്കാട്‌, അന്തര്‍ജ്‌ജനം, വര്‍ക്കി മുതലായ പ്രഗത്ഭ എഴുത്തുകാര്‍ മലയാള ഭാഷയില്‍ സര്‍ഗ്ഗാത്മക വികാസത്തിനു വഴിയൊരുക്കിയത്‌. മലയാള ചെറുകഥകളുടെ ആരംഭകാലത്ത്‌ അന്നത്തെ എഴുത്തുകാര്‍ എഡ്‌ഗര്‍ അല്ലന്‍പോ, രുഡിയാര്‍ഡ്‌ കപ്ലിങ്ങ്‌, ആര്‍തര്‍ കോനന്‍ ഡോയല്‍ തുടങ്ങിയ പാശ്‌ചാത്യ എഴുത്തുകാരുടെ രചനകളെ അവലംബിച്ചിരുന്നു. പലരും ജീവിതത്തിലെ സംഭവങ്ങളെ നാടകീയമായും, അവിശ്വനീയമായും അവതരിപ്പിക്കുന്ന പ്രവണത കാണിച്ചു. എന്നാല്‍ എഴുതി തുടങ്ങിയ കാലം മുതല്‍ മൗലികമായ ഒരു ശൈലിയും, ആഖ്യാന ചാതുര്യവും ശ്രീ വേറ്റ വികസിപ്പിച്ചെടുത്തതായി കാണാവുന്നതാണ്‌.

1960 കളുടെ മദ്ധ്യകാലങ്ങളില്‍ കുരുന്നു യൗവ്വനത്തിന്റെ തള്ളിച്ചയില്‍ ശ്രീ വേറ്റം മലയാള സാഹിത്യത്തില്‍ തന്റേതായ ഇരിപ്പിടം ഉറപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അമേരിക്കയിലേക്കുള്ള കുടിയേറ്റവും ഇവിടെ ജീവിതം കെട്ടിപടുക്കുന്നതിനുള്ള ശ്രമവും മൂലം അദ്ദേഹത്തിന്റെ സര്‍ഗ്ഗ തളിരുകള്‍ വാടി നിന്നു.

ഇത്രയും വര്‍ഷങ്ങള്‍ക്ക്‌ മുമ്പെഴുതിയ ക്രുതികളെ കുറിച്ച്‌ ഓര്‍ക്കാന്‍ ഒരു എഴുത്തുകാരനും കഴിയുകയില്ല. എങ്കിലും അദ്ദേഹത്തിന്റെ അന്നത്തെ രചനകള്‍ ശ്രദ്ധ വച്ചിരുന്നതു സമൂഹ നന്മയും, ജീവിതത്തില്‍ മാനുഷിക മൂല്യങ്ങളുടെ പ്രസക്‌തിയും, കുടുംമ്പ ബന്ധങ്ങളും, ഒക്കെയായിരുന്നു. രചനകളില്‍ അനീതികള്‍ക്കെതിരെ തീവ്രമായി പ്രതികരിക്കാനുള്ള ഒരു പ്രവണത അദ്ദേഹത്തില്‍ അന്നുണ്ടായിരുന്നതിന്റെ തെളിവാണു നാടക രചന. അദ്ദേഹത്തിന്റെ പ്രഥമ നാടകം `ഞാനല്‍പ്പം താമസിച്ച്‌ പോയി' എന്ന നാടകത്തിന്റെ പ്രസ്‌താവനയില്‍ നമ്മള്‍ ഇങ്ങനെ വായിക്കുന്നു. `സത്യവും സാരനിര്‍ഭരവുമായ ചില നിത്യ സംഭവങ്ങള്‍ക്ക്‌ സാക്ഷിയാകുവാനിടവന്നപ്പോള്‍ നോവുകള്‍ നിര്‍ഗ്ഗളിക്കുന്ന ഒരു നൂതനപ്രപഞ്ചത്തിലേക്ക്‌ ഞാന്‍ വഴുതി വീണു....ആ സന്ദര്‍ഭത്തിലായിരുന്നു ഈ നാടകത്തിന്റെ ഇതിവ്രുത്തം മനസ്സില്‍ രൂപം കൊണ്ടത്‌.

സ്വന്തം അഭിപ്രായങ്ങള്‍ അല്ലെങ്കില്‍ മനുഷ്യ സമൂഹത്തിനു അനുകൂലവും, പ്രയൊജനകരവുമായ സംഗതികള്‍ ജനങ്ങളിലെത്തിക്കാന്‍ പറ്റിയ ഏറ്റവും നല്ല മാദ്ധ്യമമാണു നാടകം. നാടകാന്ത്യം കവിത്വം എന്നാണു ചൊല്ല്‌. ശ്രീ വേറ്റം ഇതര രചനകള്‍ക്കൊപ്പം നാടകവും എഴുതി എന്നത്‌ അദ്ദേഹത്തിന്റെ പദ സ്വാധീനവും, രചനസങ്കേതങ്ങളിലെ കയ്യൊതുക്കവും വെളിപ്പെടുത്തുന്നു. ആദ്യകാല കഥകളുടെ ഒരു ഏകദേശരൂപം മനസ്സിലാക്കാന്‍ ഇതോടൊന്നിച്ച്‌ ശ്രീ വേറ്റത്തിന്റെ ഃ ജലപ്പരപ്പിലെ കാല്‍പ്പാടുകള്‍ എന്ന കഥ ഉള്ളടക്കം ചെയ്യുന്നു. അതുപോലെ അദ്ദേഹം ആദ്യകാലത്ത്‌ എഴുതിയ ഗാനങ്ങല്‍, അദ്ദേഹത്തിന്റെ രചനകളെകുറിച്ച്‌ പത്രങ്ങളില്‍ വന്ന (അക്കാലത്ത്‌) കുറിപ്പുകള്‍ എന്നിവയും ഈ ലേഖനത്തോടൊപ്പം ഉള്‍പ്പെടുത്തിയിരിക്കുന്നു.

വിശുദ്ധ വേദ പുസ്‌തക പാരായണം ഭക്‌തിപൂര്‍വ്വം നിര്‍വ്വഹിക്കുക മാത്രമല്ല അതില്‍ അടങ്ങിയിരിക്കുന്ന വചനങ്ങളെ കൂടുതല്‍ മനസ്സിലാക്കുവാനും ആ കണ്ടെത്തുലുകള്‍ തന്റെ രചനകളിലൂടെ വ്യക്‌തമാക്കാനും ജീവിതത്തില്‍ പ്രായോഗികമാക്കാനും അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്‌. ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മുന്നറിയിപ്പ്‌ എന്ന ലേഖനം അതിനു ദ്രുഷ്‌ടാന്ത്‌മാണു. എന്നാല്‍ അദ്ദേഹം മതത്തെ അന്ധമായി ആരാധിക്കുന്ന വ്യക്‌തിയുമല്ലെന്ന്‌ അദ്ദേഹത്തിന്റെ രചനകള്‍ സാക്ഷ്യം വഹിക്കുന്നു. കൂടാതെ `ഡാര്‍ജിലിങ്ങും ക്രൈസ്‌തവ സഭകളും'' എന്ന പുസ്‌തക്‌ത്തിന്റെ പിറവി വചനങ്ങളിലൂടെ വചനശുശ്രൂഷയിലൂടെ എങ്ങനെ മനുഷ്യ ജീവിതത്തിലെ അജ്‌ഞതയുടെ അന്ധകാരം നീക്കാമെന്നു കാണിക്കുന്നതാണു. എന്നാല്‍ കേരളത്തിലെ ഒരു ഉന്നത പ്രസിദ്ധീകരണ സമിതി `മത പ്രചരണത്തിനു വേണ്ടി മനഃപൂര്‍വ്വം എഴുതിയതെന്നു തോന്നുന്നതിനാല്‍' എന്ന കാരണം പറഞ്ഞ്‌ അതിന്റെ പ്രസിദ്ധീകരണം സാദ്ധ്യമല്ലെന്നു അദ്ദേഹത്തെ അറിയിച്ചു. ശ്രീ വേറ്റം പിന്നീട്‌ ആ പുസ്‌തകം പ്രസിദ്ധീകരിച്ചു. അതിന്റെ പ്രസ്‌താവനയില്‍ അദ്ദേഹം എഴുതി ഃ സത്യവും, സനാതനവുമായ ഒരു വിശുദ്ധ മതത്തിന്റെ, സ്‌നേഹവും, സഹാനുഭൂതിയും വഴിഞ്ഞൊഴുകുന്ന സേവനങ്ങളെ നിഷ്‌പക്ഷമായി പ്ര തിപാദിക്കുന്നത്‌ ഒരു പ്രബോധന സമ്പ്രദായമായിട്ടോ അരുതാത്തൊരു പ്രവര്‍ത്തന്മായിട്ടൊ ഞാന്‍ കരുതുന്നില്ല. ശ്രീ വേറ്റത്തിന്റെ ഫോട്ടോ ശേഖരങ്ങളില്‍ നിന്നും ഈ സ്‌മരണികയില്‍ കൊടുത്തിരിക്കുന്ന പടങ്ങള്‍ പലതും വിശുദ്ധ വേദ പുസ്‌തകവുമായി ബന്ധപ്പെട്ടതാണ്‌ എന്നു തോന്നുമെങ്കിലും അവ ചേര്‍ത്തിരിക്കുന്നതിന്റെ ഔചിത്യം `ചാവുകടലിലെ ഗ്രുന്ഥചുരുളുകളുടെ' വിവര്‍ത്തന സമയത്ത്‌ അദ്ദേഹം അവിടെ സന്ദര്‍ശിച്ചിരുന്നത്‌ കൊണ്ട്‌ കൂടിയാണ്‌.

അമേരിക്കന്‍ മലയാള പ്രസിദ്ധീകരണങ്ങളില്‍ വന്നിട്ടുള്ള അദ്ദേഹത്തിന്റെ രചനകളില്‍ നമ്മള്‍ കാണുന്നത്‌ ഭാഷയുടെ ഒഴുക്കും സൗന്ദര്യവുമാണ്‌. ശ്രീ വേറ്റത്തിന്റെ രചനകളില്‍ ഒരു മനുഷ്യ സ്‌നേഹിയുടെ സ്വരം നമുക്ക്‌ കേള്‍ക്കാം.എഴുത്തുകാരന്‍ നന്മയുടെ പക്ഷത്തായിരിക്കണമെന്ന സാമാന്യ തത്വം അദ്ദേഹം രചനകളില്‍ പ്രകടമാക്കുന്നു. ഈ പ്രപഞ്ച്‌ത്തിന്റെ നിലനില്‍പ്പ്‌ അദൃശ്യനായ ദൈവത്തിന്റെ കൈകളില്‍ ആണെന്നു അദ്ദേഹം വിശ്വസിക്കുന്നു. സ്രുഷ്‌ടിയുടെ നിഗൂഡ രഹസ്യങ്ങളില്‍ക്ക്‌ നോക്കികൊണ്ട്‌ ആശ്‌ചര്യഭരിതനായി അദ്ദേഹം ചോദിക്കുന്നു. എവിടെയാണാദിയുടെ ആരംഭം? എവിടെയാണൂര്‍ജ്ജത്തിനുറവ?

ഒരു എഴുത്തുകാരന്റെ ധാര്‍മ്മിക ഉത്തരവാദിത്വം പരിപൂര്‍ണ്ണമായി മനസ്സിലാക്കുന്ന ഒരു എഴുത്തുകാരനാണ്‌ ശ്രീ വേറ്റം. അറിവിന്റെ ശക്‌തിയെപ്പറ്റി അദ്ദേഹം തന്റെ രചനകളിലൂടെ വായനക്കാര്‍ക്ക്‌ പ്രബോധനം നല്‍കുന്നു. ചാവുകടലിലെ ഗ്രുന്ഥചുരുളുകള്‍ എന്ന വിവര്‍ത്തന പുസ്‌തകം അദ്ദേഹത്തിന്റെ രചനകളില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്‌. ഇന്ന്‌ വിശ്വപ്രസിദ്ധിയാര്‍ജിച്ച കഴിഞ്ഞ ഈ ദിവ്യ ലിഖിതങ്ങളെപ്പറ്റി നേരായ വിവരങ്ങല്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ഉത്തരമാണീ പുസ്‌തകം. പുസ്‌തക്‌ത്തെ കുറിട്ടുള്ള നിരൂപണം ഈ സ്‌മരണികയില്‍ ഉള്‍പ്പെടുത്തിയ്രിക്കുന്നതിനാല്‍ അതേപറ്റി കൂടുതല്‍ എഴുതുന്നില്ല. പഴയ കാല രചനകളില്‍ നിന്ന്‌ വ്യത്യസ്‌ഥ്‌മാണ്‌ ശ്രീ വേറ്റത്തിന്റെ രചനകള്‍. ആ വ്യത്യാസം കാലത്തിന്റെ സ്വാധീനതയില്‍ വന്നെ ചേര്‍ന്നതല്ല. കാലിക പ്രസ്‌ഥാനങ്ങളെ അനുകരിച്ചതുമല്ല. എഴുത്തുകാരന്‍ എപ്പോഴും പരീക്ഷണങ്ങല്‍ ചെയ്‌ത്‌കൊണ്ടിരിക്കുന്നവനാണ്‌. വായനക്കാരുടെ അഭിരുചി മാറുന്നതനുസരിച്ച്‌ എന്നാല്‍ തന്റേതായ ആശയങ്ങളില്‍ നിന്നും വ്യതിചലിക്കാതെ നൂതനമായ ഒരു ആവിഷ്‌ക്കാര ശൈലി അദ്ദേഹം സ്വീകരിച്ചിരിക്കുന്നു.

ശ്രീ വേറ്റത്തിനോട്‌ സാഹിത്യപരമായ അദ്ദേഹത്തിന്റെ കാഴ്‌ച്ചപ്പാടുകളെകുറിച്ചും രചനകളെകുറിച്ചും അറിയാന്‍ വേണ്ടി പത്ത്‌ ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. ചോദ്യങ്ങളും അദ്ദേഹത്തിന്റെ മറുപടിയും ഇതില്‍ ചേര്‍ക്കുന്നു. ശ്രീ വേറ്റം എന്ന എഴുത്തുകാരനെ, സാഹിത്യത്തിലെ ഇതര ശാഖകള്‍ വിവിധ കാലഘട്ടങ്ങളിലായി കൈകാര്യം ചെയ്‌ത ഗ്രന്ഥകാരനെകുറിച്ച്‌ കൂതലറിയാന്‍ അദ്ദേഹവുമായി ചിലവഴിക്കുന്ന, വിചാരവേദി ഒരുക്കുന്ന അപൂര്‍വ്വ നിമിഷങ്ങള്‍ സഹ്രുദയരായ എല്ലാവരും പ്രയോജനപ്പെടുത്തുമെന്നു വിശ്വസിക്കുന്നു.

ശ്രീ ജോണ്‍ വേറ്റത്തിനു സകല നന്മകളും നേരുന്നു.


പ്രശസ്‌ത അമേരിക്കന്‍ മലയാളി എഴുത്തുകാരന്‍ ശ്രീ ജോണ്‍ വേറ്റത്തിനോട്‌ പത്ത്‌ ചോദ്യങ്ങള്‍

1. ആദ്യം എഴുതിയ കൃതി, അതിനെകുറിച്ച്‌ ഒരു ചെറിയ വിവരണം.

ഒരേ കാലഘട്ടത്തില്‍ ചെറുകഥകളും, ഏകാങ്കനാടകങ്ങളും, ലളിത ഗാനങ്ങളും എഴുതി.. ആദ്യം പുസ്‌തകമാക്കി പ്രസിദ്ധീകരിച്ചത്‌ `ഞാനല്‍പ്പം താമസിക്ലുപോയി' എന്ന നാടകം. 1964 ല്‍ പ്രസിദ്ധീകരിച്ച ഇതിന്റെ വിതരണം B.K.M. ബൂക്കുഡെപ്പോ, ചമ്പക്കുളം നിര്‍വ്വഹിച്ചു. എയര്‍ഫോഴ്‌സ്‌ ക്യാമ്പുകളിലും, ബോംബെ, സിലിഗുരി (ഡാര്‍ജിലിങ്ങ്‌) എന്നിവിടങ്ങളിലും സ്വന്തമായി അവതരിപ്പിച്ചു. മറ്റ്‌ പല സ്‌ഥലങ്ങളിലും അവതരിപ്പിച്ചിട്ടുണ്ട്‌.

2. ഏതാണ്‌ സാഹിത്യത്തില്‍ താങ്കള്‍ക്ക്‌ ഇഷ്‌ട്ടപെട്ട മേഖല. താങ്കള്‍ കഥ, കവിത, നോവല്‍, ലേഖനം തുടങ്ങിയവ എഴുതുന്നുണ്ടല്ലോ?

സാഹിത്യത്തിലെ എല്ലാ മേഖലകളും ഇഷ്‌ടപ്പെട്ടതാണ്‌. സാഹചര്യമനുസരിച്ച്‌ കഥകളും, നാടകവും, ഗാനങ്ങളും, ചരിത്രവും, നോവലും എഴുതി പ്രസിദ്ധീകരിച്ചു. എങ്കിലും, ഒരിടത്ത്‌ സ്‌ഥിരവാസം അസാദ്ധ്യമായിരുന്നതിനാലും, എയര്‍ ഫോഴ്‌സ്‌ നിയമം പ്രതിക്കൂലമായിരുന്നത്‌കൊണ്ടും ഒന്നിലും ഉറച്ച്‌ നിന്ന്‌ എഴുതുവാന്‍ കഴിഞ്ഞില്ല. എഴുതിയതെല്ലാം പ്രസിദ്ധീകരിക്കുവാനും സാധിച്ചില്ല. ഇപ്പോള്‍ കഥകളും, ഗദ്യകവിതകളും, ലേഖനങ്ങളുമായി മുന്നോട്ട്‌ പോകുന്നു.

3. സമൂഹത്തിലെ അനീതികളും, മനുഷ്യരുടെ ദുഃഖങ്ങളും എഴുത്തുകാരന്‍ തന്റെ ക്രുതികളില്‍ പ്രതിഫലിപ്പിച്ചാല്‍ എന്തു ഗുണമാണ്‌ താങ്കള്‍ പ്രതീക്ഷിക്കുന്നത്‌.

സാമൂഹ്യ തിന്മകളും മത രാഷ്‌ട്രീയ മണ്ഡലങ്ങളിലെ ശത്രുതയും ദുഷ്‌ടതയും ദുഷിപ്പുകളും സ്വേച്‌ഛാധിപത്യപ്രവണതകളും സംഘടിതചൂഷണങ്ങളും ധനികതയുടെ സ്വജനപക്ഷപാതവും, ദുഃഖത്തിന്റെ ദുര്‍ഘട മാര്‍ഗ്ഗങ്ങളും ക്രുതികളില്‍ പ്രതിഫലിപ്പിക്കുമ്പോള്‍, വിവാദപരാമാര്‍ശങ്ങളും, വിപ്ലവബോധവും, സമസൃഷ്‌ടിസ്‌നേഹവും, വായനക്കാരില്‍ ഉണരും. കുറ്റങ്ങള്‍ ആവര്‍ത്തിക്കയും, അനീതിയെ നീതിയായി കാണുകയും ചെയ്യുന്ന ആധിപത്യശക്‌തികളെ ഛേദിക്കുന്നതിനും, ജനസമൂഹത്തിലെ ദരിദ്രരേഖകളെ തുടച്ച്‌ മാറ്റുന്നതിനു ധാര്‍മ്മികമാനദണ്ഡങ്ങളെ കാണിച്ചു കൊടുക്കുന്നതിനും സാഹിത്യകാരന്‌ സാധിക്കും.

4. നിങ്ങള്‍ക്കിഷ്‌ട്ടപെട്ട മലയാളി എഴുത്തുകാരന്‍ ആരാണ്‌. ആ വ്യക്‌തിയുടെ ഏതൊക്കെ കൃതികള്‍ ഇഷ്‌ട്ടപെടുന്നു. എന്തുകൊണ്ട്‌?

ഒന്നിലധികം മലയാളി എഴുത്തുകാരെ ഇഷ്‌ടപ്പെടുന്നുണ്ട്‌. അവരുടെ മഹത്തായ സാഹിത്യസൃഷ്‌ടികളാണ്‌ കാരണം. ആകര്‍ഷകമായ ആവിഷ്‌ക്കരണവും അതില്‍ തിളങ്ങുന്ന വര്‍ണ്ണസത്യങ്ങളും, രേഖീകൃതസന്ദേശങ്ങളും, കാന്തഗുണമുള്ള ശൈലിയും അവരെ ഇഷ്‌ടപ്പെടുവാന്‍ സഹായിച്ചു. പൊന്‍കുന്നം വര്‍ക്കിയുടെ അള്‍ത്താരയും (നാടകം) തകഴിയുടെ രണ്ടിടങ്ങഴിയും, (നോവല്‍) മുട്ടത്ത്‌ വര്‍ക്കിയുടെ ഇണപ്രാവുകളും (നോവല്‍) പാറപ്പുറത്തിന്റെ നിണമണിഞ്ഞ കാല്‍പ്പാടുകളും (നോവല്‍) കുമാരാനാശാന്റെ കവിതകളും, തോപ്പില്‍ ഭാസിയുടെ നാടകങ്ങളും വയലാറിന്റേയും, ഒ.ന്‍.വിയുടേയും വിപ്ലവ ഗാനങ്ങളും ഇപ്പോഴും ഓര്‍ക്കുന്നു.

5. അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ രചനകള്‍ വായിക്കാറുണ്ടൊ? ആരുടെയൊക്കെ രചനകള്‍ ശ്രദ്ധിച്ചിട്ടുണ്ട്‌. അതിനു കാരണം.

അമേരിക്കയിലെ മലയാളി എഴുത്തുകാരുടെ ക്രുതികള്‍ വായിക്കാറുണ്ട്‌. ദേശാഭിമാനവും, ഭാഷാസ്‌നേഹവും, സാഹിത്യവാസനയും, ഉള്‍ക്കൊണ്ട്‌, നവം നവങ്ങളായ പ്രവണതകളോടുകൂടി എഴുതി പുരോഗതിയിലേക്ക്‌ പാഞ്ഞ്‌ പോകുവാന്‍ നിരന്തരം പരിശ്രമിക്കുന്ന പ്രവാസി എഴുത്തുകാര്‍ക്ക്‌ അഭിനന്ദനങ്ങള്‍.

6. നിങ്ങള്‍ എഴുതിയതില്‍ നിങ്ങള്‍ക്ക്‌ ഇഷ്‌ട്ടപെട്ട കൃതി.

1973ല്‍ അമേരിക്കയില്‍ എത്തുന്നതിനുമുമ്പ്‌ നാവി പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിച്ചു. അതിനുശേഷം, കാല്‍ നൂറ്റാണ്ട്‌ കാലത്തോളം സാങ്കേതികതടസ്സങ്ങളാല്‍ പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിച്ചില്ല. ഈ ഘട്ടത്തില്‍ അമേരിക്കയില്‍ പ്രസിദ്ധീകരണ സൗകര്യം ഇല്ലായിരുന്നു. അപൂര്‍വ്വമായി മലയാളമാദ്ധ്യമങ്ങള്‍ പൊട്ടിമുളച്ചെങ്കിലും വളര്‍ന്നില്ല. എഴുതിയ ക്രുതികളില്‍ ഇഷ്‌ടപ്പെട്ടതിനെ വേര്‍തിരിക്കാന്‍ കഴിയുന്നില്ല. എങ്കിലും 47 വര്‍ഷം മുമ്പ്‌ ജയകേരളം വാരികയില്‍ പ്രസിദ്ധീകരിച്ച ചെറുകഥ - പിഞ്ചിപ്പോയ പട്ടുസാരി - ഇപ്പോഴും ഓര്‍മ്മയില്‍ ഓടിവരാറുണ്ട്‌.

7. നിങ്ങളുടെ അഭിപ്രായത്തില്‍ അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ നാട്ടില്‍ എഴുതി പ്രസിദ്ധി നേടണോ. അതോ ഇവിടത്തെ പത്രങ്ങളില്‍ എഴുതി പ്രസിദ്ധി നേടണോ. ഇവിടെ മാത്രം ശ്രദ്ധപതിപ്പിക്കുന്ന എഴുത്തുകാര്‍ക്ക്‌ നാട്ടിലെ സാഹിത്യ അക്കാദമി പോലുള്ള അവാര്‍ഡുകള്‍ നഷ്‌ടമാകുമല്ലൊ? എന്താണു താങ്കള്‍ക്ക്‌ ഈ വിഷയത്തെകുറിച്ച്‌ പറയാനുള്ളത്‌.

വികസിതരാഷ്‌ട്രമായ അമേരിക്കയിലെ ഒരു പരിഷ്‌കൃത സമൂഹമാണ്‌ കേരളീയര്‍. പരിജ്‌ഞാനവും, സാമ്പത്തികശേഷിയും പ്രവര്‍ത്തനസന്നദ്ധതയുമുള്ള ജനത. എങ്കിലും മലയാളിഎഴുത്തുകാരുടെ വികസനപുരോഗതിക്ക്‌ ആവശ്യമായ അടിസ്‌ഥാനസൗകര്യം ഇപ്പോള്‍ പരിമിതമാണ്‌. പുസ്‌തകപ്രകാശകരും വിതരണ കര്‍ത്താക്കളും ഇല്ലാത്തതാണ്‌ മുഖ്യകാരണം. അവഗണനയും, അമിതവിമര്‍ശനവും നേരിടുമ്പോഴും അഭിമാനത്തോടും അത്മധൈര്യത്തോടും സാഹിത്യപ്രവര്‍ത്തനം തുടരുന്ന അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ക്ക്‌ അഭിവ്രുദ്ധി വരുത്തുന്ന സഹായ സൗകര്യം ഉണ്ടാവണം. അറിയപ്പെടുന്നതിനും, അംഗീകരിക്കപ്പെടുന്നതിനും കേരളീയ സാഹിത്യകാരന്മാരുടെ ക്രുതികളോടൊപ്പം പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനും വേണ്ടി പ്രവാസിസാഹിത്യകാരന്മാര്‍ കേരളത്തിലെ സാഹിത്യമണ്ഡലവുമായി ബന്ധപ്പെടണം. അങ്ങനെ സ്വദേശികളും, പ്രവാസികളുമായ സകല സാഹിത്യകാരന്മാരുമായും സഹകരിച്ച്‌ പ്രവര്‍ത്തിക്കുന്നതിനും സാധിക്കണം. പ്രവാസി എഴുത്തുകാരെ തിരിച്ചറിയുന്നതിനും അവരുടെ സാഹിത്യ സ്രുഷ്‌ടികളുടെ നിര്‍ണ്ണായകഗുണം ബോദ്ധ്യപ്പെടുത്തുന്നതിനും അത്‌ സഹായിക്കും.

8. ഇവിടത്തെ സാഹിത്യ സംഘടനകള്‍ എഴുത്തുകാര്‍ക്ക്‌ വേണ്ടി എന്തൊക്കെ ചെയ്യണം?

അമേരിക്കയിലെ സാഹിത്യ സംഘടനകള്‍ക്ക്‌ മലയാളി എഴുത്തുകാരെ സഹായിക്കാന്‍ സാധിക്കും. അതാതിടങ്ങളിലെ എല്ലാ എഴുത്തുകാരേയും സംഘടനയില്‍ കൊണ്ടുവരണം. എല്ലാ മലയാളി എഴുത്തുകാര്‍ക്കും, പരസ്‌പരം പരിചയപ്പെടുന്നതിനും സമ്പര്‍ക്കം പുലര്‍ത്തുന്നതിനും സംഘടിച്ച്‌ പ്രവര്‍ത്തിക്കുന്നതിനും മാര്‍ഗദര്‍ശിയായിട്ടോ, മധ്യസ്‌ഥനായിട്ടോ, സംഘടനകള്‍ സഹായിക്കണം. സാഹിത്യപ്രവര്‍ത്തനം വികസ്വരമാക്കുന്നതിനു ആവശ്യമായ പദ്ധതികള്‍ പൊതുമേഖലയില്‍ സംഘടിച്ച്‌ സ്‌ഥാപിക്കണം. വാര്‍ത്താവിനിമയ രംഗം അത്ഭുതകരമായ രീതിയില്‍ മെച്ചപ്പെടുത്തി, അച്ചടിമേഖലയെ ഉപേക്ഷിച്ച്‌, പുസ്‌തകനിര്‍മ്മാണം കമ്പൂട്ടര്‍ സഹായത്തോടെ പ്രായോഗികമാക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ പുരോഗതി ഉണ്ടാക്കുകയും ചെയ്യുന്നതിനാല്‍ സാഹിത്യ സംഘടനകള്‍ പ്രവാസിഎഴുത്തുകാരുടെ പ്രധാന പിന്തുണയായി എപ്പോഴും പ്രവര്‍ത്തിക്കണം.

9. പ്രവാസ മലയാളികള്‍ അവരുടെ ഭാഷയും സംസ്‌കാരവും അന്യനാട്ടില്‍ സം രക്ഷിക്കുന്നത്‌ നല്ലത്‌ തന്നെ. പക്ഷെ അമേരിക്കന്‍ മലയാളികള്‍ ഇവിടത്തെ പൗരന്മാരായി, ഇവിടെ കുടി കിടപ്പ്‌ ആരംഭിക്കുമ്പോള്‍ അതു കൊണ്ട്‌ എന്തു ഗുണം. തന്നെയുമല്ല മലയാള ഭാഷകൊണ്ട്‌ ഇവിടെ വലിയ പ്രയോജനമില്ലല്ലൊ? അപ്പോള്‍ പിന്നെ ഒരു തലമുറയോടൊപ്പം അവരുടെ ഭാഷയും സംസ്‌കാരവു ഇവിടെ നഷ്‌ടപെടുന്നതില്‍ എന്തിനു നമ്മള്‍ വ്യാകുലപെടണം. താങ്കളുടെ അഭിപ്രായം.

ആസന്ന ഭാവിയില്‍ മലയാള ഭാഷയും, കേരളീയ സംസ്‌കാരവും അമേരിക്കന്‍ മലയാളിക്ക്‌ നഷ്‌ടമാകുമെന്ന വ്യാകുലചിന്ത പടരാന്‍ തുടങ്ങിയിട്ട്‌ ഏറെനേരം കഴിഞ്ഞു. യാഥാര്‍ത്ഥ്യങ്ങളുടെ അഭാവമാണു ഈ വിചാരവേദനയുടെ കാരണം. അമേരിക്കന്‍ ഐക്യനാടുകളില്‍ അധിവസിക്കുന്ന കേരളീയരുടെ അംഗസംഖ്യ ഇപ്പോഴും, അംശമായിട്ടാണെങ്കിലും വര്‍ദ്ധിക്കുന്നു. ഈ ജനപ്രവാഹം നിര്‍ത്തലാക്കുമെന്ന മുന്നറിയിപ്പുകള്‍ ഉണ്ടായിട്ടില്ല. അമേരിക്ക കുടിയേറ്റകാരുടെ രാജ്യമാണു. വിദേശരാഷ്‌ട്രങ്ങളുമായി നയതന്ത്രബന്ധം പുലര്‍ത്തുന്ന ഇന്നത്തെ ശക്‌തികേന്ദ്രം. അതു മലയാളിയുടെ പ്രവേശനം മാത്രം തടയുമോ? മലയാള ഭാഷയും , കേരളീയ സംസ്‌കാരവും ഇവിടുത്തെ മലയാളിക്കാണാവശ്യം. ഈ വിദേശ ഭൂമിയില്‍ മലയാളിജനത അറ്റുപോകുമെന്ന സങ്കല്‍പ്പം അസംഗതമാണു. ഇവിടെ പൗരത്വം സ്വീകരിച്ച്‌്‌ ജീവിക്കുമ്പോഴും മാദ്ധ്യമങ്ങളിലൂടെയാണെങ്കിലും മലയാളത്തിന്റെ മാധുര്യവും, സുഗന്ധവും ഇമ്പമേറിയ ഗാനധാരയിലൂടെ ആസ്വദിച്ച്‌്‌ സന്തോഷിക്കുന്ന അമേരിക്കന്‍ മലയാളിയുടെ ഭാഷാസ്‌നേഹവും സംസ്‌കാരമേന്മയും അവരോടൊപ്പം എപ്പോഴും ഉണ്ടായിരിക്കും. പ്രത്യേകിച്ച്‌ ധനനിക്ഷേപത്തിനും വ്യവസായത്തിനും അവകാശനിയമങ്ങളും വോട്ടവകാശവും പ്രവാസികള്‍ക്ക്‌ ലഭിച്ചതിനാല്‍ സ്വന്തനാടുമായ അവരുടെ ബന്ധം പൂര്‍വ്വാധികം പുഷ്‌ടിപ്പെടും.


10. വരിസംഖ്യ കൊടുക്കാനും വായിക്കാനും വലിയ താല്‍പ്പര്യമില്ലാത്ത പ്രവാസികള്‍ അവരുടെ മാത്രുഭാഷ ആ ദേശത്ത്‌ നഷ്‌ടപെട്ടു പോകുന്നതില്‍ ഒരു പങ്ക്‌ വഹിക്കുന്നില്ലേ? എഴുത്തുകാര്‍ മാത്രം വിചാരിച്ചാല്‍ എന്ത്‌ ചെയ്യാനൊക്കും.?

വരിസംഖ്യ കൊടുത്ത്‌ വായനക്കാരാകുന്ന ഗുണശീലം വിദേശ മലയാളികളില്‍ കുറയുന്നു എന്ന പരാതി അനിഷേദ്ധ്യമാണ്‌. മാത്രുഭാഷയോടുള്ള വെറുപ്പും വിരക്‌തിയുമല്ല ഇതിന്റെ ഹേതു. പിന്നയോ, സമയം തെറ്റി ഭവനങ്ങളില്‍ എത്തുന്ന അച്ചടിമാദ്ധ്യമങ്ങളില്‍ ആകര്‍ഷകവിഷയങ്ങള്‍ വിരളവും, വിരസപരസ്യങ്ങള്‍ ബഹുലവുമാകുന്നു എന്ന പരാതിയാണ്‌ ഒരു കാരണം. ലോകവ്യാപകമാകുന്ന സംഭവവിവരണങ്ങളും സമ്രുദ്ധിയായ സാഹിത്യസ്രുഷിട്‌കളും പുതുമയോടെ നല്‍കുന്ന കമ്പൂട്ടറിന്റെ ബഹുത്വമാണ്‌ മറ്റ്‌ തടസ്സം. ഇവ വിദേശമാദ്ധ്യമങ്ങളുടെ പ്രചാരണത്തെ ദോഷമായി ബാധിക്കുന്നു. എങ്കിലും, പ്രസ്‌തുത പ്രസിദ്ധീകരണങ്ങള്‍ എല്ലാ മലയാളികളുടേയും അഭിമാനമാണ്‌. സകലകേരളീയരുടേയും ഉന്നമനത്തിനു വേണ്ടിയുള്ള സ്‌ഥാപനങ്ങളാണ്‌. സാമ്പത്തികമാണ്‌ അവയുടെ അടിസ്‌ഥാനം. അതു ശക്‌തിപ്പെടുന്നത്‌ സാമൂഹ്യ പിന്തുണയിലാണ്‌. സര്‍വ്വോപരി, മലയാളമാദ്ധ്യമം ദേശാഭിമാനികളായ പ്രവാസി മലയാളികളുടെ ആവശ്യമാണ്‌. ഈ വാസ്‌ഥവം മനസ്സിലാക്കി മാന്യ്‌വായനക്കാരും മലയാളി എഴുത്തുകാരും, സാഹിത്യസാംസ്‌കാരിക സംഘടനകളും നമ്മുടെ മാദ്ധ്യമങ്ങളുടെ വിജ്‌ഞാനവിതരണവും സന്ദേശയാത്രയും സഫലമാക്കുവാന്‍ പ്രവര്‍ത്തിക്കണം.

(ന്യൂയോര്‍ക്കിലെ വിചാരവേദിയെന്ന സാഹിത്യ സംഘടനയ്‌ക്ക്‌ വേണ്ടി തയാറാക്കിയത്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക