Image

ആഴക്കടലില്‍ കൊച്ചു കേരളവുമായി കണ്‍വന്‍ഷന്‍ യാത്ര

Published on 01 August, 2012
ആഴക്കടലില്‍ കൊച്ചു കേരളവുമായി കണ്‍വന്‍ഷന്‍ യാത്ര
ന്യൂയോര്‍ക്ക്‌: ഉല്ലാസ കപ്പല്‍ കാര്‍ണിവല്‍ ഗ്ലോറിയില്‍ ഫോമാ കണ്‍വെന്‍ഷന്‍ അംബാസിഡര്‍ നിരുപമ റാവു ഉദ്‌ഘാടനം ചെയ്‌തു.

മന്‍ഹാട്ടനിലെ പന്ത്രണ്ടാം street) നങ്കൂരമിട്ട 11 നില കപ്പലിലെ അംബര്‍ പാലസ്‌ എന്ന ഓഡിറ്റോറിയത്തിലാണ്‌ രണ്ടുമണിക്ക്‌ ഉദ്‌ഘാടന ചടങ്ങ്‌ നടന്നത്‌. കസവു സാരിയും സെറ്റുമുണ്ടും ഉടുത്ത വനിതകളും, കസവു മുണ്ടും ഷര്‍ട്ടും അണിഞ്ഞ പുരുഷന്മാരും കേരള വേഷത്തില്‍ കുട്ടികളും അണിനിരന്നപ്പോള്‍ കപ്പലിലെ മറ്റ്‌ അതിഥികള്‍ക്കും കൗതുകം.

1200-ല്‍പ്പരം പേര്‍ക്കിരിക്കാവുന്ന അംബര്‍ പാലസ്‌ ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞ സദസില്‍ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ സണ്ണി പൗലോസ്‌ യാത്രികരെ സ്വാഗതം ചെയ്‌തു. ട്രഷറര്‍ ഷാജി എഡ്വേര്‍ഡ്‌ ആയിരുന്നു എം.സി. സെക്രട്ടറി ബിനോയി തോമസ്‌ സ്വാഗതം ആശംസിക്കുകയും ഫോമയുടെ പ്രവര്‍ത്തനങ്ങളെ അവലോകനം ചെയ്യുകയും ചെയ്‌തു.

ഇന്ത്യ അമേരിക്ക ബന്ധം മെച്ചപ്പെടുത്താന്‍ എല്ലാ മലയാളികളും പരിശ്രമിക്കണമെന്ന്‌ അംബാസഡര്‍ പറഞ്ഞു. മലയാളിയെങ്കിലും ബാഗ്‌ളുരില്‍ വളര്‍ന്ന തനിക്കു മലയാളം നല്ല വശമില്ലെന്ന്‌ അവര്‍ പറഞ്ഞു.

സംഘടന രണ്ടായെങ്കിലും കഴിയുന്നത്ര ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്ന്‌ ഡോ. ബാബു പോള്‍ പറഞ്ഞു. ഫോമാ നല്ല ഫോമിലാണ്‌.. ഫൊക്കാന പോക്കാണെന്നും പറയുന്നു. എന്തായാലും ഫോമയാണ്‌ ഇപ്പോള്‍ മുന്നില്‍. അതിനാല്‍ ശക്തരായവരാണ്‌ സൗമനസ്യം കാട്ടേണ്ടതും യോജിപ്പിന്‌ ശ്രമിക്കേണ്ടതും-അദ്ദേഹം പറഞ്ഞു.

മുന്‍ കാലങ്ങളില്‍ സംഘടനകള്‍ ചെയ്‌തിട്ടില്ലാത്ത പാതയിലൂടെ പോകാനണ്‌ തങ്ങള്‍ ശ്രമിച്ചതെന്നു പ്രസിഡന്റ്‌ ബേബി ഊരാളിലും സെക്രട്ടറി ബിനോയ്‌ തോമസും പറഞ്ഞു. നിറഞ്ഞ സംതൃപ്‌തിയോടെയാണ്‌ ഇത്തരമൊരു സദസിനെ എതിരേല്‍ക്കുന്നതെന്ന്‌ ബേബി ഊരാളില്‍ പറഞ്ഞു. ഈ ദിനത്തിനായി തങ്ങള്‍ കാത്തിരിക്കുകയായിരുന്നു. ഉല്ലസിക്കാനും ചിന്തിക്കാനും നിറയെ വിഭവങ്ങളുമായുള്ള വിരുന്നാണ്‌ തങ്ങള്‍ ഒരുക്കിയിരിക്കുന്നതെന്നും അതില്‍ എല്ലാവരും ആഹ്ലാദം കണ്ടെത്തുമെന്നും തങ്ങള്‍ക്ക്‌ ഉറപ്പുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു.

മലയാളി സമൂഹത്തിന്റെ ഈ മാമാങ്കം വന്‍ വിജയമാകട്ടെ എന്ന്‌ ന്യൂജേഴ്‌സി അസംബ്ലിമാനും കോണ്‍ഗ്രസിലേക്കുള്ള സ്ഥാനാര്‍ത്ഥിയുമായ ഉപേന്ദ്ര ചിവുക്കുള ആശംസിച്ചു. വിവിധ രംഗങ്ങളില്‍ മലയാളി സമൂഹം കാഴ്‌ചവെയ്‌ക്കുന്ന സേവനങ്ങളെ അദ്ദേഹം പ്രകീര്‍ത്തിച്ചു.

സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റിലെ ഉപദേഷ്‌ടാവായ മിഥുല്‍ ദേശായി ഇന്ത്യന്‍ സമൂഹം മുഖ്യധാരയില്‍ കൂടുതല്‍ ശ്രദ്ധേയരാകേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. സെക്രട്ടറി ബിനോയി തോമസിന്റെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം ശ്ശാഘിച്ചു.

ഇത്തരമൊരു കൂട്ടായ്‌മയില്‍ പങ്കുചേരാനും ഇത്രയും മലയാളികള്‍ക്കൊപ്പം യാത്ര ചെയ്യാനും കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന്‌ മുന്‍ എം.എല്‍.എ എം. മുരളി പറഞ്ഞു. കണ്‍വന്‍ഷനിലെ വിവിധ സെമിനാറുകള്‍ക്ക്‌ നേതൃത്വം നല്‍കുന്ന മുന്‍ അംബാസിഡര്‍ ടി.പി. ശ്രിനിവാസന്‍ എന്നിവരും കേരള ഫിലിം ഡെവലപ്‌മെന്റ്‌ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സാബു തോമസും ആശംസകള്‍ അര്‍പ്പിച്ചു.

കണ്‍വെന്‍ഷനോടനുബന്ധിച്ചുള്ള സുവനീറിന്റെ പ്രകാശന കര്‍മ്മം ജെ. മാത്യൂസ്‌, ഡോ. സാറാ ഈശോ എന്നിവരുടെ നേതൃത്വത്തില്‍ നടന്നു. കണ്‍വന്‍ഷന്‍ കണ്‍വീനര്‍ സജി ഏബ്രഹാം നന്ദി പറഞ്ഞു.

വൈകിട്ട്‌ ജോസഫ്‌ ഔസോയും (ലോസ്‌ ഏഞ്ചലസ്‌) സുജയും കപ്പലിന്റെ ക്യാപ്‌റ്റന്‍ ഇറ്റലി സ്വദേശിയായ
സാല്‍ വത്തോറേ റസാലെയുടെ കാര്‍മ്മികത്വത്തില്‍ വിവാഹിതരായി. ഫോമാ നേതാക്കളും മിത്രങ്ങളും പങ്കെടൂത്ത ചടങ്ങു പള്ളിയില്‍ നടക്കുന്ന വിവാഹം പോലെ ഹൃദ്യമായി. സാം ഉമ്മന്‍ ആണ്‌ പ്രര്‍ഥനകള്‍ ചൊല്ലിയത്‌.

ബുധനാഴ്‌ച (ഓഗസ്റ്റ്‌ 1) അഞ്ചുമണിക്ക്‌ യാത്ര തിരിച്ച കപ്പല്‍ വ്യാഴാഴ്‌ച മുഴുവന്‍ കടലിലായിരിക്കും. ഇലക്ഷനാണ്‌ നാളെത്തെ (2) പ്രധാന `കലാ'പരിപാടി. കുട്ടികളുടെ മത്സരങ്ങളും അരങ്ങേറും. വെള്ളിയാഴ്‌ച രാവിലെ ന്യൂ ഫൗണ്ട്‌ലാന്റിലെ സെന്റ്‌ ജോണ്‍സില്‍ നങ്കൂരമിടുന്ന കപ്പലില്‍ നിന്ന്‌ ഏതാനും മണിക്കൂറുകള്‍ സ്ഥലങ്ങള്‍ കാണാന്‍ പോകാം. പ്രകൃതിദത്തമായ ഒട്ടേറെ കാഴ്‌ചകള്‍ ഇവിടെയുണ്ട്‌. കടലും മഞ്ഞുമലകളും, പുരാതന സംസ്‌കാരങ്ങളുമെല്ലാം ആസ്വാദ്യകരമാകും.

വെള്ളിയാഴ്‌ച അഞ്ചുമണിക്ക്‌ വീണ്ടും പുറപ്പെടുന്ന കപ്പല്‍ ശനിയാഴ്‌ച 9 മണിക്ക്‌ കാനഡയിലെ ഹാലിഫാക്‌സില്‍ എത്തും. അത്യന്തം മനോഹരമായ ദൃശ്യങ്ങളടങ്ങിയ സ്ഥലമാണ്‌ ഹാലിഫാക്‌സ്‌. അവിടെ നിന്ന്‌ വൈകിട്ട്‌ 5 മണിക്ക്‌ മടക്കം.

ഞായറാഴ്‌ച വീണ്ടും കപ്പലില്‍ യാത്ര. സെമിനാറുകളുമെല്ലാം അന്നാണ്‌. തിങ്കളാഴ്‌ച രാവിലെ എട്ടിന്‌ വീണ്ടും പോയ സ്ഥലത്ത്‌ തിരിച്ചെത്തും.

കപ്പലില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ഇ മലയാളിയില്‍ ഉണ്ടാകും. മലയാളം ഐപിടിവിയും പ്രത്യേക സംപ്രേഷണം ഒരുക്കിയിട്ടുണ്ട്‌.
ആഴക്കടലില്‍ കൊച്ചു കേരളവുമായി കണ്‍വന്‍ഷന്‍ യാത്രആഴക്കടലില്‍ കൊച്ചു കേരളവുമായി കണ്‍വന്‍ഷന്‍ യാത്ര
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക