Image

ഫൊക്കാനാ കണ്‍വന്‍ഷന്‍ ചിരിയരങ്ങില്‍ പൊട്ടിച്ചിരിയുടെ പെരുമഴ

ജോയിച്ചന്‍ പുതുക്കുളം Published on 01 August, 2012
ഫൊക്കാനാ കണ്‍വന്‍ഷന്‍ ചിരിയരങ്ങില്‍ പൊട്ടിച്ചിരിയുടെ പെരുമഴ
ഹൂസ്റ്റണ്‍: ഫൊക്കാനയുടെ മുന്‍കാല കണ്‍വെന്‍ഷനുകളെപ്പോലെ ഇപ്രാവശ്യത്തെ കണ്‍വന്‍ഷനിലും `ചിരിയുടെ അരങ്ങ്‌' ഒരു മുഖ്യഇനമായിരുന്നു. അവതരണത്തിന്റെ പുതുമയിലും ശൈലിയിലും വ്യാപ്‌തിയിലും ആഴത്തിലും ആസ്വാദക മനസുകളില്‍ ഒരു കുളിര്‍മഴയും തേന്‍മഴയുമായി ചിരിയുടെ വേലിയേറ്റംതന്നെ അരങ്ങിലുണ്ടായി. ഫൊക്കാനാ പ്രസിഡന്റ്‌ ജി.കെ. പിള്ള ചിരിയരങ്ങ്‌ നയിക്കുന്നതിനായി പ്രസിദ്ധ സംഘടാകനും എഴുത്തുകാരനുമായ എ.സി. ജോര്‍ജിനെ വേദിയിലേക്ക്‌ ക്ഷണിച്ചു. അവിടെ സന്നിഹിതരായ ആസ്വാദകരുടെ മനംതൊട്ടറിഞ്ഞ ജോര്‍ജും സംഘവും അവതരിപ്പിച്ച കൊച്ചുകൊച്ചു തമാശകളും നര്‍മ്മശകലങ്ങളും ചിരിവിറ്റുകളും മറ്റും സദസ്യര്‍ ചിരിയുടെ അകമ്പടിയോടെ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു. ചിരിയുടെ പൊടിക്കൈ പ്രയോഗങ്ങളും ഫൊക്കാനാ തമാശകളും ജനശ്രദ്ധ പിടിച്ചുപറ്റി.

ഫൊക്കാനയുടെ പതിനഞ്ചാമത്‌ അന്താരാഷ്‌ട്ര കണ്‍വെന്‍ഷന്‍ അന്തപുരിയില്‍ നിന്ന്‌ വീഡിയോ സന്ദേശം വഴി തിരുവിതാംകൂര്‍ മഹാരാജാവ്‌ ഉദ്‌ഘാടനം ചെയ്‌തെങ്കില്‍ ചിരി അരങ്ങിന്റെ പ്രത്യേക ഉദ്‌ഘാടനം ചെയ്‌തത്‌ അനന്തപുരിയില്‍ നിന്ന്‌ തന്നെ എത്തിയ രണ്ട്‌ ആനകള്‍ (ഫെയിക്‌ ആനകള്‍-ഫൊക്കാനകള്‍ അല്ല) ആയിരുന്നു. ആനകളെ മുത്തുക്കുടകളുടേയും ചെണ്ടമേളത്തിന്റേയും അകമ്പടിയോടെ വേദിയിലേക്ക്‌ ആനയിച്ചു. തുടര്‍ന്ന്‌ ആനകളുടെ സൗഹാര്‍ദ്ദവും നര്‍മ്മ സംഭാഷണങ്ങളും ആന നൃത്തങ്ങളും, ഫൊക്കാനാ ഭാരവാഹികളായ പാപ്പാന്മാരുടെ ആനപ്പുറത്തു കയറാന്‍ കണിക്കുന്ന ശുഷ്‌കാന്തിയും, ആന പിണ്ടമിടലുമെല്ലാം നര്‍മ്മ സംഭാഷണത്തിനും ഹാസ്യാവിഷ്‌കാരത്തിനും പാത്രമായി. ചിലര്‍ ചിരിക്കണമെങ്കില്‍ നല്ല തമാശകള്‍ വേണം. എന്നാല്‍ മറ്റു ചിലര്‍ക്ക്‌ നല്ല നിലവാരമുള്ള ഹാസ്യം വേണം. ചിരിക്കാന്‍ ലുബ്‌ദ്‌ കാണിക്കുന്ന മലയാളി ചിരി ഉള്ളിലൊതുക്കുന്ന ചിലര്‍ അവസാനം വീര്‍പ്പടക്കി പൊട്ടിച്ചിരിക്കുന്നതായി തോന്നി.

ഏബ്രഹാം തോമസ്‌, കുര്യന്‍ പന്നപ്പാറ എന്നിവര്‍ ആനകളായി വേഷമിട്ടു. ഗോപാലകൃഷ്‌ണന്‍ നായര്‍, മാത്യു പന്നപ്പാറ, പൊന്നു പിള്ള, ജോസഫ്‌ കെന്നഡി എന്നിവര്‍ ആനകള്‍ക്ക്‌ നര്‍മ്മവേദിയില്‍ സ്വീകരണമൊരുക്കി. തിരുവല്ലാ ബേബി സംവിധായകനും, എ.സി. ജോര്‍ജ്‌ അവതാരകനുമായിരുന്നു. ആനകളുടെ `പനയോല'കൂട്ടിയുള്ള വിഭവസമൃദ്ധമായ സദ്യയ്‌ക്കുശേഷം ആനകള്‍ തന്നെ പ്രണയ ഗാനങ്ങളുടെ ഈരടികള്‍ കോര്‍ത്തിണക്കിയ ഡ്യൂവെറ്റ്‌ നൃത്തങ്ങള്‍ വേദിയില്‍ അവതരിപ്പിച്ചപ്പോള്‍ സദസില്‍ ചിരിയുടെ പൂരമായിരുന്നു.

തുടര്‍ന്ന്‌ ചിരി വിറ്റുകളും, നര്‍മ്മത്തില്‍ ചാലിച്ചെടുത്ത പ്രഭാഷണങ്ങളുമായി ലൂക്കോസ്‌ പി. ചാക്കോ, ഡോ. റോയി തോമസ്‌, ജാനാ കെന്നഡി, തിരുവല്ല ബേബി, അനില്‍കുമാര്‍ ആറന്മുള, മണ്ണടി ഹരി, ഷീലാ ചെറു, ടി.എന്‍. സാമുവേല്‍, ഐസക്‌ ഏബ്രഹാം, ടി.എസ്‌. ചാക്കോ തുടങ്ങിയവര്‍ ഡര്‍ബാര്‍ ഹാള്‍ എന്നുവിളിക്കുന്ന ഫൊക്കാനാ കണ്‍വെന്‍ഷന്‍ മുഖ്യ വേദിയിലെത്തി ചിരിയരങ്ങിനെ സമ്പുഷ്‌ടമാക്കി.
ഫൊക്കാനാ കണ്‍വന്‍ഷന്‍ ചിരിയരങ്ങില്‍ പൊട്ടിച്ചിരിയുടെ പെരുമഴ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക