Image

ഒളിമ്പിക്‌സ് ഹോക്കി: ജര്‍മനിക്കെതിരെ ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍വി

Published on 03 August, 2012
ഒളിമ്പിക്‌സ് ഹോക്കി: ജര്‍മനിക്കെതിരെ ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍വി
ലണ്ടന്‍: ഒളിമ്പിക്‌സ് ഹോക്കിയിലെ നിര്‍ണായക മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ജര്‍മനിയോട് ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍വി. രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് ജര്‍മനി ഇന്ത്യയെ കീഴടക്കിയത്. തോല്‍വിയോടെ ഇന്ത്യയുടെ സെമി സാധ്യതകള്‍ ഏതാണ്ട് അവസാനിച്ചു. പകുതി സമയത്ത് ജര്‍മനി ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് മുന്നിലായിരുന്നു. 

ഏഴാം മിനിട്ടില്‍ ഫുക്‌സ് ഫ്‌ളോറൈനിലൂടെ ജര്‍മനിയാണ് ആദ്യം ലീഡെടുത്തത്. പതിമൂന്നാം മിനിട്ടില്‍ രഘു ഇന്ത്യക്കായി സമനില പിടിച്ചു. പിന്നീടങ്ങോട്ട് ജര്‍മനി മാത്രമെ കളത്തിലുണ്ടായിരുന്നുള്ളൂ. പതിനാറാം മിനിട്ടില്‍ ഫ്‌ളോറൈനിലൂടെ തന്നെ ജര്‍മനി വീണ്ടും ലീഡ് നേടി. 24-ാം മിനിട്ടില്‍ ഒളിവര്‍ കോണിലൂടെ ജര്‍മനി ലീഡുയര്‍ത്തി. 33-ാം മിനിട്ടില്‍ ഇന്ത്യന്‍ പ്രതിരോധത്തിലെ പാളിച്ചകള്‍ മുതലെടുത്ത് ജര്‍മനി വിജയം ഉറപ്പാക്കി നാലാം ഗോള്‍ നേടി. ക്രിസ്റ്റഫര്‍ വെസ്‌ലി ആയിരുന്നു സ്‌കോറര്‍.

രണ്ടാം പകുതിയില്‍ 37-ാം മിനിട്ടില്‍ ഫ്‌ളോറൈന്‍ ജര്‍മനിയുടെ ഗോള്‍ പട്ടിക തികച്ച് അഞ്ചാം ഗോള്‍ നേടി. കളി തീരാന്‍ നിമിഷങ്ങള്‍ ബാക്കിയിരിക്കെ തുഷാറിലൂടെ ഒരു ഗോള്‍ കൂടി മടക്കി ഇന്ത്യ തോല്‍വിഭാരം കുറച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക