Image

പാക് സര്‍ക്കാറിന് വീണ്ടും തിരിച്ചടി; കോടതിയലക്ഷ്യനിയമം സുപ്രീംകോടതി റദ്ദാക്കി

Published on 03 August, 2012
പാക് സര്‍ക്കാറിന് വീണ്ടും തിരിച്ചടി; കോടതിയലക്ഷ്യനിയമം സുപ്രീംകോടതി റദ്ദാക്കി
ഇസ്‌ലാമാബാദ്: പാകിസ്താനിലെ പുതിയ കോടതിയലക്ഷ്യനിയമം സുപ്രീംകോടതി വെള്ളിയാഴ്ച റദ്ദാക്കി. നിയമം ഭരണഘടനാവിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് ഇഫ്തിഖര്‍ ചൗധരിയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ബെഞ്ച് വിധിച്ചു. പ്രസിഡന്റ്, പ്രധാനമന്ത്രി, പ്രവിശ്യാ ഗവര്‍ണര്‍മാര്‍ എന്നിവരടക്കമുള്ള ഉന്നതഭരണാധികാരികളെ കോടതിയലക്ഷ്യനടപടിയില്‍നിന്ന് സംരക്ഷിക്കുന്നതിനായി പാക്‌സര്‍ക്കാര്‍ അടുത്തിടെ കൊണ്ടുവന്ന നിയമമാണ് കോടതി അസാധുവാക്കിയത്.ഭരണകര്‍ത്താക്കള്‍ കൈക്കൊള്ളുന്ന ഭരണപരമായ തീരുമാനങ്ങള്‍ക്കും നടപടികള്‍ക്കുമാണ് കോടതിയലക്ഷ്യത്തില്‍നിന്ന് സംരക്ഷണം ഉറപ്പാക്കിയത്. 

പ്രധാനമന്ത്രി രാജ പര്‍വെസ് അഷ്‌റഫ് കോടതിയലക്ഷ്യ നടപടിക്ക് വിധേയനാവുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി(പി.പി.പി.) സര്‍ക്കാര്‍ ധൃതിപിടിച്ച് നിയമം കൊണ്ടുവന്നത്. നേരത്തേ, പി.പി.പി. നേതാവ് യൂസഫ് റാസ ഗീലാനി കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിക്കപ്പെടുകയും അതുവഴി പ്രധാനമന്ത്രിപദത്തില്‍നിന്ന് അയോഗ്യനാക്കപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു ഇത്. 

പ്രസിഡന്റ് ആസിഫലി സര്‍ദാരിക്കെതിരായ അഴിമതിക്കേസുകള്‍ പുനരാരംഭിക്കാന്‍ ആവശ്യപ്പെട്ട് സ്വിറ്റ്‌സര്‍ലന്‍ഡ് സര്‍ക്കാറിന് കത്തെഴുതണമെന്ന സുപ്രീംകോടതിയുടെ നിര്‍ദേശം അനുസരിക്കാതിരുന്നതിനെത്തുടര്‍ന്നാണ് ഗീലാനിക്കെതിരെ കോടതിയലക്ഷ്യനടപടിയുണ്ടായത്. ഗീലാനി അയോഗ്യനാക്കപ്പെട്ടതിനെത്തുടര്‍ന്ന് പ്രധാനമന്ത്രിപദത്തില്‍ അവരോധിതനായ രാജ പര്‍വെസ് അഷ്‌റഫിനും കോടതി സര്‍ദാരിക്കെതിരായ കേസുകള്‍ പുനരാരംഭിക്കാനുള്ള നിര്‍ദേശം നല്‍കി. 

അതിനു വഴങ്ങാതെതന്നെ കോടതിയലക്ഷ്യനടപടിയില്‍നിന്ന് രാജ പര്‍വെസിനെ സംരക്ഷിക്കുകയെന്ന അടിയന്തര ഉദ്ദേശ്യത്തോടെയാണ് പുതിയ കോടതിയലക്ഷ്യനിയമം സര്‍ക്കാര്‍ കൊണ്ടുവന്നത്. ഈ നിയമം ഭരണഘടനാതത്ത്വങ്ങള്‍ക്ക് നിരക്കുന്നതല്ലെന്ന് സുപ്രീംകോടതി വിധിന്യായത്തില്‍ വ്യക്തമാക്കി. നിയമത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട 25ലേറെ ഹര്‍ജികള്‍ പരിഗണിച്ചായിരുന്നു വിധി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക