Image

ആദര്‍ശ്: സഹോദരഭാര്യയ്ക്ക് ഫഌറ്റ് വാങ്ങാന്‍ അശോക് ചവാന്റെ ഭാര്യ ആറ് ലക്ഷം നല്‍കിയെന്ന്

Published on 03 August, 2012
ആദര്‍ശ്: സഹോദരഭാര്യയ്ക്ക് ഫഌറ്റ് വാങ്ങാന്‍ അശോക് ചവാന്റെ ഭാര്യ ആറ് ലക്ഷം നല്‍കിയെന്ന്
മുംബൈ: വിവാദത്തില്‍പ്പെട്ട ആദര്‍ശ് സൊസൈറ്റിയില്‍ ഫഌറ്റ് വാങ്ങാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ചവാന്റെ ഭാര്യ അമിത തന്റെ സഹോദരഭാര്യയ്ക്ക് ആറ് ലക്ഷംരൂപ സഹായം നല്‍കിയിരുന്നതായി വെളിപ്പെടുത്തല്‍. അമിതയുടെ സഹോദരന്‍ വിനോദ് ശര്‍മയുടെ ഭാര്യ സീമയാണ് ആദര്‍ശ് വിവാദം അന്വേഷിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ നിയമിച്ച രണ്ടംഗ കമ്മീഷന്റെ മുമ്പാകെ ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

ആദര്‍ശ് സൊസൈറ്റിയില്‍ അംഗത്വത്തിനായി 2003ലാണ് താന്‍ അപേക്ഷ നല്‍കിയതെന്നും, 2008ല്‍ ഇതനുവദിച്ചുവെന്നും സീമാ ശര്‍മ വെളിപ്പെടുത്തി. 73.33 ലക്ഷം രൂപയാണ് ഒരു ഫഌറ്റിനായി കൊടുത്തത്. ഇതില്‍ 12 ലക്ഷം രൂപ ഭര്‍ത്താവിന്റെ അമ്മയും ആറുലക്ഷം സഹോദരിയും നല്‍കിയതാണ്. അംഗത്വത്തിന് അപേക്ഷിക്കുമ്പോള്‍ അശോക് ചവാന്‍ കാബിനറ്റ് മന്ത്രിയായിരുന്നുവെന്നോ, അപേക്ഷ അനുവദിക്കുമ്പോള്‍ അദ്ദേഹം മുഖ്യമന്ത്രിയായിരുന്നുവെന്നോ തനിക്കോര്‍മയില്ലെന്നും സീമ പറഞ്ഞു.

ആദര്‍ശ് സൊസൈറ്റിക്ക് വഴിവിട്ട സഹായങ്ങള്‍ ചെയ്തുകൊടുത്തെന്നും പ്രത്യുപകാരമായി ബന്ധുക്കളായ സീമാ ശര്‍മ, ഭഗവതി ശര്‍മ, ഭാര്യാപിതാവിന്റെ സഹോദരന്‍ മദന്‍ലാല്‍ ശര്‍മ എന്നിവര്‍ക്ക് ഫഌറ്റ് തരപ്പെടുത്തിയെന്നുമാണ് ചവാന്റെ പേരിലുള്ള ആരോപണം. കേസില്‍ 13ാം പ്രതിയാണ് ചവാന്‍. ആദര്‍ശ് സൊസൈറ്റിയില്‍ ഫഌറ്റ് സ്വന്തമാക്കാന്‍ മദന്‍ലാലിന്റെ പേരിലുള്ള നഗരത്തിലെ മറ്റൊരു ഫഌറ്റ് തന്‍േറതാണെന്നു കാണിച്ച് അമിത ഒരു കൃത്രിമവാടകച്ചീട്ടുണ്ടാക്കിയതായി നേരത്തേ മദന്‍ലാല്‍ കമ്മീഷനു മുമ്പാകെ മൊഴി നല്‍കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക