Image

പറഞ്ഞത് പാര്‍ട്ടിയുടെ രാഷ്ട്രീയനയം പി.സി.ജോര്‍ജ്

Published on 03 August, 2012
പറഞ്ഞത് പാര്‍ട്ടിയുടെ രാഷ്ട്രീയനയം പി.സി.ജോര്‍ജ്
കോട്ടയം: നെല്ലിയാമ്പതിയില്‍ മാധ്യമപ്രവര്‍ത്തകരോട് താന്‍ പറഞ്ഞ വാക്കുകള്‍ വളച്ചൊടിച്ച് വിവാദം സൃഷ്ടിക്കാനുള്ള മാഫിയാ മേലാളന്മാരുടെയും കര്‍ഷകശത്രുക്കളുടെയും ശ്രമങ്ങള്‍ പൊതുസമൂഹത്തിനു മുന്നില്‍ വിലപ്പോകില്ലെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്. പൊതുജീവിതത്തിലെ സത്യസന്ധതയും തുറന്ന സമീപനവുമാണ് രാഷ്ട്രീയപ്രവര്‍ത്തകനെന്ന നിലയില്‍ തന്റെ മുഖമുദ്രയെന്നും അദ്ദേഹം, ടി.എന്‍.പ്രതാപന്‍ എം.എല്‍.എ.യുടെ തുറന്ന കത്തിനുള്ള മറുപടിയില്‍ വ്യക്തമാക്കി. ഇത്രയും നാളത്തെ പൊതുജീവിതത്തിനിടയില്‍ ഇതുവരെ ഒരു സമുദായത്തെയും ആക്ഷേപിച്ച് സംസാരിച്ചിട്ടില്ല.

''കര്‍ഷകരുടെ കാര്യങ്ങള്‍ സംസാരിക്കാന്‍ എനിക്ക് അവകാശമുണ്ട്. ഞാനൊരു കര്‍ഷക പുത്രനാണെന്നാണ് നെല്ലിയാമ്പതിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ഇതുവരെ നെല്ലിയാമ്പതിയിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിക്കാതെയും ചെറുനെല്ലി എസ്‌റ്റേറ്റ് കാണാതെയും ഇത്രയും ആധികാരികമായി ഒരു ലേഖനം പ്രതാപന്‍ എഴുതിയത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഫയലില്‍ എഴുതുന്ന അതേ രൂപത്തിലാണോ എന്ന സംശയവും പ്രകടിപ്പിച്ചു. 25 വര്‍ഷമായി നീണ്ടകരയിലെ നരകയാതന അനുഭവിക്കുന്ന 6000ത്തോളം മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പ്രതാപന്‍ എന്തുകൊണ്ട് ശ്രദ്ധിക്കുന്നില്ലെന്ന ചോദ്യവും ഉന്നയിച്ചു. അതല്ലാതെ, പ്രതാപന്‍ സ്വന്തം സമുദായത്തിനുവേണ്ടി മാത്രം പ്രവര്‍ത്തിക്കണമെന്ന് ആരോടും പറഞ്ഞില്ല, പറയുകയുമില്ല'' ജോര്‍ജ് തുടര്‍ന്നു.

കര്‍ഷകര്‍ക്കുവേണ്ടി നിലകൊള്ളുന്ന കേരള കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ രാഷ്ട്രീയബാധ്യത ഏറ്റെടുത്താണ് ചെറുനെല്ലി എസ്‌റ്റേറ്റ് പ്രശ്‌നം യു.ഡി.എഫില്‍ ഉന്നയിച്ചത്. കേരള കോണ്‍ഗ്രസ്സുകാരന് മറ്റൊരു നിലപാട് എടുക്കാനും കഴിയില്ല.

പീഡനം അനുഭവിക്കുന്ന നാടാര്‍, പട്ടികജാതിവര്‍ഗ വിഭാഗങ്ങള്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവരുടെ പോരാട്ടങ്ങളില്‍ പങ്കാളിയാകുന്നതും അതുകൊണ്ടാണ്. മത്സ്യത്തൊഴിലാളി കുടുംബത്തില്‍ ജനിച്ച പ്രതാപന്‍, മത്സ്യത്തൊഴിലാളിപ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാകാത്തതെന്താണെന്നു ചോദിച്ചത് പ്രതാപനെയും സുഹൃത്തുക്കളെയും ഇത്രയേറെ വേദനിപ്പിക്കുമെന്ന് കരുതിയില്ല. മത്സ്യത്തൊഴിലാളികളില്‍ ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയുമുണ്ടെന്നിരിക്കെ, ജാതിയും മതവും സമുദായവും പറഞ്ഞുള്ള വേര്‍തിരിവിന് ശ്രമിക്കുന്നത് പരിഹാസ്യമാണെന്നും പി.സി.ജോര്‍ജിന്റെ മറുപടിയിലുണ്ട്.

മതികെട്ടാന്‍മല സമ്പന്നര്‍ കൈയേറിയപ്പോഴും മലബാര്‍ സിമന്റ്‌സ് കൊള്ളയടിച്ചപ്പോഴും കരിമണല്‍ കുംഭകോണം നടത്തിയപ്പോഴുമെല്ലാം ചെറുനെല്ലി എസ്‌റ്റേറ്റില്‍ കര്‍ഷകരെ വനംവകുപ്പ് ദ്രോഹിക്കുന്നതിനെതിരെ പ്രതികരിച്ച അതേ ആര്‍ജവത്തോടെ താന്‍ രംഗത്തുണ്ടായിരുന്നുവെന്നും ജോര്‍ജ് ഓര്‍മിപ്പിക്കുന്നു.

തിരുവനന്തപുരത്ത് പേട്ടയിലെ ഒരു നക്ഷത്രഹോട്ടലില്‍ തമ്പടിച്ച് തന്ത്രങ്ങള്‍ മെനയുന്ന ഒരു സംഘം, പി.സി.ജോര്‍ജ് എന്ന പൊതുപ്രവര്‍ത്തകന് പിന്നാലെയുണ്ടെന്ന് തിരിച്ചറിയുമ്പോഴും ഒട്ടും ഭയപ്പെടുന്നില്ല. ഇതുവരെ തുടര്‍ന്നുവന്ന പൊതുപ്രവര്‍ത്തനം നിര്‍ത്താനും നിശ്ശബ്ദനാകാനും ഉദ്ദേശിക്കുന്നില്ല. ടി.എന്‍.പ്രതാപന്റെ തുറന്ന കത്ത് അര്‍ഹിക്കുന്ന മാനദണ്ഡത്തില്‍ ഉള്‍ക്കൊള്ളുന്നുവെന്നും മറുപടിക്കത്തിലുണ്ട്.

പറഞ്ഞത് പാര്‍ട്ടിയുടെ രാഷ്ട്രീയനയം പി.സി.ജോര്‍ജ്പറഞ്ഞത് പാര്‍ട്ടിയുടെ രാഷ്ട്രീയനയം പി.സി.ജോര്‍ജ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക