Image

മലയാളിയുടെ അപൂര്‍വ ഹൃദയശസ്ത്രക്രിയയില്‍ 14കാരന്‍ സാധാരണ ജീവിതത്തിലേക്ക്

Published on 03 August, 2012
മലയാളിയുടെ അപൂര്‍വ ഹൃദയശസ്ത്രക്രിയയില്‍ 14കാരന്‍ സാധാരണ ജീവിതത്തിലേക്ക്
ചെന്നൈ: അപൂര്‍വ ഹൃനേദ്രാഗത്താല്‍ കഷ്ടപ്പെടുകയായിരുന്ന 14കാരനെ സങ്കീര്‍ണമായ ഹൃദയ ശസ്ത്രക്രിയയിലൂടെ സാധാരണജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന് മലയാളി ഡോക്ടര്‍ ചരിത്രം സൃഷ്ടിച്ചു.

കാലടി സ്വദേശിയും ചെന്നൈയിലെ മിയോട്ട് ആസ്പത്രിയില്‍ ഹൃനേദ്രാഗ വിഭാഗം ചികിത്സാ മേധാവിയുമായ ഡോ. വി.വി. ബാഷിയാണ് ഈ നേട്ടത്തിനുടമയായത്. മഹാധമനിയിലെ വീക്കം, ഹൃദയ രക്തക്കുഴലിലെ ചോര്‍ച്ച, ഹൃദയത്തിന്റെ രണ്ട് അറകള്‍ക്കിടയിലായുള്ള ദ്വാരം എന്നീ പ്രശ്‌നങ്ങളാല്‍ ജീവിതത്തിനും മരണത്തിനും ഇടയിലായിരുന്ന മുംബൈ സ്വദേശി രാംകിരണിനെയാണ് ഡോ. ബാഷിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ശസ്ത്രക്രിയയിലൂടെ രക്ഷിച്ചെടുത്തത്.

ഈ മൂന്ന് അസുഖങ്ങളും ഒന്നിച്ച് നേരിടുന്ന ഒരു രോഗി ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുള്ളതായി ഇതിനുമുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഡോ. ബാഷി പറഞ്ഞു. നെഞ്ചെല്ല് വല്ലാതെ താഴേക്ക് പോയിരുന്നതിനാല്‍ ഹൃദയം മൊത്തം നെഞ്ചിന്റെ ഇടതുഭാഗത്തേക്ക് തള്ളിമാറ്റപ്പെട്ട സവിശേഷ സാഹചര്യവും രാംകിരണ്‍ നേരിടുന്നുണ്ടായിരുന്നു.

സാധാരണഗതിയില്‍ നെഞ്ചെല്ല് മുറിച്ചാണ് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ നടത്താറുള്ളതെന്ന് ഡോ. ബാഷി ചൂണ്ടിക്കാട്ടി. ഹൃദയശസ്‌നത്രക്രിയയ്ക്കുള്ള എളുപ്പവഴി ഇതാണ്. എന്നാല്‍ രാംകിരണിന്റെ ഹൃദയം മുഴുവന്‍ നെഞ്ചിന്റെ ഇടതുഭാഗത്തേക്ക് മാറിയിരുന്നതിനാല്‍ ഈ രീതിയിലുള്ള ശസ്ത്രക്രിയ അസാധ്യമായിരുന്നു. ഒടുവില്‍ നെഞ്ചിന്റെ ഇടതുഭാഗം തുറന്നാണ് ശസ്ത്രക്രിയ നടത്തിയത്.

ഹൃദയം ശ്വാസകോശയന്ത്രവുമായി ഘടിപ്പിച്ച് രക്തം 18 ഡിഗ്രി സെന്റിഗ്രേഡിലേക്ക് തണുപ്പിച്ച ശേഷമായിരുന്നു ശസ്ത്രക്രിയ. രക്തക്കുഴലിലെ വീക്കം സിന്തറ്റിക് ഗ്രാഫ്റ്റ് തുന്നിച്ചേര്‍ത്താണ് പരിഹരിച്ചത്. ഹൃദയാവരണത്തിന്റെ ഒരു ഭാഗമെടുത്താണ് ഹൃദയത്തിലെ ദ്വാരം അടച്ചത്. ശസ്ത്രക്രിയയെത്തുടര്‍ന്ന് സുഖം പ്രാപിച്ച രാംകിരണിന് ബുധനാഴ്ച ആസ്പത്രി വിടാനാവുമെന്ന് ഡോ. ബാഷി പറഞ്ഞു. രാംകിരണും പത്രസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.

അഞ്ചുലക്ഷം രൂപയാണ് ശസ്ത്രക്രിയയ്ക്ക് ചെലവായത്. ഇതേ ശസ്ത്രക്രിയ വിദേശത്ത് ചെയ്യേണ്ടിവരികയാണെങ്കില്‍ ചുരുങ്ങിയത് 22 ലക്ഷം രൂപ വേണ്ടിവരുമെന്നാണ് തനിക്കു കിട്ടിയ വിവരമെന്ന് രാംകിരണിന്റെ പിതാവ് പറഞ്ഞു. ഇറക്കുമതി ചെയ്ത വാല്‍വും മറ്റുമാണ് ശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ചത്. മുതിര്‍ന്നവര്‍ക്കു യോജിച്ച സിന്തറ്റിക് ഗ്രാഫ്റ്റാണ് ഉപയോഗിച്ചതെന്നതിനാല്‍ കുട്ടി വളരുമ്പോഴും പ്രശ്‌നമൊന്നുമുണ്ടാവില്ലെന്ന് ഡോ. ബാഷി ചൂണ്ടിക്കാട്ടി. കായികവിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിനും രാംകിരണിന് പ്രശ്‌നമുണ്ടാവില്ലെന്നും തികച്ചും സാധാരണ ജീവിതം നയിക്കാന്‍ രാംകിരണിനാവുമെന്നും ഡോ.ബാഷി പറഞ്ഞു.

മലയാളിയുടെ അപൂര്‍വ ഹൃദയശസ്ത്രക്രിയയില്‍ 14കാരന്‍ സാധാരണ ജീവിതത്തിലേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക