Image

വിജയ്കുമാര്‍.....വിജയ് ജവാന്‍

Published on 03 August, 2012
വിജയ്കുമാര്‍.....വിജയ് ജവാന്‍
നാടുകാക്കുന്ന സുബേദാറിന് നാടിന്റെ മാനം കാക്കാനുള്ള ബാധ്യതയുമുണ്ടെന്ന് വിജയ്കുമാര്‍ യാദവ് ഒരുവേള ചിന്തിച്ചിരിക്കണം. ശതകോടി പ്രതീക്ഷകള്‍ കൃത്യതയുടെ കാളക്കണ്ണുകളിലെത്താതെ ചിതറിത്തെറിക്കുന്ന പോരാട്ടവേദിയില്‍ അതിര്‍ത്തിയിലെ ജാഗ്രതയും യുദ്ധമുഖത്തെ വിജയതൃഷ്ണയുമൊക്കെ അതിനിര്‍ണായക വേളയില്‍ അയാള്‍ തന്നിലേക്ക് സന്നിവേശിപ്പിച്ചിരിക്കാതെ തരമില്ല.സ്വപ്നങ്ങളുടെ അമരത്തുനിന്ന് കാഞ്ചിവലിച്ചിട്ടും അഭിനവ് ബിന്ദ്രയും രഞ്ജന്‍ സോധിയും ആദ്യ കടമ്പ പിന്നിടാതെ തലകുനിച്ചു മടങ്ങിയ വിശ്വകായികമേളയില്‍ ഹിമാചലുകാരനായ ഈ ആര്‍മിക്കാരന്‍ നേട്ടങ്ങളുടെ വെള്ളിവെളിച്ചത്തിലേക്ക് നിറയൊഴിച്ച് രാജ്യത്തിന്റെ മാനംകാത്തു.രാജ്യസേവനം പോലെ തന്നെയാണ് രാജ്യാന്തര വേദികളില്‍ ഫയര്‍ പിസ്റ്റളുമായുള്ള ഈ ഊരുചുറ്റലെന്ന് കരുതുന്നയാളാണ് വിജയ് കുമാര്‍. അതുകൊണ്ടുതന്നെ ഉന്നംപിടിക്കുന്ന കൈകളില്‍ മെഡല്‍ തിളക്കങ്ങളേറെയുണ്ടായിട്ടും താരപരിവേഷത്തിന് ഈ 27കാരന്‍ അത്രകണ്ട് ആഗ്രഹിച്ചതൊന്നുമില്ല.

ഹാമിര്‍പൂര്‍ ജില്ലയിലെ ഹാര്‍സൂര്‍ ഗ്രാമത്തില്‍ റിട്ടയേഡ് സുബേദാര്‍ ബാങ്കോറാം ശര്‍മ മകന് ഈ താരത്തിളക്കത്തിന്റെ അലങ്കാരങ്ങളിലൊന്നും അത്രകണ്ട് താല്‍പര്യവുമില്ലായിരുന്നു. ലണ്ടനിലേക്ക് പറക്കുന്നതിന് മുമ്പുതന്നെ 20 രാജ്യാന്തര മെഡലുകളും 75 ദേശീയ മെഡലുകളും മകുടംചാര്‍ത്തിയ ഷൂട്ടിങ് കരിയറിനെക്കുറിച്ച് ഈ പാവം യാദവന്‍ ആരോടും മേനി പറഞ്ഞ് നടന്നതുമില്ല. അതുകൊണ്ടുതന്നെ ബിന്ദ്രമാരും റാത്തോഡുമാരും വാഴുന്ന റേഞ്ചില്‍ വിജയ് കുമാര്‍ അത്രകണ്ട് ആഘോഷിക്കപ്പെട്ടതുമില്ല.25 മീറ്ററിന്റെ ദൈര്‍ഘ്യത്തില്‍നിന്ന് നേടാന്‍ ഒരുപാടുണ്ടെന്ന് വിജയിന് വെളിപാടുണ്ടായത് സൈനിക സേവനത്തിനിടയിലാണ്. റൈഫിളും പിസ്റ്റളും തമ്മിലെ വ്യത്യാസമെന്തെന്നറിയാത്ത ബാല്യത്തില്‍നിന്ന് അച്ഛന്റെ പട്ടാളച്ചിട്ടകള്‍ കണ്ടാണ് സൈനികനാവാന്‍ വിജയ് കുമാറും കച്ചമുറുക്കിയത്. ആര്‍മിയില്‍ പിസ്റ്റള്‍ ഷൂട്ടിങ്ങിന്റെ സാങ്കേതിക വശങ്ങള്‍ ഹൃദിസ്ഥമാക്കി കാഞ്ചിവലിക്കാന്‍ തുടങ്ങിയത് അസൂയാവഹമായ കൃത്യതയിലേക്കായിരുന്നു. ഉള്ളിലുറങ്ങിക്കിടക്കുന്ന ഷൂട്ടിങ് വൈഭവം തേച്ചുമിനുക്കാന്‍ റഷ്യന്‍ കോച്ച് പാവെല്‍ സ്മിര്‍നോവിന്റെ അളവറ്റ സഹായവുമെത്തി. ഇതിനൊപ്പം ലക്ഷ്യത്തില്‍ മനസ്സ് കേന്ദ്രീകരിക്കാനുള്ള കഴിവും തികഞ്ഞ അര്‍പ്പണബോധവും ചേര്‍ന്നപ്പോള്‍ ഈ നാട്ടിന്‍പുറത്തുകാരന്‍ വളരുകയായിരുന്നു. ഇന്ത്യയുടെ ഒന്നാം നമ്പര്‍ പിസ്റ്റള്‍ ഷൂട്ടര്‍ എന്ന വിശേഷണത്തിലേക്ക്. 

2007ല്‍ ആ കഴിവിനെ രാജ്യം അര്‍ജുന അവാര്‍ഡ് നല്‍കി ആദരിക്കുകയും ചെയ്തു.2006ല്‍ മെല്‍ബണ്‍ വേദിയായ കോമണ്‍വെല്‍ത്ത് ഗെയിംസിലാണ് രാജ്യാന്തര ശ്രദ്ധയിലേക്ക് വിജയിന്റെ പിസ്റ്റളില്‍നിന്ന് കൃത്യമായി തിരകളുതിര്‍ന്നത്. അന്ന് 25 മീറ്റര്‍ റാപിഡ് ഫയര്‍ പിസ്റ്റളില്‍ വ്യക്തിഗത ഇനത്തിലും പെംബ തമാങ്ങിനൊപ്പം പെയര്‍ ഇനത്തിലും സ്വര്‍ണം നേടി മാറ്റു തെളിയിച്ചു. അതേ വര്‍ഷം ഏഷ്യാഡില്‍ വെങ്കലം നേടുകയും ചെയ്തു. അടുത്ത വര്‍ഷം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 25 മീറ്റര്‍ സെന്റര്‍ ഫയര്‍ പിസ്റ്റളില്‍ വെള്ളി നേടി മിടുക്കുകാട്ടി. 2009ല്‍ ബെയ്ജിങ്ങില്‍ നടന്ന ഐ.എസ്.എസ്.എഫ് ലോകകപ്പില്‍ വെള്ളി മെഡലിലേക്ക് നിറയൊഴിച്ചു. അന്ന് കീത്ത് സാന്‍ഡേഴ്‌സണിനോട് തോറ്റത് കേവലം 0.1 പോയന്റിന്. അടുത്ത വര്‍ഷം കോമണ്‍വെല്‍ത്ത് ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ നാലു സ്വര്‍ണം കരഗതമാക്കി. ദല്‍ഹി വേദിയായ 2010 കോമണ്‍വെല്‍ത്ത് ഗെയിംസ് തന്റെ കഴിവ് സ്വന്തം നാട്ടുകാരെ ബോധ്യപ്പെടുത്താന്‍ വിജയ് കുമാറിന് ലഭിച്ച സുവര്‍ണാവസരമായിരുന്നു. അത് പാഴാക്കിയതുമില്ല. മൂന്നു സ്വര്‍ണവും ഒരു വെള്ളിയുമായി ഈ സൈനികന്‍ അരങ്ങ് വാഴുകയും ചെയ്തു.

അമേരിക്കയിലെ ഫോര്‍ട്ട് ബെന്നിങ്ങില്‍ കഴിഞ്ഞ വര്‍ഷം മേയില്‍ നടന്ന ഷൂട്ടിങ് ലോകകപ്പില്‍ വെള്ളിമെഡല്‍ നേടിയാണ് ലണ്ടന്‍ ഒളിമ്പിക്‌സിന് വിജയ് യോഗ്യത നേടിയത്.ലോകറാങ്കിങ്ങില്‍ ആദ്യ പത്തിനുള്ളിലൊരു സ്ഥാനം നിലനിര്‍ത്തുന്ന വിജയ് സമീപകാലത്ത് സ്ഥിരതയാര്‍ന്ന പ്രകടനത്തിനുടമയാണ്. കുട്ടിക്കാലത്ത് പിസ്റ്റളിനൊപ്പം ചങ്ങാത്തവും വീട്ടുമുറ്റത്തൊരു പരിശീലനക്കളരിയും സ്വപ്നം കാണാന്‍ കഴിയാതിരുന്ന നാളുകളില്‍നിന്നാണ് ഒളിമ്പിക് വെള്ളിമെഡലിന്റെ അഭിമാനത്തിലേക്ക് ഈ സാധാരണക്കാരന്‍ വെടിവെച്ചുകയറുന്നതെന്നറിയുമ്പോള്‍ ഈ ചങ്കുറപ്പിനെയും അര്‍പ്പണബോധത്തെയും അത്രമേല്‍ അഭിനന്ദിക്കാതെ വയ്യ.

വിജയ്കുമാര്‍.....വിജയ് ജവാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക