Image

കാത്തിരിപ്പ് മുഴുവന്‍ സൂപ്പര്‍ സണ്‍ഡേയ്ക്ക്

Published on 04 August, 2012
കാത്തിരിപ്പ് മുഴുവന്‍ സൂപ്പര്‍ സണ്‍ഡേയ്ക്ക്
ഇന്ത്യയിലായിരുന്നപ്പോഴും ഇത്രമാത്രം ഇന്ത്യന്‍ വികാരത്തിന് അടിപ്പെട്ടിട്ടില്ല. ഇവിടെ, വെംബ്ലി അരീനയിലെ പ്രസ് ബോക്‌സില്‍ ബാഡ്മിന്റണ്‍ മത്സരം നടക്കുമ്പോള്‍ ഇരിക്കാനും നില്‍ക്കാനും കഴിയാത്ത വിധത്തിലായിരുന്നു സമ്മര്‍ദം. അതേ, കോര്‍ട്ടില്‍ ഇന്ത്യക്കുവേണ്ടി സൈന നെഹ്വാള്‍ മത്സരിക്കുകയാണ്. ഇന്ത്യ, ഇന്ത്യ എന്ന് ആര്‍ത്തലയ്ക്കുന്ന ഗാലറിയെ നോക്കി ചിരിച്ചെന്നു വരുത്തി അതീവ ഗൗരവത്തോടെയാണ് സൈന കോര്‍ട്ടിലെത്തിയത്. മുഖത്ത് നല്ല ടെന്‍ഷനുണ്ടെന്നു വ്യക്തം. കളി കാണാനിരിക്കുന്നവര്‍ക്ക് ടെന്‍ഷന്‍ കാരണം ഒന്നിനും കഴിയാത്ത അവസ്ഥ, അപ്പോള്‍ കളിക്കളത്തിലിറങ്ങി കളിക്കുന്ന താരത്തിന്റെ അവസ്ഥയോ... കളിക്കുന്നത് ഒളിമ്പിക്‌സിലാണെന്ന അതീവ മാനസിക സമ്മര്‍ദം മറി കടക്കാന്‍ കഴിഞ്ഞാല്‍ രക്ഷപ്പെട്ടു. അതു ഒഴിവാക്കാനുള്ള ടെക്‌നിക്കാണ് ഗാലറിയില്‍നിന്നുള്ള പിന്തുണ. ആര്‍പ്പുവിളികളും അനൗണ്‍സ്‌മെന്റും ക്‌ളാപ്പും... സേര്‍വ് കഴിഞ്ഞാല്‍ പിന്നെ മഹാമൗനമാണ്. കോര്‍ട്ടില്‍ കോര്‍ക്കിന്റെ മൂളിപ്പറക്കലും ബീറ്റിന്റെ മുഖമടിയും മാത്രം പ്രതിഫലിച്ചു നിന്നു.

സൈനയുടെ ഓരോ സേര്‍വിനുമൊപ്പം, നേടുന്ന ഓരോ പോയന്റിനുമൊപ്പം ശതകോടി ഇന്ത്യക്കാരുടെ പ്രാര്‍ഥനകള്‍ വെംബ്ലി അരീനയിലെ ബാഡ്മിന്റണ്‍ കോര്‍ട്ടിലേക്ക് ഇറങ്ങിവന്നതുപോലെയാണ് എനിക്ക് തോന്നിയത്. ഇത്രമേല്‍ വൈകാരികമായിരുന്നില്ല, ഗഗന്റെ ഷൂട്ടിങ് മത്സരം. ഇതെന്താണാവോ ഇങ്ങനെ? എന്തായാലും ഈ നിമിഷത്തിന്റെ അപൂര്‍വതക്ക് ഭാഗമാകാന്‍ കഴിയുന്നതുതന്നെ ഭാഗ്യം. ആദ്യ സെറ്റില്‍ ജയിച്ചുകയറി രണ്ടാം ഗെയിം പോയന്റില്‍ നില്‍ക്കുമ്പോള്‍ സൈന കോര്‍ട്ടില്‍ കാലുറപ്പിച്ചു നില്‍ക്കുന്നത് ഒന്നു കാണേണ്ടതുതന്നെയായിരുന്നു. വിജയ മുറപ്പിച്ച ബോഡി ലാംഗ്വേജ്. അതിനുമുന്നില്‍ എതിരാളി പതറിപ്പോയി.

ഒളിമ്പിക്‌സില്‍ കായിക കരുത്തിനേക്കാള്‍ ആവശ്യം മാനസിക കരുത്തിനാണ്. അതു വ്യക്തമാക്കി തരികയായിരുന്നു സൈന. ഈ സമ്മര്‍ദം അതിജീവിക്കാന്‍ കഴിയാതെ പോയതാണ് കശ്യപിനു പറ്റിയതും. കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചുകഴിയുമ്പോഴേക്കും കശ്യപിനും അതു കഴിയും. പക്ഷേ, ഒളിമ്പിക്‌സ് നാലു വര്‍ഷത്തിലൊരിക്കല്‍ മാത്രമാണെന്നത് ഓര്‍ക്കണം. സൈനക്ക് അഭിവാദ്യമര്‍പ്പിച്ചു മടങ്ങുമ്പോള്‍ രാത്രി ഏറെ വൈകിയിരുന്നു. സമൃദ്ധമായ നിയോണ്‍ വെളിച്ചങ്ങളില്‍ മഴ മാറി നിന്ന ദിവസം. വീക്കെന്‍ഡിനു തുടക്കമായതുകൊണ്ടാവണം, പലേടത്തും തിരക്കുകള്‍ തുടങ്ങിയിട്ടുണ്ട്. ഷോപ്പിങ് മാളുകളില്‍ ഓഫറുകളുടെ വലിയ ബോര്‍ഡുകള്‍. അത്‌ലറ്റിക്‌സ് മത്സരം സജീവമാവുന്നതോടെ ലണ്ടനിലെ ഉത്സവത്തിന് കൊഴുപ്പു കൂടും. അത്‌ലറ്റിക്‌സ് ഫാനുകളെ ആകര്‍ഷിക്കാനായി ഇന്റര്‍നാഷനല്‍ ബ്രാന്‍ഡുകളുടെ ലേറ്റസ്റ്റ് ട്രന്‍ഡുകളുടെ പരസ്യങ്ങള്‍ ലണ്ടനില്‍ രണ്ടു ദിവസമായി പൊട്ടിമുളച്ചിട്ടുണ്ട്.

ജമൈക്കന്‍ ജോഡികളായ ഉസൈന്‍ ബോള്‍ട്ടും യൊഹാന്‍ ബ്ലെയ്ക്കും കൊമ്പുകോര്‍ക്കുന്ന 100 മീറ്ററിലാണ് ഇനി എല്ലാ കണ്ണുകളും. അതിനിടയിലേക്ക് ഒരാള്‍ കൂടി എത്തുന്നുണ്ട്. ഏറ്റവും വേഗത കൂടിയ ലോകത്തിലെ രണ്ടാമത്തെ മനുഷ്യന്‍ എന്ന അടിക്കുറിപ്പുമായി. അമേരിക്കയുടെ ടൈസന്‍ ഗേയാണ് ആ താരം. എന്നാല്‍, ടൈസനെ ആരും ശ്രദ്ധിക്കുന്നില്ലെന്നതാണ് മറ്റൊരു യാഥാര്‍ഥ്യം. ഇപ്പോള്‍ ബോള്‍ട്ടിനെക്കാളും എല്ലായിടത്തും ഹീറോ ആയി വിലസുന്നത് ബ്ലെയ്ക്ക് തന്നെയാണ്. ഏത്ര സ്വര്‍ണം വാരിക്കൂട്ടിയാലും 100 മീറ്ററില്‍ സ്വര്‍ണം നേടുന്നയാളാണ് ഒളിമ്പിക്‌സിന്റെ താരം. അത് എന്നും അങ്ങനെ തന്നെ. ഇതാ ഇപ്പോള്‍ മൈക്കല്‍ ഫെല്‍പ്‌സ് എന്ന പറക്കും മത്സ്യം മെഡല്‍ നേട്ടം ഇരുപതാക്കി ഉയര്‍ത്തി നെഞ്ചും വിരിച്ചു നില്‍ക്കുന്നു. എന്നാല്‍, ഈ നെഞ്ചിന്റെ പകിട്ടൊക്കെ സൂപ്പര്‍ സണ്‍ഡേ കൊണ്ടു തീരുമെന്നു ഫെല്‍പ്‌സിനുമറിയാം. അന്ന് സ്ട്രാറ്റ്‌ഫോഡിലെ അത്‌ലറ്റിക് ട്രാക്കില്‍ വിരിയുന്ന വേഗതയുടെ അഗ്‌നിപുഷ്പമാവും അടുത്ത നാലുവര്‍ഷത്തെ ചക്രവര്‍ത്തി. ഒലിവിലയണിഞ്ഞ് കായിക കരുത്തിന്റെ പ്രതീകപുരുഷനെ പോലെ അയാള്‍ തല ഉയര്‍ത്തി തന്നെ നില്‍ക്കും. 100 മീറ്ററിന്റെ നിലവിലെ റെക്കോഡ് 9.58 സെക്കന്‍ഡ് മറി കടക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോയെന്നാണ് ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. ബെയ്ജിങ് ഒളിമ്പിക്‌സില്‍നിന്നു പടിയിറങ്ങി ഏകദേശം ഒരു വര്‍ഷത്തിനുള്ളില്‍ 2009 ആഗസ്റ്റ് 16ന് ജര്‍മനിയിലെ ബര്‍ലിനിലാണ് പുതിയ സമയം ബോള്‍ട്ട് കുറിച്ചത്. അത്‌ലറ്റിക്‌സിന്റെ കീ ഫാക്ടുകള്‍ നിറഞ്ഞ കുറിപ്പുകള്‍ പ്രസ് ബോക്‌സില്‍നിന്നു കിട്ടിയത് വീണ്ടും ഒരാവര്‍ത്തി കൂടി വായിച്ചു നോക്കി. അതിലൊക്കെയും ബോള്‍ട്ടാണ് കീ ഫെയിം. ബ്ലെയ്ക്കിനെ കാണാനേയില്ല. തിരിച്ചടിക്കാന്‍ ടൈസണ്‍ വരുന്നുവെന്ന ചില വാര്‍ത്തകളും കണ്ടു. എന്നാല്‍, 100 മീറ്ററോ, അതു ബ്ലെയ്ക്ക് അടിച്ചെടുക്കുമെന്നാണ് വര്‍ത്തമാനം? അതിന്റെ പൊരുളറിയാന്‍ സണ്‍ഡേ വരെ കാത്തിരിക്കണം.

വീക്കെന്‍ഡ് ആയതുകൊണ്ടു സണ്‍ഡേയില്‍ സ്ട്രാറ്റ്‌ഫോഡ് നിറഞ്ഞുകവിയും. ഒളിമ്പിക്‌സിന്റെ ചുട്ടുപൊള്ളുന്ന ട്രാക്കില്‍ അമേരിക്കയുടെയും ആഫ്രിക്കയുടെയും കായികകരുത്ത് വെളിപ്പെടും. ആതിഥേയരെന്ന പോലെ ഏഷ്യന്‍ രാജ്യങ്ങള്‍ പൊതുവേ പിന്തള്ളപ്പെടുന്ന ഇവിടെ ഗാലറികളില്‍ ഇനി വിരിയുക മെക്‌സിക്കന്‍ തിരമാലകളായിരിക്കും. അതിനിടയിലിരുന്ന് ഈ കണ്ണഞ്ചിപ്പിക്കുന്ന, ത്രസിപ്പിക്കുന്ന നിമിഷങ്ങളുടെ ഭാഗമാവുക. മനുഷ്യചരിത്രത്തിന്റെ മറ്റൊരു പൊന്‍ഫലകം തിരുത്തിയെഴുതുന്ന സൂപ്പര്‍ സണ്‍ഡേയില്‍ അതു മാത്രമേ ഇനി ചെയ്യാനുള്ളു.

കടപ്പാട്:മാധ്യമം


കാത്തിരിപ്പ് മുഴുവന്‍ സൂപ്പര്‍ സണ്‍ഡേയ്ക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക