Image

ചരിത്രം കുറിച്ച് ഇര്‍ഫാന്‍ തിരിച്ചു നടക്കുന്നു

Published on 04 August, 2012
ചരിത്രം കുറിച്ച് ഇര്‍ഫാന്‍ തിരിച്ചു നടക്കുന്നു
ലണ്ടന്‍: ബക്കിങ്ഹാം കൊട്ടാരത്തിന്റെ രാജവീഥിയിലൂടെ മലപ്പുറം അരീക്കോട് സ്വദേശി കെ.ടി ഇര്‍ഫാന്‍ നടത്തം ചരിത്രത്തിലേക്ക്്. മെഡല്‍ മോഹമൊന്നുമില്ലാതെ ലണ്ടനില്‍ നടക്കാനിറങ്ങിയ ഇര്‍ഫാന്‍ നാട്ടിലേക്ക് മടങ്ങുന്നത് പുതിയ ദേശീയ റെക്കോഡ് സ്വന്തം പേരിലെഴുതി. ഒളിമ്പിക്‌സ് ട്രാക്കിനെ പരിചയപ്പെടുകയായിരുന്നു മലപ്പുറത്തിന്റെആദ്യ ഒളിമ്പ്യന്റെ ലക്ഷ്യം. മെഡല്‍ മോഹം 2016ലെ ബ്രസീല്‍ ഒളിമ്പിക്‌സിലേക്ക് മാറ്റിവെച്ചാണ് ഇര്‍ഫാന്‍ ലണ്ടനിലെ നടക്കാനാറിങ്ങിയത്. എന്നാല്‍ തിരിച്ച് നടക്കുമ്പോള്‍ ദേശീയ റെക്കോഡ് നേട്ടത്തിനൊപ്പം അത്‌ലിറ്റിക്‌സിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്രകടനങ്ങളിലൊന്ന് എന്ന ഖ്യാതിയും ഇര്‍ഫാന് സ്വന്തം.
20 കിലോമീറ്റര്‍ നടത്തതില്‍ ഒരു മണിക്കൂര്‍ 20:21 മിനിറ്റ് സമയം കുറിച്ച് ദേശീയ റെക്കോഡോടെ പത്താം സ്ഥാനത്ത് കെ.ടി ഇര്‍ഫാന്‍ ലണ്ടനില്‍ ഫിനിഷ് ചെയ്തത് ഇന്ത്യന്‍ അത്‌ലറ്റിക്‌സിന് പത്തരമാറ്റ് തിളക്കമുള്ളതായി. ഒരു മണിക്കൂര്‍ 22:09 മിനിട്ടെന്ന മികച്ച സമയവുമായാണ് മലയാളി നടത്തക്കാരന്‍ ലണ്ടനിലെത്തിയത്.

കൊപ്ര തൊഴിലാളിയായ കുനിയില്‍ പള്ളിയാളിയില്‍ കോലോത്തുംതൊടി മുസ്തഫയുടെയും സുലൈഖയുടെയും ആറ് മക്കളില്‍ അഞ്ചാമനായാണ് കെ.ടി. ഇര്‍ഫാന്റെ ജനനം. സ്‌കൂളില്‍ അഡ്മിഷന്‍ തരപ്പെടുത്തുക, ഒരു ജോലി സമ്പാദിക്കുക എന്ന ലക്ഷ്യവുമായാണ് ഇര്‍ഫാന്‍ ആദ്യം സ്‌പോര്‍ടസിനെ പ്രണയിച്ചത്. എന്നാല്‍ പതിയെ ട്രാക്കും ഫീല്‍ഡും ഇര്‍ഫാന്റെ വേഗമായി മാറുകയായിരുന്നു. പിന്നീട് ഒളിമ്പിക് ലക്ഷ്യം വെച്ചുള്ള കഠിന പരിശീനമായി ഇര്‍ഫാന്റെ ജീവിതം. കുനിയില്‍ മുതല്‍ മുക്കം വരെയുള്ള 10 കിലോമീറ്ററോളം റോഡിലെ നിത്യവുമുള്ള നടത്തവും കോഴിക്കോട് ദേവഗിരി കോളേജ് ഗ്രൗണ്ടിലെ കഠിന പരിശീലനവും ഇര്‍ഫാനെ സ്വപ്നങ്ങളിലേക്ക് നടത്തിച്ചു.

2006 ലെ റവന്യൂ, സബ് ജില്ലാ, ജില്ലാ സ്‌കൂള്‍ മീറ്റുകളില്‍ നടന്ന 5 കി മീ നടത്ത മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയാണ് ഇര്‍ഫാന്‍ നടത്ത മത്സരത്തിലേക്കുള്ള വരവറിയച്ചത്. എന്നാല്‍ ജില്ലാ സ്‌കൂള്‍ മീറ്റില്‍ ഡിസ്‌കസ് ത്രോയില്‍ ലഭിച്ച മെഡലാണ് ഇര്‍ഫാന്റെ കരിയറിലെ ആദ്യ മെഡല്‍ എന്നത് കൗതുകകരം.

പ്‌ളസ് ടുവിന് ശേഷം ബിരുദത്തിന് ചേര്‍ന്നതോടെയാണ് ഇര്‍ഫാന്റെ കരിയറിന് വഴിത്തിരിവാകുന്നത്.കോച്ച് എ ബോസിന്റെ കീഴില്‍ കോഴിക്കോട് സായിയില്‍ പരിശീലനം ആരംഭിച്ചു. 2007, 2008, 2009 വര്‍ഷങ്ങളില്‍ സൗത്ത് സോണ്‍ മീറ്റില്‍ 10 കി. മീ. നടത്ത വിഭാഗത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടി. പോണ്ടിച്ചേരിയില്‍ നടന്ന മറ്റൊരു നാഷണല്‍ മീറ്റില്‍ റെക്കോര്‍ഡോടെ സ്വര്‍ണം നേടുകയും ചെയ്തു. 2011 ജൂണില്‍ നടന്ന ഇന്റര്‍ സ്‌റ്റേറ്റ് സീനിയര്‍ ചാംമ്പ്യന്‍ഷിപ്പില്‍ 20 കി.മീ വിഭാഗത്തില്‍ നേടിയ വെളളി മെഡലാണ് ഇര്‍ഫാന്റെ ആദ്യ ദേശീയ മെഡല്‍. ആ വര്‍ഷം തന്നെ നടന്ന ദേശീയ ഗെയിംസില്‍ നാലാമതായാണ് ഫിനിഷ് ചെയ്‌തെങ്കിലും ദേശീയ ടീമിലേക്ക് സെലക്ഷന്‍ ലഭിച്ചത് ഇര്‍ഫാന്റെ ഒളിമ്പിക്‌സ് ‘സ്വപ്നങ്ങള്‍ക്ക് വേഗമേകി. റഷ്യയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ഒരു മണിക്കൂര്‍ 22:09 മിനിറ്റ് കൊണ്ട് ഫിനിഷ് ചെയ്ത് എ ഗ്രേഡ് യോഗ്യത മാര്‍ക്ക് നേടിയാണ് ഇര്‍ഫാന്‍ ലണ്ടനിലേക്ക് നടക്കുന്നു.

ചരിത്രം കുറിച്ച് ഇര്‍ഫാന്‍ തിരിച്ചു നടക്കുന്നു ചരിത്രം കുറിച്ച് ഇര്‍ഫാന്‍ തിരിച്ചു നടക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക