Image

ടി.പി വധം: എക്‌സ്പ്‌ളോസിവ് ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചു

Published on 04 August, 2012
ടി.പി വധം: എക്‌സ്പ്‌ളോസിവ് ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചു
കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധകേസില്‍ പൊലീസിന് എക്‌സ്പ്‌ളോസിവ് ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചു. ചന്ദ്രശേഖരനെ വള്ളിക്കാട് അങ്ങാടിയില്‍ വാളുകള്‍ ഉപയോഗിച്ച് വെട്ടിക്കൊല്ലുന്നതിനിടെ ഓടിക്കൂടിയവര്‍ക്കു നേരെ അക്രമിസംഘം ബോംബെറിഞ്ഞിരുന്നു.
സംഭവസ്ഥലത്തുനിന്ന് പൊലീസ് ശേഖരിച്ച ബോംബിന്റെ അവശിഷ്ടം തിരുവനന്തപുരം ഫോറന്‍സിക് ലാബിലാണ് വിദഗ്ധ പരിശോധന നടത്തിയത്. മാരകശേഷിയുള്ള സ്‌ഫോടകവസ്തുവാണ് അക്രമികള്‍ ഉപയോഗിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍, ആഗസ്റ്റ് 10ന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായി തിങ്കളാഴ്ച സര്‍ക്കാറിന്റെ അനുമതി തേടും. സ്‌ഫോടകവസ്തു ഉപയോഗിച്ച് നടത്തിയ അക്രമമായതിനാല്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ സര്‍ക്കാറിന്റെ അനുമതി വേണമെന്നാണ് നിയമം. അനുമതി ആവശ്യപ്പെട്ട് അന്വേഷണസംഘം തിങ്കളാഴ്ച രാവിലെ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.

ആദ്യഘട്ട കുറ്റപത്രത്തില്‍ 40ഓ 42ഓ പ്രതികള്‍ ഉണ്ടാകുമെന്ന് അന്വേഷണസംഘം പറഞ്ഞു. എം.സി. അനൂപ്, കിര്‍മാണി മനോജ്, കൊടിസുനി, ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, ഷിജിത്, സിജിത് എന്ന അണ്ണന്‍ എന്നിവരായിരിക്കും യഥാക്രമം ഒന്നു മുതല്‍ ഏഴു വരെ പ്രതികള്‍. കൊലപാതകം, സ്‌ഫോടകവസ്തു പ്രയോഗിച്ചത്, ക്രിമിനല്‍ ഗൂഢാലോചന, മാരകായുധം കൈവശംവെക്കല്‍ തുടങ്ങി വിവിധ കുറ്റങ്ങള്‍ ഏഴുപേര്‍ക്കെതിരെയും ചുമത്തിയിട്ടുണ്ട്. മൂന്നുപേര്‍ക്കെതിരെ തെളിവു നശിപ്പിക്കല്‍ കുറ്റമാണ്.

സി.പി.എം നേതാക്കളായ പി. മോഹനന്‍ മാസ്റ്റര്‍, കാരായി രാജന്‍, സി.എച്ച്. അശോകന്‍, പി.കെ. കുഞ്ഞനന്തന്‍, പി.പി. രാമകൃഷ്ണന്‍, കെ.കെ. കൃഷ്ണന്‍, കെ.സി. രാമചന്ദ്രന്‍, പടയംകണ്ടി രവീന്ദ്രന്‍, വടക്കയില്‍ മനോജ് എന്ന ട്രൗസര്‍ മനോജ്, പി. ജ്യോതി ബാബു തുടങ്ങിയവര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനാ കുറ്റമാണ് ചുമത്തിയത്. കെ.സി. രാമചന്ദ്രനെതിരെ വീട്ടില്‍ ആയുധം സൂക്ഷിച്ച കുറ്റവുമുണ്ട്.

കുറ്റപത്രം സംബന്ധിച്ച് നിയമവിദഗ്ധരുമായി അവസാനവട്ട ചര്‍ച്ച നടത്തിയ പ്രത്യേക അന്വേഷണ സംഘം കടലാസു പണികള്‍ ഏതാണ്ട് പൂര്‍ത്തിയാക്കി. നിരവധി പേജുകള്‍ വരുന്ന രേഖകളുടെ ഫോട്ടോസ്റ്റാറ്റുകള്‍ എടുക്കേണ്ട ജോലിയേ ബാക്കിയുള്ളൂ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക