Image

മനോജ് മരിച്ചത് ഭീകരാന്തരീക്ഷം നേരില്‍ കണ്ടതിന്റെ ഹൃദയാഘാതം മൂലം

Published on 04 August, 2012
മനോജ് മരിച്ചത് ഭീകരാന്തരീക്ഷം നേരില്‍ കണ്ടതിന്റെ ഹൃദയാഘാതം മൂലം
കോഴിക്കോട്: സി.പി.എം ഹര്‍ത്താലില്‍ ഡി.വൈ.എഫ്.ഐ നേതാവ് കാസര്‍കോട് ഉദുമയിലെ ടി. മനോജ് മരിക്കാനിടയായത്, ഭീകരാന്തരീക്ഷത്തിന്റെ ഇടയില്‍പെട്ടതിനെ തുടര്‍ന്നുണ്ടായ ഹൃദയാഘാതം മൂലമാകാമെന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍.

ഇരു വിഭാഗവും ഏറ്റുമുട്ടിയപ്പോള്‍ ഇതിനിടയില്‍പെട്ട മനോജിന്റെ ഹൃദയസമ്മര്‍ദം കൂടിയതാവും മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ പങ്കെടുത്ത പ്രമുഖ പൊലീസ് സര്‍ജന്‍ പറഞ്ഞു. ഹൃദയം, കരള്‍ തുടങ്ങി എല്ലാ ആന്തരികാവയവങ്ങളുടെയും സാമ്പ്ള്‍ പത്തോളജി വകുപ്പിന് കൈമാറിയിട്ടുണ്ട്.

അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് കിട്ടുന്നതോടെ അന്തിമ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് കൈമാറുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. പത്തോളജി വിഭാഗം മേധാവി ഡോ. പി.പി. സതിയുടെ നേതൃത്വത്തില്‍ ആന്തരികാവയവങ്ങളുടെ സാമ്പ്ള്‍ വിശദമായി പരിശോധിക്കും.
‘മനോജിന്റെ കാല്‍മുട്ടുകളിലും നെറ്റിയിലും തലക്കുപിന്നിലുമായി നാലു മുറിവുകളുണ്ട്. ഈ മുറിവുകള്‍ ഒരിക്കലും മരണകാരണമാവില്ല. സംഘര്‍ഷത്തിനിടെ മുട്ടുകുത്തി വീണതുപോലുള്ള പരിക്കാണ് മനോജിന്റെ ദേഹത്തുണ്ടായിരുന്നത്.

പൂര്‍ണ ആരോഗ്യവാനായ 24കാരന്‍ മരിക്കാന്‍ ഈ മുറിവുകള്‍ കാരണമാവില്ല. സംഘര്‍ഷത്തിലെ ഭീകരാന്തരീക്ഷം കണ്ടു ഭയന്നാല്‍ ഹൃദയാഘാതമുണ്ടാകാം. അതെല്ലാം പൊലീസ് തെളിയിക്കട്ടെ’ ഡോക്ടര്‍ പറഞ്ഞു.

രക്തധമനികളിലെ അമിത കൊഴുപ്പ്, രക്തക്കുഴലിന്റെ അസുഖങ്ങള്‍ തുടങ്ങി വിവിധ കാരണങ്ങള്‍ കൊണ്ട് ഹൃദയസ്തംഭനമുണ്ടാകും. മനോജിന് ഇത്തരമൊരു അസുഖവും ഇല്ല. ശരീരത്തിലേറ്റ നാലു മുറിവുകളല്ലാതെ ചവിട്ടേറ്റ ക്ഷതം കണ്ടെത്താനായില്ല. പ്രാഥമിക നിഗമനങ്ങള്‍ രേഖപ്പെടുത്തി ‘സ്വാഭാവിക മരണമല്ല’ എന്ന കുറിപ്പോടെയാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് കൈമാറിയത്.

ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ഷേര്‍ളി വാസു, ഡോ. സുജിത് ശ്രീനിവാസ്, ഡോ. പി.വി. വിജയകുമാര്‍, ഡോ. കൃഷ്ണകുമാര്‍, ഡോ. സോനു, ഡോ. പ്രിയത എന്നിവരടങ്ങുന്ന സംഘമാണ് മനോജിന്റെ നടത്തിയത്.

മനോജ് മരിച്ചത് ഭീകരാന്തരീക്ഷം നേരില്‍ കണ്ടതിന്റെ ഹൃദയാഘാതം മൂലം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക