Image

പി.സി. ജോര്‍ജിനെചൊല്ലി യു.ഡി.എഫില്‍ വിവാദം പുകയുന്നു

Published on 04 August, 2012
പി.സി. ജോര്‍ജിനെചൊല്ലി യു.ഡി.എഫില്‍ വിവാദം പുകയുന്നു
തിരുവനന്തപുരം: ടി.എന്‍. പ്രതാപനെ ജാതിപ്പേര് പറഞ്ഞ് ഗവ. ചീഫ്വിപ്പ് പി.സി. ജോര്‍ജ് ആക്ഷേപിച്ചതിനെ തുടര്‍ന്ന് ഭരണമുന്നണിയില്‍ ഉടലെടുത്ത തര്‍ക്കത്തിന്റെ ആഴം വര്‍ധിക്കുന്നു. മുന്നണിയിലെ ആറ് യുവ എം.എല്‍.എ മാര്‍ നെല്ലിയാമ്പതി സന്ദര്‍ശിക്കുന്നതിന് കൂടി തയാറായതോടെ വരും ദിവസങ്ങളില്‍ തര്‍ക്കത്തിന് വിപുലമായ മാനം കൈവന്നേക്കും. അതിനിടെ സംഭവത്തോട് മൃദുസമീപനം സ്വീകരിച്ച മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം പുകയുകയാണ്.

ചീഫ് വിപ്പ് സ്ഥാനത്തിന്റെ വലിപ്പം മനസ്സിലാക്കി പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ട യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, മുന്നണിക്ക് അതീതനെന്ന തോന്നലുണ്ടാക്കുന്ന പ്രവൃത്തികളാണ് ജോര്‍ജില്‍ നിന്ന് ഉണ്ടാകുന്നതെന്നും തുറന്നടിച്ചു. മുന്നണി ബന്ധത്തിന് വിള്ളലുണ്ടാക്കുന്ന പ്രസ്താവനകളാണ് ജോര്‍ജില്‍ നിന്ന് ഉണ്ടാകുന്നതെന്ന് കെ.മുരളീധരന്‍ ചൂണ്ടിക്കാട്ടി. ജോര്‍ജിന്റെ പരാമര്‍ശം അനവസരത്തിലാണെന്നായിരുന്നു എം.എം. ഹസന്റെ പ്രതികരണം. ജോര്‍ജിനെ നിയന്ത്രിക്കണമെന്ന ആവശ്യവുമായി കെ.എസ്.യുവും രംഗത്തെത്തിയിട്ടുണ്ട്.

ആദ്യം തണുത്ത പ്രതികരണം നടത്തി ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും കെ.പി.സി.സി. പ്രസിഡന്റ് പിന്നീട് നിലപാട് മാറ്റിയിരുന്നു. എന്നാല്‍ കാര്യമായി പ്രതികരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതേവരെ തയാറായിട്ടില്ല. ജോര്‍ജും ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള അടുപ്പം കൂടി മറ്റുള്ള നേതാക്കള്‍ ഇതിനോട് കൂട്ടിവായിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ തണുപ്പന്‍ പ്രതികരണത്തോട് കോണ്‍ഗ്രസിനുള്ളില്‍ ശക്തമായ വിയോജിപ്പുണ്ട്.
അതിനിടെ ടി.എന്‍. പ്രതാപന്‍ കഴിഞ്ഞദിവസം കേന്ദ്രമന്ത്രി എ.കെ. ആന്റണിയെ ബന്ധപ്പെടുകയും അപമാനിതനായ വിവരം അറിയിക്കുകയും ചെയ്തു. ജാതിപ്പേര് പറഞ്ഞുള്ള തര്‍ക്കം സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ ആന്റണിയോട് പ്രതികരണം ആരാഞ്ഞെങ്കിലും മുഖ്യമന്ത്രിയും കെ.പി.സി.സി. പ്രസിഡന്റും ചേര്‍ന്ന് പ്രശ്‌നം പരിഹരിക്കുമെന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു.

ജാതി വിവാദത്തിന് പിന്നാലെ മുന്നണിയിലെ ആറ് യുവഎം. എല്‍.എമാര്‍ നെല്ലിയാമ്പതി സന്ദര്‍ശനത്തിന് തീരുമാനിച്ചിരിക്കുകയാണ്. ഞായറാഴ്ച തിരിക്കുന്ന സംഘം തിങ്കളാഴ്ച നെല്ലിയാമ്പതിയില്‍ എത്തും. ഈ നീക്കത്തോട് സി.എം.പി, കേരളാ കോണ്‍ഗ്രസ്‌ജേക്കബ് വിഭാഗങ്ങള്‍ക്ക് യോജിപ്പില്ല.
എം.എല്‍.എമാരുടെ സന്ദര്‍ശനത്തോടെ നെല്ലിയാമ്പതി പ്രശ്‌നം പഠിക്കാന്‍ എം.എം. ഹസന്‍ അധ്യക്ഷനായി യു.ഡി.എഫ് നിയോഗിച്ച ഉപസമിതിയുടെ പ്രസക്തി നഷ്ടപ്പെടുമെന്നതില്‍ സംശയമില്ല. ഇക്കാര്യം തിരിച്ചറിയാവുന്നതിനാലാണ് യു.ഡി.എഫ് ഉപസമിതിയെ അപമാനിക്കുന്നതാണ് എം.എല്‍.എമാരുടെ നടപടിയെന്ന നിലപാടുമായി ഘടകകക്ഷികള്‍ രംഗത്തെത്തിയത്. പ്രശ്‌നം മുന്നണി നേതൃത്വത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും യു.ഡി. എഫ് ഉപസമിയില്‍ അംഗങ്ങളും ഘടകകക്ഷി നേതാക്കളുമായ ജോണി നെല്ലൂര്‍ ,കെ. ആര്‍. അരവിന്ദാക്ഷന്‍ എന്നിവര്‍ വ്യക്തമാക്കി. നെല്ലിയാമ്പതിയിലേക്ക് പോകാന്‍ തീരുമാനിച്ച ഭരണപക്ഷത്തെ എം.എല്‍.എമാര്‍ അവിടെ അനധികൃത കൈയേറ്റവും പാട്ടക്കരാര്‍ ലംഘനവും നടന്നുവെന്ന് വിശ്വസിക്കുന്നവരാണ്. സ്ഥല സന്ദര്‍ശനത്തിന് ശേഷം ഇവര്‍ നടത്തുന്ന നിരീക്ഷണങ്ങള്‍ ഏറെ നിര്‍ണായകമായിരിക്കും. അവരുടെ നിലപാടും ഉപസമിതി റിപ്പോര്‍ട്ടും വൈരുധ്യമുള്ളതാണെങ്കില്‍ പുതിയൊരു തര്‍ക്കത്തിനായിരിക്കും വഴിതുറക്കുക. ഉപസമിതി റിപ്പോര്‍ട്ട് പ്രകാരം മുന്നണിക്ക് പ്രശ്‌നത്തില്‍ തീരുമാനമെടുക്കാനും സാധിക്കാതെ വരും.

നെല്ലിയാമ്പതിയില്‍ കൈയേറ്റം നടന്നിട്ടില്ലെന്ന് ഉപസമിതിയംഗമായ ജോണിനെല്ലൂര്‍ ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്. ഈ നിഗമനത്തോട് വി.ഡി. സതീശന്‍, ടി.എന്‍ . പ്രതാപന്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് യോജിപ്പില്ല. അതിനാധാരമായ തെളിവുകള്‍ ശേഖരിച്ചായിരിക്കും അവരുള്‍പ്പെടുന്നഎം.എല്‍.എ സംഘം തിങ്കളാഴ്ചത്തെ നെല്ലിയാമ്പതി സന്ദര്‍ശന ശേഷം മടങ്ങുക.അതോടെ ജാതിപ്പേരിനെച്ചൊല്ലി ഭരണ മുന്നണിയില്‍ ആരംഭിച്ച തര്‍ക്കത്തിന് മറ്റൊരുമാനം കൈവരും.

പി.സി. ജോര്‍ജിനെചൊല്ലി യു.ഡി.എഫില്‍ വിവാദം പുകയുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക