Image

മധുരയില്‍ ടൈം ബോംബ് അടങ്ങിയ പാര്‍സല്‍ നിര്‍വീര്യമാക്കി

Published on 04 August, 2012
മധുരയില്‍ ടൈം ബോംബ് അടങ്ങിയ പാര്‍സല്‍ നിര്‍വീര്യമാക്കി
കോയമ്പത്തൂര്‍: മധുരയില്‍ പാര്‍സലില്‍ ടൈം ബോംബും സ്‌ഫോടകവസ്തുക്കളും കണ്ടെത്തി. ശനിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് സ്വര്‍ണാഭരണ നിര്‍മാണ യൂനിറ്റുടമയായ മധുര കാഞ്ചാമേട് കൃഷ്ണന്‍കോവില്‍ വീഥിയിലെ ഉമ്മറിന് അജ്ഞാത ബാലന്‍ പാര്‍സല്‍ കൈമാറിയത്. പാര്‍സല്‍ ഒരു യുവാവ് ഏല്‍പിച്ചതാണെന്നും അണ്ണാ ഡി.എം.കെ നേതാവായ ജമാലിനെ ഏല്‍പിക്കണമെന്നുമാണ് ബാലന്‍ പറഞ്ഞത്.
സംശയം തോന്നിയ ഉമ്മര്‍ പാര്‍സല്‍ തുറന്നുനോക്കിയപ്പോഴാണ് ഉച്ചക്ക് 12.30ന് സ്‌ഫോടനം നടക്കാവുന്ന വിധത്തില്‍ ബോംബ് തയാറാക്കിയിരിക്കുന്നത് കണ്ടത്. മറ്റൊരു പാക്കറ്റില്‍ ബാറ്ററി, വെടിമരുന്ന്, ടൈമര്‍ തുടങ്ങിയവ കൂട്ടിയോജിപ്പിക്കാത്ത നിലയിലായിരുന്നു. വിവരമറിഞ്ഞ് പൊലീസെത്തി പാര്‍സല്‍ നിര്‍വീര്യമാക്കി. ഉമ്മറിനെ പൊലീസ് ചോദ്യം ചെയ്തു.

മധുരയില്‍ നടക്കാനിരുന്ന സൗരാഷ്ട്ര ലോകസമ്മേളനത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി പങ്കെടുക്കാനിരുന്ന സാഹചര്യത്തിലാണ് സംഭവം. എന്നാല്‍, മോഡിയുടെ സന്ദര്‍ശനം ഇതിനകം റദ്ദാക്കിയിരുന്നു. പുണെയിലെ സ്‌ഫോടനപരമ്പരയുടെ പശ്ചാത്തലത്തില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത് പൊലീസ് അന്വേഷിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക