Image

അക്രമങ്ങള്‍ ജയരാജന് തിരിച്ചടിയായി

Published on 04 August, 2012
അക്രമങ്ങള്‍ ജയരാജന് തിരിച്ചടിയായി
കണ്ണൂര്‍: സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നുണ്ടായ വ്യാപകമായ അക്രമസംഭവങ്ങള്‍ ജാമ്യം നിഷേധിക്കപ്പെടുന്നതിന് നിമിത്തമായി. ജാമ്യാപേക്ഷ തള്ളുന്നതിനുള്ള കാരണങ്ങളിലൊന്നായി കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി ചൂണ്ടിക്കാട്ടിയത് അക്രമസംഭവങ്ങളാണ്.

ജയരാജന്‍ അറസ്റ്റ് ചെയ്യപ്പെട്ടതിനുശേഷം ജില്ലയുടെ പല ഭാഗങ്ങളിലായി ഉണ്ടായ അക്രമത്തിന്റെയും നാശനഷ്ടത്തിന്റെയും വൈപുല്യമാണ് ജാമ്യാപേക്ഷ തള്ളുന്നതിന് കോടതി എടുത്തുപറഞ്ഞത്. അറസ്റ്റ് നടന്ന ആഗസ്റ്റ് ഒന്നിനുമാത്രം ജില്ലയിലെ 35 പൊലീസ് സ്‌റ്റേഷനുകളുടെ പരിധിയില്‍ 157 ക്രിമിനല്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. പയ്യന്നൂരില്‍ വിജിലന്‍സ് സി.ഐയുടെ ക്വാര്‍ട്ടേഴ്‌സ് തകര്‍ക്കുകയും ആലക്കോട് സി.ഐ യെ ആക്രമിക്കുകയും ചെയ്തു. മറ്റു ജില്ലകളിലും അക്രമങ്ങളുണ്ടായി. ഇക്കാര്യങ്ങള്‍ പ്രോസിക്യൂഷനുവേണ്ടി ഹാജരായ സ്‌പെഷല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ സി.കെ. ശ്രീധരന്‍ ജാമ്യാപേക്ഷയിലെ വാദംകേള്‍ക്കല്‍വേളയില്‍ കോടതിയെ ബോധിപ്പിച്ചിരുന്നു.

സംസ്ഥാന തലത്തില്‍തന്നെ സി.പി.എമ്മിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രമായ കണ്ണൂരിലെ സ്വാധീനശക്തിയുള്ള വ്യക്തിയാണ് പി. ജയരാജന്‍ എന്ന പ്രതിഭാഗത്തിന്റെ അവകാശവാദം പ്രോസിക്യൂഷന്‍ ജയരാജന് എതിരായും പ്രയോഗിച്ചു. പ്രതി രാഷ്ട്രീയസ്വാധീനശക്തിയുള്ള നേതാവായതിനാല്‍ ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് കോടതിയെ ധരിപ്പിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞു.ഷുക്കൂര്‍ വധകേസില്‍ അന്വേഷണം പൂര്‍ത്തിയാകാത്തതിനാല്‍ ജാമ്യം അനുവദിക്കുന്നത് കേസിനെ ബാധിക്കുമെന്ന വാദവും കോടതി സ്വീകരിച്ചു. 

അക്രമങ്ങള്‍ ജയരാജന് തിരിച്ചടിയായിഅക്രമങ്ങള്‍ ജയരാജന് തിരിച്ചടിയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക