Image

ജാമ്യത്തിന് കൈക്കൂലി: എം.എല്‍.എയെ ചോദ്യം ചെയ്തു

Published on 04 August, 2012
ജാമ്യത്തിന് കൈക്കൂലി: എം.എല്‍.എയെ ചോദ്യം ചെയ്തു
ബംഗളൂരു: അനധികൃത ഇരുമ്പയിര് ഖനന അഴിമതി കേസില്‍ കര്‍ണാടക മുന്‍മന്ത്രി ജി. ജനാര്‍ദനറെഡ്ഡിക്ക് ജാമ്യം ലഭിക്കാന്‍ സി.ബി.ഐ ജഡ്ജിക്ക് അഞ്ചുകോടി രൂപ കൈക്കൂലി നല്‍കിയെന്നകേസില്‍ ബി.ജെ.പി എം.എല്‍.എ സോമശേഖര റെഡ്ഡിയെ ആന്ധ്ര ആന്റി കറപ്ഷന്‍ ബ്യൂറോ ചോദ്യംചെയ്തു. ജനാര്‍ദന റെഡ്ഡിയുടെ സഹോദരന്‍ കൂടിയായ സോമശേഖരയെ വെള്ളിയാഴ്ചയാണ് അഞ്ചര മണിക്കൂറോളം ചോദ്യം ചെയ്തത്.

ഇയാള്‍ക്കുപുറമെ ജനാര്‍ദനറെഡ്ഡിയുടെ ബന്ധുവായ അഭിഭാഷകന്‍ ദശരഥരാമി റെഡ്ഡിയെയും ചോദ്യം ചെയ്തു. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഇയാളെ ശനിയാഴ്ച ജയിലിലേക്ക് മാറ്റി. അതിനിടെ, സോമശേഖര റെഡ്ഡി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എ.സി.ബി കോടതി ആഗസ്റ്റ് ഒമ്പതിന് വിധി പറയും. കഴിഞ്ഞ ദിവസം ഹരജി പരിഗണിച്ച കോടതി ഇരുവിഭാഗത്തിന്റെയും വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് വിധി പറയാന്‍ മാറ്റുകയായിരുന്നു. ആന്ധ്രയിലെ ഒബുല്ലാപുരം ഖനന അഴിമതി കേസില്‍ അറസ്റ്റിലായ ജനാര്‍ദന റെഡ്ഡിക്ക് മേയ് 11നാണ് ഹൈദരാബാദ് സി.ബി.ഐ ഒന്നാം അഡീഷനല്‍ കോടതി ജഡ്ജി ടി. പട്ടാഭിരാമ റാവു ജാമ്യം അനുവദിച്ചത്. ഇതു പിന്നീട് സി.ബി.ഐ ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക