Image

വീട്ടുകാര്‍ ചുമടിറക്കുന്നത് തൊഴിലാളികള്‍ തടഞ്ഞു; വിദ്യാര്‍ഥികള്‍ ചുമടിറക്കി

Published on 04 August, 2012
വീട്ടുകാര്‍ ചുമടിറക്കുന്നത് തൊഴിലാളികള്‍ തടഞ്ഞു; വിദ്യാര്‍ഥികള്‍ ചുമടിറക്കി
പുറത്തൂര്‍: കൂട്ടുകാരന്റെ വീട്ടിലേക്ക് കൊണ്ടുവന്ന ടൈല്‍സ് വണ്ടിയില്‍നിന്നിറക്കുന്നത് ചുമട്ടുതൊഴിലാളികള്‍ തടഞ്ഞപ്പോള്‍ വിദ്യാര്‍ഥികള്‍ എത്തി ചുമടിറക്കിക്കൊടുത്തു. മംഗലം ചേന്നര പെരുന്തിരുത്തിയില്‍ ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.പെരുന്തിരുത്തിയിലെ തൊണ്ടിയില്‍ ഹംസയുടെ വീട്ടിലേക്കാണ് ടൈല്‍സ് കൊണ്ടുവന്നത്.തിരൂരില്‍നിന്ന് പിക്അപ് വാനിലാണ് ടൈല്‍സ് കൊണ്ടുവന്നത്.ഈ വാഹനം രണ്ട് ചുമട്ടുതൊഴിലാളികളുടെ നേതൃത്വത്തില്‍ പരുത്തിപ്പാലത്ത് തടഞ്ഞു.

വണ്ടിയില്‍ കയറിയ ചുമട്ടുതൊഴിലാളികള്‍ തങ്ങള്‍തന്നെ ചുമടിറക്കുമെന്ന് പറഞ്ഞ് അരമണിക്കൂറോളം വണ്ടി തടഞ്ഞുവെച്ചു.52 ബോക്‌സ് ടൈല്‍സ് മാത്രമുള്ളതിനാല്‍ വീട്ടുകാര്‍തന്നെ ഇറക്കാമെന്ന് രാവിലെത്തന്നെ ഹംസയുടെ മകനും കമ്പ്യൂട്ടര്‍ വിദ്യാര്‍ഥിയുമായ റഫീഖ് തൊഴിലാളികളെ അറിയിച്ചിരുന്നു. നേരത്തെത്തന്നെ ചുമട്ടുതൊഴിലാളികള്‍ക്കെതിരെ അമിതകൂലി ഈടാക്കുന്നതായി പരാതിയുണ്ട്.

വീട്ടുകാര്‍ ടൈല്‍സിറക്കാന്‍ തുടങ്ങിയപ്പോള്‍ വീട്ടിലെത്തിയ ചുമട്ടുതൊഴിലാളികള്‍ റഫീഖിനെ ഭീഷണിപ്പെടുത്തി. സംഭവമറിഞ്ഞ് വീട്ടിലെത്തിയ റഫീഖിന്റെ സുഹൃത്തുക്കളായ പത്തോളം വിദ്യാര്‍ഥികള്‍ ടൈല്‍സിറക്കാന്‍ തുടങ്ങി. പത്താംക്ലാസ്, പ്ലസ്ടു വിദ്യാര്‍ഥികളായിരുന്നു ഭൂരിഭാഗവും.വിദ്യാര്‍ഥികള്‍ ടൈല്‍സിറക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോള്‍ റഫീഖ് തിരൂര്‍ എസ്.ഐ പി. ജ്യോതീന്ദ്രകുമാറിനെ ഫോണില്‍ ബന്ധപ്പെട്ടു. എസ്.ഐ തൊഴിലാളികളെ ശാസിക്കുകയും വിദ്യാര്‍ഥികള്‍ തൊഴിലാളികള്‍ക്കുനേരെ തിരിയുകയും ചെയ്തതോടെ ചുമട്ടുതൊഴിലാളികള്‍ തിരിച്ചുപോവുകയായിരുന്നു.തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ആഘോഷപൂര്‍വം ടൈല്‍സിറക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക