Image

സിറിയയില്‍ ഏറ്റുമുട്ടല്‍ രൂക്ഷം;അസദിനെതിരെ യു.എന്‍ പ്രമേയം

Published on 04 August, 2012
സിറിയയില്‍ ഏറ്റുമുട്ടല്‍ രൂക്ഷം;അസദിനെതിരെ യു.എന്‍ പ്രമേയം
ദമാസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസിലും സാമ്പത്തിക കേന്ദ്രമായ അലെപ്പോയിലും വിമതര്‍ നിയന്ത്രണത്തിലാക്കിയ പ്രദേശങ്ങളില്‍ സൈന്യം ശക്തമായ ആക്രമണം നടത്തി. സിറിയയിലെ ആക്രമണങ്ങളെ അപലപിച്ചും അധികാരക്കൈമാറ്റം ആവശ്യപ്പെട്ടും യു.എന്‍. പൊതുസഭയില്‍ സൗദി അറേബ്യ കൊണ്ടുവന്ന പ്രമേയം പാസായതിനു പിന്നാലെയാണ് പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ ഭരണകൂടം വിമതര്‍ക്കെതിരെ പുതിയ ആക്രമണപരമ്പര അഴിച്ചുവിട്ടത്. 

193 അംഗ യു.എന്‍. പൊതുസഭയില്‍ 133 വോട്ടുകള്‍ നേടിയാണ് പ്രമേയം പാസായത്. ഇന്ത്യയടക്കം 31 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. സിറിയയില്‍ ഫലപ്രദമായി ഇടപെടുന്നതില്‍ യു.എന്‍. രക്ഷാസമിതി പരാജയപ്പെട്ടതായി പ്രമേയത്തില്‍ വിമര്‍ശനമുണ്ട്. എന്നാല്‍, സിറിയന്‍ വിമതരെ അനുകൂലിക്കുന്ന ഏകപക്ഷീയ പ്രമേയമാണിതെന്ന് റഷ്യയും ചൈനയും ആരോപിച്ചു.

അലെപ്പോയിലെ വിമത കേന്ദ്രങ്ങള്‍ക്കുനേരെ ആകാശത്തുനിന്നു സൈനികര്‍ യന്ത്രത്തോക്കുകളുപയോഗിച്ച് വെടിവെപ്പ് നടത്തി. ടെലിവിഷന്‍, റേഡിയോ കേന്ദ്രങ്ങള്‍ക്കുചുറ്റും വിമതരും സൈന്യവും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലുണ്ടായി. സിറിയയില്‍ വെള്ളിയാഴ്ച മാത്രം 110 പേര്‍ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു.

അതിനിടെ, ദമാസ്‌കസിനടുത്ത് സയീദ സൈനബിലൂടെ ബസ്സില്‍ സഞ്ചരിക്കുകയായിരുന്ന 48 ഇറാനിയന്‍ തീര്‍ഥാടകരെ തട്ടിക്കൊണ്ടുപോയതായി ഇറാനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. തീവ്രവാദികളാണ് സംഭവത്തിനു പിന്നിലെന്ന് ഇറാന്‍ ആരോപിച്ചു. സിറിയന്‍ വിമതരെ പ്രസിഡന്റ് അസദിന്റെ ഭരണകൂടം വിശേഷിപ്പിക്കുന്നത് തീവ്രവാദികളെന്നാണ്. അസദ് ഭരണകൂടത്തിന്റെ ഉറ്റ സഖ്യരാജ്യമാണ് ഇറാന്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക