Image

അലപ്പോയില്‍ വിമതകേന്ദ്രങ്ങള്‍ സൈന്യം തകര്‍ത്തു

Published on 05 August, 2012
അലപ്പോയില്‍ വിമതകേന്ദ്രങ്ങള്‍ സൈന്യം തകര്‍ത്തു
ഡമസ്‌കസ്: ഡമസ്‌കസിന്റെ ചില ഭാഗങ്ങള്‍ തിരിച്ചുപിടിച്ചെന്ന അവകാശ വാദങ്ങള്‍ക്കിടെ അലപ്പോയിലും ശക്തമായ സൈനിക മുന്നേറ്റം. അലപ്പോയിലെ വിമതകേന്ദ്രങ്ങള്‍ സേന തകര്‍ത്തതായിഔദ്യാഗിക പ്രതിനിധി പറഞ്ഞു. വിമതരെ എതിരിടുന്നതിനായി സൈന്യത്തെ അണിനിരത്തിക്കഴിഞ്ഞെന്നും ഉത്തരവിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഞായറാഴ്ച രാവിലെയുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു വിമതര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
സൈന്യത്തിന്റെ ബോംബാക്രമണങ്ങളില്‍ നഗരത്തിലെ പൊതുസ്ഥാപനങ്ങള്‍ തകര്‍ന്നതായും ഇവയില്‍ ചരിത്ര സ്മാരകങ്ങള്‍ ഉള്‍പ്പെടുന്നതായും വിമതര്‍ കുറ്റപ്പെടുത്തി. അതേസമയം, വിമതരെ പരാജയപ്പെടുത്തിയതിന് ശേഷം ഇത്തരം സ്ഥാപനങ്ങളുടെ സംരക്ഷണമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഭരണകൂടത്തിന്റെ പ്രതിനിധി അറിയിച്ചു.

13ാം നൂറ്റാണ്ടിലെ കോട്ടകളുള്‍പ്പെടെ ചരിത്രസ്മാരകങ്ങളുള്ള നഗരത്തെ 1986ല്‍ യു.എന്‍ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്‌കാരിക സമിതി ‘ലോക പൈതൃക നഗരം’ എന്നു വിശേഷിപ്പിച്ചിരുന്നു.

അതിനിടെ വിമതര്‍ തട്ടിക്കൊണ്ടു പോയ പൗരന്മാരെ മോചിപ്പിക്കാന്‍ ഇറാന്‍ തുര്‍ക്കിയുടെയും ഖത്തറിന്റെയും സഹായം തേടി. പ്രതിപക്ഷവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളാണിവ. 48 ഇറാനിയന്‍ പൗരന്മാരെ വിമതസേന തട്ടിക്കൊണ്ടു പോയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ നേരത്തേ പുറത്തു വിട്ടിരുന്നു. വിമതരെ ആയുധമണിയിക്കരുതെന്നും സിറിയന്‍ തട്ടകത്തിലേക്ക് വിദേശികള്‍ കടന്നു വരരുതെന്നും ഇറാന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

അലപ്പോയില്‍ വിമതകേന്ദ്രങ്ങള്‍ സൈന്യം തകര്‍ത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക