Image

യു.എസ്. 'നേവി സീലു'കളുടെ എം4 തോക്ക് കരസേന വാങ്ങുന്നു

Published on 05 August, 2012
യു.എസ്. 'നേവി സീലു'കളുടെ എം4 തോക്ക് കരസേന വാങ്ങുന്നു
ന്യൂഡല്‍ഹി: യു.എസ്. നിര്‍മിത എം4 അസോള്‍ട്ട് റൈഫിളുകള്‍ ഇന്ത്യന്‍ കരസേന സ്വന്തമാക്കുന്നു. പ്രത്യേക പരിശീലനം ലഭിച്ച കരസേനയുടെ സ്‌പെഷല്‍ഫോഴ്‌സിനാണ് ഈ റൈഫിളുകള്‍ നല്കുക. ഇവ ഉപയോഗിച്ചാണ് യു.എസ്. 'നേവി സീലുകള്‍' അല്‍ഖ്വെയ്ദ സ്ഥാപകനായ ഉസാമ ബിന്‍ ലാദനെ വധിച്ചത്. 

അതിനിടെ, യു.എസ്. നിര്‍മിത ബഹുദൗത്യ പോര്‍വിമാനം പി 8വണ്‍ അന്തിമഉപയോഗത്തിന് സജ്ജമായി. ഇന്ത്യ ആവശ്യപ്പെട്ടിരുന്ന എട്ട് വിമാനങ്ങളില്‍ രണ്ടാമത്തേതും എത്തിച്ചേര്‍ന്നതോടെയാണ് ഇവ ഉപയോഗിക്കാന്‍ നാവികസേന തീരുമാനിച്ചത്. ആദ്യ പി 8വണ്‍ വിമാനം ഈ വര്‍ഷം ആദ്യവും രണ്ടാമത്തേത് അടുത്തിടെയും വിജയകരമായി പരീക്ഷിച്ചിരുന്നു. 

ഭീകരവിരുദ്ധപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്‌പെഷല്‍ഫോഴ്‌സ് ബറ്റാലിയനുകള്‍ക്ക് എം4 നല്‍കാനാണ് തീരുമാനം. എട്ട് ബറ്റാലിയനുകള്‍ക്കാണ് ഇവ നല്‍കുക. എം4 റൈഫിളുകള്‍ വാങ്ങാനായി ഇന്ത്യ അമേരിക്കയുമായി കരാര്‍ ഒപ്പുവെച്ചിരുന്നു. 

ഇപ്പോള്‍ ഇസ്രായേല്‍നിര്‍മിത ട്രവര്‍21 പോലുള്ള തോക്കുകളാണ് സേന ഉപയോഗിക്കുന്നത്. ഇവയ്‌ക്കൊപ്പം എം4 കൂടി സ്‌പെഷല്‍ഫോഴ്‌സിന് നല്‍കാനാണ് ഉദ്ദേശ്യം. എ.കെ 47 തോക്കുകളാണ് സേന മുമ്പ് ഉപയോഗിച്ചിരുന്നത്. സാധാരണ കരസേനാ യൂണിറ്റുകളെ അപേക്ഷിച്ച് സങ്കീര്‍ണവും അപകടകരവുമായ രഹസ്യഓപ്പറേഷനുകളാണ് സ്‌പെഷല്‍ഫോഴ്‌സിന്റെ ചുമതല.

കരസേനയുടെ പാരച്യൂട്ട് റെജിമെന്റിനു കീഴിലുള്ള 10 ബറ്റാലിയനുകളില്‍ എട്ടെണ്ണമാണ് സ്‌പെഷല്‍ ഫോഴ്‌സ് യൂണിറ്റുകള്‍. ഭീകരവിരുദ്ധനീക്കം, യുദ്ധകാലത്ത് ശത്രുനിരയ്ക്കു പിന്നില്‍ കടന്ന് യുദ്ധസജ്ജീകരണങ്ങള്‍ തകര്‍ക്കല്‍ എന്നിവയാണ് ഈ വിഭാഗത്തിന്റെ ചുമതലകള്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായിട്ടാണ് ഇവരെ വിന്യസിച്ചിരിക്കുന്നത്. ഓരോ ബറ്റാലിയനിലും 700 സൈനികര്‍ വീതമാണുള്ളത്. 

യു.എസ്. നാവികസേനയുടെ പോസിഡോണ്‍ യുദ്ധവിമാനങ്ങളോട് കിടപിടിക്കുന്നതാണ് പി 8വണ്‍. കനത്ത പ്രഹരശേഷിയുള്ള ഹാര്‍പൂണ്‍ മിസൈലുകള്‍ വഹിക്കുന്ന പി 8വണ്‍ വിമാനങ്ങള്‍ വാങ്ങുന്ന ആദ്യ രാജ്യമാണ് ഇന്ത്യ. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക