Image

അമേരിക്കയില്‍ സിഖ് ഗുരുദ്വാരയില്‍ വെടിവെപ്പ്: ഏഴ് മരണം

Published on 05 August, 2012
അമേരിക്കയില്‍ സിഖ് ഗുരുദ്വാരയില്‍ വെടിവെപ്പ്: ഏഴ് മരണം
ന്യൂയോര്‍ക്ക്: യു.എസ്സിലെ വിസ്‌കോണ്‍സിനിലെ ഓക് ക്രീക്കിലുള്ള സിഖ് ഗുരുദ്വാരയില്‍ അജ്ഞാതര്‍ നടത്തിയ വെടിവെപ്പില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ 25 പേരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. വെടിവെപ്പ് നടത്തിയ ഒരാളും കൊല്ലപ്പെട്ടു. ഗുരുദ്വാരയില്‍ 12 കുട്ടികളുള്‍പ്പെടെയുള്ളവരെ ബന്ദിയാക്കിയതായും റിപ്പോര്‍ട്ടുണ്ട്.

പ്രാദേശിക സമയം രാവിലെ 11 മണിക്കായിരുന്നു ആസൂത്രിതമായി വെടിവെപ്പ് നടന്നത്. ചുരുങ്ങിയത് മൂന്നു പേര്‍ ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട്. സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഇവരില്‍ ഒരാള്‍ കൊല്ലപ്പെട്ടത്. 
ഞായറാഴ്ചയായതിനാല്‍ ഗുരുദ്വാരയില്‍ ആരാധനയ്ക്കായി നാനൂറോളം പേര്‍ എത്തിയിരുന്നു. ഇന്ത്യയില്‍ നിന്ന് സിഖ് പുരോഹിതനും എത്തിച്ചേര്‍ന്നിരുന്നു. ഗുരുദ്വാരയുടെ പ്രസിഡന്റ് സത്‌വാന്ത് കലേകയ്ക്കും ഒരു സുരക്ഷാ ഉദ്യോഗസ്ഥനും പരിക്കേറ്റു. ആസ്പത്രിയില്‍ പ്രവേശിപ്പിച്ച മൂന്നു പേരുടെ നില ഗുരുതരമാണ്.

ഗുരുദ്വാരയ്ക്കകത്ത് ചുരുങ്ങിയത് രണ്ട് അക്രമികള്‍ കൂടിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവരെ കീഴ്‌പ്പെടുത്താനുള്ള ശ്രമം തുടരുകയാണെന്ന് പോലീസ് പറഞ്ഞു. 

യു.എസ്സിലെ ഇന്ത്യന്‍ അംബാസഡര്‍ നിരുപമാ റാവു അക്രമത്തെ അപലപിച്ചു. വൈറ്റ്ഹൗസിലെ ദേശീയ സുരക്ഷാ കൗണ്‍സിലുമായി ബന്ധപ്പെട്ടുവരികയാണെന്നും അവര്‍ പറഞ്ഞു. ഷിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറലിനെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്.

അമേരിക്കയില്‍ സിഖ് ഗുരുദ്വാരയില്‍ വെടിവെപ്പ്: ഏഴ് മരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക