Image

വേഗത്തിന്റെ രാജാവ് ഉസൈന്‍ ബോള്‍ട്ട് തന്നെ

Published on 05 August, 2012
വേഗത്തിന്റെ രാജാവ് ഉസൈന്‍ ബോള്‍ട്ട് തന്നെ
ലണ്ടന്‍ : എല്ലാ സംശയങ്ങള്‍ക്കും എല്ലാ ആശങ്കകള്‍ക്കുമുള്ള ഉത്തരമിതാ. ഉസൈന്‍ ബോള്‍ട്ട്. വേഗപ്പോരില്‍ ഈ ജമൈക്കന്‍ ചീറ്റപ്പുലിയെ വെല്ലാന്‍ ഇനിയുമൊരു അവതാരം ഉണ്ടാകാനിരിക്കുന്നു ഭൂമിയില്‍. പരിക്കും യൊഹാന്‍ ബ്ലേക്കിന്റെ അട്ടിമറിക്കുതിപ്പുമെല്ലാം വെറും പാഴ്ക്കിനാക്കളായി മായ്ച്ചുകളഞ്ഞുകൊണ്ട് ബോള്‍ട്ട് നടത്തിയ കുതിപ്പില്‍ പിറന്നത് ഒരു ഒളിമ്പിക് സ്വര്‍ണം മാത്രമല്ല, പുതിയൊരു ഒളിമ്പിക് റെക്കോഡ് കൂടിയാണ്. 9.63 സെക്കന്‍ഡിലാണ് ബോള്‍ട്ട് ഫിനിഷ് ചെയ്തത്. ബെയ്ജിങ്ങില്‍ നാലു വര്‍ഷം മുന്‍പ് താന്‍ തന്നെ കുറിച്ച 9.69 സെക്കന്‍ഡാണ് ബോള്‍ട്ട് ഇക്കുറി തിരുത്തിയെഴുതിയത്. ഈ സീസണില്‍ ബോള്‍ട്ട് ഓടിയ ഏറ്റവും മികച്ച സമയം 9.76 സെക്കന്‍ഡായിരുന്നു.

സീസണിലുടനീളം ഭീഷണിയുയര്‍ത്തുകയും രണ്ടുവട്ടം ബോള്‍ട്ടിനെ അട്ടിമറിച്ച് ലോകത്തെ ഞെട്ടിച്ച യൊഹാന്‍ ബ്ലേക്കാണ് വെള്ളി മെഡലിന്റെ അവകാശി. തന്റെ കരിയറിലെ ഏറ്റവും മികച്ച സമയമായ 9.75 സെക്കന്‍ഡിലാണ് ബ്ലേക്ക് ഫിനിഷ് ചെയ്തത്. സെമിഫൈനലില്‍ ഏറ്റവും മികച്ച സമയം കുറിച്ച അമേരിക്കയുടെ ജസ്റ്റിന്‍ ഗാറ്റലിനാണ് വെങ്കലം. സമയം: 9.79 സെക്കന്‍ഡ്. ഗാറ്റലിന്റെ ഏറ്റവും മികച്ച സമയമാണിത്.

ഏഴാം ലെയ്‌നില്‍ രണ്ട് അമേരിക്കക്കാരായ ജസ്റ്റിന്‍ ഗാറ്റലിനും റ്യാന്‍ ബെയ്‌ലിക്കുമിടയില്‍ സ്ഥാനം പിടിച്ച ബോള്‍ട്ടിന്റെ തുടക്കം പതിവ്‌പോലെ മന്ദഗതിയിലായിരുന്നു. എന്നാല്‍, എളുപ്പത്തില്‍ തന്നെ അഞ്ചാം ലെയ്‌നില്‍ ഉജ്വലമായി തുടങ്ങിയ യൊഹാന്‍ ബ്ലേക്കിനും ആറാം ലെയ്‌നിലെ ഗാറ്റലിനും നാലാം ലെയ്‌നിലെ ടൈസണ്‍ ഗേയ്ക്കുമൊപ്പമെത്തിയ ബോള്‍ട്ട് എളുപ്പത്തില്‍ അവരെ മറികടക്കുമെന്ന് തോന്നിച്ചിരുന്നു. എണ്‍പത് മീറ്റര്‍ എത്തിയതോടെ അതു സംഭവിച്ചു. ഒളിച്ചുവെച്ച ഊര്‍ജം കാലുകളിലൂടെ ശിരസ്സിലേയ്ക്ക് പ്രവഹിക്കുന്നത് പ്രകടമായിരുന്നു പിന്നീടുള്ള ഓരോ ചുവടിലും. ക്ലോക്കിലേക്ക് കണ്ണെറിഞ്ഞ് നീളന്‍ കാലിന്റെ നെടുനീളന്‍ സ്‌െ്രെടഡുകളുമായി ഓരോ അടിയിലും ബോള്‍ട്ട് മറ്റുള്ളവരില്‍ നിന്ന് കുതറിമുന്നേറുന്നത് ചേതോഹരമായ ഒരു കാഴ്ച തന്നെയായിരുന്നു. ഏറ്റവും കടുത്ത ബ്ലേക്ക് ആരാധകന്‍ പോലും എഴുന്നേറ്റ് നിന്ന് സ്തുതി പറഞ്ഞുപോകുന്ന പ്രകടനം. ഒടുവില്‍ ഒരു കാല്‍പ്പാടകലത്തില്‍ തന്നെ അനായാസമായി ടേപ്പ് തൊടുകയും ചെയ്തു ബോള്‍ട്ട്. 9.87 സെക്കന്‍ഡിലാണ് ബോള്‍ട്ട് സെമിയില്‍ ഓടിയത്.

കഴിഞ്ഞ രണ്ട് അട്ടിമറികളും ഇനി കണ്ടു മറന്ന കിനാവു മാത്രമായിരിക്കും യൊഹാന്‍ ബ്ലേക്കിന്. എങ്കിലും ഗാറ്റലിന്റെയും ഗേയുടെയും മുന്നേറ്റത്തില്‍ നിന്നും അവസാനനിമിഷം വരെ തന്റെ ലീഡ് നിലനിര്‍ത്താന്‍ ഈ ജമൈക്കന്‍ താരത്തിനായി. സീസണിലെ തന്റെ ഏറ്റവും മികച്ച സമയമായ 9.80 സെക്കന്‍ഡില്‍ നാലാമതാണ് ഗേ ഫിനിഷ് ചെയ്തത്. അമേരിക്കയുടെ റ്യാന്‍ ബെയ്‌ലി ഏറ്റവും മികച്ച വ്യക്തിഗത സമയത്തില്‍ അഞ്ചാമനായി (9.88 സെക്കന്‍ഡ്).

ബോള്‍ട്ടും ബ്ലേക്കും ആഘോഷങ്ങളുടെ അമിട്ടിന് തീയിടുമ്പോഴും ടീമംഗമായ അസഫ പവല്‍ ഒരു വേദനയായി മാറുകയായിരുന്നു. മുന്‍നിരക്കാര്‍ക്കൊപ്പം തന്നെ കുതിച്ചെങ്കിലും 60 മീറ്ററിലെത്തിയതോടെ പേശിവലിവ് മൂലം മുടന്തിപ്പോവുകയായിരുന്നു പവല്‍. ഒടുവില്‍ 11.99 സെക്കന്‍ഡില്‍ കഷ്ടിച്ചാണ് ഫിനിഷ് ചെയ്തത്.

വേഗത്തിന്റെ രാജാവ് ഉസൈന്‍ ബോള്‍ട്ട് തന്നെ വേഗത്തിന്റെ രാജാവ് ഉസൈന്‍ ബോള്‍ട്ട് തന്നെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക