Image

സ്വര്‍ണം കൊയ്ത് വില്യംസ് സോദരിമാര്‍

Published on 05 August, 2012
സ്വര്‍ണം കൊയ്ത് വില്യംസ് സോദരിമാര്‍
ലണ്ടന്‍: ഒളിമ്പിക്‌സിന്റെ ചരിത്രത്തില്‍ വില്യംസ് സഹോദരിമാരുടെ കയ്യൊപ്പ് പതിഞ്ഞ ദിവസമായിരുന്നു ഞായറാഴ്ച. വില്യംസ് സഹോദരിമാരായ വീനസും സെറീനയും ഒളിമ്പിക്‌സിലെ മൂന്നാമത്തെ ഡബിള്‍സ് സ്വര്‍ണമാണ് ഞായറാഴ്ച സ്വന്തമാക്കിയത്. ഫൈനലില്‍ ചെക് റിപ്പബ്ലിക്കിന്റെ ആന്‍ഡ്രിയ ഹ്ലായക്കോവലൂസി ഹ്രാദെക്ക സഖ്യത്തെ നേരിട്ടുള്ള സെറ്റുകളില്‍ തോല്‍പ്പിച്ചായിരുന്നു അമേരിക്കന്‍ സഹോദരിമാരുടെ കിരീടധാരണം (64, 64). ഇതോടെ ഒളിമ്പിക്‌സില്‍ നാലുവീതം സ്വര്‍ണം നേടുന്ന ടെന്നീസ് താരങ്ങളെന്ന ബഹുമതിയും അവര്‍ സ്വന്തമാക്കി.

ശനിയാഴ്ച സെറീന കരിയറിലെ ആദ്യ ഒളിമ്പിക്‌സ് സിംഗിള്‍സ് സ്വര്‍ണം സ്വന്തമാക്കിയിരുന്നു. ഇതിനു പിന്നാലെ ഡബിള്‍സിലും സ്വര്‍ണം നേടിയതോടെ വില്യംസ് കുടുംബത്തില്‍ ആഹ്ലാദം ഇരട്ടിയായി.

2000ല്‍ സിഡ്‌നിയിലായിരുന്നു വില്യംസ് സഹോദരിമാരുടെ ആദ്യ ഒളിമ്പിക്‌സ് ഡബിള്‍സ് സ്വര്‍ണം. 2008ല്‍ ബെയ്ജിങ്ങില്‍ അവര്‍ രണ്ടാംസ്വര്‍ണം നേടി. വീനസ് സിഡ്‌നിയില്‍ വെച്ചുതന്നെ സിംഗിള്‍സ് സ്വര്‍ണം നേടിയിരുന്നു. സിംഗിള്‍സ് സ്വര്‍ണത്തിനായുള്ള സെറീനയുടെ കാത്തിരിപ്പ് ലണ്ടനില്‍ അവസാനിച്ചു. ഇതിന്റെ സന്തോഷം ഇരട്ടിപ്പിച്ചാണ് ഡബിള്‍സിലും സ്വര്‍ണമെത്തുന്നത്.

മൂന്ന് ഒളിമ്പിക്‌സുകളില്‍ മെഡല്‍ നേടുന്ന താരങ്ങളെന്ന ബഹുമതിയും വില്യംസ് സഹോദരിമാര്‍ നേടി. ഇതിന് മുമ്പ് സ്‌പെയിനിന്റെ കൊഞ്ചീറ്റ മാര്‍ട്ടിനസിന് മാത്രമായിരുന്നു ഈ നേട്ടം സ്വന്തമായിട്ടുണ്ടായിരുന്നത്. കൊഞ്ചീറ്റ 1992ലും 2004ലും വെള്ളിയും 1996ല്‍ വെങ്കലവും നേടിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക