Image

ക്യൂരിയോസിറ്റി ചൊവ്വയില്‍ ഇറങ്ങി

Published on 06 August, 2012
ക്യൂരിയോസിറ്റി ചൊവ്വയില്‍ ഇറങ്ങി
കാലിഫോര്‍ണിയ: ജീവന്റെ തെളിവ്‌ തേടി നാസയുടെ ക്യൂരിയോസിറ്റി പര്യവേഷണ വാഹനം ചൊവ്വയില്‍ ഇറങ്ങി. ജലാംശവും സൂക്ഷ്‌മജീവികളുടെയും ജൈവകണങ്ങളുടെയും സാന്നിധ്യവും തേടി എട്ടുമാസം മുന്‍പാണ്‌ ക്യൂരിയോസിറ്റി ചൊവ്വയിലേക്ക്‌ യാത്ര തിരിച്ചത്‌. നാസയുടെ ചൊവ്വ ദൗത്യത്തിലെ നിര്‍ണായക നാഴികകല്ലായാണ്‌ ഇതിനെ വിശേഷിപ്പിക്കുന്നത്‌. ഇന്ത്യന്‍ സമയം രാവിലെ 11 മണിയോടെയാണ്‌ ചൊവ്വയിലെ ചുവന്ന മണ്ണില്‍ ക്യൂരിയോസിറ്റി ഇറങ്ങിയത്‌.

2011 നവംബര്‍ 26ന്‌ ഫ്ലോറിഡയില്‍ നിന്നു വക്ഷേപിക്കപ്പെട്ട ക്യൂരിയോസിറ്റി 56.7 കോടി കിലോമീറ്റര്‍ സഞ്ചരിച്ചാണ്‌ ചൊവ്വ അന്തരീക്ഷത്തിലേക്ക്‌ പ്രവേശിച്ചത്‌. വേഗത ക്രമാനുഗതമായി കുറച്ച്‌ ഏഴു മിനിട്ടുകൊണ്ട്‌ ക്യൂരിയോസിറ്റി ചൊവ്വ പ്രതലത്തിലിറങ്ങി. എയര്‍ ബാഗുകളോ ചെറു റോക്കറ്റുകളോ ഉപയോഗിച്ചാണ്‌ മുന്‍പ്‌ പേടകങ്ങള്‍ ഇറക്കിയിരുന്നതെങ്കില്‍ ക്യൂരിയോസിറ്റി ചൊവ്വയില്‍ ഇറങ്ങുന്നത്‌ ആകാശ ക്രെയിന്‍ സാങ്കേതിക വിദ്യയിലൂടെയാണ്‌. ക്യുരിയോസിറ്റിയുടെ ആറു ചക്രങ്ങളും ചൊവ്വയുടെ പ്രതലത്തില്‍ തട്ടിയതോടെ ആകാശ ക്രെയിന്‍ വേര്‍പെട്ടു.

ചൊവ്വ ഉപരിതലത്തിലൂടെ സഞ്ചരിച്ച്‌ മണ്ണൂം പാറയും തുരന്നു ജീവന്റെ സാന്നിധ്യം തേടുക എന്നതാണ്‌ ക്യൂരിയോസിറ്റിയുടെ പ്രധാന ദൗത്യം. ഒരു ചെറുകാറിന്റെ വലിപ്പവും ഒരു ടണ്‍ ഭാരവുമുള്ള ക്യൂരിയോസിറ്റിയില്‍ ആധുനിക ലബോറട്ടിക്കുവേണ്ട എല്ലാ സൗകര്യങ്ങളുമുണ്ട്‌. 687 ഭൗമദിനങ്ങള്‍ ചൊവ്വയില്‍ ചിലവിടുന്ന ക്യൂരിയോസിറ്റി ദൗത്യത്തിന്റെ ചെലവ്‌ 250 കോടി ഡോളറാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക