Image

ഗുരുദ്വാരയിലെ വെടിവയ്‌പ്: മന്‍മോഹന്‍ സിംഗ്‌ അപലപിച്ചു

Published on 06 August, 2012
ഗുരുദ്വാരയിലെ വെടിവയ്‌പ്: മന്‍മോഹന്‍ സിംഗ്‌ അപലപിച്ചു
ന്യൂഡല്‍ഹി: യു.എസ്‌ ഓക്‌ക്രീക്കില ഗുരുദ്വാരയില്‍ ആറുപേരുടെ മരണത്തിനിടയാക്കിയ വെടിവെയ്‌പ്പില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ അപലപിച്ചു. വെടിവയ്‌പില്‍ മരിച്ചവരുടെയും പരുക്കേറ്റവരുടെയും കുടുംബാംഗങ്ങള്‍ക്കുണ്ടായ ദുഖത്തില്‍ താന്‍ പങ്കുചേരുന്നുവെന്ന്‌ സിംഗ്‌ പറഞ്ഞു. ഈശ്വരാരാധനയ്‌ക്കായി ഒത്തുകൂടിയ ആളുകള്‍ക്കുനേരെ വെടിയുതിര്‍ത്ത്‌ അവരെ കൊലപ്പെടുത്തിയ സംഭവത്തെ നിസാരമായി കാണുന്നില്ലെന്നും സംഭവം വളരെ ആഘാതം സൃഷ്‌ടിക്കുന്നതാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റ്‌ ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭക്‌തന്മാര്‍ക്കുനേരെ നടത്തിയ ക്രൂരമായ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പുറത്തുകൊണ്ടുവരാന്‍ അമേരിക്കന്‍ ഭരണാകൂടം ശ്രമിക്കുമെന്നും അക്രമികളെ പിടികൂടി നിയമത്തിനു മുന്നില്‍ എത്തിക്കുമെന്നും ഉറപ്പുണ്ടെന്ന്‌ പ്രധാനമന്ത്രി പറഞ്ഞു.

ഇനി ഇത്തരത്തിലൊരു ആക്രമണം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നു കാണിച്ച്‌ യുഎസ്‌ പ്രസിഡന്റ്‌ ഇറക്കിയ പ്രസ്‌താവന സ്വീകാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച്‌ നിരപരാധികളായ ഭക്‌തന്മാര്‍ക്ക്‌ നേരെ നടത്തുന്ന ആക്രമണങ്ങള്‍ സാധാരണ ആക്രമണങ്ങളെക്കാള്‍ വേദനയുളവാക്കുന്നതാണെന്നും ബന്ധുക്കളുടെ വേര്‍പാടില്‍പ്പെട്ട്‌ ദുഖിക്കുന്ന കുടുംബങ്ങളെ ആശ്വസിപ്പിക്കാന്‍ യുഎസ്സിലെ അധികൃതര്‍ എത്തുമെന്നും ഭാവിയില്‍ ഇത്തരമൊരു ദുരന്തം ആവര്‍ത്തിക്കില്ലെന്ന്‌ ഉറപ്പു നല്‍കുമെന്ന്‌ പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക