Image

മെഡല്‍ ഉറപ്പിച്ച് മേരി കോം സെമിയില്‍

Published on 06 August, 2012
മെഡല്‍ ഉറപ്പിച്ച് മേരി കോം സെമിയില്‍
ലണ്ടന്‍ :റിങ്ങില്‍ നിറഞ്ഞാടി മേരി കോം ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ഒരു മെഡല്‍ കൂടി ഉറപ്പിച്ചിരിക്കുകയാണ്. അതു സ്വര്‍ണമോ വെള്ളിയോ വെങ്കലമോ. രണ്ടു മത്സരങ്ങള്‍ കൂടി ശേഷിക്കുന്നുണ്ട് മേരിക്ക് മുന്നില്‍. ഇതിലറിയാം ഇന്ത്യയുടെ വിധി. 51 കിലോഗ്രാം ഫ്‌ലൈവെയ്റ്റ് വിഭാഗത്തില്‍ ടുണീഷ്യയുടെ മറോവ റഹാലിയെ തീര്‍ത്തും ഏകപക്ഷീയമായ തന്നെ ഇടിച്ചു തോല്‍പിച്ചാണ് മേരി സെമിയിലെത്തിയത്. സെമിയിലെത്തുന്നവര്‍ക്കെല്ലാം മെഡല്‍ ഉറപ്പാണ്. ആറിനെതിരെ 15 പോയിന്റിലായിരുന്നു അഞ്ചുവട്ടം ലോകകിരീടം ചൂടിയ മേരിയുടെ വിജയം.പ്രീക്വാര്‍ട്ടറില്‍ വളരെ കരുതലോടെ തുടങ്ങിയ മേരിയെയല്ല ഇവിടെ കണ്ടത്. തന്നെക്കാള്‍ നീളക്കൂടുതലുള്ള എതിരാളിയുടെ പ്രതിരോധഭിത്തി പിളര്‍ത്താന്‍ കുറിച്ചുനേരം വഴി തിരഞ്ഞ മേരി തന്റെ പോരായ്മകള്‍ മുഴുവന്‍ മനസ്സിലാക്കി പിന്നീട് അക്ഷരാര്‍ഥത്തില്‍ നിറഞ്ഞാടുകയായിരുന്നു.

പദചലനങ്ങള്‍ ചടുലമായിരുന്നെങ്കിലും എതിരാളിയുടെ അടുത്തെത്താന്‍ വിഷമിച്ച ആദ്യ റൗണ്ടില്‍ ഒരു പോയിന്റിന്റെ ലീഡ് മാത്രമാണ് മേരിക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞത്. തന്റെ കൈകള്‍ രണ്ടും താഴ്ത്തിയിട്ട് ഒട്ടും തന്നെ മുഖം മറയ്ക്കാതെ എതിരാളിയെ മുന്നോട്ട് കയറി ഇടിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു മേരി. ഇതിന് രഹാലി തുനിഞ്ഞപ്പോഴെല്ലാം ക്ഷണനേരം കൊണ്ട് ചാടി വീണ് ബൗട്ടുകള്‍ ഉതിര്‍ത്തുകൊണ്ടിരുന്നു മേരി. അപാരമായ വേഗതയും കൃത്യതയുമാണ് മേരി ഇതില്‍ പ്രദര്‍ശിപ്പിച്ചത്. ഇടത്, വലത് കൈകള്‍ ഒരുപോലെ ഉപയോഗിച്ച് വേഗതയാര്‍ന്ന പഞ്ചുകള്‍ ഉതിര്‍ത്ത മേരിക്ക് മൂന്നാം റൗണ്ടില്‍ മാത്രം ലഭിച്ചത് അഞ്ചു പോയിന്റിന്റെ ലീഡാണ്. 

എതിരാളിയുടെ തലയുടെ പിന്‍ഭാഗത്ത് ഇടിച്ചതിന് ഒന്നുരണ്ടു തവണ റഫറിയുടെ താക്കീത് ഏറ്റുവാങ്ങേണ്ടിവന്നെങ്കിലും മനോഹരമായ സ്വീപ്പ് ഷോട്ടുകളിലൂടെ എതിരാളിയുടെ പ്രതിരോധത്തെ അനായാസം ഭേദിക്കാന്‍ മേരിക്ക് കഴിഞ്ഞു. താളാത്മകവും അത്യന്തം അപകടകരവുമായിരുന്നു മേരിയുടെ ഇടത്, വലത് കോമ്പിനേഷന്‍ പഞ്ചുകള്‍. രഹാലിയ്ക്ക് മേരിയുടെ ഈ പ്രഹരങ്ങളെയും വേഗതയെയും ചെറക്കാന്‍ കാര്യമായൊന്നും കഴിഞ്ഞില്ല. റിസ്‌ക്കെടുത്ത് ചാടിവീണ് പഞ്ചു ചെയ്യുകയും അടുത്ത ക്ഷണം പ്രത്യാക്രമണത്തില്‍ നിന്ന് മനോഹരമായി തെന്നിമാറാനും അസാധാരണമായ മിടുക്കാണ് മേരി പ്രദര്‍ശിപ്പിച്ചത്.

ലോക രണ്ടാം റാങ്കുകാരിയും ലോകചാമ്പ്യന്‍ഷിപ്പിലെ റണ്ണറപ്പുമായ ബ്രിട്ടീഷ്താരം നിക്കോള ആഡംസാണ് സെമിയില്‍ മേരിയുടെ എതിരാളി. ആഗസ്ത് എട്ടിനാണ് പോരാട്ടം. ലോക ഒന്നാം റാങ്കുകാരി കാന്‍കാന്‍ റെന്നും അമേരിക്കയുടെ മാര്‍ലെന്‍ എസ്പാര്‍സയും തമ്മിലാണ് ആദ്യ സെമി പോരാട്ടം.

മെഡല്‍ ഉറപ്പിച്ച് മേരി കോം സെമിയില്‍
മേരി കോം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക