Image

മണ്ണിന്റെ കരള്‍ മുറിച്ചെടുക്കുന്ന മക്കള്‍ -ജോസ് കാടാപുറം

ജോസ് കാടാപുറം Published on 10 August, 2012
മണ്ണിന്റെ കരള്‍ മുറിച്ചെടുക്കുന്ന മക്കള്‍ -ജോസ് കാടാപുറം
കേരളത്തിലിപ്പോള്‍ മറ്റൊരു വിവാദത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. വിവാദങ്ങള്‍ ഒന്നിനുപുറകെ വരുമ്പോള്‍ ഇതിനിടയില്‍ സര്‍ക്കാര്‍ ജനവിരുദ്ധവും സംസ്ഥാനത്തിന്റെ നന്മയ്ക്ക് വിരുദ്ധമായ ഒട്ടനവധി പ്രവൃത്തികള്‍ ചെയ്യുന്ന കാഴ്ചയാണ് കേരളീയ സമൂഹം കണ്ടുകൊണ്ടിരിക്കുന്നത്; വിവാദ കോലാഹലങ്ങള്‍ തങ്ങളുടെ ദുഷ്‌ചെയ്തികള്‍ മറച്ചുകൊള്ളും എന്ന പ്രതീക്ഷയോടെയാണ് ഇക്കൂട്ടര്‍ ഭരണം ദുരുപയോഗം ചെയ്യുന്നത്. നെല്ലിയാമ്പതി വിവാദമാണ് നമ്മുടെ വിഷയം.

ബ്രിട്ടീഷ് രാജ്ഞിയെപ്പോലും മോഹിപ്പി
ച്ച നെല്ലിയാമ്പതി പശ്ചിമഘട്ടത്തിലെ മലനിരകളിലെ ഏറ്റവും ജൈവവൈവിദ്ധ്യമുള്ള സ്ഥലമാണ്. മാത്രമല്ല കടുവയും, ആനയും, പുള്ളിപുലിയും അന്യംനിന്നുകൊണ്ടിരിക്കുന്ന സിംഹവാലനും വരയാടും അപൂര്‍വ്വ ജന്തുക്കളും സസ്യജാലങ്ങളും ഉള്‍പ്പെട്ട പ്രദേശമാണ് നെല്ലിയാമ്പതി. 2000 മുതല്‍ 6000 അടിവരെ മുകളിലുള്ള നെല്ലിയാമ്പതി പശ്ചിമഘട്ടത്തിലെ തുടര്‍ച്ചയായ മലനിരകളാണ്. നെല്ലിയാമ്പതി മുതല്‍ ആനമുടിവരെയുള്ള പ്രദേശത്തേയ്ക്ക് നീണ്ടു കിടക്കുന്ന ഈ ജൈവമേഖലയാണ് മഴമേഘങ്ങളെ തടഞ്ഞുനിര്‍ത്തി കേരളത്തില്‍ മഴപെയ്യിക്കുന്നത്. 6000 അടി ഉയരത്തിലുള്ള നെല്ലിയാമ്പതി മുതല്‍ മൂന്നാര്‍ വരെയുള്ള ഭൂപ്രദേശമാണ് യഥാര്‍ഥ കേരളത്തിന്റെ പ്രകൃതിസൗന്ദര്യം. ഈ ഭൂപ്രദേശമാണ് ലോകശ്രദ്ധയാകര്‍ഷിച്ച കേരളത്തിന്റെ പച്ചപ്പ്. ഇത്തരത്തിലുള്ള അപൂര്‍വ്വ ജൈവമേഖലയെകുറിച്ചാണ് വനംമന്ത്രി ഗണേഷ്‌കുമാറും യുഡിഎഫിന്റെ ചീഫ് വിപ്പുമായ പി.സി. ജോര്‍ജ്ജുമായി ഏറ്റുമുട്ടുന്നത്. പാട്ടക്കരാര്‍ ലംഘിച്ച് നിയമവിരുദ്ധമായി തോട്ടങ്ങള്‍ വിറ്റു കാശാക്കികൊണ്ടിരിക്കുന്ന വന്‍കിട എസ്റ്റേറ്റ് ഉടമകള്‍ക്ക് ഒത്താശ ചെയ്യുകയാണ് മുഖ്യമന്ത്രിയും, പി.സി. ജോര്‍ജ്ജും. നെല്ലിയാമ്പതിയിലെ 27 ഓളം എസ്റ്റേറ്റുകള്‍ ഇത്തരത്തില്‍ പാട്ടക്കരാര്‍ കഴിഞ്ഞവയാണെന്ന് വനംവകുപ്പ് കണ്ടുപിടിച്ചത് പുറത്തുവിടുകയായിരുന്നു ഗണേഷ്‌കുമാര്‍. ഇതേറ്റെടുക്കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയൊരുക്കിയ ഉത്തരവ് പി.സി. ജോര്‍ജ് ഇടപ്പെട്ട് ഉമ്മചാണ്ടി മരവിപ്പിച്ചു. പി.സി. ജോര്‍ജും മുഖ്യമന്ത്രിയും തമ്മിലുള്ള അടുപ്പം മുന്നണിയിലെ മറ്റുള്ളവര്‍ക്ക് അസഹനീയമായി തീര്‍ന്നിരിക്കുന്നതിന്റെ ലക്ഷണമാണ് കോണ്‍ഗ്രസിലെ തന്നെ പ്രതാപനും, സതീശനും ഉള്‍പ്പെട്ട എംഎല്‍എമാര്‍ നെല്ലിയാമ്പതി പ്രശ്‌നത്തില്‍ ഗൗരവമായി ഇടപ്പെട്ടത്.

നെല്ലിയാമ്പതി-ചെറുനെല്ലി എസ്റ്റേറ്റുകളുടെ കാര്യത്തില്‍ പ്രത്യേക താല്പര്യമുള്ള പി.സി. ജോര്‍ജിനെയും, നെല്ലിയാമ്പതിയില്‍ കൈയേറ്റ ഭൂമിയില്ലെന്ന് മുന്‍കൂട്ടി പ്രഖ്യാപിച്ച ജോണി നെല്ലൂരിനെയും വരെ തോട്ടം ഉടമകള്‍ പാട്ടക്കരാര്‍ ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനുള്ള യുഡിഎഫ് ഉപസമിതിയില്‍ അംഗങ്ങളാക്കിയത് ഉമ്മന്‍ചാണ്ടി തന്നെയാണ്. സമിതിയെ നിര്‍വീര്യമാക്കുകയെന്നതല്ലാതെ മറ്റൊരു ഉദ്ദേശ്യവും ഉമ്മന്‍ചാണ്ടിയ്ക്കില്ലെന്ന് ആര്‍ക്കാണ് അിറഞ്ഞുകൂടാത്തത്. മറ്റൊന്ന് വനഭൂമി പണയപ്പെടുത്തി വായ്പയെടുത്ത കേസുകള്‍ ക്രൈബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് വനംമന്തി ആവശ്യപ്പെട്ടത് മാറ്റി മിറച്ച് വിജിലന്‍സിനെ കൊണ്ട് മാത്രമാക്കിയത് ആരുടെ താല്പര്യം സംരക്ഷിക്കാനാണെന്ന് പീന്നീട് ജനത്തിന് മനസ്സിലായി. വ്യാജരേഖ ചമച്ച് വനഭൂമി പണയപ്പെടുത്തി കോടികള്‍ തട്ടിയെടുത്ത കേസുകള്‍ അന്വേഷിച്ചു കണ്ടുപിടിക്കാന്‍ ക്രൈംബ്രാണ് വിജലന്‍സിനേക്കാള്‍ നല്ലത് എന്ന് ആര്‍ക്കാണ് അ
റിയാത്തത്.

ലീസു കഴിഞ്ഞ തോട്ടങ്ങള്‍ സര്‍ക്കാരിലേക്ക് ഏറ്റെടുത്തിരുന്നു ഇതിനുമുമ്പുള്ള സര്‍ക്കാര്‍. ഇങ്ങനെ ലീസു കഴിഞ്ഞ 6000 ഏക്കര്‍ തിരിച്ചുപിടിക്കാനുള്ള കേസുകള്‍ എത്തിയാല്‍ എ.ജി യുടെ ഓഫിസില്‍ നിന്ന് ഫയലുകള്‍ കോടതിയിലെത്തുകയില്ല. അങ്ങനെ കേസ്സുകള്‍ മുതലാളിമാര്‍ക്ക് വേണ്ടി സര്‍ക്കാര്‍ തോറ്റുകൊടുക്കും. നിയമലംഘനം നടത്തി ലീസ് എഗ്രിമെന്റ് തെറ്റിച്ച തോട്ടങ്ങള്‍ ഏറ്റെടുക്കുന്നതിന് ഹിയറിംഗ് നടത്തേണ്ട് കാര്യമില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചാല്‍ ഏതെങ്കിലും കേസ് സര്‍ക്കാര്‍ ജയിക്കുമോ? ഇതുകൊണ്ടാണ് പി.സി. ജോര്‍ജ് പറഞ്ഞത് ദൈവം താഴെ വന്ന് കോടതിയില്‍ കേസ്സ് വാദിച്ചാലും സര്‍ക്കാര്‍ ജയിക്കില്ലായെന്ന്. ചുരുക്കത്തില്‍ സര്‍ക്കാരോ ജനങ്ങളോ ജയിച്ചില്ലെങ്കില്‍ എന്ത്? നെല്ലിയാമ്പതിപോലുള്ള മനോഹരമായ പ്രകൃതിഭൂമി എസ്റ്റേറുടമകള്‍ക്ക് തീറെഴുതി കൊടുത്ത് ചാണ്ടിമാരും, ജോര്‍ജ്ജുമാരും കേരളത്തെ രക്ഷിക്കട്ടെ സഹികെട്ടപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ തന്നെ പാര്‍ട്ടിയിലെ എംഎല്‍എ ടി.എന്‍ പ്രതാപന്‍ ഒരു കത്ത് പി.സി. ജോര്‍ജ്ജിനയച്ചു. ജോര്‍ജ് ജാതിപറഞ്ഞ് പ്രതാപനേ അവഹേളിച്ചപ്പോഴാണ് പ്രതാപന്‍ ഇങ്ങനെ കുറിച്ചത്.

"മണ്ണിന്റെ കരള്‍ പറിച്ചെടുത്ത് കശാപ്പുകാരന്റെ മൂര്‍ച്ചയുള്ള കത്തികൊണ്ട് കൊത്തിയരിഞ്ഞ് വറുത്തെടുത്ത് തീന്‍ മേശയിലിരുന്ന് സുഖമായി ഭക്ഷിക്കാമെന്ന് കരുതണ്ട ജോര്‍ജ്ജേയെന്ന്". ചുരുക്കത്തില്‍ പ്രതാപന്‍മാര്‍ അങ്ങോട്ടും ഇങ്ങോട്ടും അഭിപ്രായങ്ങള്‍ മാറ്റിയാലും കേരളത്തിലെ ജനങ്ങള്‍ക്ക് നെല്ലിയാമ്പതിയെന്ന് കേരളത്തിന്റെ പ്രകൃതിസമ്പന്നമായ മണ്ണ് വിറ്റ് കാശാക്കാന്‍ ശ്രമിക്കുന്ന കശ്മലന്‍മാരെ തിരിച്ചറിയേണ്ടതുണ്ട്!!
മണ്ണിന്റെ കരള്‍ മുറിച്ചെടുക്കുന്ന മക്കള്‍ -ജോസ് കാടാപുറം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക