Image

മതംമാറ്റകേന്ദ്രത്തില്‍ നിന്നും യുവാവിനെ രക്ഷപ്പെടുത്തി

Published on 15 August, 2012
മതംമാറ്റകേന്ദ്രത്തില്‍ നിന്നും യുവാവിനെ രക്ഷപ്പെടുത്തി
വടകര: കോഴിക്കോട്ടെ കൂട്ട മതം മാറ്റ കേന്ദ്രത്തില്‍ നിന്നും യുവാവിനെ രക്ഷപ്പെടുത്തി. വടകര ചെമ്മരത്തൂര്‍ സ്വദേശി പൊനേനകണ്ടി രാജന്റെ മകന്‍ ഷിജേഷിനെയാണ്‌ നാട്ടുകാരും പോലീസും ചേര്‍ന്ന്‌ കോഴിക്കോട്ട്‌ മുഖ്ദാറിലെ തര്‍ബിയത്തൂല്‍ ഇസ്ലാം സഭയെന്ന മതംമാറ്റകേന്ദ്രത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്‌. ജൂലൈ 30തിലെ ചന്ദ്രികാദിനപത്രത്തില്‍. ‘ആദ്യ നോമ്പിന്റെ അനുഭവങ്ങളുമായി അവര്‍’ എന്ന പേരില്‍ മതം മാറ്റത്തിനായി ക്യാമ്പിലെത്തിച്ചവരുടെ റംസാന്‍ വ്രതാനുഭവങ്ങളെക്കുറിച്ചുള്ള വാര്‍ത്തയും ഫോട്ടോയുമാണ്‌ ഷിജേഷിന്റെ മോചനത്തിന്‌ തുണയായത്‌.

കുളത്തൂര്‍ സ്വദേശിയായ ജാബിര്‍ ആണ്‌ ഷിജേഷിനെ മതപരിവര്‍ത്തന കേന്ദ്രവുമായി ബന്ധപ്പെടുത്തിയത്‌. ചെമ്മരത്തൂരിലെ ഉന്നതനായ മുന്‍ പോലീസ്‌ ഉദ്യോഗസ്ഥന്റെ മകന്‍ തനിക്ക്‌ 5000 രൂപ ആദ്യ പ്രതിഫലമായി നല്‍കിയെന്നും ഷിജേഷ്‌ പറഞ്ഞു. 15 സെന്റ്‌ സ്ഥലവും വീടും വിദേശത്ത്‌ ജോലിചെയ്യാനുള്ള വിസയുമാണ്‌ മതംമാറ്റത്തിന്‌ പ്രതിഫലമായി സംഘം വാഗ്ദാനം ചെയ്തത്‌. കേരള നജ്‌വത്തുല്‍ മുജാഹിദീന്റെ വില്ല്യാപ്പള്ളി ശാഖ മുഖേനയാണ്‌ ഷിജേഷിനെ കോഴിക്കോട്ടെ മതപരിവര്‍ത്തനകേന്ദ്രത്തിലെത്തിച്ചത്‌. വില്ല്യാപ്പള്ളിയിലേയും പരിസരപ്രദേശങ്ങളിലേയും ചില യൂത്ത്‌ ലീഗ്‌ നേതാക്കളും സംഭവത്തിനു പിന്നിലുണ്ടെന്ന്‌ ഷിജേഷ്‌ പറഞ്ഞു.

“അമ്പതോളം പേരാണ്‌ ഇവിടെ പഠനം നടത്തുന്നത്‌. 28 പേര്‍ സ്ത്രീകളാണ്‌. എല്ലാവരും ഇസ്ലാം മതം സ്വീകരിക്കാന്‍ ഇഷ്ടപ്രകാരം എത്തിയവര്‍. ആരുടെയും നിര്‍ബന്ധത്തിനോ പ്രേരണക്കോ വഴങ്ങി വന്നവരാരുമില്ല.അങ്ങനെയുള്ളവര്‍ക്ക്‌ ഇവിടെ പ്രവേശനവുമില്ല. നിയമപരമായി രേഖകള്‍ സമര്‍പ്പിച്ചു വന്നവര്‍ക്കുമാത്രമേ അഡ്മിഷന്‍ ലഭിക്കുകയുള്ളൂ” – ചന്ദ്രിക വാര്‍ത്തയുടെ അവകാശവാദം ഇതായിരുന്നു.

എന്നാല്‍ ഷിജേഷിന്റെ അനുഭവങ്ങളും വാക്കുകളും തന്നെ ഇത്‌ തെറ്റാണെന്ന്‌ തെളിയിക്കുന്നു. നിര്‍ബന്ധിച്ചും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ്‌ പലരും മതപഠനത്തിനായി തര്‍ബിയത്തുല്‍ ഇസ്ലാം സഭയിലെത്തുന്നത്‌. അമ്പതോളം പേര്‍ മതപഠനത്തിനായി എത്തുന്നുണ്ടെന്ന്‌ വാര്‍ത്തയില്‍ തന്നെ പറയുന്നത്‌ സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ഇതരമതസ്ഥരായ മറ്റുപലരും ഇവിടെ കുടുങ്ങിക്കിടക്കുന്നുവെന്നാണ്‌ ഇത്‌ തെളിയിക്കുന്നത്‌.


പൂര്‍ണ സമ്മതത്തോടെ ഇസ്ലാം മതം സ്വീകരിക്കാനെത്തിയവരെന്ന്‌ ചന്ദ്രിക അവകാശപ്പെടുന്ന അന്തേവാസികളെല്ലാം തന്നെപലവിധത്തിലുള്ള പ്രലോഭനങ്ങള്‍ക്കും ഭീഷണികള്‍ക്കും വശംവദരായാണ്‌ മുഖ്ദാറിലെത്തിയതെന്ന്‌ ഷിജേഷ്‌ സാക്ഷ്യപ്പെടുത്തുന്നു. തീവ്രവാദസംഘടനകളുടെ ഒത്താശയോടെ വന്‍തോതിലുള്ള സാമ്പത്തിക വാഗ്ദാനവുമായി ഒരു റാക്കറ്റ്‌ തന്നെ മുഖ്ദാറിലെ മതപരിവര്‍ത്തന കേന്ദ്രവുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്‌ ഷിജേഷിന്റെ വെളിപ്പെടുത്തലിലൂടെവ്യക്തമാകുന്നത്‌.

ഇടുക്കി കുമളി സ്വദേശി അനീഷ്‌, മൈസൂര്‍ സ്വദേശി രാമസിംഹന്‍, കുടുക്‌ സ്വദേശിയായ 11 വയസുകാരന്‍, ആലുവ സ്വദേശി ബൈജു എന്നിവര്‍ക്ക്‌ പുറമെ കാസര്‍കോട്‌, പാലക്കാട്‌, എറണാകുളം തുടങ്ങി കേരളത്തിന്റെ അകത്തും പുറത്തും നിന്നുമായി 22 പരുഷന്മാരും 28 ഓളം സ്ത്രീകളുമാണ്‌ ഇപ്പോള്‍ മത പരിവര്‍ത്തന കേന്ദ്രത്തിലുള്ളത്‌. ഇവരെല്ലാം തന്നെ സ്വന്തം ഇഷ്ടപ്രകാരമാണ്‌ ഇവിടെ എത്തിയതെന്ന പ്രസ്താവന ഇവരില്‍ നിന്ന്‌ ഏജന്റുമാര്‍ നേരത്തെ തന്നെ എഴുതിവാങ്ങിയിട്ടുണ്ട്‌. പലരുടെയും പുസ്തകങ്ങളുടെയും തെരഞ്ഞെടുപ്പ്‌ ഐഡി കാര്‍ഡുകളും സംഘം കൈവശപ്പെടുത്തിയിരിക്കയാണ്‌.

കൗണ്‍സലിംഗും ഹിപ്നോട്ടിസവുമാണ്‌ ഇവരുടെ മുഖ്യആയുധമെന്നും പ്രഭാഷണങ്ങളിലൂടെ ഹിന്ദു ദേവീദേവന്മാരെ മോശമായി ചിത്രീകരിക്കാറുണ്ടെന്നും പൂര്‍ണമായും ജയിലില്‍ അകപ്പെട്ട അവസ്ഥയാണ്‌ ക്യാമ്പിലുള്ളതെന്നും അതിനുള്ളില്‍ നിന്നും രക്ഷപ്പെടാന്‍ അവസരം കിട്ടാതെ പലരും പൊട്ടിക്കരയുന്നത്‌ താന്‍ കണ്ടിട്ടുണ്ടെന്നും ഷിജേഷ്‌ പറയുന്നു. “ക്യാമ്പ്‌ വിട്ട്‌ പോയ ആരും ജീവിച്ചിരിപ്പില്ലെന്നും തടിയന്റെവിട നസീര്‍ ഈ ക്യാമ്പില്‍ നിന്നും മതം മാറിയ ആളാണെന്നും നസീറിന്റെ ആളുകളുടെ കയ്യില്‍പ്പെട്ടാല്‍ രക്ഷപ്പെടല്‍ അസാധ്യമാണെന്നും” മറ്റുമാണ്‌ അന്തേവാസികളോട്‌ നടത്തിപ്പുകാര്‍ പറയുന്നത്‌. തനിക്ക്‌ ജീവനില്‍ കൊതിയുണ്ടെങ്കിലും തന്റെ ഗതി മറ്റൊരാള്‍ക്കും വരാതിരിക്കാനാണ്‌ എല്ലാം തുറന്നു പറയുന്നതെന്നും കരച്ചിലിനിടയില്‍ ഷിജേഷ്‌ പറഞ്ഞു.

“അതിഥികള്‍ക്കിവിടെ എല്ലാം സൗജന്യമാണ്‌ ചെലവുകളൊന്നുമില്ല. ഭക്ഷണവും താമസവും ചികിത്സയും വസ്ത്രവും യാത്രചെലവുകളും ഇവിടെ നിന്നും ലഭിക്കും.” ചന്ദ്രിക വാര്‍ത്ത തുടരുന്നതിങ്ങനെ. കോടിക്കണക്കിന്‌ രൂപ ചിലവഴിച്ചാണ്‌ മതപഠനകേന്ദ്രം മുന്നോട്ട്പോകുന്നത്‌. കേസിന്റെ നടത്തിപ്പിനായി ഒരു ദിവസത്തേക്ക്‌ രണ്ട്‌ ലക്ഷത്തോളം രൂപ ചെലവ്‌ വരുന്നുണ്ടെന്ന്‌ ക്യാമ്പിലെ ഉസ്താദ്‌ പറഞ്ഞതായും ഷിജേഷ്‌ ഓര്‍ക്കുന്നു.

ഭീഷണികളിലൂടെയും പ്രലോഭനങ്ങളിലൂടെയും സംഘടിത മതം മാറ്റത്തിലൂടെ ഹിന്ദു സമുദായത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കണമെന്നും തര്‍ബിയത്തുല്‍ ഇസ്ലാം സഭയില്‍ മതമാറാന്‍ എത്തിയവരെക്കുറിച്ചുള്ള പൂര്‍ണ്ണ വിവരം പുറത്തുവിടണമെന്ന്‌ ഹിന്ദു ഐക്യവേദി ജില്ലാസെക്രട്ടറി സദാനന്ദന്‍ കുറിഞ്ഞാലിയോട്‌ ആവശ്യപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക