Image

ബൈ ബൈ ലണ്ടന്‍ (ലണ്ടന്‍ ഡയറി-18 കാരൂര്‍ സോമന്‍, ലണ്ടന്‍)

Published on 14 August, 2012
ബൈ ബൈ ലണ്ടന്‍ (ലണ്ടന്‍ ഡയറി-18 കാരൂര്‍ സോമന്‍, ലണ്ടന്‍)
മനുഷ്യചരിത്രത്തില്‍ മറ്റൊരു കായികമാമാങ്കം കൂടി തങ്കലിപികളില്‍ എഴുതിച്ചേര്‍ത്ത് ലണ്ടന്‍ ഒളിമ്പിക്‌സിനു കൊടിയിറങ്ങി. പതിനേഴ് ദിവസങ്ങള്‍ നീണ്ട ദിനരാത്രങ്ങളില്‍ ലണ്ടനിലേക്ക് ലോകം മുഴുവന്‍ ചുരുങ്ങിയ നിമിഷങ്ങള്‍ അവിസ്മരണീയം എന്നേ പറയേണ്ടൂ. 204 രാജ്യങ്ങളില്‍ നിന്നുള്ള പതിനായിരത്തിലേറെ അത്‌ലറ്റുകള്‍ എത്തിയ സ്ട്രാറ്റ്‌ഫോര്‍ഡ് ഒളിമ്പിക്‌സ് സ്റ്റേഡിയത്തില്‍ ഇപ്പോഴിതാ ആളും അരങ്ങുമൊഴിഞ്ഞു. കായികചരിത്രത്തിന്റെ സ്മാരകശിലകളില്‍ ഉസൈന്‍ബോള്‍ട്ടും മൈക്കിള്‍ ഫെല്‍പ്‌സും സാക്ഷിയായ നിമിഷങ്ങള്‍. ചൈനീസ് ആധിപത്യത്തില്‍ നിന്നു വീണ്ടും യുഎസ് മുന്നിലേക്ക് ഓടിക്കയറിയ നിമിഷങ്ങള്‍. എക്കാലത്തെയും വലിയ മെഡല്‍ നേട്ടവുമായി മടങ്ങുന്ന ഇന്ത്യന്‍ ടീം. രണ്ടരയാഴ്ചത്തെ പെര്‍ഫോമന്‍സ് വച്ചു നോക്കുമ്പോള്‍ കാഴ്ചകളുടെയും ആഘോഷങ്ങളുടെയും അമൂര്‍ത്തതയില്‍ ഇനി ലണ്ടന്‍ ശൂന്യമെന്നു തന്നെ പറയാം. ഓരോ നാഡികളിലും കരുത്തിന്റെ അഗ്നിജ്വാലകള്‍ പകര്‍ന്ന ഒളിമ്പിക്‌സ് ദീപവും അണഞ്ഞിരിക്കുന്നു. ഇനി നാലു വര്‍ഷങ്ങള്‍ക്ക് ശേഷം ബ്രസീലിലെ റിയോഡി ജനറോയില്‍ കാണാം എന്ന വാഗ്ദാനം. ബൈ ബൈ ലണ്ടന്‍, അതു പറയുമ്പോള്‍ സ്ട്രാറ്റ്‌ഫോര്‍ഡ് സ്‌റ്റേഡിയത്തിലെ എണ്‍പതിനായിരത്തോളം കാണികള്‍ നിറഞ്ഞ ഗാലറിയില്‍ സന്തോഷാശ്രുക്കള്‍ നിറഞ്ഞ നിരവധി കണ്ണുകള്‍ കണ്ടു. ഒരു വൈകാരികമായ ആവേശം പോലെ ബ്രിട്ടീഷ് ജനത കണ്ട ഒളിമ്പിക്‌സിന് ഇതാ പടിയിറങ്ങുന്നു- പക്ഷേ, അപ്പോഴും നിരവധി കണ്ണുകള്‍ അന്വേഷിച്ച ഒരു കാര്യമുണ്ടായിരുന്നു. എവിടെ ഉദ്ഘാടനമഹാമഹം കൊഴുപ്പിക്കാനെത്തിയ ബ്രിട്ടീഷ് രാജ്ഞി? റോയല്‍ ഫാമിലിയില്‍ നിന്നു എത്തിയത് യുവരാജാവ് പ്രിന്‍സും രാജകുമാരി കാറ്റിയുമായിരുന്നു.

അതൊന്നും സ്ട്രാറ്റ്‌ഫോര്‍ഡിലെ സെന്റര്‍ സ്റ്റേജിലെ ആവേശത്തെ തെല്ലും കുറച്ചില്ല. മില്യണ്‍ ഡോളര്‍ സെലിബ്രേഷന്‍ കണ്ട സമാപനച്ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ വേറെയൊരു ഗ്രഹത്തില്‍ എത്തിയതു പോലെയായിരുന്നു. ഇരിക്കുന്ന സീറ്റിനടിയില്‍ നിന്നു പോലും ലേസര്‍ വെളിച്ചം വര്‍ണം വിതറി പാഞ്ഞകന്നു. പ്രകാശവര്‍ണ്ണങ്ങളുടെ അത്ഭുതപ്പകിട്ട് കാണേണ്ടതു തന്നെയായിരുന്നു. ഇത് സ്വപ്നമാണോ എന്നു പോലും തോന്നിച്ച നിമിഷങ്ങള്‍. ഒളിമ്പിക്‌സിനെ ഇരു കൈകളിലും ഏറ്റുവാങ്ങിയ കാനറിപക്ഷികളെ പോലെ ബ്രസീലില്‍നിന്നുള്ള കലാകാരന്മാര്‍ അവതരിപ്പിച്ച വിവിധയിനം പരിപാടികള്‍ ഒളിമ്പിക്‌സിന്റെ ആവേശം നാലു വര്‍ഷം മുന്‍പേ ഈ ലാറ്റിനമേരിക്കന്‍ രാജ്യം ഏറ്റെടുക്കുന്നതിന്റെ സൂചനയാണ് നല്‍കിയത്.

പുലര്‍ച്ചെ അരങ്ങേറിയ മഞ്ഞക്കിളികളുടെ പാരമ്പര്യ നൃത്തലാസ്യങ്ങള്‍ക്കൊപ്പം സ്ട്രാറ്റ്‌ഫോര്‍ഡില്‍ പുനസസൃഷ്ടിക്കപ്പെട്ടത് മറ്റൊരു ലണ്ടന്‍. ടവര്‍ ബ്രിഡ്ജ്, ബിഗ് ബെന്‍ ക്ലോക്ക്, ലണ്ടന്‍ ഐ എന്നിവയുടെ മിനിയേച്ചര്‍ സ്റ്റേഡിയത്തില്‍ അണിനിരന്നു. ഒപ്പം ഒളിമ്പിക്‌സ് വളയങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന ലേസര്‍ രശ്മി പ്രകടനവും. സ്‌പൈസ് ഗേള്‍സ് ഗാനം സത്യത്തില്‍ ഒരു ആരോചകമായി അനുഭവപ്പെട്ടെങ്കിലും പകിട്ടു നിറഞ്ഞ വെടിക്കെട്ടുകളുടെയും പ്രകാശഗോപുരങ്ങളുടെയും വിസ്മയക്കാഴ്ചകള്‍ അതൊക്കെയും മറച്ചു. ബ്രസീലിന്റെ എക്കാലത്തെയും ഇതിഹാസമായ ഫുട്‌ബോള്‍ താരം പെലേ അതിനിടയില്‍ സ്റ്റേജിലേക്ക് വന്നു. തുടര്‍ന്ന് ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്‍സണ്‍ ഒളിമ്പിക്‌സ് പതാക റിയോ ഡി ജനീറോ മേയര്‍ എഡ്വേര്‍ഡോ പയസിനു കൈമാറി. വെളുത്ത റോള്‍സ് റോയ്‌സ് കാറില്‍ ഗാനാമൃതവുമായി ജെസ്സി ജെ സ്‌റ്റേജിലേക്ക് എത്തിയതോടെ ഗാലറിയിലെ ആവേശം അണപൊട്ടി. തുടര്‍ന്ന് 204 രാജ്യങ്ങളുടെയും പതാകയും വഹിച്ച് ചുവന്ന യൂണിഫോമില്‍ ബ്രിട്ടീഷ് സുന്ദരികള്‍ സ്‌റ്റേഡിയം വലം വച്ചു. ലേസര്‍ രശ്മികള്‍ കണ്‍ചിമ്മിയ ആ നിമിഷം തന്നെ 303 വെളുത്ത പെട്ടികള്‍ സ്റ്റേഡിയത്തിലെ വിശാലമായ സ്റ്റേജിലേക്ക് എത്തിച്ചു. ലണ്ടന്‍ ഒളിമ്പിക്‌സില്‍ നടന്ന 303 മത്സരങ്ങളെ പ്രതീകാത്മകമായി അവതരിപ്പിക്കുകയായിരുന്നു ഇത്.

ബ്രിട്ടന്റെ സൈനികപരേഡ്, വിവിധ ട്രൂപ്പുകള്‍ അവതരിപ്പിച്ച നൃത്തവും ഗാനവും എല്ലാം ചേര്‍ന്ന് സമാപനസമ്മേളനം വര്‍ണോജ്വലമാക്കാന്‍ ലണ്ടന് കഴിഞ്ഞിരിക്കുന്നു. മൂന്നു മണിക്കൂര്‍ നീണ്ട പരിപാടികളില്‍ എമിലി സാന്‍ഡേ, മാഡ്‌നെസ്, പെറ്റ്‌ഷോ ബോയ്‌സ്, റേ ഡേവിസ്, വണ്‍ ഡയറക്ഷന്‍, ജോര്‍ജ് മൈക്കിള്‍, ജെസി ജേ, ആനി ലെനോക്‌സ് തുടങ്ങിയവരുടെ ലൈവ് പെര്‍ഫോമന്‍സ് തന്നെ ഗാലറിയെ ഇളക്കിമറിച്ചു. പാതിരാവ് കഴിഞ്ഞിട്ടും ആഘോഷം അവസാനിക്കുന്ന മട്ടില്‍. അത് അനസ്യൂതം തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. കേരളത്തില്‍ നിന്നെത്തിയ കായികതാരങ്ങള്‍ക്കൊപ്പം സ്ട്രാറ്റ്‌ഫോര്‍ഡിലെ പാംഗ്രോവ് ഹോട്ടലില്‍ നിന്നും വിഭവസമൃദ്ധമായ ഉച്ചയാഹാരം കഴിച്ചതിനാല്‍ വിശപ്പ് തെല്ലും അനുഭവപ്പെട്ടില്ല. പി.ടി ഉഷയും ടിന്റു ലൂക്കയും ലണ്ടന്‍ ഒളിമ്പിക്‌സിലെ പ്രകടനത്തില്‍ സംതൃപ്തിരായിരുന്നു. മയൂഖ ജോണി, രഞ്ജിത്ത് മഹേശ്വരി, വി. ദിജു, ഇര്‍ഫാന്‍, ശ്രീജിഷ് രവീന്ദ്രന്‍ തുടങ്ങിയവരുമെത്തിയിരുന്നു. ഒളിംപ്യന്മാരായതിന്റെ സന്തോഷം എല്ലാ മുഖത്തും പ്രകടനം. എല്ലാവരോടും കുശലാന്വേഷണം നടത്തിയിരിക്കവേ, ഫോണ്‍ വന്നു. ഇന്ത്യയ്ക്ക് ആറാം മെഡല്‍. ഗുസ്തി ഗോദയില്‍ സുശീല്‍കുമാറിന്റെ മാജിക്കല്‍ പെര്‍ഫോമന്‍സ്. എല്ലാവരും കൈയടിച്ചു. രാത്രി ലണ്ടനിലേക്ക് മടങ്ങാന്‍ അതിവേഗ ട്രെയിനില്‍ ഇരിക്കുമ്പോഴും സ്ട്രാറ്റ്‌ഫോഡിലെ ആരവങ്ങള്‍ അവസാനിച്ചിരുന്നില്ല. ട്രെയ്ന്‍ നീങ്ങിത്തുടങ്ങുമ്പോള്‍ മനസ്സില്‍ മന്ത്രിച്ചു, ബൈ ബൈ ലണ്ടന്‍! ഒരു മഹാമാമാങ്കത്തെ നെഞ്ചേറ്റിയ മഹാനഗരമേ വിട! പുതിയ ഉയരവും പുതിയ വേഗവും കണ്‍ചിമിഴിലൊളിപ്പിച്ച ലണ്ടന്‍ ഒളിമ്പിക്‌സ് ഇനി ഓര്‍മ്മ! ഒരു മഹാപൂരം കൂടി അരങ്ങൊഴിഞ്ഞിരിക്കുന്നു. പറയാനുള്ളത്, എല്ലാത്തിനും നന്ദിയെന്ന രണ്ടക്ഷരം മാത്രം. പ്രിയ ലണ്ടന്‍, ഓര്‍മ്മിക്കുവാനായി ഞാനെന്തു നല്‍കണം? അതെ, ഓര്‍മ്മിക്കണം എന്ന വാക്കു മാത്രം!
ബൈ ബൈ ലണ്ടന്‍ (ലണ്ടന്‍ ഡയറി-18 കാരൂര്‍ സോമന്‍, ലണ്ടന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക