Image

കോതമംഗലം ദുരന്തം: മരണം അഞ്ചായി‍‍

Published on 17 August, 2012
കോതമംഗലം ദുരന്തം: മരണം അഞ്ചായി‍‍
കൊച്ചി: കോതമംഗലം കടവൂരില്‍ ഇന്നലെയുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. മാടയ്‌ക്കപ്പിള്ളി ഐപ്പിന്റെ മൃതദേഹമാണ്‌ രാവിലെ കണ്ടെത്തിയത്‌. ഇയാളുടെ ഭാര്യ ലീലയുടെ മൃതദേഹം ഇന്നലെ കണ്ടെടുത്തിരുന്നു. ഇതോടെ പ്രകൃതിദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. അപകടത്തില്‍പെട്ട കടുവാക്കുഴി മധുവിന്റെ ഭാര്യ നളിനിയ്‌ക്കായി തിരച്ചില്‍ തുടരുകയാണ്‌. ഇന്നലെ ഉച്ചകഴിഞ്ഞ്‌ മൂന്നരയോടെയാണ്‌ മൂവാറ്റുപുഴ തായിക്കാട്ട്‌ മലയില്‍ ഉരുള്‍പൊട്ടിയത്‌.

ഉരുള്‍പൊട്ടലുണ്ടായ സ്‌ഥലം ജലവിഭവമന്ത്രി പി.ജെ ജോസഫ്‌ സന്ദര്‍ശിക്കുകയാണ്‌. ഒരാളുടെ മൃതദേഹം മാത്രമേ പോസ്റ്റുമോര്‍ട്ടം ചെയ്യുവെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഹൃദയാഘാതം മൂലം മരിച്ച നാരായണന്റെ മൃതദേഹമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുക. പ്രകൃതി ദുരന്തമായതിനാലാണ് മറ്റ് മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടപടിയില്‍ നിന്ന് ഒഴിവാക്കുന്നത്.

നാലാം ബ്ലോക്ക് കൊച്ചുവട്ടക്കുന്നേല്‍ ഔസേപ്പ് (70), മാടയ്ക്കപ്പിള്ളി ഐപ്പിന്റെ ഭാര്യ ലീല (65) താന്നിക്കുഴി നാരായണന്‍ (60), കടുവാക്കുഴിയില്‍ മധു (56) എന്നിവരാണു മരിച്ചത്. ഔസേപ്പും ലീലയും മധുവും മലവെള്ളപ്പാച്ചിലിലും നാരായണന്‍ സംഭവം കണ്ടു ഹൃദയാഘാതത്തേത്തുടര്‍ന്നുമാണു മരിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക