Image

മാതാപിതാക്കളെ കണ്‍മുമ്പില്‍ നഷ്ടപ്പെട്ടു വിപിനും എല്‍ദോസും

Published on 18 August, 2012
മാതാപിതാക്കളെ കണ്‍മുമ്പില്‍ നഷ്ടപ്പെട്ടു വിപിനും എല്‍ദോസും
കടവൂര്‍: എല്ലാം നഷ്ടപ്പെട്ടു, ഞങ്ങള്‍ക്ക്. ഓണക്കിറ്റുമായി എത്തിയ പപ്പയും അമ്മയും പോയി, വീടുമില്ല - നാലാം ബ്ലോക്ക് ദുരന്തത്തില്‍ വീട് ഒലിച്ചുപോയതിനൊപ്പം മരിച്ച മാടയ്ക്കാപ്പിള്ളില്‍ ഐപ്പിന്റെയും ലീലയുടെയും മക്കളായ വിപിനെയും എല്‍ദോസിനെയും ആശ്വസിപ്പിക്കാന്‍ ഒപ്പമുള്ളവര്‍ക്ക് ആകുന്നില്ല. അപകടത്തിനു നിമിഷങ്ങള്‍ക്കു മുമ്പു മാത്രമാണ് ഓണക്കിറ്റുമായി പിതാവ് ഐപ്പ് വീട്ടിലെത്തിയത്. വീട്ടില്‍ വന്നു കയറി വസ്ത്രങ്ങള്‍ മാറാന്‍ പോലും സമയമുണ്ടായിട്ടില്ല. അതിനു മുമ്പേ ദുരന്തം വീടിനെ വിഴുങ്ങി. 

മുകളില്‍നിന്ന് ആറാമത്തെ വീടായിരുന്നു ഇവരുടേത്. അപകട സമയത്ത് ഐപ്പും ഭാര്യ ലീലയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. പനി ബാധിച്ച് ഒരാഴ്ചയായി വീട്ടില്‍ കിടപ്പിലായിരുന്നു ലീല. കടവൂരിലെ ഹോളോബ്രിക്‌സ് കമ്പനിയിലെ തൊഴിലാളികളായ ഇവര്‍ ഒരു വര്‍ഷമായി പൈനാപ്പിള്‍ തോട്ടത്തില്‍ ജോലിക്കു പോകുകയായിരുന്നു. മിനിയാന്നു രാവിലെ ഐപ്പ് പണിക്കു പോയിരുന്നെങ്കിലും കനത്ത മഴ മൂലം പണി നടക്കാതെ മടങ്ങിപ്പോരുകയായിരുന്നു. സുഹൃത്തുക്കളുമായി വിശേഷങ്ങള്‍ പങ്കിട്ടു വൈകിട്ടു മൂന്നോടെയാണു കടവൂരില്‍നിന്ന് ഓണക്കിറ്റും വാങ്ങി ബസില്‍ നാലാം ബ്ലോക്കില്‍ വന്നിറങ്ങി വീട്ടിലെത്തിയത്. 

ഈ സമയം മൂത്ത മകന്‍ വിപിന്‍ പനങ്കരയിലും രണ്ടാമത്തെ മകന്‍ എല്‍ദോസ് നാലാം ബ്ലോക്ക് ജംഗ്ഷനിലുമായിരുന്നു. ഉരുള്‍പൊട്ടലിന്റെ ശബ്ദം കേട്ട് ഓടിയെത്തിയ എല്‍ദോസ് നോക്കിയപ്പോള്‍ തന്റെ വീടിരുന്ന ഭാഗം ഒലിച്ചുപോയതാണു കണ്ടത്. പെട്ടെന്നു നടത്തിയ തെരച്ചിലില്‍ പപ്പയെയും അമ്മയെയും കാണാനായില്ലെങ്കിലും തൊട്ടയല്‍വാസിയായ രാജേഷിനെ മണ്ണിനടിയില്‍നിന്നു രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് അയയ്ക്കാന്‍ കഴിഞ്ഞു.

മാതാപിതാക്കളെ കണ്‍മുമ്പില്‍ നഷ്ടപ്പെട്ടു വിപിനും എല്‍ദോസും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക