Image

അഞ്ജനയുടെ ഭീതിയൊടുങ്ങുന്നില്ല;തകര്‍ന്ന സ്വപ്നവുമായി ഗോപാലനും ലീലയും

Published on 18 August, 2012
അഞ്ജനയുടെ ഭീതിയൊടുങ്ങുന്നില്ല;തകര്‍ന്ന സ്വപ്നവുമായി ഗോപാലനും ലീലയും
കടവൂര്‍: ഭയാനക ശബ്ദത്തോടെ പാറക്കല്ലും മണ്ണും വെള്ളവും കൂടി കുത്തിയൊലിച്ചു വരുന്നതു കണ്ടപ്പോള്‍ അയല്‍വീട്ടിലെ ചേച്ചി വലിച്ചുകൊണ്ട് ഓടുകയായിരുന്നു - കണ്‍മുന്നില്‍ കണ്ട മരണത്തെക്കുറിച്ചു പറയുമ്പോള്‍ പൈങ്ങോട്ടൂര്‍ കലൂര്‍ ഐപ്പ് മെമ്മോറിയല്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി അഞ്ജനയുടെ ഭീതിയൊടുങ്ങുന്നില്ല. നിമിഷങ്ങള്‍ക്കുള്ളില്‍ അഞ്ജനയുടെ വീടു തന്നെ അപ്രത്യക്ഷമായിരുന്നു. 

സ്‌കൂളില്ലാതിരുന്നതിനാല്‍ അയല്‍വീട്ടില്‍ ടിവി കാണാന്‍ പോയതായിരുന്നു അഞ്ജന. അതിനിടെയാണ് വിമാനം താഴ്ന്നു പറക്കുന്നതുപോലുള്ള ശബ്ദം കേട്ടത്. ഒന്നേ നോക്കാനായുള്ളൂ. അപ്പോഴേക്കും ഓട്ടം തുടങ്ങി. ഈ സമയം അഞ്ജനയുടെ മുത്തച്ഛന്‍ ഗോപാലനും മുത്തശ്ശി ലീലയും തൊട്ടുമുകളിലെ വീട്ടിലുണ്ടായിരുന്നു. ഇവരും ഓടി രക്ഷപ്പെടുകയായിരുന്നു.

ഉരുള്‍പൊട്ടലിന്റെ ഉദ്ഭവസ്ഥാനത്തുനിന്നുള്ള രണ്ടാമത്തെ വീടായിരുന്നു മണിക്കുന്നേല്‍ ഗോപാലന്റേത്. കൂലിപ്പണിക്കാരനായ ഗോപാലനും തൊഴിലുറപ്പു പദ്ധതിയില്‍ ജോലി ചെയ്യുന്ന ലീലയും ചിങ്ങപ്പുലരിയായതിനാല്‍ ജോലിക്കു പോയിരുന്നില്ല. മകള്‍ മീനാക്ഷി മിഠായികമ്പനിയില്‍ ജോലിക്കു പോയിരുന്നു. 

വൈകുന്നേരം മൂന്നു മണിയോടെ ക്ഷേത്രത്തില്‍ പോയി തിരിച്ചെത്തി ചായ കുടിക്കുകയായിരുന്നു ഗോപാലനും ലീലയും. അയല്‍പക്കത്തുള്ള ഗ്രേസി എന്ന വീട്ടമ്മയും ഈ സമയത്ത് അവിടെ എത്തി. പെട്ടെന്നാണു മുകള്‍ഭാഗത്തുനിന്നു കല്ലുരുളുന്ന പോലുള്ള ശബ്ദം കേട്ടത്. അല്‍പ സമയത്തിനു ശേഷം ഇതു നിലച്ചു. ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ പൂര്‍വാധികം ശക്തിയോടെ ശബ്ദമുയര്‍ന്നു. അപകട സൂചന കിട്ടിയതോടെ മൂവരും വീടിനു പുറത്തേക്കു പായുകയായിരുന്നു. എല്ലാം ഒരു നിമിഷത്തില്‍ കഴിഞ്ഞുവെന്ന് ഇവര്‍ പറയുന്നു. 

കുറച്ചകലെയുള്ള പറമ്പില്‍ ചെന്നാണ് ഓട്ടം നിര്‍ത്തിയത്. അപ്പോഴേക്കും വീടിനു മുകളിലൂടെ കല്ലും മണ്ണും വെള്ളവും വന്നു മൂടിയിരുന്നു. അയല്‍ക്കാരി ഗ്രേസിയുടെ വീടും അപകടത്തില്‍ തകര്‍ന്നിരുന്നു. മറ്റൊരു വീട്ടിലാക്കിരുന്ന കൊച്ചുമകളെ തേടിയുള്ള അന്വേഷണമായിരുന്നു പിന്നീട്. ഒടുവില്‍ അവളെയും കണ്ടുകിട്ടിയതോടെയാണു ഗോപാലനു ശ്വാസം നേരെ വീണത്. മിനിയാന്നു മകള്‍ മീനാക്ഷിയുടെ കൂട്ടുകാരിയുടെ വീട്ടില്‍ കഴിച്ചുകൂട്ടി. ഇന്നലെ ദുരന്തഭൂമിയിലേക്കു വീണ്ടുമെത്തി. 

പഞ്ചായത്ത് അധികൃതര്‍ വാങ്ങിക്കൊടുന്ന വസ്ത്രങ്ങളും ഒക്കെയായി അവരൊരുക്കിയ ഇടത്തു കഴിച്ചുകൂട്ടി. ഏറെ ആശിച്ചു നിര്‍മിച്ച വീടിന്റെ ചില്ലറ പണികള്‍ കൂടിയേ പൂര്‍ത്തിയാകാനുണ്ടായിരുന്നുള്ളൂ. ചിങ്ങത്തില്‍ തന്നെ പാലുകാച്ചല്‍ നടത്താനും വിചാരിച്ചിരുന്നു.

വീടുനിര്‍മാണം നടക്കുന്നതിനാല്‍ സമീപത്തെ ഷെഡിലായിരുന്നു താമസം. ഏറെക്കാലത്തെ സ്വപ്നങ്ങള്‍ക്കു മുകളിലേക്കാണ് ഉരുള്‍ പൊട്ടി വീണതെങ്കിലും ജീവനെങ്കിലും തിരിച്ചുകിട്ടിയല്ലോ എന്ന സമാധാനമാണ് ഇവര്‍ക്കിപ്പോള്‍. 

അഞ്ജനയുടെ ഭീതിയൊടുങ്ങുന്നില്ല;തകര്‍ന്ന സ്വപ്നവുമായി ഗോപാലനും ലീലയും
Gopalan
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക