Image

ടിപി വധവും കേരള മന:സാക്ഷിയും (ടോം ജോസ്‌ തടിയമ്പാട്‌)

Published on 18 August, 2012
ടിപി വധവും കേരള മന:സാക്ഷിയും (ടോം ജോസ്‌ തടിയമ്പാട്‌)
ജനാധിപത്യത്തിലും മതേതരത്വത്തിലുമൊക്കെ നാം ഊറ്റംകൊള്ളുമ്പോഴും ചിലര്‍ക്കെങ്കിലും അത്‌ ശരിയായ ജനധിപത്യമാണോ എന്ന സന്ദേഹം തോന്നാറുണ്ട്‌. ഏകാധിപത്യ രാജ്യങ്ങളിലേയോ, കമ്യൂണിസ്റ്റ്‌ രാജ്യങ്ങളിലേയോ ഭരണകൂടങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമായി തെരഞ്ഞെടുപ്പിലൂടെ നേതൃത്വം മാറുന്നുണ്ട്‌ എന്നുള്ളത്‌ വലിയ കാര്യംതന്നെയാണെങ്കിലും അഭിപ്രായം നിര്‍ഭയം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യവും, നിയമവാഴ്‌ചയുള്ള സമൂഹവും എന്നീ യാഥാര്‍ത്ഥ്യങ്ങളിലേക്ക്‌ എത്താന്‍ ഇനിയും വളരെയേറെ കാത്തിരിക്കേണ്ടതുണ്ട്‌ എന്നാണ്‌ ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിലൂടെ മനസിലാക്കേണ്ടത്‌.

ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ നേരിട്ട്‌ പങ്കെടുത്തവരേയും, അതിനായി നടന്ന ഗൂഢാലോചനയില്‍ ഏറ്റവും അടുത്ത്‌ പങ്കെടുത്തവരേയും ജനമധ്യത്തില്‍ അവതരിപ്പിക്കുവാനും, നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനും കേരളത്തിലെ പോലീസിന്‌ കഴിഞ്ഞു എന്നതില്‍ നമുക്ക്‌ അഭിമാനിക്കാം. ഇതിനു മുമ്പ്‌ നടന്ന രാഷ്‌ട്രീയ കൊലപാതകങ്ങളില്‍ അത്രപോലും നടന്നിരുന്നില്ല എന്ന്‌ ഓര്‍ക്കുക. ഈ കൊലപാതകത്തില്‍ ഗൂഢാലോചനയുടെ ആഴങ്ങളെ സംബന്ധിച്ച്‌ അന്വേഷണ സംഘങ്ങള്‍ക്ക്‌ പല വിവരങ്ങളും ലഭിച്ചിരുന്നെങ്കിലും ബന്ധപ്പെട്ട ഉന്നതരുടെ രാഷ്‌ട്രീയ സ്വാധീനം കണക്കിലെടുത്ത്‌, കുറ്റവാളികളെ അറസ്റ്റ്‌ ചെയ്‌താല്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെ ഭയന്ന്‌ പോലീസിനു അന്വേഷണം തുടരാന്‍ കഴിയുന്നില്ല എന്നതാണ്‌ പത്രദ്വാരാ അറിയാന്‍ കഴിയുന്നത്‌.

കേരള ഹൈക്കോടതയിലെ ചീഫ്‌ ജസ്റ്റീസ്‌ ഇരിക്കുന്ന ചേംബറില്‍ ഇങ്ങനെ എഴുതിവെച്ചിരിക്കുന്നു: ??Fiat justitia ruat caelum?? ഈ ലത്തീന്‍ വാചകത്തിന്റെ അര്‍ത്ഥം `സ്വര്‍ഗ്ഗം ഇടിഞ്ഞുവീണാല്‍ പോലും നീതി നടപ്പാക്കണം' എന്നാണ്‌. ലോക നിയമവ്യവസ്ഥയുടെ സത്തയായിട്ടാണ്‌ ഇതിനെ കാണുന്നത്‌. എന്തു സംഭവിച്ചാലും നീതി നടപ്പിലാക്കുന്ന ഒരു സമൂഹമല്ല നമ്മുടേതെങ്കില്‍ അതില്‍ സാധാരണക്കാര്‍ക്കുള്ള വിശ്വാസം നഷ്‌ടപ്പെടുകയും അവര്‍ നിയമം കൈയ്യിലെടുക്കുകയും ചെയ്യും. അതു തന്നെയാണ്‌ കമ്യൂണിസ്റ്റ്‌ രാജ്യങ്ങളില്‍ മുമ്പ്‌ നടന്നതും. മദ്ധ്യപൂര്‍വ്വ ദേശങ്ങളില്‍ ഇന്ന്‌ നടക്കുന്നതും.

ജനാധിപത്യത്തിന്‌ ഒട്ടേറെ നിര്‍വചനങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. എന്നാല്‍ ഡെമോക്രസിയുടെ അര്‍ത്ഥമായി ലോകത്താകമാനം അംഗീകരിക്കപ്പെട്ടിരിക്കുന്നത്‌ ജനങ്ങളുടെ ഭരണം, അഥവാ സാധാരണക്കാരുടെ ഭരണം എന്ന താണ്‌. കുറെ മുമ്പ്‌ ബി.ബി.സിയില്‍ നടന്ന രാഷ്‌ട്രീയ ചര്‍ച്ചയില്‍ ജനാധിപത്യം വ്യാഖ്യാനിക്കപ്പെട്ടത്‌ Rule of Institutions (സ്ഥാപനങ്ങളുടെ ഭരണം) എന്നുള്ളതാണ്‌. ജനാധിപത്യത്തെ താങ്ങിനിര്‍ത്തുന്നത്‌ നിയമാനുസൃതമായി സ്ഥാപിക്കപ്പെട്ട സ്ഥാപനങ്ങളിലൂടെയാണ്‌. ആ സ്ഥാപനങ്ങളുടെ സ്വതന്ത്രമായ പ്രവര്‍ത്തനമാണ്‌ ജനാധിപത്യത്തിന്റെ വിജയം. പോലീസ്‌, കോടതി തുടങ്ങിയവര്‍ക്ക്‌ നിയമാനുസൃതമായി, പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഒരു സമൂഹത്തേയും നിയമവാഴ്‌ചയുള്ള ഒന്നായി കാണാന്‍ സാധിക്കുകയില്ല.

കുറെ നാള്‍ മുമ്പ്‌ ഇംഗ്ലണ്ടില്‍ നടന്ന രണ്ട്‌ സംഭവങ്ങളില്‍ നിന്ന്‌ എങ്ങനെയാണവിടെ ജനാധിപത്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌ എന്ന്‌ മനസിലാക്കാന്‍ സാധിക്കും. നിലവില്‍ ഈ രാജ്യത്തെ കുടിയേറ്റ വകുപ്പിന്റെ മന്ത്രിയായ (മുമ്പ്‌ ഇതേ വകുപ്പിന്റെ ഷാഡോ മിനിസ്റ്റര്‍ ആയിരുന്നു ഇദ്ദേഹം)കണ്‍സര്‍വേറ്റീവ്‌ നേതാവ്‌ ഡാമിയന്‍ ഗ്രീന്‍ (Damian Green) എന്ന മാന്യദേഹത്തെ ഒരിക്കല്‍ പോലീസ്‌ അറസ്റ്റ്‌ ചെയ്യുകയും അദ്ദേഹത്തിന്റെ ഓഫീസിലെ കംപ്യൂട്ടര്‍ ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍ കൊണ്ടുപോകുകയും ചെയ്‌തു. ഈ നടപടിക്കെതിരേ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന (ഇന്നത്തെ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി) ഡേവിഡ്‌ കാമറൂണ്‍ പാര്‍ലമെന്റില്‍ പ്രതിക്ഷേധിച്ചു. ഇത്‌ രാഷ്‌ട്രീയ പ്രേരിതമായ അറസ്റ്റ്‌ ആണ്‌ എന്ന്‌ അദ്ദേഹം ആരോപിച്ചു. എന്നാല്‍ അന്നത്തെ പ്രധാനമന്ത്രി ഗോള്‍ഡന്‍ ബ്രൗണ്‍ ഇങ്ങനെ പറഞ്ഞു: `എനിക്ക്‌ അറസ്റ്റിനെക്കുറിച്ച്‌ യാതൊരു മുന്നറിവും ഇല്ല; ഇത്‌ പോലീസ്‌ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കുറ്റം തടയുന്നതിനും, കണ്ടുപിടിക്കുന്നതിനും വേണ്ടിയുള്ള ഒരു സാധാരണ നടപടി മാത്രം.'എന്നാല്‍ കുറെ ദിവസങ്ങള്‍ക്കുശേഷം ഡാമിയന്‍ ഗ്രീനിന്റെ ഭാഗത്ത്‌ കുറ്റമൊന്നും കണ്ടെത്താന്‍ പോലീസിന്‌ കഴിഞ്ഞില്ല. അതിന്റെ അടിസ്ഥാനത്തില്‍ സ്‌കോട്ട്‌ലന്റ്‌ യാര്‍ഡ്‌ മേധാവി നടപടിയില്‍ സമൂഹത്തോട്‌ ക്ഷമ ചോദിച്ചു.

രണ്ടാമത്തെ സഭവം. ബ്രിട്ടീഷ്‌ രാഞ്‌ജിയെ കൊല്ലുമെന്നു പറഞ്ഞുകൊണ്ട്‌ മുസ്ലീം ഭീകരവാദികള്‍ ലണ്ടന്‍ തെരുവില്‍ പ്രകടനം നടത്തിയപ്പോള്‍ അന്നത്തെ ഒരു കണ്‍സര്‍വേറ്റീവ്‌ എം.പി പാര്‍ലമെന്റില്‍ ചോദിച്ചു: `എന്താണ്‌ നമ്മുടെ തെരുവില്‍ നടന്നു കൊണ്ടിരിക്കുന്നത്‌? നമ്മുടെ പോലീസ്‌ ഇതൊന്നും കാണുന്നില്ലേ?' അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയര്‍ ഇതിനു പറഞ്ഞ മറുപടി ഇതായിരുന്നു:`ഞാനും അതുതന്നെയാണ്‌ ചിന്തിക്കുന്നത്‌'. തൊട്ടടുത്ത ദിവസത്തെ പത്രത്തില്‍ സ്‌കോട്ട്‌ലന്റ്‌ യാര്‍ഡിന്റെ മേധാവിയുടെ പ്രസ്‌താവന വന്നു. `ഞങ്ങള്‍ വീഡിയോ ക്ലിപ്പുകള്‍ പരിശോധിച്ചുകൊണ്ടിരിക്കുന്നു; കുറ്റവാളികളെ ഉടന്‍ അറസ്റ്റ്‌ ചെയ്യും' എന്നതായിരുന്നു ആ പ്രസ്‌താവന.

ഈ രണ്ടു സംഭവങ്ങളില്‍ നിന്നും വ്യക്തമാകുന്നത്‌ ജനാധിപത്യ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യവും അവരുടെ രാഷ്‌ട്രീയ നിഷ്‌പക്ഷതയുമാണ്‌. നിയമവും നിയമവ്യവസ്ഥയുമാണ്‌ എന്തിനും മുകളില്‍ എന്നുകൂടി ഈ സംഭവങ്ങള്‍ തെളിയിക്കുന്നു.

എന്നാല്‍ ടി.പി. ചന്ദ്രശേഖരന്റെ മരണത്തിന്റെ ഉത്തരവാദികളായ ഗൂഢാലോചനക്കാരെ പോലീസും നിയമ സംവിധാനവും ഭയക്കുമ്പോള്‍ അവിടെ പരാജയപ്പെടുന്നത്‌ പൊതു സമൂഹവും ജയിക്കുന്നത്‌ ഈ ഗൂഢാലോചനക്കാരായ ജന്മിത്വത്തിന്റെ വക്താക്കളും. ഇത്‌ ജനാധിപത്യത്തിന്റെ ആരോഗ്യപരമായ അവസ്ഥയല്ല വെളിവാക്കുന്നത്‌.

ഇത്തരം സംഭവങ്ങളിലൂടെ ജനങ്ങള്‍ക്ക്‌ ഭരണകൂടത്തില്‍ വിശ്വാസം നഷ്‌ടപ്പെടുമ്പോള്‍ അവര്‍ മറ്റു മതസംഘടനകളിലേക്കും വര്‍ഗീയതയിലേക്കും വഴുതിവീഴുന്നു. അങ്ങനെയാണ്‌ ഇന്ന്‌ കേരളം അത്തരം ഭീകര സംഘടനകളുടെ താവളമായി മാറിക്കൊണ്ടിരിക്കുന്നത്‌. ഇതിനെതിരേ മതേതരത്വത്തിലും ജനാധിപത്യത്തിലും വിശ്വസിക്കുന്നവര്‍ ഉണര്‍ന്ന്‌ പ്രവര്‍ത്തിക്കേണ്ട സമയമായി. അല്ലെങ്കില്‍ നമ്മുടെ നാട്‌ അരാജകത്വത്തിലേക്ക്‌ നീങ്ങുമെന്നതില്‍ സംശയമില്ല.

പഴയ സോവ്യറ്റ്‌ യൂണിയനിലെ കെ.ജി.ബി എന്ന ചാരസംഘടന സ്വന്തം പാര്‍ട്ടിയിലെ തന്നെ നേതൃത്വത്തിനെതിരെ നിന്നവരെ കൊന്നു തള്ളിയതിന്റെ കണക്ക്‌ സോവ്യറ്റ്‌ യൂണിയന്‍ തകര്‍ന്നു കഴിഞ്ഞപ്പോഴാണ്‌ ലോകം അറിയുന്നത്‌. ഗീബല്‍സിനെപ്പോലെ `ഈ കൊലപാതകത്തില്‍ ഞങ്ങള്‍ക്ക്‌ പങ്കില്ല' എന്ന്‌ ആവര്‍ത്തിച്ചുപറഞ്ഞ്‌ പുകമറ സൃഷ്‌ടിക്കുന്നവരുടെ യഥാര്‍ത്ഥ മുഖം എങ്ങനെയെങ്കിലും പുറത്തുവരും എന്ന്‌ നമുക്ക്‌ പ്രത്യാശിക്കാം.

കാലം ഒന്നിനേയും വെറുതെ വിടുന്നില്ല.


ടോം ജോസ്‌ തടിയമ്പാട്‌ (tomejose@ymail.com)
ടിപി വധവും കേരള മന:സാക്ഷിയും (ടോം ജോസ്‌ തടിയമ്പാട്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക