Image

പ്രസ്‌ക്ലബ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രവര്‍ത്തനോദ്ഘാടനം ഒരു അവലോകനം

രാജശ്രീ പിന്റോ Published on 20 August, 2012
പ്രസ്‌ക്ലബ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രവര്‍ത്തനോദ്ഘാടനം ഒരു അവലോകനം
അമേരിക്കയിലെ മലയാളി സംഘടനകളില്‍ ഏറിയ പങ്കും അഭിപ്രായ സമന്വയത്തെക്കാള്‍ അഭിപ്രായവ്യത്യാസം കൊണ്ട് കുപ്രസിദ്ധമാണ്. കഴിവിനെയോ സംഘാടക മികവിനേയോ അംഗീകരിക്കാതെ പണക്കൊഴുപ്പിന്റെ ചൂതാട്ടങ്ങളില്‍ വിജയിക്കുന്നവര്‍ തേരാളിയാവുന്ന കാഴ്ച. കേരളത്തിലെ അരാഷ്ട്രീയ രാഷ്ട്രീയത്തിലെ ആപ്തവാക്യം പോലെ വളരുംതോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന സംഘടനകള്‍ക്കിടയിലൊരു അപവാദമായി തോന്നി പ്രസ്‌ക്ലബിന്റെ ന്യൂയോര്‍ക്ക് ചാപ്റ്റര്‍.

2012 ജൂലൈ 29-#ാ#ം തീയതി കേരള സെന്ററില്‍ നടന്ന ഔപചാരിക ഉത്ഘാടന ചടങ്ങ് വര്‍ണ്ണശബളമെന്ന അലങ്കാരങ്ങളൊന്നും അര്‍ഹിക്കുന്നില്ലെങ്കിലും ഒരു കൂട്ടായ്മയുടെ പ്രതിസ്ഫുരണമാണിവിടെ കണ്ടത്. അമേരിക്കയില്‍ ഇതിനു മുമ്പ് പങ്കെടുത്ത പല വേദികളും സ്വന്തം അപദാനങ്ങള്‍ പാടിക്കാന്‍ വിളിച്ചു ചേര്‍ക്കുന്ന വിരുന്ന് പോലെയുള്ള അനുഭവങ്ങളായിരുന്നു അര്‍പ്പണബോധവും, സാമൂഹ്യ പ്രതിബദ്ധതയും സ്ഥിരോത്സാഹവും സാഹചര്യത്തിന്റെ സമ്മര്‍ദ്ദത്തില്‍ നിന്നുളവായ ആവശ്യബോധവും കൂടിയായപ്പോള്‍ പ്രസ്‌ക്ലബിന്റെ വളര്‍ച്ച ക്രമാനുഗതവും അടുക്കും ചിട്ടയുള്ളതുമായി. നിറഞ്ഞ സദസ്സില്‍ (അസാധാരണമായ കാഴ്ച ആണിതിവിടെ) വളരെ കൃത്യതയോടെ ഉള്ള കാര്യപരിപാടികളുമായി മുമ്പോട്ട് പോയ സമ്മേളനത്തില്‍ സ്വന്തം വാക്‌ധോരണികള്‍ കൊണ്ട് സ്റ്റേജില്‍ ആരും മത്സരിക്കുന്നതായി തോന്നിയില്ല. അതും അമേരിക്കയില്‍ അനിതിര സാധാരണമായ അനുഭവം തന്നെയാണ്.

വര്‍ണ്ണശബളമായ വസ്ത്രങ്ങളിഞ്ഞ്‌കൊണ്ട് ചായക്കൂട്ടില്‍ മുങ്ങിതാണ് ആംഗലേയം വാരി വിതറുന്ന അവതാരികമാരില്ലെന്നുള്ളത് ഈ പരിപാടിയെ അവിസ്മരണീയമാക്കുന്നു. പക്വതയാര്‍ന്ന അവതരണവും കൃത്യതയാര്‍ന്ന ഭാഷയും കൊണ്ട് അനുഗ്രഹീതനായ അവതാരകന്‍ പത്രപ്രവര്‍ത്തന പാരമ്പര്യത്തെ പൊന്നാട അണിയിച്ചുവെന്ന് പറയാതെ വയ്യ. പലപ്പോഴും മനസ്സിനെ അലട്ടുന്ന ഒരു ചോദ്യമാണ് ഇത്തരം സംഘടനകള്‍ മലയാളി സമൂഹത്തിനായി എന്തു ചെയ്യുന്നു എന്നുള്ളത്.

പ്രസ്‌ക്ലബിന്റെ വാര്‍ഷിക പ്രവര്‍ത്തന അവലോകനം ആ ചോദ്യത്തിന് നേരിയ തോതിലെങ്കിലും ആശ്വാസം തരുന്നതായിരുന്നു. ചുഴലികാറ്റു പോലെ പ്രവാസി സമൂഹത്തിലേക്ക് ആഞ്ഞടിച്ചു പിരിച്ചു വീടീലില്‍ കടപുഴകിയ പല വൃക്ഷങ്ങള്‍ക്കും തിരികെ നിലയുറപ്പിക്കാന്‍ അവസരമുണ്ടാക്കിയ ഒരു കര്‍മ്മപദ്ധതി പ്രസ്‌ക്ലബ് നടപ്പാക്കിയെന്നറിഞ്ഞപ്പോള്‍ അഭിമാനം തോന്നി. പത്രപ്രവര്‍ത്തനത്തിന്റെ അടിസ്ഥാനശിലയായ സാമൂഹിക പ്രതിബദ്ധതയുടെ ഉത്കൃഷ്ട ഉദ്ദാഹരണം. മലയാള ഭാഷയേയും കലകളേയും ഉപജീവനത്തിനെങ്കിലും നമ്മുടെ കുട്ടികള്‍ക്കിടയില്‍ വളര്‍ത്തുന്ന അദ്ധ്യാപകരുടെ കൂട്ടായ്മയും ഉദ്ധാനവും വരുകാല പ്രവര്‍ത്തനങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു എന്നുള്ളതും സ്വാഗതാര്‍ഹമാണ്.

ഏറെ ചര്‍ച്ചാവിഷയമായ 'അക്കര കാഴ്ചകള്‍' എന്ന പരമ്പരയുടെ ശില്പിയെ ബഹുമാനപ്പെട്ട പ്രസ്‌ക്ലബ് പ്രസിഡന്റ് സദസ്സിന് പരിചയപ്പെടുത്തിയതും വളരെ ഹൃദ്യമായി തോന്നി. ദൃശ്യമാധ്യമങ്ങളിലെ കാലപരിപാടികളുടെ പുറംമോടിയായ അഭിനേതാക്കളെ മാത്രമെ നാം തിരിച്ചറിയാറുള്ളൂ. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അതിന്റെ ജീവനാടിയാകുന്ന ഇത്തരം ആള്‍ക്കാര്‍ അധികം അറിയപ്പെടാതെ പോകുകയും ചെയ്യും. അതു കൊണ്ടു തന്നെ ആ പരിചയപ്പെടുത്തല്‍ തികച്ചും പത്രധര്‍മ്മം ഉയര്‍ത്തിപിടിക്കുന്നതായിരുന്നു. ഉപരിവിപ്ലവമായ വാര്‍ത്തകളില്‍ കൂടി സെന്‍സേഷന്‍ സൃഷ്ടിച്ച് മനുഷ്യ മനസ്സുകളെ ഞെക്കിഞെരുക്കുന്നതിനുമപ്പുറം മാനുഷിക പ്രശ്‌നങ്ങളെ അത് അര്‍ഹിക്കുന്ന പ്രാധാന്യം കൊടുത്ത് അധികാരസ്ഥാനങ്ങളില്‍ എത്തിക്കാന്‍ കഴിയുന്ന തരത്തില്‍ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചാല്‍ വരുന്ന വര്‍ഷങ്ങളിലും ഇത്തരം കൂട്ടായ്മകള്‍ അഭിമാനം ഉളവാക്കും. അതോടൊപ്പം നൂതന ആശയങ്ങളും ശൈലികളുമായി മുമ്പോട്ട് വരുന്ന പുതുതലമുറക്ക് അവസരം കൊടുക്കത്തക്കവണ്ണം പ്രസ്‌ക്ലബിന്റെ വിശാലമായ അതിര്‍ത്തികള്‍ വളര്‍ന്നാല്‍ പണ്ടെങ്ങോ ഇ-മലയാളിയില്‍ ഒരു ലേഖിക എഴുതിയതുപോലെ സങ്കടങ്ങളാകുന്ന സംഘടനകളുടെ പട്ടികയില്‍ പെടാതെ മൂല്യാധിഷ്ഠിതമായി, മാധ്യമധര്‍മ്മം ഉയര്‍ത്തിപിടിക്കുന്ന മലയാളിക്ക് അഭിമാനിക്കാവുന്ന ഒരു സംഘടന ആയി ചിരകാലം നിലകൊള്ളും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക