Image

ഈ പണിമുടക്കിന് ഒരു രാഷ്ട്രീയമുണ്ട്

ബെര്‍ലി തോമസ്‌ Published on 21 August, 2012
ഈ പണിമുടക്കിന് ഒരു രാഷ്ട്രീയമുണ്ട്

എല്ലാ പണിമുടക്കുകള്‍ക്കും ഓരോ കാരണമുണ്ട്. പങ്കാളിത്ത പെന്‍ഷനെതിരേ നാളെ നടക്കുന്ന പണിമുടക്ക് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. കോതമംഗലത്തെ നഴ്‍സുമാരുടെ ആവശ്യങ്ങള്‍ ഇന്നലെ നടന്ന ചര്‍ച്ചയില്‍ അംഗീകരിച്ചതോടെ കേരളത്തെ അസ്വസ്ഥമാക്കിയ ആ സമരാധ്യായവും അടഞ്ഞു. ഡോക്ടര്‍മാരും നഴ്‍സുമാരും പണിമുടക്കുന്നതിനെ സംബന്ധിച്ച് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളാണ് നമുക്കുള്ളത്. നിസ്സാര കാര്യങ്ങളുടെ പേരില്‍ ഡോക്ടര്‍മാര്‍ പണിമുടക്കുമ്പോള്‍ ജനത്തിനു രോഷം ഡോക്ടര്‍മാരോടാണ്. മൗലികാവശ്യങ്ങള്‍ക്കു വേണ്ടി നഴ്‍സുമാര്‍ പണിമുടക്കിയപ്പോള്‍ ജനം നഴ്‍സുമാരോടൊപ്പം നിന്നു.

ഇന്ന് കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ഡോക്ടര്‍മാര്‍ പണിമുടക്കുകയാണ്. ബിഹാര്‍ സ്വദേശിയായ സത്നാം സിങ് മരിക്കാനിടയായതിനെ തുടര്‍ന്ന് സത്നാം സിങ്ങിനെ ചികില്‍സിച്ച പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ ആറു ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. സ്വാഭവികമായും ആ ഡോക്ടര്‍മാരെ തെരണ്ടിവാലിനടിക്കണം എന്നതാവും നമ്മുടെ ആദ്യപ്രതികരണം. കെജിഎംഒഎ പോലെ ഉത്തരവാദിത്തപ്പെട്ട ഒരു സംഘടന ശക്തമായ ഒരു നിലപാടെടുക്കുന്നത് കുറ്റമാരോപിക്കപ്പെട്ടിരിക്കുന്ന ഡോക്ടര്‍മാര്‍ക്കു വേണ്ടിയാണ് എന്നത് ഒരു കാര്യം. മറ്റൊന്ന്, ഈ ഡോക്ടര്‍മാര്‍ സത്നാം സിങ്ങിന്‍റെ മരണത്തില്‍ എത്രത്തോളം പങ്കു വഹിച്ചിട്ടുണ്ട് എന്ന കാര്യം.

ടിപി ചന്ദ്രശേഖരന്‍റേതുപോലെ തന്നെ ഒരു ജീവനായിരുന്നു സത്നാം സിങ്ങിന്‍റേതും. ബിഹാറുകാരനായ സത്നാം സിങ്ങിന്‍റെ മരണം അന്വേഷിച്ചു തെളിയിക്കുന്നതുകൊണ്ട് സര്‍ക്കാരിന് രാഷ്ട്രീയനേട്ടമൊന്നുമുണ്ടാകാനില്ല. സത്യസന്ധമായി കേസ് അന്വേഷിച്ചു തെളിയിക്കുന്ന കേരളത്തിലെ ഒരേയൊരു ടീം വിന്‍സന്‍ എം പോളും സംഘവുമാണെന്നാണ് മാധ്യമങ്ങളില്‍ നിന്നും മനസ്സിലാകുന്നത്. എന്നിട്ടും ഈ യുവാവിന്‍റെ മരണം അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ടത് മാതാ അമൃതാനന്ദമയി ഭക്തയായ ബി.സന്ധ്യയും. അതേ സമയം, ഈ കേസില്‍ അമൃതാനന്ദമയീ മഠം പ്രതിയാവണം എന്നു വാശിയുള്ളതുപോലെയാണ് ചിലരുടെ പ്രതികരണങ്ങള്. അത്തരത്തിലൊരു വാശി പാടില്ല. സത്നം സിങ്ങിനെ മഠത്തില്‍ നിന്നു പൊലീസ് സ്റ്റേഷനിലെത്തിക്കുമ്പോള്‍ അയാള്‍ ആരോഗ്യവാനായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. മര്‍ദ്ദനമേറ്റത് ആശുപത്രിയില്‍ വച്ചാണെന്നും കക്കൂസില്‍ നിന്നു വെള്ളം നക്കിക്കുടിച്ച് അയാള്‍ മരിച്ചുവീഴുന്നത് മര്‍ദ്ദകര്‍ നോക്കി നിന്നു എന്നും വാര്‍ത്തകളില്‍ കാണുന്നു. എന്തിന് അയാളെ ഇത്തരത്തില്‍ മര്‍ദ്ദിച്ചു കൊന്നു ? അയാളെ കൊല്ലണം എന്നാര്‍ക്കെങ്കിലും നിര്‍ബന്ധമുണ്ടായിരുന്നോ ?

പൊലീസും മിക്കവാറും മാധ്യമങ്ങളും പറയുന്നതുപോലെ അമ്മയെ ആക്രമിക്കാന്‍ ചാടി വീണ സത്നാമിനെ അവിടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ ലളിതമായി കീഴ്‍പെടുത്തുകയും അടുത്ത ദിവസം മാനസികരോഗാശുപത്രിയില്‍ അയാള്‍ മരിക്കുകയുമായിരുന്നോ ? അതോ പലരും ആരോപിക്കുന്നതുപോലെ ആശ്രമത്തില്‍ വച്ച് സത്നാം ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടിരുന്നോ ? സത്നാമിന്‍റെ മരണത്തിനു പിന്നിലെ യഥാര്‍ഥ കാരണവും മാതാ അമൃതാനന്ദമയി മഠത്തിന്‍റെ നിരപരാധിത്വവും തെളിയിക്കപ്പെടണമെങ്കില്‍ അന്വേഷണം ടിപി വധം അന്വേഷിച്ച മികവോടെ, സുതാര്യതയോടെ വേണം. ഇവിടെ ജനങ്ങള്‍ക്ക് സ്വൈര്യജീവിതത്തിന് അവസരമുണ്ടാക്കുമെന്നു വാഗ്ദാനം ചെയ്ത ആഭ്യന്തരമന്ത്രി അതേ ആവേശത്തോടെ ഈ കേസും അന്വേഷിച്ചു തെളിയിക്കണം. എന്തൊക്കെയോ മറയ്‍ക്കാനുണ്ട് എന്ന പ്രതീതി പരിശുദ്ധമായ മഠത്തിനു മേലുള്ള സംശയനിഴലുകള്‍ വര്‍ധിപ്പിക്കുകയേയുള്ളൂ.

തന്നെയൊരാള്‍ കൊല്ലാന്‍ വരുമെന്ന് മാതാ അമൃതാനന്ദമയി ഭയപ്പെടുമോ? അഥവാ ഒരാള്‍ കൊല്ലാന്‍ വന്നാല്‍ അംഗരക്ഷകരെക്കൊണ്ട് അയാളെ തല്ലിക്കുമോ? ജീവിതത്തിന്‍റെയും മരണത്തിന്‍റെയുമൊക്കെ രഹസ്യങ്ങള്‍ അറിഞ്ഞ് ജനകോടികള്‍ക്ക് ആശ്വാസമരുളുന്ന മാതാ അമൃതാനന്ദമയി തന്‍റെയടുത്തേക്ക് പാഞ്ഞുവരുന്ന ഒരാളെ ഭയപ്പെടുമെന്നു ഞാന്‍ വിശ്വസിക്കില്ല. സത്നാമിനെ നെഞ്ചോടു ചേര്ത്തു പിടിച്ച് മാതൃസഹജമായ ചുംബനം നല്‍കും മുമ്പ് അമ്മയെ മനസ്സിലാക്കാത്ത വെറും ഭക്തരോ കാവല്‍പോലീസോ അയാളെ തടഞ്ഞതാവാം. സമര്‍ഥയായ ബി സന്ധ്യ വിചാരിച്ചാല്‍ എല്ലാം തെളിയിക്കാവുന്നതേയുള്ളൂ. നൂറു കഷണമാക്കിയ സിം കാര്‍ഡില്‍ നിന്നു വരെ രഹസ്യങ്ങള്‍ ചുരണ്ടിയെടുത്ത് വര്‍ഷങ്ങളോളം നടന്ന കൊപാതകശ്രമങ്ങള്‍ മുതല്‍ കൊലപാതത്തിലെ എല്ലാ ഘട്ടങ്ങളും വ്യക്തമായി തെളിയിക്കാനുള്ള കഴിവും ശേഷിയും കേരളാ പോലീസിനുണ്ട് എന്നു ടിപി വധക്കേസ് അന്വേഷണത്തിലൂടെ തെളിയിച്ചതാണ്. ആ കഴിവും ശേഷിയും ലോകത്തെ അറിയിക്കാനുള്ള രണ്ടാമത്തെ മികച്ച അവസരമാണ് ഇത്. സത്യം മറവുകളില്ലാതെ ജനങ്ങളിലേക്കെത്തട്ടെ.

സത്യം പുറത്തുവരണം എന്നു പറയുന്നവര്‍ അമൃതാനന്ദമയി മഠത്തിന് എതിരാണ് എന്ന നിലയില്‍ ചിലരുടെ പ്രതികരണങ്ങള്‍ കണ്ടു. മഠത്തെ സംശയിക്കുന്നവര്‍ക്ക് മുന്നില്‍ മഠത്തിന്‍റെ നിരപരാധിത്വം തെളിയിക്കുന്നതിലൂടെ അമ്മയുടെയും മഠത്തിന്‍റെയും തിളക്കം വര്‍ധിക്കുകയേയുള്ളൂ എന്നാണ് എന്‍റെ അഭിപ്രായം. അമ്മയും ഭക്തരുമൊക്കെ തന്നെയാണെങ്കിലും ഇതൊരു ജനാധിപത്യരാജ്യം കൂടിയാണെന്നതിനാല്‍ അത് എല്ലാവര്‍ക്കും നല്ലതാണ്. സത്നാം സിങ്ങിന്‍റെ മരണം അസ്വാഭികമാണ് എന്നു പറയുന്ന പൊലീസ് അത് കൊലപാതകമാണെന്നു പറയാന്‍ ധൈര്യപ്പെടുന്നില്ല. കൊലപാതകമാണെങ്കില്‍ ആരാണ് ഒന്നാം പ്രതി ? മറ്റു പ്രതികള്‍ ആരൊക്കെയാണ് ? ഡോക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്യുകയും സ്ഥലം മാറ്റുകയും ചെയ്തതിന്‍റെ ഉദ്ദേശം എന്താണ് ? അവര്‍ക്ക് കൊലപാതകത്തിലുള്ള പങ്ക് എന്താണ് ? നടപടിക്കു വിധേയരായ ഡോക്ടര്‍മാര്‍ക്കു വേണ്ടി കെജിഎംഒഎ ഇന്നു പണിമുടക്കുമ്പോള്‍, നടപടി പിന്‍വലിച്ചില്ലെങ്കില്‍ 27 മുതല്‍ അനിശ്ചിതകാലസമരമാരംഭിക്കുമെന്നു ഭീഷണിപ്പെടുത്തുമ്പോള്‍ സത്യം സത്യമായി ജനങ്ങളിലെത്താന്‍ സമയമായി എന്നു കൂടി അര്‍ത്ഥമുണ്ട്. കേരളം തല്ലിക്കൊന്ന ആ ചെറുപ്പക്കാരനും നീതിയുടെ ഒരംശം അവകാശപ്പെട്ടതാണ്. കേസ് പൊലീസ് അന്വേഷിച്ചു സത്യം ജനങ്ങളെ അറിയിക്കുക തന്നെ വേണം. എല്ലാം ദിവ്യദൃഷ്ടിയാല്‍ മനസ്സിലാക്കാന്‍ നമ്മളാരും ദൈവങ്ങളല്ലല്ലോ.

http://berlytharangal.com/?p=9764

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക