Image

'ഇവന്‍ മേഘരൂപന്' വിനയായത് അവാര്‍ഡ്:പ്രകാശ് ബാരെ

Published on 22 August, 2012
'ഇവന്‍ മേഘരൂപന്' വിനയായത് അവാര്‍ഡ്:പ്രകാശ് ബാരെ
പാലക്കാട്: കേരള സര്‍ക്കാറിന്റെ അവാര്‍ഡ് ലഭിച്ചതാണ് 'ഇവന്‍ മേഘരൂപന്‍' എന്ന സിനിമക്ക് വിനയായതെന്ന് മുഖ്യ നടനും നിര്‍മാതാവുമായ പ്രകാശ് ബാരെ പറഞ്ഞു. പ്രസ്‌ക്‌ളബ് സംഘടിപ്പിച്ച 'മുഖാമുഖം' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ 35 കേന്ദ്രങ്ങളില്‍ സിനിമ ഒരേ സമയം ഓടിക്കാന്‍ ചാര്‍ട്ട് ചെയ്തിരുന്നു. അവാര്‍ഡ് പ്രഖ്യാപിച്ചതോടെ പകുതിയോളം തിയറ്ററുകാര്‍ പ്രദര്‍ശനത്തില്‍നിന്ന് പിന്മാറി. ഇതോടെ കൂടുതല്‍ പേരില്‍ സിനിമയെത്തിക്കുകയെന്ന ലക്ഷ്യം പാളുകയായിരുന്നു.

അവാര്‍ഡ് ലഭിക്കുന്ന സിനിമകളോടുള്ള സമൂഹത്തിന്റെ വികലമായ കാഴ്ചപ്പാട് തിരുത്തേണ്ടതുണ്ട്. സ്ത്രീശാക്തീകരണ വക്താക്കളും മഹാകവി പിയുടെ ചില ബന്ധുക്കളും സിനിമക്കെതിരെ നിലകൊള്ളുന്നതില്‍ ദുഃഖമുണ്ട്. സദാചാര ബോധത്തിന്റെയുള്ളില്‍ നിന്നുകൊണ്ടാണ് സിനിമ ചിത്രീകരിച്ചത്.
പിയുടെ ജീവിതത്തോട് സിനിമക്ക് സാമ്യമുണ്ടാവാം. എന്നാല്‍, പി. കുഞ്ഞിരാമന്‍ നായരുടെ ജീവിതമല്ല സിനിമ പറയുന്നത്. അവധൂതനായി അലഞ്ഞുനടക്കുന്ന ഒരു പച്ച മനുഷ്യന്റെ ജീവിതമാണ്. നമുക്കിടയിലെ കപട സദാചാരത്തെ സത്യസന്ധമായി ചിത്രീകരിക്കാനുള്ള ശ്രമമായിരുന്നു ഇത്.
ഒരു സിനിമ തിയറ്ററിലൂടെ പ്രേക്ഷകരിലെത്തിക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്. പ്രേക്ഷകര്‍ക്ക് വിലയിരുത്താന്‍ തിയറ്ററുകളില്‍ സിനിമ വരേണ്ടതുണ്ട്. അതിനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്. വിദേശ മലയാളികളെ കൂടി ലക്ഷ്യമിട്ട് ഇന്റര്‍നെറ്റിലൂടെ റിലീസ് ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്.
കവി പി സഞ്ചരിച്ച വഴികളിലൂടെ രണ്ട് വര്‍ഷത്തോളം നടന്നുപഠിച്ചു. കവിയുമായി ബന്ധമുള്ള, ജീവിച്ചിരിക്കുന്നവരുമായി ആശയവിനിമയം നടത്തിയതിന് ശേഷമാണ് സിനിമ ചിത്രീകരിക്കാന്‍ തുടങ്ങിയത് ബാരെ പറഞ്ഞു.

'ഇവന്‍ മേഘരൂപന്' വിനയായത് അവാര്‍ഡ്:പ്രകാശ് ബാരെ'ഇവന്‍ മേഘരൂപന്' വിനയായത് അവാര്‍ഡ്:പ്രകാശ് ബാരെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക