Image

ആര്‍ച്ച്‌ ബിഷപ്പ്‌ കൊര്‍ണേലിയൂസ്‌ ഇലഞ്ഞിക്കലിന്റെ സംസ്‌കാരം ചൊവ്വാഴ്‌ച

ജോയിച്ചന്‍ പുതുക്കുളം Published on 08 August, 2011
ആര്‍ച്ച്‌ ബിഷപ്പ്‌ കൊര്‍ണേലിയൂസ്‌ ഇലഞ്ഞിക്കലിന്റെ സംസ്‌കാരം ചൊവ്വാഴ്‌ച
കൊച്ചി: വരാപ്പുഴ അതിരൂപതയുടെ മുന്‍ മെത്രാപ്പോലീത്തയും വിജയപുരം രൂപതയുടെ ആദ്യത്തെ ഭാരതീയ മെത്രാനുമായിരുന്ന ആര്‍ച്ചുബിഷപ്പ്‌ ഡോ. കൊര്‍ണേലിയൂസ്‌ ഇലഞ്ഞിക്കലിന്റെ സംസ്‌കാരം ചൊവ്വാഴ്‌ച നടത്തും. എറണാകുളം ലൂര്‍ദ്ദ്‌ ആശുപത്രിയില്‍ ഞായറാഴ്‌ച രാവിലെ (07.08.2011) 07.30-നായിരുന്നു അന്ത്യം. ശ്വാസകോശസംബന്ധമായ അണുബാധയെ തുടര്‍ന്ന്‌ 2011 ജൂലൈ 18-ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആര്‍ച്ച്‌ബിഷപ്പിന്റെ നില ഗുരുതരമായതിനെ തുടര്‍ന്ന്‌ ആഗസ്റ്റ്‌ 7-ാം തീയതി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ സൂക്ഷ്‌മമായി നിരീക്ഷിച്ച്‌ വരുന്നതിനിടയില്‍ വൃക്കകളുടെ പ്രവര്‍ത്തനം നിലയ്‌ക്കുകയും ഹൃദയാഘാതത്തോടെ ദേഹവിയോഗം സംഭവിക്കുകയുമായിരുന്നു. 2011 ജൂലൈ 22-ന്‌ രോഗീലേപനകൂദാശ സ്വീകരിച്ച അഭിവന്ദ്യപിതാവിന്റെ മരണസമയത്ത്‌ അടുത്ത ബന്ധുക്കള്‍ സന്നിഹിതരായിരുന്നു.

ഞായറാഴ്‌ച രാവിലെ 7.30-ന്‌ കാലംചെയ്‌ത ആര്‍ച്ചുബിഷപ്പിന്റെ മൃതദേഹത്തില്‍ വരാപ്പുഴ അതിരൂപതയുടെ ഇപ്പോഴത്തെ മെത്രാപ്പോലീത്ത ഫ്രാന്‍സീസ്‌ കല്ലറക്കലിന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥാനാശുശ്രൂഷ നടത്തിയശേഷം ലൂര്‍ദ്‌ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ ഫ്രീസറിലേക്ക്‌ മാറ്റി. തിങ്കളാഴ്‌ച രാവിലെ (08.08.2011) 9 മണിക്ക്‌ മൃതദേഹം വിലാപയാത്രയായി എറണാകുളം സെന്റ്‌ ഫ്രാന്‍സിസ്‌ അസ്സീസി കത്തീഡ്രലില്‍ എത്തിക്കും. രാവിലെ 10 മണിക്ക്‌ വരാപ്പുഴ അതിരൂപത വൈദികര്‍ ആര്‍ച്ചുബിഷപ്‌ ഫ്രാന്‍സീസ്‌ കല്ലറക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലി അര്‍പ്പിക്കും. തുടര്‍ന്ന്‌ കത്തീഡ്രല്‍ ദൈവാലയത്തില്‍ പൊതുജനങ്ങള്‍ക്ക്‌ അന്തിമോപചാരമര്‍പ്പിക്കാന്‍ അവസരമുണ്ടാകും.

അഭിവന്ദ്യ പിതാവിന്റെ മൃതദേഹം ചൊവ്വാഴ്‌ച (09.08.2011) രാവിലെ 8 മണിക്ക്‌ വിലാപയാത്രയായി എറണാകുളം സെന്റ്‌ ആല്‍ബര്‍ട്ട്‌ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടിലേക്ക്‌ കൊണ്ടുപോകുന്നതാണ്‌. അവിടെ തയ്യാറാക്കിയിരിക്കുന്ന പന്തലില്‍ ഉച്ചയ്‌ക്ക്‌ 2 മണി വരെ പൊതുജനങ്ങള്‍ക്ക്‌ അന്തിമോപചാരം അര്‍പ്പിക്കാന്‍ അവസരമുണ്ടാകും. അന്ന്‌ (09.08.2011) ഉച്ചയ്‌ക്ക്‌ 3 മണിക്ക്‌ മൃതസംകാരശുശ്രൂഷകള്‍ ആരംഭിക്കും. സംസ്‌കാരശുശ്രൂഷകളോടനുബന്ധിച്ച്‌ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിയില്‍ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്‌ മാര്‍ ജോര്‍ജ്ജ്‌ ആലഞ്ചേരി ചരമപ്രസംഗം നടത്തും. ദിവ്യബലിയില്‍ കേരളത്തിലെ സീറോ മലബാര്‍, ലത്തീന്‍, മലങ്കര എന്നീ സഭകളിലെ എല്ലാ മെത്രാന്മാരും സഹകാര്‍മ്മികരായിരിക്കും. ദിവ്യബലിയെത്തുടര്‍ന്ന്‌ കെ.സി.ബി.സി.പ്രസിഡന്റ്‌ ആര്‍ച്ചുബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌, സീറോ മലങ്കര കത്തോലിക്കാസഭയുടെ പരമാധ്യക്ഷന്‍ മേജര്‍ ആര്‍ച്ചുബിഷപ്‌ ബെസേലിയോസ്‌ മാര്‍ ക്ലീമിസ്‌ എന്നിവര്‍ അനുസ്‌മരണപ്രഭാഷണം നടത്തുന്നതാണ്‌. തുടര്‍ന്ന്‌ ആര്‍ച്ചുബിഷപ്പിന്റെ മൃതദേഹം വിലാപയാത്രയായി ബാനര്‍ജിറോഡ്‌, ഷണ്‍മുഖം റോഡ്‌ എന്നിവയിലൂടെ എറണാകുളം സെന്റ്‌ ഫ്രാന്‍സീസ്‌ അസ്സീസി കത്തീഡ്രല്‍ ദേവാലയത്തിലെ ക്രിപ്‌റ്റിലേക്ക്‌ സംവഹിച്ച്‌ കബറടക്കം നടത്തും.

വരാപ്പുഴ അതിരൂപതയുടെ മുന്‍ഇടയന്മാരായ ആര്‍ച്ച്‌ബിഷപ്പ്‌ ജോസഫ്‌ അട്ടിപ്പേറ്റി, ആര്‍ച്ച്‌ബിഷപ്പ്‌ ജോസഫ്‌ കേളന്തറ, ബിഷപ്പ്‌ ജോസഫ്‌ തണ്ണിക്കോട്ട്‌, ആര്‍ച്ച്‌ബിഷപ്‌ ഡാനിയേല്‍ അച്ചാരുപറമ്പില്‍ എന്നിവര്‍ അന്തിമവിശ്രമം കൊള്ളുന്ന കല്ലറകള്‍ക്ക്‌ സമീപമാണ്‌ ആര്‍ച്ച്‌ബിഷപ്പ്‌ കൊര്‍ണേലിയൂസ്‌ ഇലഞ്ഞിക്കലിനെയും സംസ്‌കരിക്കുക.

1971 മുതല്‍ 1987 വരെ വിജയപുരം രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനായും 1987 മുതല്‍ 1996 വരെ വരാപ്പുഴ മെത്രാപ്പോലീത്തയായും സേവനം അനുഷ്‌ഠിച്ച ആര്‍ച്ച്‌ബിഷപ്പ്‌ 1989 മുതല്‍ 1992 വരെ കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെ.സി.ബി.സി.) പ്രസിഡന്റും 1986 മുതല്‍ 1996 വരെ കേരളത്തിലെ ലത്തീന്‍ കത്തോലിക്കാസഭയുടെ അധ്യക്ഷനുമായിരുന്നു. സി.ബി.സി.ഐ. യുടെ ദളിത്‌ കമ്മീഷന്‍ ഉള്‍പ്പടെ വിവിധ കമ്മീഷനുകളുടെ ഉത്തരവാദിത്വങ്ങളും ആര്‍ച്ചുബിഷപ്‌ നിര്‍വഹിച്ചിട്ടുണ്ട്‌. കാനന്‍ നിയമത്തിലും തത്ത്വശാസ്‌ത്രത്തിലും ഡോക്‌റ്ററേറ്റുകള്‍ ഉള്ള ആര്‍ച്ച്‌ബിഷപ്പ്‌ അറിയപ്പെടുന്ന ഹൈന്ദവവേദപണ്‌ഡിതനും കവിയുമായിരുന്നു. ആര്‍ച്ച്‌ബിഷപ്പ്‌ കൊര്‍ണേലിയൂസ്‌ ഇലഞ്ഞിക്കല്‍ രചിച്ചിട്ടുള്ള ക്രൈസ്‌തവഭക്തിഗാനങ്ങള്‍ അനേകരെ ദൈവത്തിങ്കലേക്ക്‌ അടുപ്പിച്ചിട്ടുണ്ട്‌. ആത്മകഥ ഉള്‍പ്പടെ നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്‌.

വരാപ്പുഴ അതിരൂപതയിലെ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ഇതരസ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്‌ച (09.08.2011) അവധിയായിരിക്കുമെന്ന്‌ ബന്ധപ്പെട്ട കോര്‍പ്പറേറ്റ്‌ മാനേജര്‍മാര്‍ അറിയിച്ചു.
ആര്‍ച്ച്‌ ബിഷപ്പ്‌ കൊര്‍ണേലിയൂസ്‌ ഇലഞ്ഞിക്കലിന്റെ സംസ്‌കാരം ചൊവ്വാഴ്‌ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക